Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് ബ്ലാക്ക് ഫംഗസ് രോഗലക്ഷണമുള്ളയാൾ മരിച്ചു; പാലക്കാട് സ്വദേശി മരിച്ചത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ; സ്രവം പരിശോധനയ്ക്ക് അയച്ചു; ഐസിയുകളിൽ ഫംഗസ് ബാധയ്‌ക്കെതിരെ കരുതലെടുക്കും; സംസ്ഥാനത്ത് 18 പേർ ചികിത്സയിൽ; അതീവ ജാഗ്രതയിൽ കേരളം

കോഴിക്കോട് ബ്ലാക്ക് ഫംഗസ് രോഗലക്ഷണമുള്ളയാൾ മരിച്ചു; പാലക്കാട് സ്വദേശി മരിച്ചത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ; സ്രവം പരിശോധനയ്ക്ക് അയച്ചു;  ഐസിയുകളിൽ ഫംഗസ് ബാധയ്‌ക്കെതിരെ കരുതലെടുക്കും; സംസ്ഥാനത്ത് 18 പേർ ചികിത്സയിൽ; അതീവ ജാഗ്രതയിൽ കേരളം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന രോഗി മരിച്ചു.പാലക്കാട് തെങ്കര പെരുമണ്ണിൽ വീട്ടിൽ ഹംസയാണ് (56) മരിച്ചത്.

പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് റഫർ ചെയ്തു വ്യാഴാഴ്ചയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്ലാക്ക് ഫംഗസാണോ എന്ന് സ്ഥിരീകരിക്കാൻ സ്രവം പരിശോധനയ്ക്ക് അയച്ചു.

വിവിധ ജില്ലകളിൽ നിന്നുള്ള ഒൻപത് പേരാണ് ഇപ്പോൾ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. രോഗ ബാധിതർ കൂടിയാൽ പ്രത്യേക വാർഡ് തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയുടെ ഏകോപനത്തിന് ആശുപത്രിയിൽ ഏഴംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ട് കൺവീനറായുള്ള സമിതിയാണിത്. എല്ലാ ദിവസവും സമിതി ചേർന്ന് സ്ഥിതി വിലയിരുത്തും.

അതേസമയം ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന് ലഭ്യമാകാത്ത അവസ്ഥയാണുള്ളത്. ദിവസവും ഒരു രോഗിക്ക് ആറ് വയൽ മരുന്ന് വേണം. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോൾ സ്റ്റോക്കുള്ളത് പത്ത് വയൽ മരുന്ന് മാത്രമാണ്. കൂടുതൽ മരുന്ന് എത്തിക്കാനുള്ള ശ്രമം തുടരുന്നുവെന്നാണ് അധികൃതർ പറയുന്നത്.

സംസ്ഥാനത്ത് കോവിഡിനോടനുബന്ധിച്ച് ഉണ്ടാകുന്ന മ്യൂക്കോർമൈക്കോസിസ് രോഗത്തെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽപ്പെടുത്തി. 18 പേർ ചികിൽസയിലുണ്ട്്. ഒരു മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. കന്യാകുമാരി സി എം ഐ ക്രൈസ്റ്റ് സെൻട്രൽ സ്‌കൂൾ അദ്ധ്യാപികയായിരുന്ന പത്തനംതിട്ട സ്വദേശി അനീഷയാണ് ബുധനാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.

മെയ്‌ 5 മുതൽ കോവിഡ് സ്ഥിരീകരിച്ച് വീട്ടിൽ ക്വാറന്റീനിലായിരുന്നു. കണ്ണിൽ വേദനയേത്തുടർന്ന് തമിഴ്‌നാട് ആശാരിപള്ളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇവരെ മ്യൂക്കോർമൈക്കോസിസ് സംശയത്തേത്തുടർന്ന് ചൊവ്വാഴ്ച തിരുവനന്തപുരത്തേയ്ക്ക് മാററുകയായിരുന്നു. പ്രമേഹരോഗവും ബാധിച്ചിരുന്നു.

ഇരുപത് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മലപ്പുറം 7 , തിരുവനന്തപുരം 3 എറണാകുളം 3, പാലക്കാട് 2 , കോട്ടയം 2, കണ്ണൂർ 1 ,കൊല്ലം 1, തൃശൂർ 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ചികിൽസയിലുള്ള ഒരാൾ തമിഴ്‌നാട് സ്വദേശിയാണ്. മ്യൂക്കോമൈക്കോസിസിനെ ആരോഗ്യവകുപ്പ് പരസ്യപ്പെടുത്തേണ്ട രോഗങ്ങളുടെ പട്ടികയിൽപ്പെടുത്തി അതീവ ജാഗ്രതാ നിർദ്ദേശം നല്കി.

ഐസിയുകളിൽ ഫംഗസ് ബാധയ്‌ക്കെതിരെ കരുതലെടുക്കും. കോവിഡ് ബാധിതർ ഡിസ്ചാർജ് ആകുമ്പോൾ കോവിഡാനന്തരം ഉണ്ടാകാൻ സാധ്യതയുള്ള ഫംഗസ് ബാധയെപ്പററി മുന്നറിയിപ്പ് നല്കാനും നിർദ്ദേശമുണ്ട്. മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കോർമൈസെററ്‌സ് ഇനത്തിൽപെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്. മണ്ണിലും വായുവിലുമുള്ള ഇവ ചിലപ്പോൾ മൂക്കിൽ പ്രവേശിക്കുമെങ്കിലും പ്രതിരോധ ശേഷിയുള്ളവരിൽ ദോഷം ചെയ്യില്ല.

എച്ച് ഐ വി ബാധിതരിലും വളരെക്കാലമായി പ്രമേഹമുള്ളവരിലും പ്രതിരോധശേഷി കുറവായിരിക്കുമെന്നതാണ് ഇവരിൽ ഫംഗസ് ബാധ ഗുരുതരമാകാൻ കാരണം. കോവിഡ് കാരണമുള്ള പ്രതിരോധ ശേഷിക്കുറവും കോവിഡ് മാറിയ ശേഷം രോഗപ്രതിരോധ ശക്തി കുറയുന്നതും സ്‌ററീറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോഗവും രോഗസാധ്യത വർധിപ്പിക്കുന്നു.

ബ്ലാക് ഫംഗസ് ചികിൽസയ്ക്കുള്ള ആംഫൊട്ടെറിസിൻബി മരുന്ന് ഉൽപാദിപ്പിക്കാൻ അഞ്ച് കമ്പനികൾക്കുകൂടി കേന്ദ്രസർക്കാർ ലൈസൻസ് നൽകി. ഇതോടെ ജൂലൈ മുതൽ പ്രതിമാസം ഒരുലക്ഷത്തി പതിനോരായിരം കുപ്പി മരുന്നുകൂടി ഇന്ത്യയിൽ ഉൽപാദിപ്പിക്കാനാവും. ബ്ലാക് ഫംഗസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഈമാസം മൂന്നുലക്ഷത്തി അറുപത്തിമൂവായിരം കുപ്പി മരുന്ന് ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ജൂണിലും ഇത് തുടരും.

ബ്ലാക് ഫംഗസ്

പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റ് എന്ന പൂപ്പലുകളാണ് ബ്ലാക് ഫംഗസ് (മ്യൂക്കർമൈക്കോസെസ്) രോഗത്തിനു കാരണം. പ്രതിരോധ ശേഷി കുറഞ്ഞവർ, പ്രമേഹ രോഗികൾ, സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ എന്നിവരെയാണു രോഗം ബാധിക്കുന്നത്. പകർച്ചവ്യാധിയല്ല. ചിലരിൽ അപൂർവമായി ഗുരുതരമായ അണുബാധയുണ്ടാക്കാം. വായുവിൽനിന്നാണു പൂപ്പൽ ശ്വാസകോശത്തിൽ കടക്കുന്നത്.

പ്രതിരോധ ശേഷിയുള്ളവർക്കു മ്യൂക്കോമിസൈറ്റ് ഭീഷണിയല്ല. കണ്ണ്, മൂക്ക് എന്നിവയ്ക്കു ചുറ്റും വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം കലർന്ന ഛർദി, മാനസികാവസ്ഥയിലെ മാറ്റം എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. ഇനി പറയുന്ന ഗുരുതര ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണം. മൂക്കടപ്പ്, മൂക്കൊലിപ്പ് (കറുത്ത നിറത്തിൽ), കവിൾ അസ്ഥിയിൽ വേദന, മുഖത്ത് ഒരു ഭാഗത്തു വേദന, മരവിപ്പ്, നീർവീക്കം, മൂക്കിന്റെ പാലത്തിൽ കറുത്ത നിറം, പല്ലുകൾക്ക് ഇളക്കം, വേദനയോടു കൂടിയ കാഴ്ച മങ്ങൽ, ഇരട്ടക്കാഴ്ച, ത്വക്കിനു കേട്, നെഞ്ചുവേദന, ശ്വാസ തടസ്സം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP