Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മട്ടന്നൂരിലെ ഭാസ്‌കരന്റെ അപ്രമാദിത്തം തകർക്കാൻ ഭാര്യയെ വെട്ടിയൊതുക്കി; പിണറായി അമേരിക്കയിൽ ഇനി ചികിൽസയ്ക്ക് പോയാൽ മുഖ്യമന്ത്രിയുടെ ചുമതല ടീച്ചറമ്മയ്ക്ക് കിട്ടുമെന്ന ഭയവും ശത്രുക്കളെ ഒരുമിപ്പിച്ചു; ഇനി നിയമസഭയിലേക്ക് മത്സരിക്കാനും അവസരം നൽകില്ല; ഇരുചെവി അറിയാതെ ശൈലജയെ ഒഴിവാക്കിയതിന് പിന്നിലെ രാഷ്ട്രീയം ഇങ്ങനെ

മട്ടന്നൂരിലെ ഭാസ്‌കരന്റെ അപ്രമാദിത്തം തകർക്കാൻ ഭാര്യയെ വെട്ടിയൊതുക്കി; പിണറായി അമേരിക്കയിൽ ഇനി ചികിൽസയ്ക്ക് പോയാൽ മുഖ്യമന്ത്രിയുടെ ചുമതല ടീച്ചറമ്മയ്ക്ക് കിട്ടുമെന്ന ഭയവും ശത്രുക്കളെ ഒരുമിപ്പിച്ചു; ഇനി നിയമസഭയിലേക്ക് മത്സരിക്കാനും അവസരം നൽകില്ല; ഇരുചെവി അറിയാതെ ശൈലജയെ ഒഴിവാക്കിയതിന് പിന്നിലെ രാഷ്ട്രീയം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ശൈലജയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കിയതിന് പിന്നിൽ മട്ടന്നൂരിലെ രാഷ്ട്രീയം തന്നെ. മട്ടന്നൂർ നഗരസഭയുടെ മുൻ അധ്യക്ഷനും സിപിഎം മട്ടന്നൂർ ഏരിയ കമ്മിറ്റിയംഗവുമാണു ഭർത്താവ് ഭാസ്‌കരൻ. മട്ടന്നൂരിലെ സിപിഎം രാഷ്ട്രീയത്തിലെ പ്രധാനി. സംസ്ഥാന നേതൃത്വത്തിലെ പലർക്കും മട്ടന്നൂരിലെ ഭാസ്‌കരന്റെ ഇടപാടുകളോട് താൽപ്പര്യമില്ല. ഇതും ശൈലജയെ അനഭിമതയാക്കി. പേരാവൂരിൽ ഒരു തവണ ജയിക്കുകയും പിന്നീട് തോൽക്കുകയും ചെയ്ത ശൈലജ കൂത്തുപറമ്പിൽ ജയിച്ച് മന്ത്രിയായപ്പോൾ മട്ടന്നൂരിൽ ഭാസ്‌കരനും കരുത്തു കൂടി. എതിർപ്പുകളെ അവഗണിച്ച് മട്ടന്നൂരിൽ ഭാര്യയെ സ്ഥാനാർത്ഥിയാക്കി റിക്കോർഡ് ഭൂരിപക്ഷത്തിൽ ജയിപ്പിച്ചെടുക്കുകയും ചെയ്തു. ഭാസ്‌കരനെ ഒതുക്കാൻ ശൈലജയെ തടുക്കണമെന്ന ചിന്തയാണ് മന്ത്രിപദം ടീച്ചർ അമ്മയ്ക്ക് അന്യമായത്.

സംസ്ഥാന രാഷ്ട്രീയത്തിൽ ഇനി അവർക്ക് വലിയൊരു റോൾ സിപിഎം നൽകില്ല. ഇനി ഒരു ടേമിൽ മത്സരിക്കാൻ അവസരവും നൽകില്ല. പിണറായിക്ക് പിന്നിൽ രണ്ടാമത് എത്തുന്നതിനെ ഇവർക്ക് അനുകൂലിക്കാൻ കഴിഞ്ഞിരുന്നില്ല. പിണറായി വിജയന് ചികിൽസയുമായി ബന്ധപ്പെട്ട് ഇനിയും അമേരിക്കയിലേക്ക് പോകേണ്ടതുണ്ട്. ആ സമയം ശൈലജയുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ ചുമതല പോലും അവർക്ക് നൽകേണ്ടി വരുമായിരുന്നു. അങ്ങനെ ചെയ്തില്ലെങ്കിലും വിവാദം ഉണ്ടാകും. അതും ശൈലജയെ ഒഴിവാക്കുന്നതിൽ പ്രധാന കാരണമായി. എല്ലാ അർത്ഥത്തിലും എംവി ഗോവിന്ദനാകും സിപിഎമ്മിൽ പിണറായിക്ക് പിന്നിൽ രണ്ടാമൻ. അങ്ങനെ ശൈലജയുടെ അപ്രമാധിത്വം വെട്ടുകയാണ് സിപിഎം നേതക്കൾ.

നിപ മുതൽ കോവിഡ് വരെ എത്തിയ കേരളത്തിന്റെ ജീവന്മരണ പോരാട്ടത്തിനിടയിൽ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് ആവർത്തിച്ചുപറഞ്ഞുകൊണ്ട് മലയാളികൾക്ക് ധൈര്യം പകർന്ന ആരോഗ്യമന്ത്രി നിഷ്പക്ഷർക്കിടയിൽ താരമായിരുന്നു. അതുകൊണ്ടാണ് അവർക്ക് മത്സരിക്കാൻ സീറ്റ് നൽകിയത്. അപ്പോൾ മട്ടന്നൂർ 60,963 വോട്ടുകളുടെ റിക്കോർഡ് ഭൂരിപക്ഷവും നൽകി. അഞ്ചു മന്ത്രിമാരടക്കം 33 എംഎ‍ൽഎമാരെ മാറ്റി നിർത്തി സ്ഥാനാർത്ഥി നിർണയത്തിൽ കാണിച്ച അതേ കാർക്കശ്യം മന്ത്രിമാരെ തീരുമാനിക്കുന്നതിലും സിപിഎം. പുലർത്തി. ഒരു സർക്കാരിൽ മൂന്ന് വനിതകൾ ഒരേ സമയം മന്ത്രിസഭയിലെത്തിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയപ്പോൾ പോലും ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും പിറകേ ശൈലജയും മുൻനിരയിൽ നിന്ന് ഒതുക്കപ്പെട്ടു.

വ്യക്തിപ്രഭാവം പാർട്ടി തീരുമാനത്തെ സ്വാധീനിക്കരുതെന്ന നിലപാടാണ് കെ.കെ. ശൈലജയ്ക്ക് മന്ത്രിസ്ഥാനത്ത് തുടർച്ച നൽകേണ്ടെന്ന തീരുമാനത്തിൽ സിപിഎമ്മിനെ എത്തിച്ചത്. കേന്ദ്രനേതൃത്വത്തിലും സംസ്ഥാന നേതാക്കളിലും ശൈലജയ്ക്ക് ഇളവാകാം എന്ന വാദമുയർന്നപ്പോൾ, അത് പുതിയ കീഴ്‌വഴക്കത്തിന് വഴിയൊരുക്കുമെന്ന മറുവാദം അവതരിപ്പിച്ചത് പൊളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണനാണ്. പിണറായി വിജയൻ നിശബ്ദമായി പിന്തുണച്ചു. ആദ്യ മന്ത്രിസഭയിലെ എല്ലാവരും മികവ് കാട്ടിയെന്ന് പറഞ്ഞ് വാദങ്ങളെ പൊളിച്ചു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് എന്നിവർ ശൈലജയ്ക്ക് മന്ത്രിസ്ഥാനം നൽകണമെന്ന അഭിപ്രായക്കാരായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നോടിയായി പി.ബി. അംഗങ്ങളുടെ കൂടിയാലോചനയിൽ ഇക്കാര്യം അവർ ഉന്നയിച്ചു. എന്നാൽ എംഎ ബേബി പോലും ഇതിനെ അംഗീകരിച്ചില്ല.

സംസ്ഥാന സമിതിയിൽ എം വി ജയരാജനും പി. ജയരാജനുമടക്കം പത്തിൽ താഴെ നേതാക്കൾ മാത്രമാണ് ശൈലജയെ മാറ്റി നിർത്തേണ്ടതില്ലെന്ന് അഭിപ്രായം ഉയർത്തിയത്. എന്നാൽ ഇളവ് ആർക്കും വേണ്ടതില്ലെന്ന നേതൃത്വത്തിന്റെ നിലപാടിനായിരുന്നു മുൻതൂക്കം. സ്ഥാനാർത്ഥി നിർണയം മുതൽ കാണിച്ച സൂക്ഷ്മതയും രഹസ്യസ്വഭാവവും മന്ത്രിമാരെ നിശ്ചയിക്കുന്നതിലും സിപിഎമ്മിലുണ്ടായിരുന്നു. പൊളിറ്റ്ബ്യൂറോ അംഗങ്ങളിൽമാത്രം ഒതുങ്ങുന്ന പ്രാഥമിക ചർച്ചകളും ധാരണകളുമാണ് അവസാനഘട്ടംവരെ വിവാദങ്ങളെ അകറ്റി നിർത്തിയത്. തീരുമാനമെടുക്കേണ്ട ഘടകമെന്ന നിലയിൽ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും അവസാനഘട്ടത്തിൽ മാത്രമാണ് ഈ നിർദ്ദേശങ്ങളെല്ലാം വന്നത്. അതിനാൽ ഒന്നും ശൈലജയും അറിഞ്ഞിലല്.

രണ്ടു ടേം ജയിച്ചവർക്ക് സ്ഥാനാർത്ഥിത്വം നൽകേണ്ടെന്ന മാനദണ്ഡം ആദ്യം പിണറായി, കോടിയേരി, എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി എന്നീ പി.ബി. അംഗങ്ങൾക്കിടയിലാണ് രൂപപ്പെട്ടത്. രണ്ടാം സർക്കാരിൽ ടീം എങ്ങനെയാകണമെന്ന ധാരണ പി.ബി. അംഗങ്ങൾക്കിടയിലുണ്ടായിരുന്നു. പിണറായി മന്ത്രിസഭയിൽനിന്ന് കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ ദേശീയതലത്തിൽ നിരാശയും പ്രതിഷേധവും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP