Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള സംസ്ഥാന പരീക്ഷാ ഭവന്റെ വ്യാജ വെബ്‌സൈറ്റ് രജിസ്റ്റർ ചെയ്ത് വ്യാജ മാർക്ക് ലിസ്റ്റ് വിൽപന നടത്തിയ കേസ്: പ്രതി യുപിക്കാരൻ അവിനാശ് റോയി വർമ്മക്ക് ജാമ്യമില്ല; പ്രതി തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്ന് കോടതി

കേരള സംസ്ഥാന പരീക്ഷാ ഭവന്റെ വ്യാജ വെബ്‌സൈറ്റ് രജിസ്റ്റർ ചെയ്ത് വ്യാജ മാർക്ക് ലിസ്റ്റ് വിൽപന നടത്തിയ കേസ്: പ്രതി യുപിക്കാരൻ അവിനാശ് റോയി വർമ്മക്ക് ജാമ്യമില്ല; പ്രതി തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്ന് കോടതി

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം: കേരള സംസ്ഥാന പരീക്ഷാ ഭവന്റെ പേരിൽ വ്യാജ വെബ് സൈറ്റ് രജിസ്റ്റർ ചെയ്ത് വ്യാജ പ്ലസ് ടു കോഴ്‌സ് മാർക്ക് ലിസ്റ്റ് വിൽപ്പന നടത്തിയ കേസിൽ റിമാന്റിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശി അവിനാശ് റോയി വർമ്മക്ക് ജാമ്യമില്ല. പ്രതിയുടെ ജാമ്യ ഹർജി തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് തള്ളിയത്. ഡിഗ്രി പീനത്തിനായും തൊഴിൽ അവസരങ്ങൾക്കായും സംസ്ഥാനത്തുടനീളം ആവശ്യക്കാരെ വെബ്‌സൈറ്റിലൂടെ ആകർഷിപ്പിച്ച് വൻ തുക വാങ്ങി വ്യാജ പ്ലസ് ടു മാർക്ക് ലിസ്റ്റ് നിർമ്മിച്ച് , വിറ്റഴിച്ച് അന്യായ സാമ്പത്തിക നേട്ടമുണ്ടാക്കിയ കേസിലാണ് കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചത്. യു. പി. സംസ്ഥാനത്ത് ഗസ്സിയാബാദ് , നോയിഡ എക്സ്റ്റൻഷൻ ഗൗർ സിറ്റി 11-ാം അവന്യുവിൽ താമസക്കാരനാണ് സംസ്ഥാന ഹയർ സെക്കണ്ടറി കോഴ്‌സ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ച് വിറ്റഴിച്ച കേസിലെ മുഖ്യ പ്രതി. കഠിനാധ്വാനം ചെയ്ത് ഉറക്കമളച്ച് പഠിച്ചു പരീക്ഷ പാസ്സാകുന്ന അഭ്യസ്തവിദ്യരായ വിദ്യാസമ്പന്നരെ വഞ്ചിച്ച് ഗൗരവമേറിയ കുറ്റം ചെയ്ത പ്രതിയെ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് കോടതി പ്രതിക്ക് ജാമ്യം നിരസിച്ചത്.

2019 ലാണ് വ്യാജ മാർക്ക് ലിസ്റ്റ് തട്ടിപ്പ് പൂജപ്പുരയിലുള്ള കേരള പരീക്ഷ ഭവന്റെ ശ്രദ്ധയിൽ പെട്ടത്. പണം കൊടുത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ കൈക്കലാക്കിയ വിദ്യാർത്ഥികൾ ഉപരി പഠനത്തിനായും തൊഴിൽ ആവശ്യങ്ങൾക്കായും വിവിധ ഇടങ്ങളിൽ ഹാജരാക്കിയത് സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് അസ്സൽ രേഖകളുമായി ഒത്തു നോക്കി നിജസ്ഥിതി അറിയിക്കുന്നതിനായുള്ള കൺഫർമേഷന് പരീക്ഷാ ഭവനിൽ ലഭിച്ചപ്പോഴാണ് വ്യാപകമായി നടന്ന തട്ടിപ്പ് വെളിച്ചത്ത് വന്നത്. തുടർ പരിശോധനയിൽ തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും പ്രവചനാതീതമാണെന്ന് കണ്ടെത്തിയ അധികൃതർ വ്യാജ വെബ്‌സൈറ്റിനെതിരെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 2019 ൽ രജിസ്റ്റർ ചെയ്ത കേസിൽ നീണ്ട അന്വേഷണത്തിനൊടുവിൽ 2021 ജനുവരി 31നാണ് പ്രധാന പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

വ്യാജ വെബ് സൈറ്റിലെ ഹോം പേജിൽ കേരള ഗവൺമെന്റിന്റെ ഔദ്യോഗിക എംബ്ലവും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് , സംസ്ഥാന ജനറൽ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറി , സംസ്ഥാന ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ ഫോട്ടോഗ്രാഫുകളും കാണപ്പെട്ടു.

വ്യാജ വെബ് സൈറ്റിന്റെ ഉടമ താനല്ലെന്നായിരുന്നു റോയി വർമ്മയുടെ ജാമ്യഹർജിയിലെ പ്രത്യാരോപണം. സൈറ്റ് രജിസ്‌ട്രേഷന് തന്റെ അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്തുവെന്ന ആരോപണം മാത്രമാണ് പ്രോസിക്യൂഷൻ തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. താൻ വെബ് സൈറ്റ് ഉടമയുടെ തൊഴിലാളിയായ ജീവനക്കാരൻ മാത്രമാണ്. രജിസ്‌ട്രേഷന് വേണ്ടി തന്റെ അക്കൗണ്ടിൽ നിന്നും '' ഗോ ഡാഡി '' പ്ലാറ്റ്‌ഫോമിലൂടെ പണം ട്രാൻസ്ഫർ ചെയ്തുവെന്ന വസ്തുത ശരിയാണെങ്കിൽ പോലും തന്നെ ഏതെങ്കിലും ക്രിമിനൽ ബാധ്യതയിൽ ബന്ധിപ്പിക്കാനാവില്ല. അറസ്റ്റിന്റെ അനിവാര്യത വ്യക്തമാക്കുന്നതും അറസ്റ്റിന്റെ കാരണങ്ങൾ രേഖപ്പെടുത്തുന്നതുമായ ' ചെക്ക് ലിസ്റ്റ് ' സൈബർ ക്രൈം പൊലീസുദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയിട്ടില്ല. ഇക്കാരണങ്ങളാൽ തന്നെ ജാമ്യത്തിൽ വിട്ടയക്കണമെന്നായിരുന്നു പ്രതിയുടെ ജാമ്യഹർജിയിലെ ആവശ്യം.

അതേ സമയം പ്രതിയുടെ വാദങ്ങളെല്ലാം കോടതി തള്ളി. പ്രതി ജീവനക്കാരൻ മാത്രമായിരുന്നുവെന്നും വെബ് സൈറ്റ് രജിസ്‌ട്രേഷന് വേണ്ടി പണം തന്റെ അക്കൗണ്ടിൽ നിന്നും ഇയാൾ നിഷ്‌ക്കളങ്കമായി ട്രാൻസ്ഫർ ചെയ്തുവെന്ന പ്രതിയുടെ വാദം പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യം വരുത്തുന്നില്ലെന്ന് ജഡ്ജി കെ. ബിജു മേനോൻ ജാമ്യം നിരസിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി. സാധാരണ ഗതിയിൽ ഒരു തൊഴിലാളിയും തന്റെ തൊഴിൽ സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിന് വേണ്ടി തന്റെ സ്വന്തം അക്കൗണ്ടിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്യാറില്ല. പ്രതിയുടെ അറസ്റ്റ് നടപ്പിലാക്കും മുമ്പ് ചെക്ക് ലിസ്റ്റ് പൊലീസ് തയ്യാറാക്കിയില്ലെന്ന ആരോപണം നിലനിൽക്കില്ല.

പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ച കാര്യ കാരണങ്ങൾ റിമാന്റ് റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്. അറസ്റ്റുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച എല്ലാ മാർഗനിർദ്ദേശങ്ങളും പൊലീസ് പാലിച്ചിട്ടുണ്ട്. എന്തൊക്കെയായാലും 2019 ൽ കുറ്റകൃത്യം കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്ത് നീണ്ട 2 വർഷക്കാലം വ്യാപിച്ച വിശദമായ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് നടന്നത്. അതിനാൽ അന്വേഷണ ഏജൻസി ധൃതി പിടിച്ച് പ്രവർത്തിച്ചതായും പ്രതിയെ കൃത്യവുമായി ബന്ധിപ്പിക്കുന്നതും കുറ്റപ്പെടുത്തുന്നതുമായ മതിയായ തെളിവുകൾ ശേഖരിക്കാതെയാണ് അറസ്റ്റ് നടന്നതെന്ന് പറയാനാവില്ല. വിശദമായ അന്വേഷണം തുടരുകയുമാണ്.

ചതിയുടെയുടെയും വഞ്ചനയുടെയും പ്രവർത്തനങ്ങളിൽ ഉള്ള പ്രതിയുടെ പങ്കും പങ്കാളിത്തവും ഉൾക്കൊള്ളുന്ന വിവരങ്ങൾ അന്വേഷണ ഏജൻസി ശേഖരിച്ച സാഹചര്യത്തിൽ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ച് സ്വതന്ത്രനാക്കുന്നത് നിതിയുടെ താൽപര്യത്തിന് എതിരാകുമെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ ജില്ലാ കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 468 (ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ രേഖയുടെയും വ്യാജ ഇലക്ട്രോണിക് രേഖയുടെയും നിർമ്മാണം) , 469 (ഖ്യാതിക്ക് ഹാനി ഉളവാക്കുവാൻ വേണ്ടിയുള്ള വ്യാജ നിർമ്മാണം) , 471 (വ്യാജ നിർമ്മിതരേഖയെ അസ്സൽ രേഖ പോലെ ഉപയോഗിച്ച് ഹാജരാക്കൽ) , ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ 66 (സി) (ഇലക്ട്രോണിക് ഒപ്പ് , പാസ്വേർഡ് , തിരിച്ചറിയൽ പ്രത്യേകതകൾ എന്നിവ മോഷ്ടിക്കൽ) , 66 (ഡി) (കമ്പ്യൂട്ടർ ഉപകരണങ്ങൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി ചതിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമെടുത്ത കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP