Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബ്ലാക്ക് ഫംഗസ്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറു മാസത്തിനിടെ നാലു പേർക്ക് കാഴ്ച ശക്തി നഷ്ടമായി; നാലുരോഗികളും ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കോവിഡ് നെഗറ്റീവ്; മലപ്പുറം ജില്ലയിലും രോഗബാധ; രാജ്യത്ത് രോഗബാധ ഏറുന്നുവെന്നും പ്രമേഹ രോഗികൾ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ്

ബ്ലാക്ക് ഫംഗസ്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറു മാസത്തിനിടെ നാലു പേർക്ക് കാഴ്ച ശക്തി നഷ്ടമായി; നാലുരോഗികളും ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കോവിഡ് നെഗറ്റീവ്; മലപ്പുറം ജില്ലയിലും രോഗബാധ; രാജ്യത്ത് രോഗബാധ ഏറുന്നുവെന്നും പ്രമേഹ രോഗികൾ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ്

കെ വി നിരഞ്ജൻ

കോഴിക്കോട് : ബ്ലാക്ക് ഫംഗസ് ബാധയെത്തുടർന്ന് കഴിഞ്ഞ ആറു മാസത്തിനിടെ കോഴിക്കോട് മെഡിക്കൽ കോളജിൽ നാലു പേർക്ക് കാഴ്ചശക്തി നഷ്ടമായി. ബ്ലാക്ക് ഫംഗസ് അണുബാധ ഒഴിവാക്കുന്നതിനായി ഇവരുടെ ഓരോ കണ്ണുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ നാലു രോഗികളും കോവിഡ് നെഗറ്റീവായിരുന്നു. എന്നാൽ ഇവർക്കു നേരത്തേ കോവിഡ് ബാധിച്ച് സുഖപ്പെട്ടതായിരിക്കാമെന്നാണു ഡോക്ടർമാരുടെ നിഗമനം. നിലവിൽ ഏഴ് പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചു മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. രണ്ടു കോഴിക്കോട് സ്വദേശികളും നാലു നാലു മലപ്പുറം സ്വദേശികളും ഒരാൾ തമിഴ്‌നാട് സ്വദേശിയുമാണ്. ഇവർ എല്ലാവരും കോവിഡ് പോസിറ്റീവാണ്.

ഇതിൽ അഞ്ചു പേരെ ഇനി ശസ്ത്രക്രിയയ്ക്കു വിധേയരാക്കും. കഴിഞ്ഞ ദിവസം ഒരു രോഗിയുടെ മൂക്കിന്റെ വശത്തു നിന്ന് ബ്ലാക്ക് ഫംഗസ് ഇഎൻടി വിഭാഗം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. കോവിഡ് ചികിത്സയുടെ ഭാഗമായി കൂടുതലായി സ്റ്റിറോയിഡ് മരുന്നുകൾ ഉപയോഗിക്കുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള ഒരു കാരണം. സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിച്ചില്ലെങ്കിൽ അതു ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യും. അതിനാൽ സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കുന്നതിനൊപ്പം പ്രമേഹം നിയന്ത്രിക്കണമെന്നുമാണ് ഡോക്ടർമാർ പറയുന്നത്.

മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ട ചികിത്സയ്ക്കിടെ പ്രതിരോധ ശക്തി കുറയുമ്പോഴാണ് ബ്ലാക്ക് ഫംഗസ് ഉണ്ടാകുന്നത്. യഥാസമയം ചികിത്സ നൽകിയില്ലെങ്കിൽ ഇതു തലയോട്ടിയിലേക്കും കണ്ണിലേക്കും ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നുണ്ട്.
ഇതേ സമയം ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ച തിരൂർ ഏഴൂർ സ്വദേശിയായ 62 കാരന്റെ ഇടതു കണ്ണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നീക്കം ചെയ്തിട്ടുണ്ട്. കണ്ണ് നീക്കം ചെയ്തില്ലെങ്കിൽ മസ്തിഷ്‌ക്കത്തിലേക്ക് ഫംഗസ് പടരാൻ സാധ്യതയുള്ളതിനാലാണ് ശസ്ത്രക്രിയയിലൂടെ കണ്ണ് നീക്കം ചെയ്തത്.

അതിനിടെ, രാജ്യത്തു കോവിഡ് രണ്ടാം തരംഗത്തിനിടയിൽ ബ്ലാക് ഫംഗസ് (മ്യൂക്കോർമൈക്കോസിസ്) കേസുകളിൽ അതിവേഗം വർധനയുണ്ടാകുന്നതായി വിദഗ്ദ്ധർ പറയുന്നു. ബ്ലാക് ഫംഗസ് അണുബാധകളുടെ എണ്ണം മൂന്നക്കം കടന്നു കുതിക്കുകയാണെന്നു ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ന്യൂറോളജി വിഭാഗം മേധാവി പ്രഫ. എം വിപത്മ ശ്രീവാസ്തവ പറഞ്ഞു.

എയിംസ് ട്രോമ സെന്ററിലും എയിംസ് ഝജ്ജറിലും പ്രത്യേകം മ്യൂക്കോർ വാർഡുകൾ സജ്ജീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐയോടു പത്മ ശ്രീവാസ്തവ വ്യക്തമാക്കി. 'ബ്ലാക് ഫംഗസ് കേസുകളുടെ എണ്ണം അതിവേഗം വർധിക്കുന്നു. ഇവിടെ മൂന്നക്കം കടന്നു. ദിവസവും ഇരുപതിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്' പത്മ ശ്രീവാസ്തവ പറഞ്ഞു.

മെയ്‌ 7 മുതൽ ഇതുവരെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ നൂറോളം ബ്ലാക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 69 രോഗികൾ മ്യൂക്കോർമൈക്കോസിസ് ബാധിച്ച് ആശുപത്രിയിലുണ്ട്. 'കോവിഡ് ചികിത്സയിൽ സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നതുമൂലം പ്രതിരോധശേഷി കുറയുന്നതിനാൽ ബ്ലാക് ഫംഗസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹമുള്ള കോവിഡ് രോഗികൾ കൂടുതൽ ശ്രദ്ധിക്കണം' ശ്രീവാസ്തവ മുന്നറിയിപ്പ് നൽകി.

ബ്ലാക്ക് ഫംഗസിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്

ബ്ലാക്ക് ഫംഗസ് രോഗബാധ മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് ജനങ്ങൾക്കിടയിൽ ആശങ്കകൾ ഉയരുന്നുണ്ട്. മ്യൂകർമൈസറ്റിസ് എന്നു വിളിക്കപ്പെടുന്ന പൂപ്പലുകളിൽ നിന്നാണ് മ്യൂകർമൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്നു വിളിക്കുന്ന ഈ രോഗബാധയുണ്ടാകുന്നത്. വീടുകൾക്ക് അകത്തും പുറത്തുമായി നമ്മുടെ ചുറ്റുപാടുകളിൽ പൊതുവേ കാണുന്ന ഒരുതരം പൂപ്പലാണിത്.
ബ്ലാക് ഫംഗസ് പുതുതായി കണ്ടെത്തിയ ഒരു രോഗമല്ല. നേരത്തേ തന്നെ ലോകത്തിൽ ഈ രോഗത്തിന്റെ 40 ശതമാനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത് ഇന്ത്യയിലായിരുന്നു.

ഒരു ലക്ഷം ആളുകളിൽ 14 പേർക്ക് എന്ന നിരക്കിലായിരുന്നു ഇന്ത്യയിൽ ഈ രോഗം കണ്ടുവന്നിരുന്നത്. നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവിൽ അപകടകാരിയായി മാറുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവരിലും കാൻസർ രോഗികളിലും പലപ്പോഴും ഈ രോഗം കണ്ടുവരാറുണ്ട്. ഇന്ത്യയിലെ പ്രമേഹ രോഗികളിൽ 47 ശതമാനം പേരിലും രോഗാവസ്ഥ മൂർച്ഛിക്കുന്ന ഘട്ടത്തിലാണ് പ്രമേഹം കണ്ടെത്തുന്നത്. രോഗം കണ്ടെത്തുന്നവരിൽ 25 ശതമാനം ആളുകളിൽ മാത്രമാണ് പ്രമേഹം നിയന്ത്രണ വിധേയമായിട്ടുള്ളത്. അതുകൊണ്ട് മ്യൂകർമൈകോസിസ് പ്രമേഹരോഗികൾക്കിടയിൽ അപകടകരമായി മാറുന്ന സ്ഥിതിവിശേഷം ഇന്ത്യയിലുണ്ട്.

കോവിഡിന്റെ ഒന്നാം തരംഗത്തിൽ തന്നെ മഹാരാഷ്ട്രയിൽ കോവിഡുമായി ബന്ധപ്പെട്ടു മ്യൂകർമൈകോസിസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് കൂടുതലായും ഈ രോഗം കണ്ടെത്തിയത്. സ്റ്റിറോയ്ഡുകളോ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളോ ചികിത്സയ്ക്കായി ഉപയോഗിക്കുമ്പോൾ ഈ രോഗം ഗുരുതരമായി പിടിപെടാം.

മഹാരാഷ്ട്രയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ തന്നെ കേരളം അതിനെതിരെയുള്ള ജാഗ്രത ആരംഭിച്ചതാണ്. അതിനുശേഷം മലപ്പുറത്ത് ഏറ്റവും അവസാനമായി റിപ്പോർട്ട് ചെയ്തത് ഉൾപ്പെടെ 15 കേസുകളാണ് മ്യൂകർമൈകോസിസ് കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതു സാധാരണ കണ്ടുവരുന്നതിനേക്കാൾ കൂടുതലല്ല. കാരണം 2019ൽ 16കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

കോവിഡ് രോഗികളുടെ ചികിത്സയിൽ രക്തത്തിലെ ഗ്ലൂക്കോസ് നില കൃത്യമായി നിലനിർത്തുന്നതിനാവശ്യമായ മാനദണ്ഡങ്ങൾ ചികിത്സാ പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം. അതിനാവശ്യമായ ട്രെയിനിങ് ഡോക്ടർമാർക്ക് നൽകുകയും ചെയ്തിട്ടുണ്ട്.രണ്ടാമത്തെ തരംഗത്തിൽ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും മ്യൂകർമൈകോസിസ് കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഈ ഘട്ടത്തിൽ നമ്മുടെ ജാഗ്രതയും കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമല്ല ഇത്. അതുകൊണ്ടുതന്നെ രോഗബാധിതനായ ആൾക്ക് ആവശ്യമായ ചികിത്സയും സഹായവും നൽകാൻ ഭയപ്പെടാതെ മറ്റുള്ളവർ തയ്യാറാകണം. പ്രമേഹ രോഗമുള്ളവർ ഈ സമയത്ത് കൂടുതൽ ശ്രദ്ധയോടെ രോഗത്തെ ചികിത്സിക്കണം. കോവിഡ് ബാധിച്ച പ്രമേഹ രോഗികളും പ്രത്യേക ശ്രദ്ധ പുലർത്തണം. നിർദ്ദേശങ്ങൾക്കായി ഇ-സഞ്ജീവനി സോഫ്‌റ്റ്‌വെയർ വഴി ഡോക്ടർമാരുമായി ബന്ധപ്പെടാം.

സ്റ്റിറോയ്ഡുകൾ കോവിഡ് കാലത്ത് ജീവൻ രക്ഷാ മരുന്നുകൾ ആണ്. പക്ഷേ, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രമേ സ്റ്റിറോയ്ഡുകൾ ഉപയോഗിക്കാൻ പാടുള്ളൂ. ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകൾക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കിൽ നിന്നും കറുപ്പ് നിറത്തിലുള്ള ദ്രവം പുറത്തു വരിക എന്നതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. വളരെ അപൂർവമായി മാത്രമേ ഈ രോഗം ഉണ്ടാകാറുള്ളൂ എന്നതിനാൽ ആരും അനാവശ്യമായി ഭയപ്പെടേണ്ടതില്ല. പ്രമേഹമുള്ളവർ കൂടുതലായി ശ്രദ്ധിക്കുക. ഗുരുതരമായ മറ്റു രോഗാവസ്ഥയുള്ള കോവിഡ് രോഗികളും കരുതലെടുക്കുക. ഡോക്ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP