Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഡ്വാൻസായി ഗൂഗിൾ പേ വഴി നൽകിയത് വെറും 3000 രൂപ; എഗ്രിമെന്റെ എഴുതി വാടക്കയ്ക്ക് എടുത്ത വീട് പണയം വച്ച് തട്ടിയെടുത്തത് എട്ട് ലക്ഷം രൂപ; പോണേക്കരയിൽ നടന്നത് സമാനതകളില്ലാത്ത തട്ടിപ്പ്; പണം തട്ടിയ ആൾ ഇപ്പോഴും ഒളിവിൽ

അഡ്വാൻസായി ഗൂഗിൾ പേ വഴി നൽകിയത് വെറും 3000 രൂപ; എഗ്രിമെന്റെ എഴുതി വാടക്കയ്ക്ക് എടുത്ത വീട് പണയം വച്ച് തട്ടിയെടുത്തത് എട്ട് ലക്ഷം രൂപ; പോണേക്കരയിൽ നടന്നത് സമാനതകളില്ലാത്ത തട്ടിപ്പ്; പണം തട്ടിയ ആൾ ഇപ്പോഴും ഒളിവിൽ

ആർ പീയൂഷ്

കൊച്ചി: വീട് വാടകയ്ക്ക് എടുക്കാൻ അഡ്വാൻസ് നൽകിയ ശേഷം ഉടമയറിയാതെ പണയപ്പെടുത്തി എട്ടു ലക്ഷം രൂപ തട്ടിയെടുത്തു. ബംഗളൂരുവിൽ സ്ഥിരതാമസക്കാരായ മലയാളികളായ സഞ്ജയ് വാര്യരുടെയും ഭാര്യ പാർവ്വതിയുടെയും പോണേക്കര മാളിയേക്കൽ ലെയ്നിലുള്ള ഒമ്പതര സെന്റിലുള്ള വീടാണ് വാടകയ്ക്ക് എടുക്കാനെത്തിയ ആൾ മറ്റൊരാൾക്ക് പണയപ്പെടുത്തി തട്ടിപ്പ് നടത്തിയത്.

ഉടമകൾ ബംഗളൂരുവിലായതിനാൽ പോണേക്കരയിലെ വീട് വാടകയക്ക് കൊടുത്തിരിക്കുകയായിരുന്നു. പാർവതിയുടെ പിതാവ് എം.കെ രുദ്ര വാരിയർ നാട്ടിലുണ്ടായിരുന്നപ്പോൾ വീട് നോക്കാൻ എത്തുമായിരുന്നു. കോവിഡ് രൂക്ഷമായിക്കൊണ്ടിരുന്ന സാഹചര്യത്തിൽ ഇദ്ദേഹം മകൾക്കും മരുമകനുമൊപ്പം ബംഗളൂരിവ്ലേക്ക് താമസം മാറ്റി. ഇതിനിടെ ഇവിടെ വാടയക്ക്ക് താമസിച്ചിരുന്നവർ വീട് ഒഴിഞ്ഞു. ഈ സമയത്ത് അജയ് മോഹൻ എന്നയാൾ സഞ്ജയ് വാര്യരെ ഫോണിൽ ബന്ധപ്പെട്ട് വീട് വാടകയ്ക്ക് വേണമെന്ന് ആവശ്യപ്പെട്ടു. തുക പറഞ്ഞുറപ്പിച്ച ശേഷം അഡ്വാൻസായി 3000 രൂപ ഗൂഗിൾ പേ വഴി അയക്കുകയും ചെയ്തു. താമസിക്കാനെത്തുന്നതിന് മുൻപ് എഗ്രിമെന്റ് എഴുതി ബാക്കി അഡ്വാൻസ് തുക നൽകാമെന്നും ഏറ്റു.

ഇതിന്റെ അടിസ്ഥാനത്തിൽ വീട് വൃത്തിയാക്കാനാണ് എന്ന് പറഞ്ഞ് അയൽവീട്ടിൽ നിന്നും വീടിന്റെ താക്കോൽ വാങ്ങിയ ഇയാൾ പിന്നീട് തിരികെ നൽകിയില്ല. ഏതാനം ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇവിടെ താമസക്കാരെത്തിയ വിവരം അയൽവീട്ടുകാർ ഉടമകളെ അറിയിച്ചു. ഉടമകൾ താമസക്കാരെത്തിയ വിവരം അറിഞ്ഞില്ല എന്ന് മറുപടി കൊടുത്തു. ഇതോടെ അയൽ വീട്ടുകാർ താമസക്കാരോട് വിവരങ്ങൾ ചോദിച്ചപ്പോൾ അജിത് കുമാർ എന്നയാൾ വഴി 8 ലക്ഷം രൂപയ്ക്ക് വീട് പണയത്തിനെടുത്തിരിക്കുകയാണ് എന്ന് മനസ്സിലായി. തട്ടിപ്പ് നടന്നു എന്ന് മനസ്സിലായ ഉടമകൾ ഏപ്രിൽ 11 ന് നാട്ടിലെത്തുകയും അഭിഭാഷകനൊപ്പം പോണേക്കരയിലെ വീട്ടിലെത്തിയപ്പോഴാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായത്.

അജിത് കുമാർ എന്നയാൾ നൗഫൽ എന്നയാൾക്ക് വ്യാജമായി നിർമ്മിച്ച വീടിന്റെ കരമടച്ച രസീതും മറ്റും കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് മനസ്സിലായി. 8 ലക്ഷം രൂപ ഇയാൾ വാങ്ങിയെന്നും പണയത്തിനെടുത്തയാൾ വ്യക്തമാക്കി. ഇരുവരും എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ നൗഫലിന്റെ പരാതിയിൽ മാത്രമാണ് പൊലീസ് കേസെടുത്തത്. കളക്ടർ ഉൾപ്പെടെയുള്ളവർക്ക് തന്റെ വീട്ടിൽ അതിക്രമിച്ച് കയറിയവരെ ഒഴിപ്പിക്കണമെന്ന് പരാതി നൽകിയിട്ടും നടപടിയാകാതിരുന്നതോടെ തൃക്കാക്കര എംഎ‍ൽഎ പി.ടി തോമസിനെ പരാതിക്കാരന് സമീപിച്ചു. ഒടുവിൽ പി.ടി പൊലീസിനെ വിളിച്ചു വരുത്തി താമസക്കാരനെ ഒഴിപ്പിക്കുകയായിരുന്നു. സംഭവത്തിലെ തട്ടിപ്പുകാരെ ഇതുവരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല.

2020 ഡിസംബറിൽ സമാനമായ കേസിൽ തട്ടിപ്പുകാരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇടപ്പള്ളിയിൽ പ്രവാസിയുടെ വീട് വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച കേസിലായിരുന്നു എൻ.സി.പി. നേതാവടക്കം പ്രതികൾ അറസ്റ്റിലായത്. എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരയ്ക്കൽ, അഭിഭാഷകനായ അബ്ദുൾ ഹക്കീം, പറവൂർ സ്വദേശി സിദ്ദിഖ് എന്നിവരായിരുന്നു പ്രതികൾ. ജയൻ പുത്തൻപുരയ്ക്കലിന്റെ പേരിൽ ഒമ്പത്, ഹക്കീമിനെതിരെ 12, സിദ്ദിഖിന്റെ പേരിൽ അഞ്ച് എന്നിങ്ങനെ കേസുകളുമുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. മുൻകൂർ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.

വ്യാജ രേഖ ചമച്ചാണ് സംഘം സ്വത്ത് തട്ടിയെടുത്തിരുന്നത്. കോടതിയിൽ നിന്ന് ലഭിച്ച രേഖകൾ എന്ന് കാണിച്ച് ഇവർ സാധാരണക്കാരെ ചതിച്ച് സ്വത്ത് തട്ടിയെടുക്കുകയായിരുന്നു. പ്രവാസികളെയാണ് ഇവർ പ്രധാനമായും ഇരയാക്കിയിരുന്നത്. രേഖകൾ കാണിക്കുന്നതിനാൽ പൊലീസും തെറ്റിദ്ധരിക്കപ്പെട്ടു. ഒത്തുതീർപ്പിനായി പണം നൽകിയാൽ സ്വത്ത് തിരികെ നൽകും, അല്ലെങ്കിൽ കേസുമായി മുന്നോട്ട് പോകും. കോടതിയിലും മറ്റും കയറിയിറങ്ങേണ്ടതിനാൽ തന്നെ പലരും ഇവരുടെ ഒത്തുതീർപ്പിന് വഴങ്ങുകയും ചെയ്തു. ഇവർക്കെതിരേ തിരിയുന്നവരെ ഗുണ്ടാസംഘങ്ങളെ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇവർ ജില്ലയിൽ മറ്റിടങ്ങളിലും സമാനമായ തട്ടിപ്പ് നടത്തിയ കാര്യവും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP