Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം കുറയുമ്പോഴും വരും ദിവസങ്ങളിൽ മരണസംഖ്യ ഉയരാൻ സാധ്യത; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തത് മലപ്പുറത്ത്; നിർണായകമായ മൂന്നു ആഴ്ചകൾ മുന്നിൽ; കേരളത്തിൽ വാക്‌സിൻ ഉത്പാദിപ്പിക്കാൻ സാധ്യത തേടുമെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം കുറയുമ്പോഴും വരും ദിവസങ്ങളിൽ മരണസംഖ്യ ഉയരാൻ സാധ്യത; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തത് മലപ്പുറത്ത്; നിർണായകമായ മൂന്നു ആഴ്ചകൾ മുന്നിൽ; കേരളത്തിൽ വാക്‌സിൻ ഉത്പാദിപ്പിക്കാൻ സാധ്യത തേടുമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കാൻ വാക്സിൻ ഉത്പാദന മേഖലയിലെ വിദഗ്ധരുമായി സർക്കാർ ചർച്ച നടത്തി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി ക്യാമ്പസിൽ വാക്സിൻ കമ്പനിയുടെ ശാഖ ആരംഭിക്കാൻ കഴിയുമോ എന്ന് പരിശോധിക്കും. ഈ മേഖലയിലെ വിദദ്ധർ, ശാസ്ത്ര സാങ്കേതിക കൗൺസിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി ശാസ്ത്രജ്ഞർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് വെബിനാർ നടത്തി ഇക്കാര്യത്തിൽ ധാരണയിൽ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നിലവിലെ ലോക്ഡൗൺ മെയ്‌ 30 വരെ നീട്ടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ മലപ്പുറം ഒഴികെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് താഴെയാവുകയും ആക്ടീവ് കേസുകൾ കുറയുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കാര്യം പരിഗണിച്ച് എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ നാളെ രാവിലെ മുതൽ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗൺ തുടരും. മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും ലോക്ഡൗൺ ഇന്നത്തെ നിലയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗൺ കൊണ്ട് രോഗവ്യാപനം കുറഞ്ഞില്ല. അത് പ്രത്യേകം പരിശോധിക്കുകയുണ്ടായി. അവിടെ കൂടുതൽ ശക്തമായ നിലപാടുകൾ സ്വീകരിക്കേണ്ടതായുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സംവിധാനം കുറേക്കൂടി ജാഗ്രതയോടെ നീങ്ങേണ്ടുതുണ്ടെന്നാണ് കണ്ടിട്ടുള്ളത്. എ.ഡി.ജി.പി.(ലോ ആൻഡ് ഓർഡർ) മലപ്പുറത്ത് പോയി കാര്യങ്ങൾ അവലോകനം ചെയ്യും. പൊലീസ് ഐ.ജി. മലപ്പുറത്ത് കേന്ദ്രീകരിച്ചു കൊണ്ട് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ഇന്ന് 29,673 പേർക്കാണ് കോവിഡ് ബാധിച്ചത്. 1,33,558 പരിശോധനകൾ നടത്തി. 142 പേർ മരണമടഞ്ഞു. ഇപ്പോൾ ആകെ ചികിത്സയിലുള്ളത് 3,06,346 പേരാണ്. ഇന്ന് 41,032 പേർ രോഗമുക്തരായി.

23.3 ശതമാനമാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. കഴിഞ്ഞ 24 മണിക്കൂറിൽ അത് 23.18 ആണ്. മലപ്പുറത്താണ് കൂടുതൽ ടിപിആർ. മറ്റു ജില്ലകളിൽ കുറഞ്ഞുവരുന്നുണ്ട്. ആക്ടീവ് കേസുകൾ എല്ലാ ജില്ലകളിലും കുറഞ്ഞുവരുന്നുണ്ട്.

കോവിഡ് വ്യാപനം തുടരുക തന്നെയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗൺ മെയ്‌ 30 വരെ നീട്ടാൻ തീരുമാനിച്ചു. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ മലപ്പുറം ഒഴികെ കോവിഡ് ടിപിആർ 25 ശതമാനത്തിനു താഴെയാവുകയും ആക്ടീവ് കേസുകൾ കുറയുകയും ചെയ്തു. അതിനാൽ എറണാകുളം, തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ നാളെ രാവിലെ മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കും. മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും. മലപ്പുറം ഒഴിച്ച് എല്ലാ ജില്ലകളിലും ലോക്ക്ഡൗൺ ഇന്നത്തെ നിലയിൽ തുടരും. മലപ്പുറത്ത് പൊലീസ് സംവിധാനം കുറേക്കൂടി ജാഗ്രതയോടെ നീക്കും.

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, പോസ്റ്റൽ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ഫീൽഡ് ജീവനക്കാരെ വാക്‌സിനേഷനുള്ള മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തും. തുറമുഖ ജീവനക്കാരെയും ഇതിൽ പെടുത്തും.

വിദേശത്ത് ജോലിക്കായോ പഠനത്തിനായോ പോകുന്നവർക്ക് വാക്‌സിനേഷൻ നിർബന്ധമാണെങ്കിൽ അത് നൽകാൻ സംവിധാനമുണ്ടാക്കും. വിദേശത്ത് പോകുന്നവർക്ക് ആവശ്യമെങ്കിൽ പാസ്‌പോർട്ട് നമ്പർ സർട്ടിഫിക്കറ്റിൽ ചേർത്തുനൽകും.

ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ മരുന്നിന്റെ ലഭ്യത ഉറപ്പാക്കും. അതുസംബന്ധിച്ച് ബോധവൽക്കരണവും സംഘടിപ്പിക്കും.

മെഡിസിൻ ആൻഡ് അലൈഡ് സയൻസസിലെ ശാസ്ത്രജ്ഞർ കോവിഡ് ചികിത്സക്കുള്ള ഒരു മരുന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കോവിഡ് വൈറസുകൾ ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് തടഞ്ഞ് വൈറസുകളുടെ പെരുകൽ തടയുന്ന ആന്റി വൈറൽ മരുന്നാണിത്. ഇതിന് ഡ്രഗ് കൺട്രോളർ ജനറിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
അമിതമായി ഗുരുതരമല്ലാത്ത കോവിഡ് രോഗികളുടെ ഓക്‌സിൻ ആശ്രയത്വം കുറക്കാൻ മരുന്ന് സഹായിക്കും. ഈ മരുന്നിന്റെ 50,000 ഡോസിനായി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഓർഡർ നൽകി കഴിഞ്ഞിട്ടുണ്ട്. ജൂണിൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

വാക്‌സിനുകൾ ഉൽപാദിപ്പിക്കാനുള്ള സംവിധാനം ഇവിടെ സംഘടിപ്പിക്കാൻ വാക്‌സിൻ ഉൽപാദക മേഖലയിലെ വിദഗ്ദരുമായി സർക്കാർ ചർച്ച നടത്തി വരികയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി കാമ്പസ്സിൽ വാക്‌സിൻ കമ്പനികളുടെ ശാഖകൾ ആരംഭിക്കാൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. ഈ മേഖലയിലെ വിദഗ്ദർ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി ശാസ്ത്രജ്ഞർ എന്നിവരെ പങ്കെടുപ്പിച്ച് വെബിനാർ നടത്തി ഇതിൽ ധാരണയിലെത്തും.

എല്ലാ ആദിവാസി കോളനികളിലും അവശ്യസാധാനങ്ങളും മറ്റും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി. അവശ്യ സാധനങ്ങൾക്ക് വേണ്ടി ആദിവാസികൾ പുറത്തു പോകുന്നത് ഈ ഘട്ടത്തിൽ പ്രശ്‌നമാകും. അക്കാര്യം ശ്രദ്ധിക്കാനാണ് കലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.

അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് അവശ്യ സർവീസാക്കും. പാഠപുസ്തക വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

കൃഷിക്കാർക്ക് വിത്തിറക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കും. പ്രത്യേക ഇളവ് നൽകും. വിത്തിറക്കാനും കൃഷി പണിക്കും പോകുന്നവർ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കയ്യിൽ സൂക്ഷിക്കണം.

രാജ്യത്തെ ഒരു ദിവസത്തെ കോവിഡ് കേസുകൾ എകദേശം രണ്ടര ലക്ഷമാണ്. മരണസംഖ്യ 3700ന് അടുത്തായിരിക്കുന്നു. ആശ്വസിക്കാവുന്ന ഒരു സ്ഥിതിയിൽ നമ്മളെത്തിയിട്ടില്ല. ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടേത്. കർണാടകയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 28,869 കേസുകളും 548 മരണങ്ങളുമാണ്. മഹാരാഷ്ട്രയിൽ 29,911 കേസുകളും 738 മരണങ്ങളും തമിഴ്‌നാനാട്ടിൽ 35,579 കേസുകളും 397 മരണങ്ങളുമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇങ്ങനെയുള്ള സ്ഥിതി ഉണ്ടാവാതിരിക്കാനാണ് നമ്മൾ തുടക്കം മുതൽ ശ്രമിക്കുന്നത്. രോഗവ്യാപനത്തിന്റെ വേഗത കുറച്ചുനിർത്താൻ സാധിക്കുന്നതിനാലാണ് മരണസംഖ്യ കുറയുന്നത്. അതുകൊണ്ട് മറ്റു സ്ഥലങ്ങളിൽ രോഗം പെട്ടെന്നുതന്നെ കുത്തനെ കൂടുകയും തുടർന്നു കുറയുകയും ചെയ്യുമ്പോൾ കേരളത്തിൽ ആ പ്രക്രിയ സാവകാശമാണ് സംഭവിക്കുന്നത്.

കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ കേരളത്തിൽ മരണസംഖ്യ ഉയർന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. മെയ് 12ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. ആ തരത്തിൽ ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂർച്ഛിക്കുകയും തൽഫലമായ മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയർന്നിരിക്കുന്നത്.

ഇന്ന് രേഖപ്പെടുത്തുന്ന മരണങ്ങളിൽ ഭൂരിഭാഗത്തിനും കാരണമായ രോഗബാധയുണ്ടായിരിക്കുന്നത് 2 മുതൽ 6 ആഴ്ച വരെ മുൻപായിരിക്കാം. അത്രയും ദിവസങ്ങൾ മുൻപ് രോഗബാധിതരായവരിൽ പലർക്കും രോഗം ശക്തമാവുകയും ഓക്‌സിജനും വെന്റിലേറ്ററുകളുമൊക്കെ കൂടുതലായി ആവശ്യം വരികയും ചെയ്യുക ഈ ദിവസങ്ങളിലായിരിക്കും. അതിനാൽ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് വെന്റിലേറ്ററുകൾ, ഓക്‌സിജൻ ലഭ്യത, ഐസിയു കിടക്കകൾ എന്നിവയെല്ലാം ഉണ്ടെന്ന് ഓരോ ജില്ലാ കലക്ടർമാരുടേയും നേതൃത്വത്തിൽ അടിയന്തരമായി ഉറപ്പിക്കേണ്ടതാണ് എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

നിർണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുൻപിലുള്ളത് എന്നു എല്ലാവരും ഓർമിക്കണം. കാലവർഷം കടന്നുവരാൻ പോവുകയാണ്. ഡെങ്കിപ്പനി മൂന്നോ നാലോ വർഷങ്ങൾ കൂടുമ്പോൾ ശക്തമാകുന്ന സ്വഭാവമുള്ള പകർച്ചവ്യാധിയാണ്. ഇതിനു മുൻപ് കേരളത്തിൽ ഡെങ്കിപ്പനി വ്യാപകമായ തോതിൽ ബാധിച്ചത് 2017ൽ ആണ്. അതിനാൽ ഈ വർഷം ആ രോഗം വീണ്ടും ശക്തമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട്, തുടർന്നുള്ള എല്ലാ ഞായറാഴ്ചകളും ഡ്രൈഡേ ആയിരിക്കണം.

വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കുന്നത് വൃത്തിയാക്കണം. കൊതുകു നിവാരണ പ്രവർത്തനങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങളും റസിഡൻഷ്യൽ അസോസിയേഷനുകളും ഓരോ കുടുംബവും അവരുടെ ഉത്തരവാദിത്വമായി ഏറ്റെടുത്ത് വിട്ടുവീഴ്ചയില്ലാതെ നിറവേറ്റണം.

അടച്ചിട്ട മുറികളിലാണ് ഏറ്റവും എളുപ്പത്തിൽ കോവിഡ് വ്യാപിക്കുക എന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. അതുകൊണ്ട് എല്ലാ തൊഴിൽ സ്ഥാപനങ്ങളും വലിയ ശ്രദ്ധ ഇക്കാര്യത്തിൽ പുലർത്തണം. എസി സ്ഥാപിക്കുന്നതിനു വേണ്ടി തയ്യാറാക്കപ്പെട്ട മുറികളിൽ പലപ്പോഴും ആവശ്യത്തിന് വായു സഞ്ചാരമുണ്ടാകില്ല. അതുകൊണ്ട് എസി പ്രവർത്തിപ്പിക്കാതെ ഇരുന്നതുകൊണ്ട് മാത്രം കാര്യമുണ്ടാകില്ല.
അതോടൊപ്പം ഫാനുകളും വായു പുറന്തള്ളാൻ സഹായിക്കുന്ന എക്‌സ്‌ഹോസ്റ്റ് ഫാനുകളും ഉപയോഗിക്കേണ്ടതുണ്ട്. ലോക്ക്ഡൗൺ കാലത്തൊക്കെ പ്രവർത്തിക്കേണ്ടിവരുന്ന, വർക്ക് ഫ്രം ഹോം സംവിധാനങ്ങൾ പ്രായോഗികമല്ലാത്ത മാധ്യമസ്ഥാപനങ്ങൾ പോലുള്ളവ
ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കണ്ടെയിന്മെന്റ് സോണുകളിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതിന് ഇപ്പോൾ തടസ്സമില്ല. നിർമ്മാണസാമഗ്രികൾ വിൽക്കുന്ന കടകൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. അതിഥിത്തൊഴിലാളികൾക്ക് ജോലിയും വരുമാനവും ഉറപ്പാക്കാൻ ഇത് സഹായിക്കും.
കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർ പറത്തുപോകാതെ നോക്കുന്നതിന് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ കഴിയുന്നവർ വീടുകളിൽ തന്നെ ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി പൊലീസ് കൺട്രോൾ റൂമിൽ നിന്ന് ഫോൺ ചെയ്ത് വിവരം അന്വേഷിക്കുന്ന സംവിധാനം നടപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകി.

ലോക്ക്ഡൗൺ സമയത്ത് ജീവൻരക്ഷാ മരുന്നുകൾ ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിൽ എത്തിക്കുന്നതിന് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ജീവൻരക്ഷാ മരുന്നുകൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച് നിർദ്ദിഷ്ട സ്ഥലങ്ങളിൽ എത്തിച്ചു നൽകുന്നതിന് പൊലീസ് ഏർപ്പെടുത്തിയ സംവിധാനം വളരെ വിജയകരമായി പ്രവർത്തിച്ചുവരുന്നു.
പൊലീസ് ആസ്ഥാനത്തെ ഹൈവേ അലർട്ട് സെല്ലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഹൈവേ പട്രോൾ വാഹനങ്ങൾ മുഖേന ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേയ്ക്ക് മരുന്ന് എത്തിക്കുന്നത്. കോവിഡിന്റെ രണ്ടാം വ്യാപനഘട്ടത്തിൽ വീണ്ടും ആരംഭിച്ച ഈ പദ്ധതിയിലൂടെ രണ്ടാഴ്ചകൊണ്ട് 910 പേർക്ക് മരുന്ന് എത്തിച്ചു.

കോവിഡ് കാലത്ത് ഒറ്റയ്ക്കു കഴിയുന്ന വയോജനങ്ങൾ മാനസികമായി ഏറെ സമ്മർദ്ദം അനുഭവിക്കുന്നവരാണ്. ഇങ്ങനെ ഒറ്റയ്ക്ക് കഴിയുന്നവർക്ക് ആശ്വാസം നൽകാനായി 'പ്രശാന്തി' എന്ന ഹെൽപ്പ്‌ലൈൻ സംവിധാനം പൊലീസിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. അതുപോലെതന്നെ കുട്ടികൾക്ക് മാനസിക ഉല്ലാസം പകർന്നുനൽകാനായി 'ചിരി' എന്ന ഹെൽപ്പ്‌ലൈൻ സംവിധാനം മുഖേനയും പൊലീസ് വളരെ കൃത്യമായി ഇടപെടൽ നടത്തിവരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 8,562 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,622 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 34,08,250 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

നമ്മുടെ പ്രവാസി സഹോദരങ്ങളെ സംബന്ധിച്ച് പ്രാധാന്യമുള്ള ഒരു കാര്യം അറിയിക്കാനുണ്ട്. പ്രവാസികൾക്ക് ജീവിതകാലം മുഴുവൻ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഈ വർഷത്തെ രജിസ്‌ട്രേഷൻ ഇന്ന് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം മികച്ച പ്രതികരണമാണ് ഈ പദ്ധതിയോട് നമ്മുടെ പ്രവാസലോകം കാണിച്ചത്.

മഹാമാരി സൃഷ്ടിച്ച ഈ പ്രയാസകാലത്തും ഡിവിഡന്റ് പദ്ധതിയുടെ ലാഭവിഹിതം പത്തുശതമാനമായി സർക്കാർ നിലനിർത്തിയിട്ടുണ്ട്. അതിനായി സബ്‌സിഡി 0.7 ശതമാനമാണ് വർധിപ്പിച്ചത്.

കേരള പ്രവാസി ക്ഷേമ ബോർഡാണ് കിഫ്ബിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്. നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസി കേരളീയർക്കും ജീവിത പങ്കാളിക്കും ആജീവനാന്തം പ്രതിമാസ സുരക്ഷിത വരുമാനം ഉറപ്പുനൽകുന്ന ഈ പദ്ധതിക്ക് വൻ സ്വീകരണമാണ് കഴിഞ്ഞവർഷം പ്രവാസികൾ നൽകിയത്. ഇത്തവണയും അത് തുടരുമെന്ന് പ്രത്യാശിക്കുന്നു. പ്രവാസി ഡിവിഡന്റ് പദ്ധതി എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP