Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബാങ്ക് ജോലി ഉപേക്ഷിച്ച കോമേഴ്‌സുകാരൻ; ജി എസ് ടിയിൽ ഐസക്കിന്റെ വാദങ്ങളെ തള്ളി പറഞ്ഞ കമ്യൂണിസ്റ്റ് ചിന്ത; കലഞ്ഞൂരിലെ എൻ എസ് എസ് കുടുംബത്തിൽ ജനിച്ചെങ്കിലും നടന്നത് വിപ്ലവ വഴിയിൽ; പിണറായിക്ക് വേണ്ടി ധനകാര്യത്തെ ചലിപ്പിക്കുക കെഎൻ ബാലഗോപാൽ; പി രാജീവിന് വിനയായത് ഐസക്കുമായുള്ള അടുപ്പം

ബാങ്ക് ജോലി ഉപേക്ഷിച്ച കോമേഴ്‌സുകാരൻ; ജി എസ് ടിയിൽ ഐസക്കിന്റെ വാദങ്ങളെ തള്ളി പറഞ്ഞ കമ്യൂണിസ്റ്റ് ചിന്ത; കലഞ്ഞൂരിലെ എൻ എസ് എസ് കുടുംബത്തിൽ ജനിച്ചെങ്കിലും നടന്നത് വിപ്ലവ വഴിയിൽ; പിണറായിക്ക് വേണ്ടി ധനകാര്യത്തെ ചലിപ്പിക്കുക കെഎൻ ബാലഗോപാൽ; പി രാജീവിന് വിനയായത് ഐസക്കുമായുള്ള അടുപ്പം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎൻ ബാലഗോപാൽ സാമ്പത്തിക വിദഗ്ധനൊന്നുമല്ല. പക്ഷേ സാമ്പത്തികത്തിലെ സാധാരണക്കാരന്റെ ചിന്തകൾ അറിയാവുന്ന സാമ്പത്തിക വിദഗ്ധൻ. കേരളം ജിഎസ്ടിയെ പിന്തുണച്ചത് തോമസ് ഐസകിന്റെ വാക്കു കേട്ടാണ്. എന്നാൽ ബാലഗോപാലിന് മറ്റൊരു ചിന്തയാണുണ്ടായിരുന്നത്. ജി എസ് ടി നടപ്പിലായി വർഷങ്ങൾ കഴിയുമ്പോൾ ബാലഗോപാലാണ് ശരിയെന്ന് സിപിഎം തിരിച്ചറിഞ്ഞു. ഇതിനുള്ള അംഗീകാരമാണ് ബാലഗോപാലിനുള്ള ധനമന്ത്രി സ്ഥാനം. വിദ്യാഭ്യാസ ശേഷം ലഭിച്ച പൊതുമേഖലാ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മുഴുവൻസമയ പൊതുപ്രവർത്തകനായ കെ എൻ ബാലഗോപാൽ ഇനി ധനമന്ത്രി. എം. കോം, എൽ എൽ എം ബിരുദധാരിയാണ് ബാലഗോപാൽ.

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിച്ചത് ബാലഗോപാലിനെയായിരുന്നു. പിണറായി വിജയന്റെ അതിവിശ്വസ്തനായ നേതാവായിരുന്നു എന്നും ബാലഗോപാൽ. എൻ എസ് എസുമായി ചേർന്നു നിൽക്കുന്ന കുടുംബ പശ്ചാത്തലവും ബാലഗോപാലിനുണ്ട്. എൻ എസ് എസിനെ സർക്കാരുമായി അടുപ്പിക്കുകയെന്ന ദൗത്യവും ബാലഗോപാലിന് ഏറ്റെടുക്കേണ്ടി വരും. അങ്ങനെ പിണറായി മന്ത്രിസഭയിലെ താക്കോൽ സ്ഥാനം ബാലഗോപാൽ സ്വന്തമാക്കുകയാണ്.

പി രാജീവിനേയും ധനവകുപ്പിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ തന്റെ പിൻഗാമി രാജീവനായിരിക്കുമെന്ന് പരോക്ഷ സൂചനകളുമായി ധനമന്ത്രിയായിരുന്ന തോമസ് ഐസക് തന്നെ സംസാരിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് വ്യവസായത്തിലേക്ക് രാജീവിനെ തട്ടുന്നത്. തോമസ് ഐസക് തന്റെ പിൻഗാമിയി കണ്ട വ്യക്തിയെ ധനവകുപ്പിൽ നിന്ന് ഒഴിവാക്കുന്നുവെന്ന് സാരം. ജി എസ് ടിയിലെ ഐസക്കിന്റെ വിമർശകന് അതിന്റെ ഗുണവും ലഭിക്കുന്നു. അടിസ്ഥാന സത്തയായ ഫെഡറലിസത്തിന് നേരെ ജി എസ് ടി ഗുരുതരമായ ഭീഷണിയുയർത്തുന്നു എന്ന് വാദിച്ച ബാലാഗോപാൽ ഐസകിന്റെ പിൻഗാമിയാകുന്നു.

ചരക്കുസേവന നികുതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ബാലഗോപാൽ വിയോജിപ്പ് ഉയർത്തി. സംസ്ഥാനങ്ങളുടെ നികുതി പിരിക്കാനുള്ള അവകാശത്തിന്മേൽ കൈ കടത്താനുള്ള കേന്ദ്ര ഗവൺമെന്റ് നീക്കത്തിനെതിരായ അദ്ദേഹത്തിന്റെ ശക്തമായ വാദങ്ങൾ ദേശീയമാധ്യമങ്ങൾ വരെ വലിയ വാർത്തയാക്കി. ജി.എസ്.ടി ബില്ലിന്മേൽ നടന്ന ചർച്ചയിൽ ബാലഗോപാൽ അവതരിപ്പിച്ച വാദങ്ങല്ൾ ദേശിയ മാധ്യമങ്ങൽ പോലും വാർത്തയാക്കി. എന്നാൽ ഇതൊന്നും ഐസക് ആദ്യം അംഗീകരിച്ചില്ല. പിന്നീട് ബാലഗോപാലായിരുന്നു ശരിയെന്ന് തമ്മതിക്കേണ്ട അവസ്ഥയും വന്നു.

ജി എസ് ടി ബിൽ അവതരിപ്പിച്ചപ്പോൾ ബാലഗോപാൽ ഉയർത്തിയത് ഈ വാദങ്ങളായിരുന്നു. ഏകീകൃത ചരക്ക്, സേവന നികുതി സംവിധാനം കൊണ്ടുവരാനുള്ള ഭരണഘടന ഭേദഗതി ബില്ലിനുള്ള ശ്രമങ്ങൾ ഒരു ദശാബ്ദത്തോളമായി നടന്നുവരികയായിരുന്നു. ചില കോർപ്പറേറ്റുകൾ, കേന്ദ്രം, ചില സംസ്ഥാന സർക്കാരുകൾ, ചില രാഷ്ട്രീയ കക്ഷികൾ, ചില മാധ്യമ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഈ ബില്ലിനു കലവറ ഇല്ലാത്ത പിന്തുണയാണ് നൽകിയത്. ഇതിനെ വളർച്ചയുടെയും വികസനത്തിന്റെയും ഒറ്റമൂലിയായി ഇവർ കരുതുന്നു. ബിൽ പാർലമെന്റിൽ അംഗീകരിക്കാത്തതിനു ബിജെപി നേതൃത്വത്തിലുള്ള സർക്കാർ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. പക്ഷേ ഇവരെല്ലാം സൗകര്യപൂർവം വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്, എന്തുകൊണ്ടാണ് ബിൽ ഇത്രയും കാലം നീണ്ടുപോയത്? നമ്മുടെ അടിസ്ഥാന സത്തയായ ഫെഡറലിസത്തിന് നേരെ ഈ ബിൽ ഗുരുതരമായ ഭീഷണിയുയർത്തുന്നു എന്നതുകൊണ്ടാണത് എന്നതായിരുന്നു ബാലഗോപാലിന്റെ നിലപാട്.

കേരളത്തിലെ സാഹചര്യം തമിഴ്‌നാട്, അസം, പശ്ചിമ ബംഗാൾ എന്നിവയിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഓരോ സംസ്ഥാനത്തിനും തങ്ങളുടേതായ നികുതി തീരുമാനങ്ങൾ എടുക്കാൻ അവയുടേതായ സാമൂഹ്യസാമ്പത്തിക രാഷ്ട്രീയ കാരണങ്ങളുമുണ്ടാകും. പതിറ്റാണ്ടുകളായി രാജ്യത്തെ തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിട്ടും രാജ്യത്താകെ ഒരു ഏകീകൃത കുറഞ്ഞ വേതനം നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. പക്ഷേ തങ്ങളുടെ കോർപ്പറേറ്റ് യജമാനമാരെ തൃപ്തിപ്പെടുത്താൻ ബിജെപിയും കോൺഗ്രസും ബിൽ നിയമമാക്കാൻ ഒറ്റക്കെട്ടായി നിന്നു- ഈ വാദങ്ങൾ കാലം കഴിയുമ്പോൾ ശരിയാണെന്ന് തെളിഞ്ഞതായി സിപിഎം വിലയിരുത്തുന്നു.

മന്ത്രിയായി ബാലഗോപാലിനെ സിപിഐ എം സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചപ്പോൾ മലയാളികളുടെ മനസിൽ തെളിഞ്ഞത് പലതവണ ജയിൽവാസവും പൊലീസ് മർദനവും ഏറ്റുവാങ്ങിയ പഴയ വിദ്യാർത്ഥി നേതാവിനെയാണ്. യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെ ബാലഗോപാലിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വടക്കേ അറ്റം മുതൽ തിരുവനന്തപുരം വരെ നടന്ന കാൽനടജാഥയും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഇങ്ങനെ കാൽനട ജാഥ നയിച്ച ആദ്യത്തെ വിദ്യാർത്ഥി ജാഥയുടെ ക്യാപ്റ്റനാണ് ബാലഗോപാൽ.

പത്തനാപുരം കലഞ്ഞൂർ ശ്രീനികേതനിൽ പരേതരായ പി. കെ. നാരായണപ്പണിക്കരുടെയും ഒ.വി.രാധാമണി അമ്മയുടെയും മകൻ. എം. കോം, എൽ എൽ എം ബിരുദധാരി. ഭാര്യ: കോളജ് അദ്ധ്യാപികയായ ആശാ പ്രഭാകരൻ. മക്കൾ: വിദ്യാർത്ഥികളായ കല്യാണി, ശ്രീഹരി. പുനലൂർ എസ് എൻ കോളേജ് യൂണിയൻ മാഗസിൻ എഡിറ്ററ്റായാണ് വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് തുടക്കം. പുനലൂർ എസ് എൻ കോളേജ് യൂണിയൻ ചെയർമാൻ, എസ്.എഫ്.ഐ പുനലൂർ ഏരിയ പ്രസിഡന്റ്, തിരുവനന്തപുരം എം.ജി കോളേജ് യൂണിയൻ ചെയർമാൻ, എസ്എഫ്ഐ കൊല്ലം ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ ചുമതലകളിലും പ്രവർത്തിച്ചു.

സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന വിധത്തിൽ വലിയ ഇടപെടലുകൾ നടത്തി. ജില്ല നേരിടുന്ന കടുത്ത വരൾച്ചയെ നേരിടാൻ ആവിഷ്‌കരിച്ച മഴക്കൊയ്ത്ത് പദ്ധതി വൻവിജയമായി. 2010 മുതൽ 16 വരെയാണ് കെ എൻ ബാലഗോപാൽ രാജ്യസഭാംഗമായി പ്രവർത്തിച്ചത്. 2016 ഇന്ത്യയിലെ ഏറ്റവും മികച്ച രാജ്യസഭാംഗത്തിനുള്ള സൻസദ് രത്‌ന പുരസ്‌കാരം ലഭിച്ചു. ശ്രദ്ധേയമായ നിരവധി ഇടപെടലുകളാണ് ഇക്കാലത്ത് പാർലമെന്റിനകത്തും പുറത്തും അദ്ദേഹം നടത്തിയത്. ഇതെല്ലാം ധനമന്ത്രി പദത്തിലൂടെ അംഗീകരിക്കപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP