Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോക്ക്ഡൗണും ട്രിപ്പിൾ ലോക്ക്ഡൗണും കോവിഡ് രോഗവ്യാപനത്തിൽ കുറവുണ്ടാക്കി; ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയ നാല് ജില്ലകളിൽ ടിപിആർ റേറ്റ് കുറഞ്ഞുവരുന്നു; പുതിയ രോഗികൾ കുറഞ്ഞാൽ മാത്രം ലോക്ഡൗണിൽ ഇളവ്; കേന്ദ്രം നൽകിയ വാക്‌സിൻ തീർന്നു; പുതിയ മൂന്നുവൈറസ് വകഭേദങ്ങൾക്കെതിരെ കരുതൽ വേണമെന്നും മുഖ്യമന്ത്രി

ലോക്ക്ഡൗണും ട്രിപ്പിൾ ലോക്ക്ഡൗണും കോവിഡ് രോഗവ്യാപനത്തിൽ കുറവുണ്ടാക്കി; ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയ നാല് ജില്ലകളിൽ ടിപിആർ റേറ്റ് കുറഞ്ഞുവരുന്നു; പുതിയ രോഗികൾ കുറഞ്ഞാൽ മാത്രം ലോക്ഡൗണിൽ ഇളവ്; കേന്ദ്രം നൽകിയ വാക്‌സിൻ തീർന്നു; പുതിയ മൂന്നുവൈറസ് വകഭേദങ്ങൾക്കെതിരെ കരുതൽ വേണമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗൺ വളരെ വിജയകരമാണെന്നാണ് വിലയിരുത്തുന്നതെന്ന് മുഖ്യമന്ത്രി. ലോക്ക്ഡൗണും ട്രിപ്പിൾ ലോക്ക്ഡൗണും ഏർപ്പെടുത്തിയതോടെ കോവിഡ് രോഗവ്യാപനത്തിൽ കുറവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയ നാല് ജില്ലകളിൽ ടിപിആർ റേറ്റ് കുറഞ്ഞുവരുന്നുണ്ട്. മൊത്തം രോഗികളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നുണ്ടെങ്കിലും പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കാര്യമായി കുറവുണ്ടെങ്കിൽ മാത്രമേ ലോക്ക്ഡൗണിൽ ഇളവ് എന്ന കാര്യത്തിൽ ആലോചിക്കാൻ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ഇന്ന് 32,762 പേർക്കാണ് കോവിഡ് ബാധിച്ചത്. 1,40,545 പരിശോധനകൾ നടത്തി. 112 പേർ മരണമടഞ്ഞു. ആകെ ചികിത്സയിലുള്ളത് 3,31,860 പേരാണ്. 48,413 പേർ രോഗമുക്തരായി.

തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗൺ വളരെ വിജയകരമാണെന്നാണ് വിലയിരുത്തുന്നത്. ഈ ജില്ലകളിൽ വളരെ കുറച്ച് ജനങ്ങൾ മാത്രമേ വീടിനു പുറത്തിറങ്ങുന്നുള്ളൂ. അവശ്യ സർവീസുകൾക്കു മാത്രമാണ് ഈ ജില്ലകളിൽ അനുമതി നൽകിയിരിക്കുന്നത്. പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് ജനങ്ങൾ പൂർണ്ണമനസ്സോടെ സഹകരിക്കുന്നുണ്ട്. ലോക്ക്ഡൗൺ നിലവിലുള്ള മറ്റ് ജില്ലകളിലും ഇതുതന്നെയാണ് സ്ഥിതി.

നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് സംസ്ഥാനത്തെമ്പാടുമായി 40,000 പൊലീസുകാരെയാണ് ഇപ്പോൾ നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം അറിയിച്ചിരുന്നതുപോലെ പരിശീലനത്തിലുള്ള 3,000ത്തോളം പൊലീസുകാർ ഇപ്പോൾ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വളന്റിയർമാരായി ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. ഹോം ക്വാറന്റൈനിൽ കഴിയുന്നവർ വീടിനു പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കുന്ന ചുമതല പൊലീസ് നിർവഹിക്കുന്നുണ്ട്. ഇതിനായി സംസ്ഥാനത്തൊട്ടാകെ 3,000 പൊലീസ് മൊബൈൽ പട്രോൾ സംഘങ്ങളെയാണ് വിന്യസിച്ചത്. ഇതുവരെ 1,78,808 വീടുകൾ പൊലീസ് സംഘം നേരിട്ട് സന്ദർശിച്ച് കോവിഡ് ബാധിതരും പ്രൈമറി കോൺടാക്ട് ആയവരും വീടുകളിൽ തന്നെ കഴിയുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ട്.

ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താനായി മൊബൈൽ ആപ്പ് സംവിധാനവും ഉപയോഗിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തിൽ ഹോം ക്വാറന്റൈൻ ലംഘിച്ചതിന് 597 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ലോക്ക്ഡൗണും ട്രിപ്പിൾ ലോക്ക്ഡൗണും ഏർപ്പെടുത്തിയതോടെ കോവിഡ് രോഗവ്യാപനത്തിൽ കുറവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയ നാല് ജില്ലകളിൽ ടിപിആർ റേറ്റ് കുറഞ്ഞുവരുന്നുണ്ട്. മൊത്തം രോഗികളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നുണ്ടെങ്കിലും പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കാര്യമായി കുറവുണ്ടെങ്കിൽ മാത്രമേ ലോക്ക്ഡൗണിൽ ഇളവ് എന്ന കാര്യത്തിൽ ആലോചിക്കാൻ കഴിയൂ.

തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്നുദിവസമായി 26.03 ശതമാനമാണ് ടിപിആർ റേറ്റ്. എറണാകുളത്ത് 23.02ഉം തൃശൂരിൽ 26.04ഉം മലപ്പുറത്ത് 33.03 ശതമാനവുമാണ് മൂന്നുദിവസത്തെ ശരാശരി. സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്നുദിവസമായി 24.5 ശതമാനമാണ്. ഇന്ന് സംസ്ഥാന ശരാശരി 23.29 ആയിട്ടുണ്ട്.

സ്ഥിരീകരിച്ച കേസുകളുടെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും ആഴ്ചവെച്ചുള്ള കണക്കെടുത്താൽ രോഗവ്യാപനം ഗണ്യമായി കുറഞ്ഞുവരികയാണ്. ഏപ്രിൽ 14 മുതൽ 20 വരെയുള്ള ആഴ്ചയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 92,248 കേസുകളായിരുന്നു. ആ ആഴ്ചയിലെ ടിപിആർ 15.5 ശതമാനം. ടിപിആറിലെ വളർച്ചാനിരക്ക് തൊട്ടുമുമ്പത്തെ ആഴ്ചയേക്കാൾ 69.2 ശതമാനമായിരുന്നു. കേസുകളുടെ എണ്ണത്തിൽ 134.7 ശതമാനം വർധനയാണുണ്ടായത്. 28 മുതൽ മെയ് നാലുവരെയുള്ള ആഴ്ചയിലെ കേസുകളുടെ എണ്ണം 2,41,615. ടിപിആർ 25.79. ടിപിആറിലെ വർധന 21.23 ശതമാനം. കേസുകളുടെ എണ്ണത്തിലെ വർധന 28.71 ശതമാനം.

ഇക്കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ച കേസുകൾ 2,33,301. ആഴ്ചയിലെ ടിപിആർ 26.44 ശതമാനം. മുൻ ആഴ്ചയിൽനിന്ന് ടിപിആർ വർധനയിൽ -3.15 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കേസുകളുടെ എണ്ണത്തിൽ 12.1 ശതമാനം കുറവും രേഖപ്പെടുത്തി. അതായത് കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 12.1 ശതമാനം കുറഞ്ഞു.

ഇന്ന് തിരുവനന്തപുരം ജില്ലയിൽ ഇന്ന് 3600 കേസുകളാണ് സ്ഥിരീകരിച്ചത്. എറണാകളും ജില്ലയിൽ 4282ഉം തൃശൂർ ജില്ലയിൽ 2888ഉം മലപ്പുറം ജില്ലയിൽ 4212ഉം കേസുകളാണുള്ളത്. നിയന്ത്രണങ്ങൾ ഫലം കണ്ടുതുടങ്ങിയെന്നു വേണം കേസുകളുടെ എണ്ണം കുറയുന്നതിൽനിന്ന് അനുമാനിക്കാൻ. എന്നാൽ, നിലവിലുള്ള നിയന്ത്രണങ്ങൾക്ക് അയവുവരുത്താൻ സമയമായിട്ടില്ല. ഇപ്പോൾ പുലർത്തിവരുന്ന ജാഗ്രത ഇതുപോലെ തുടരുക തന്നെ വേണം.

ബ്ലാക്ക് ഫംഗസ് രോഗബാധ മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് ജനങ്ങൾക്കിടയിൽ ആശങ്കകൾ ഉയരുന്നുണ്ട്. മ്യൂകർമൈസറ്റിസ് എന്നു വിളിക്കപ്പെടുന്ന പൂപ്പലുകളിൽ നിന്നാണ് മ്യൂകർമൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്നു വിളിക്കുന്ന ഈ രോഗബാധയുണ്ടാകുന്നത്. വീടുകൾക്ക് അകത്തും പുറത്തുമായി നമ്മുടെ ചുറ്റുപാടുകളിൽ പൊതുവേ കാണുന്ന ഒരുതരം പൂപ്പലാണിത്.
ബ്ലാക് ഫംഗസ് പുതുതായി കണ്ടെത്തിയ ഒരു രോഗമല്ല. നേരത്തേ തന്നെ ലോകത്തിൽ ഈ രോഗത്തിന്റെ 40 ശതമാനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത് ഇന്ത്യയിലായിരുന്നു.

ഒരു ലക്ഷം ആളുകളിൽ 14 പേർക്ക് എന്ന നിരക്കിലായിരുന്നു ഇന്ത്യയിൽ ഈ രോഗം കണ്ടുവന്നിരുന്നത്. നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവിൽ അപകടകാരിയായി മാറുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവരിലും കാൻസർ രോഗികളിലും പലപ്പോഴും ഈ രോഗം കണ്ടുവരാറുണ്ട്. ഇന്ത്യയിലെ പ്രമേഹ രോഗികളിൽ 47 ശതമാനം പേരിലും രോഗാവസ്ഥ മൂർച്ഛിക്കുന്ന ഘട്ടത്തിലാണ് പ്രമേഹം കണ്ടെത്തുന്നത്. രോഗം കണ്ടെത്തുന്നവരിൽ 25 ശതമാനം ആളുകളിൽ മാത്രമാണ് പ്രമേഹം നിയന്ത്രണ വിധേയമായിട്ടുള്ളത്. അതുകൊണ്ട് മ്യൂകർമൈകോസിസ് പ്രമേഹരോഗികൾക്കിടയിൽ അപകടകരമായി മാറുന്ന സ്ഥിതിവിശേഷം ഇന്ത്യയിലുണ്ട്.

കോവിഡിന്റെ ഒന്നാം തരംഗത്തിൽ തന്നെ മഹാരാഷ്ട്രയിൽ കോവിഡുമായി ബന്ധപ്പെട്ടു മ്യൂകർമൈകോസിസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് കൂടുതലായും ഈ രോഗം കണ്ടെത്തിയത്. സ്റ്റിറോയ്ഡുകളോ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളോ ചികിത്സയ്ക്കായി ഉപയോഗിക്കുമ്പോൾ ഈ രോഗം ഗുരുതരമായി പിടിപെടാം.

മഹാരാഷ്ട്രയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ തന്നെ കേരളം അതിനെതിരെയുള്ള ജാഗ്രത ആരംഭിച്ചതാണ്. അതിനുശേഷം മലപ്പുറത്ത് ഏറ്റവും അവസാനമായി റിപ്പോർട്ട് ചെയ്തത് ഉൾപ്പെടെ 15 കേസുകളാണ് മ്യൂകർമൈകോസിസ് കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതു സാധാരണ കണ്ടുവരുന്നതിനേക്കാൾ കൂടുതലല്ല. കാരണം 2019ൽ 16കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
കോവിഡ് രോഗികളുടെ ചികിത്സയിൽ രക്തത്തിലെ ഗ്ലൂക്കോസ് നില കൃത്യമായി നിലനിർത്തുന്നതിനാവശ്യമായ മാനദണ്ഡങ്ങൾ ചികിത്സാ പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം. അതിനാവശ്യമായ ട്രെയിനിങ് ഡോക്ടർമാർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ തരംഗത്തിൽ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും മ്യൂകർമൈകോസിസ് കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഈ ഘട്ടത്തിൽ നമ്മുടെ ജാഗ്രതയും കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമല്ല ഇത്. അതുകൊണ്ടുതന്നെ രോഗബാധിതനായ ആൾക്ക് ആവശ്യമായ ചികിത്സയും സഹായവും നൽകാൻ ഭയപ്പെടാതെ മറ്റുള്ളവർ തയ്യാറാകണം. പ്രമേഹ രോഗമുള്ളവർ ഈ സമയത്ത് കൂടുതൽ ശ്രദ്ധയോടെ രോഗത്തെ ചികിത്സിക്കണം. കോവിഡ് ബാധിച്ച പ്രമേഹ രോഗികളും പ്രത്യേക ശ്രദ്ധ പുലർത്തണം. നിർദ്ദേശങ്ങൾക്കായി ഇ-സഞ്ജീവനി സോഫ്‌റ്റ്‌വെയർ വഴി ഡോക്ടർമാരുമായി ബന്ധപ്പെടാം.

സ്റ്റിറോയ്ഡുകൾ കോവിഡ് കാലത്ത് ജീവൻ രക്ഷാ മരുന്നുകൾ ആണ്. പക്ഷേ, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രമേ സ്റ്റിറോയ്ഡുകൾ ഉപയോഗിക്കാൻ പാടുള്ളൂ. ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകൾക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കിൽ നിന്നും കറുപ്പ് നിറത്തിലുള്ള ദ്രവം പുറത്തു വരിക എന്നതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. വളരെ അപൂർവമായി മാത്രമേ ഈ രോഗം ഉണ്ടാകാറുള്ളൂ എന്നതിനാൽ ആരും അനാവശ്യമായി ഭയപ്പെടേണ്ടതില്ല. പ്രമേഹമുള്ളവർ കൂടുതലായി ശ്രദ്ധിക്കുക. ഗുരുതരമായ മറ്റു രോഗാവസ്ഥയുള്ള കോവിഡ് രോഗികളും കരുതലെടുക്കുക. ഡോക്ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.

സർക്കാർ ഹോസ്പിറ്റലുകളിൽ നിലവിലുള്ളത് 2906 ഐസിയു കിടക്കകളാണ്. അതിൽ 1404 കിടക്കകൾ കോവിഡ് രോഗികളുടേയും 616 കിടക്കകൾ കോവിഡേതര രോഗികളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്. സർക്കാർ ആശുപത്രികളിലെ 69.5 ശതമാനം ഐസിയു കിടക്കകളിലാണ് ഇപ്പോൾ ആളുകൾ ഉള്ളത്. സ്വകാര്യ ആശുപത്രികളിലെ 7468 ഐസിയു കിടക്കകളിൽ 1681 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഇപ്പോൾ ഉപയോഗിക്കുന്നത്.

സർക്കാർ ആശുപത്രികളിൽ നിലവിലുള്ള ആകെ വെന്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതിൽ 712 വെന്റിലേറ്ററുകൾ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായും 139 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗത്തിലാണ്. സർക്കാർ ആശുപത്രികളിലെ മൊത്തം വെന്റിലേറ്ററുകളുടെ 37.1 ശതമാനമാണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ 2432 വെന്റിലേറ്ററുകളിൽ 798 എണ്ണമാണ് നിലവിൽ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

സംസ്ഥാനത്ത് ഒരു ദിവസം ഉപയോഗിക്കുന്നത് 135.04 മെട്രിക് ടൺ ഓക്‌സിജൻ ആണ്. 239.24 മെട്രിക് ടൺ ഓക്‌സിജൻ ഒരു ദിവസം ഇവിടെ ലഭ്യമാകുന്നുണ്ട്.സംസ്ഥാനത്ത് 145 ഒന്നാം തല കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 19,098 കിടക്കകളാണുള്ളത്. അതിൽ 7544 കിടക്കകൾ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. 60.5 ശതമാനം കിടക്കകൾ ഒന്നാം തല ചികിത്സ കേന്ദ്രങ്ങളിൽ ഇനിയും ലഭ്യമാണ്. രണ്ടാം തല കോവിഡ് കേന്ദ്രങ്ങൾ 87 എണ്ണമാണ്. അത്രയും കേന്ദ്രങ്ങളിലായി ലഭ്യമായ 8821 കിടക്കകളിൽ 4370 കിടക്കകളിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നു. 50 ശതമാനത്തോളം കിടക്കകൾ രണ്ടാം തല കോവിഡ് കേന്ദ്രങ്ങളിൽ ഇനിയും അവശേഷിക്കുന്നു.

517 ഗൃഹവാസ പരിചരണ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. 22,750 കിടക്കകളാണ് ലഭ്യമായിട്ടുള്ളത്. അതിൽ ഏകദേശം 30 ശതമാനം കിടക്കകളിൽ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നു.

നിലവിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായിട്ടുള്ളത് 232 സ്വകാര്യ ആശുപത്രികളാണ്. അത്രയും ആശുപത്രികളിലായി 18,540 കിടക്കകൾ, 1804 ഐസിയു കിടക്കകൾ, 954 വെന്റിലേറ്ററുകൾ, 5075 ഓക്‌സിജൻ കിടക്കകൾ എന്നിവ കോവിഡ് ചികിത്സയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്.

കേന്ദ്രം നൽകിയ വാക്‌സിൻ തീർന്നിട്ടുണ്ട്. ഈ കാര്യം നാളെ രാവിലെ പ്രധാനമന്ത്രി വിളിക്കുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി അറിയിക്കും.

പുതിയ വൈറസ് വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ 3 എണ്ണം വളരെ കൂടുതലായി വ്യാപിച്ചിട്ടുണ്ട്. അത് കരുതിയിരിക്കണം എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

മാസ്‌ക് അടക്കമുള്ള ആരോഗ്യ സംബന്ധിയായ വസ്തുക്കളുടെ വില കാര്യത്തിൽ ചില പ്രശ്‌നങ്ങളുണ്ട്. വില കുറച്ചപ്പോൾ ഗുണമേന്മയുള്ള മാസ്‌കുകൾ കിട്ടാതായി എന്നാണ് ഒരു പരാതി. അത് കൃത്യമായി റിവ്യു ചെയ്ത് വേണ്ട തീരുമാനം എടുക്കാൻ നിർദ്ദേശം നൽകി.

മത്സ്യത്തൊഴിലാളികൾ കുറെയായി കടലിൽ പോകുനില്ല. സ്വാഭാവികമായും അവർ പ്രയാസത്തിലേക്കും പട്ടിണിയിലേക്കും നീങ്ങും. അതിനാൽ ഈ ഘട്ടത്തിൽ അവർക്ക് ഭക്ഷ്യ കിറ്റ് നൽകും.

പൈനാപ്പിൾ ശേഖരിക്കുന്നത് മിക്കവാറും അതിഥി തൊഴിലാളികളാണ്. നിർമ്മാണ തൊഴിലാളികളെ പോലെ അവർക്ക് പൈനാപ്പാൾ തോട്ടത്തിൽ പോകാൻ നിയന്ത്രണങ്ങളോടെ ജില്ലാ ഭരണ സംവിധാനങ്ങൾക്ക് അനുമതി നൽകാം.

പാൽ വിതരണത്തിൽ സംസ്ഥാനത്ത് വലിയ പ്രശ്‌നങ്ങൾ വന്നിട്ടുണ്ട്. മിൽമ പാൽ ഉച്ചക്കുശേഷം എടുക്കുന്നില്ല എന്ന പ്രശ്‌നമുണ്ട്. പാൽ നശിക്കുകയാണ്. ക്ഷീരകർഷകർ വലിയ പ്രയാസം നേരിടുന്നു. വിതരണം ചെയ്യാൻ കഴിയാത്ത പാൽ സിഎഫ്എൽടിസികൾ, സിഎൽടിസികൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ, കടലിൽ പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾ, അതിഥിത്തൊഴിലാളി ക്യാമ്പുകൾ എന്നിവിടങ്ങളിൽ കൂടി വിതരണം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 8,264 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,467 പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പിഴയായി 28,99,950 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP