Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യക്കും ധോണിക്കും ചരിത്രനേട്ടം; 24 കൊല്ലത്തിനുശേഷം ഇംഗ്ലണ്ടിൽ പരമ്പര ജയം; അജിൻക്യ രഹാനെയ്ക്ക് സെഞ്ച്വറി

ഇന്ത്യക്കും ധോണിക്കും ചരിത്രനേട്ടം; 24 കൊല്ലത്തിനുശേഷം ഇംഗ്ലണ്ടിൽ പരമ്പര ജയം; അജിൻക്യ രഹാനെയ്ക്ക് സെഞ്ച്വറി

ബർമിങ്ഹാം: ഇംഗ്ലണ്ടുമായുള്ള ഏകദിനപരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് ജയം. 24 വർഷത്തിനുശേഷം ഇംഗ്ലണ്ടിൽ പരമ്പരയെന്ന ചരിത്രനേട്ടത്തിലേക്കാണ് ഇന്ത്യ ചുവടുവച്ചത്. ഓപ്പണർ അജിൻക്യ രഹാനെയുടെ കന്നി ഏകദിന സെഞ്ച്വറിയാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. രഹാനെ 96 പന്തിൽ 4 സിക്‌സിന്റെയും 9 ഫോറിന്റെയും അകമ്പടിയോടെയാണ് സെഞ്ച്വറി നേട്ടത്തിലെത്തിയത്. 100 പന്തിൽ 4 സിക്‌സിന്റെയും 10 ഫോറിന്റെയും അകമ്പടിയോടെ 106 റൺസെടുത്ത് രഹാനെ പുറത്തായി. ഉറച്ച പിന്തുണ നൽകിയ ശിഖർ ധവാനും അർധസെഞ്ച്വറി നേടിയതോടെ 30.3 ഓവറിൽ ജയിക്കാൻ ഇന്ത്യക്കായി. ശിഖർ ധവാൻ 81 പന്തിൽ 97 റൺസെടുത്തു.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ 49.3 ഓവറിൽ ഇംഗ്ലണ്ടിനെ 206 റൺസിന് എറിഞ്ഞൊതുക്കുകയായിരുന്നു. ആദ്യ പത്ത് ഓവർ കഴിഞ്ഞപ്പോൾതന്നെ വെറും 25 റൺസിന് ഇംഗ്ലണ്ടിന് മൂന്നുവിക്കറ്റ് നഷ്ടമായിരുന്നു.

ഓപ്പണർമാരായ അലിസ്റ്റർ കുക്കിനെയും അലക്‌സ് ഹെയിൽസിനെയും പുറത്താക്കി ഭുവനേശ്വർ കുമാറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഗാരി ബാലൻസിനെ മുഹമ്മദ് ഷാമിയും പുറത്താക്കി. ഈ തകർച്ചയിൽ നിന്ന് വലിയൊരു തിരിച്ചുവരവ് നടത്താൻ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. ജോ റൂട്ടും (44) മോർഗനും (32) ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 80 റൺസും വാലറ്റത്ത് മൊയിൻ അലി 50 പന്തിൽ നേടിയ 67 റൺസുമാണ് ഇംഗ്ലണ്ടിനെ പൊരുതിനോക്കാവുന്ന സ്‌കോറിൽ എത്തിച്ചത്.

ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷാമി 3 വിക്കറ്റെടുത്തു. ഭുവനേശ്വർ കുമാറും രവീന്ദ്ര ജഡേജയും 2 വിക്കറ്റ് വീതം വീഴ്‌ത്തി. അശ്വിനും റെയ്‌നയ്ക്കും ഓരോ വിക്കറ്റ് ലഭിച്ചു. എട്ടോവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്താണ് ഭുവനേശ്വർ കുമാർ 2 വിക്കറ്റ് വീഴ്‌ത്തിയത്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തിളങ്ങാതിരുന്ന മോഹിത് ശർമയെ മാറ്റി ധവാൽ കുൽക്കർണിക്ക് ഇന്ത്യ അവസരം നൽകി. ധവാലിന്റെ അരങ്ങേറ്റ മത്സരമാണിത്. മലയാളി താരം സഞ്ജു വി സാംസണ് ഇന്നത്തെ മത്സരത്തിലും അവസരം ലഭിച്ചില്ല. ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ വിജയിപ്പിച്ച ഇന്ത്യൻ നായകനെന്ന റെക്കോഡും ഇന്നത്തെ മത്സരം ജയിച്ചതോടെ ധോണിക്ക് ലഭിച്ചു. നിലവിൽ മുഹമ്മദ് അസ്ഹറുദീനൊപ്പം റെക്കോഡ് പങ്കിടുകയായിരുന്നു ധോണി.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഇപ്പോൾ 3-0ന് മുന്നിലാണ്. കാർഡിഫിലും നോട്ടിംങ്ഹാമിലും നേടിയ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് നാലാം ഏകദിനത്തിനിറങ്ങിയത്. ഐസിസിയുടെ പുതിയ റാങ്കിംഗിൽ ലഭിച്ച ഒന്നാം സ്ഥാനവും ഇന്ത്യയുടെ പ്രകടനത്തിന് ഊർജമേകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP