Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എംഎൽഎ ക്വാർട്ടേഴ്‌സിൽ നിന്നും ജോലിക്ക് പോകുന്നുണ്ടായിരുന്ന നേഴ്‌സ് ഇനി പോവുക മന്ത്രി മന്ദിരത്തിൽ നിന്നും; റോഷി അഗസ്റ്റിൻ മന്ത്രിയാകുമ്പോഴും മാറാതെ റാണിയുടെ ജീവിതം; ആർസിസിയിലെ നേഴ്‌സിന് ഇനി ജീവിതം ഇങ്ങനെ

എംഎൽഎ ക്വാർട്ടേഴ്‌സിൽ നിന്നും ജോലിക്ക് പോകുന്നുണ്ടായിരുന്ന നേഴ്‌സ് ഇനി പോവുക മന്ത്രി മന്ദിരത്തിൽ നിന്നും; റോഷി അഗസ്റ്റിൻ മന്ത്രിയാകുമ്പോഴും മാറാതെ റാണിയുടെ ജീവിതം; ആർസിസിയിലെ നേഴ്‌സിന് ഇനി ജീവിതം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: റോഷി അഗസ്റ്റിൻ മന്ത്രിയായി തിരുവനന്തപുരത്ത് എത്തുന്നതും കാത്ത് ഭാര്യ റാണി തിരുവനന്തപുരത്തുണ്ട്. റീജനൽ കാൻസർ സെന്ററിൽ നഴ്‌സായ റാണിയും ഇളയ രണ്ടു മക്കളും തിരുവനന്തപുരത്താണു താമസം. പാലാ ഭരണങ്ങാനം അകത്ത് പറമുണ്ടയിൽ കുടുംബാംഗമാണ് റാണി തോമസ്. 20 കൊല്ലമായി റോഷി എംഎൽഎയാണ്. റോഷിയുടെ ജീവിത സഖി ജോലിക്ക് എന്നും പോകുന്നത് എംഎൽഎ ഹോസ്റ്റലിൽ നിന്നാണ്. ഇനി മന്ത്രിമന്ദിരത്തിൽ നിന്നാകും ജോലിക്ക് പോക്ക്.

മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്നാവും താൻ ജോലിക്കു പോവുകയെന്നതല്ലാതെ മറ്റു മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്നാണു റാണിയുടെ പക്ഷം. 'കഠിനാധ്വാനിയും സത്യസന്ധനുമാണ് അദ്ദേഹം. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത ഭരണം കാഴ്ചവയ്ക്കുമെന്ന് ഉറപ്പുണ്ട്. അഞ്ചാം തവണയും ഇടുക്കിയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നാട്ടുകാരുടെ പ്രതീക്ഷയും ഇതു തന്നെയായിരുന്നു' റാണി പറയുന്നു. ഇനിയും റാണിക്ക് മാറ്റമുണ്ടാകില്ല. ആർ സി സിയിൽ എന്നും ജോലിക്കു പോകും. മന്ത്രിഭാര്യയെന്ന പരിഗണനയിൽ ജോലി ഉപേക്ഷിക്കാൻ റാണി തയ്യാറല്ല.

13-ാം വയസ്സിൽ കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയിലൂടെ ഇടക്കോലി സർക്കാർ ഹൈസ്‌കൂൾ യൂണിറ്റ് പ്രസിഡന്റായാണു റോഷി രാഷ്ട്രീയ ജീവിതത്തിനു തുടക്കമിട്ടത്. പാലായായിരുന്നു രാഷ്ട്രീയ തട്ടകം. 26ാം വയസ്സിൽ കെഎസ്സി (എം) സംസ്ഥാന പ്രസിഡന്റാകുന്നതു വരെയുള്ള 13 വർഷക്കാലം പാലായിലും കോട്ടയത്തും നിറഞ്ഞുനിന്നു. പടിപടിയായി വളർന്ന് കെഎസ്സി (എം) അധ്യക്ഷനായി. മാണിയുടെ വിശ്വസ്തനായി. നേതാവിന്റെ കണ്ണിലുടക്കിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പാലാ സെന്റ് തോമസ് കോളജ് വിദ്യാർത്ഥിയായിരിക്കെ എംജി സർവകലാശാലാ വോളിബോൾ ടീമിൽ അംഗമായിരുന്നു.

1990കളിൽ കെഎസ്‌യുവിനോടും എസ്എഫ്‌ഐയോടും പോരടിച്ച് മധ്യ തിരുവിതാംകൂറിലെ പല കലാലയങ്ങളിലും റോഷിയുടെ നേതൃത്വത്തിൽ കെഎസ്സിയുടെ കൊടി ഉയർന്നു. പ്രാദേശിക വാദവും ഗ്രൂപ്പ് വഴക്കും കൊടുമ്പിരി കൊണ്ട സമയത്താണ് 2001ൽ ഇടുക്കിയിൽ മത്സരിക്കാൻ കെ.എം. മാണി റോഷിയോട് ആവശ്യപ്പെടുന്നത്. പിന്നെ പാലയോട് അടുപ്പമുള്ള ഇടുക്കിക്കാരനായി റോഷി. മാതാപിതാക്കളുടെ ക്ഷേമാന്വേഷണത്തിനും മറ്റുമായി ചക്കാമ്പുഴയിലെ വീട്ടിൽ സ്ഥിരമായെത്താറുള്ള റോഷി പാലാക്കാർക്ക് നാട്ടുകാരൻ തന്നെ.

പാലാ ചക്കാമ്പുഴയിൽ ചെറുനിലത്തുചാലിൽ വീട്ടിൽ അഗസ്റ്റിൻ ലീലാമ്മ ദമ്പതികളുടെ മകനായി 1969 ജനുവരി 20നാണ് റോഷിയുടെ ജനനം. സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ ഇടക്കോലി ഗവ. ഹൈസ്‌കൂൾ ലീഡറായി നേതൃത്വത്തിലേക്ക് തുടക്കം. ഇരുപത്തിയാറാം വയസിൽ പേരാമ്പ്രയിൽ നിന്നായിരുന്നു നിയമസഭയിലേക്കുള്ള കന്നിയങ്കം. അന്ന് പരാജയം സംഭവിച്ചെങ്കിലും കെ.എം മാണിയുടെ പ്രിയ ശിഷ്യൻ 2001 ൽ ഇടുക്കിയിൽ നിന്നും സിറ്റിങ് എംഎൽഎ യെ പരാജയപ്പെടുത്തി . തുടർന്നുള്ള അഞ്ച് തെരഞ്ഞെടുപ്പുകളിലും മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടാനായി. കേരളാ കോൺഗ്രസ് (എം) പാർട്ടി ഉന്നതാധികാര സമിതി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. കെ എം മാണി പൊതുപ്രവർത്തകർക്ക് ഒരു മാതൃക എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് റോഷി.

ഇടുക്കി മെഡിക്കൽ കോളേജും പുതിയ താലൂക്കും നിരവധിയായ റോഡുകളും പാലങ്ങളും ഹൈടെക് സൗകര്യങ്ങളോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും റോഷിയുടെ ഇച്ഛാശക്തിയുടെ ഭാഗമായാണ് യാഥാർത്ഥ്യമായത്. കെ എം മാണി ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെയാണ് ഇടുക്കിയിൽ മെഡിക്കൽ കോളേജിന് അനുമതി നൽകി പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്. 2018 ലെ മഹാപ്രളയത്തിൽ ജനങ്ങളോടൊപ്പം നിലകൊണ്ട് പുനർനിർമ്മാണം സാധ്യമാക്കാൻ കഴിഞ്ഞു. ദുരന്തഭൂമിയായി മാറിയ ഇടുക്കിയെ ചേർത്തുപിടിച്ച റോഷിയെ മറക്കാനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP