Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രചരണത്തിൽ പിണറായി ക്യാപ്റ്റനായപ്പോൾ നായികയായി അണികൾ കണ്ടത് കെ കെ ശൈലജയെ; മട്ടന്നൂരിലെ ചരിത്ര വിജയം അടയാളപ്പെടുത്തിയതും അണികളുടെ വികാരം; പാർട്ടിയുടെ മുഖമായി ശൈലജ മാറുന്നതിൽ അതൃപ്തി പുകഞ്ഞു; മാറ്റിനിർത്തിയതിന് പിന്നിൽ കണ്ണൂർ നേതാക്കളുടെ വിയോജിപ്പ്

പ്രചരണത്തിൽ പിണറായി ക്യാപ്റ്റനായപ്പോൾ നായികയായി അണികൾ കണ്ടത് കെ കെ ശൈലജയെ; മട്ടന്നൂരിലെ ചരിത്ര വിജയം അടയാളപ്പെടുത്തിയതും അണികളുടെ വികാരം; പാർട്ടിയുടെ മുഖമായി ശൈലജ മാറുന്നതിൽ അതൃപ്തി പുകഞ്ഞു; മാറ്റിനിർത്തിയതിന് പിന്നിൽ കണ്ണൂർ നേതാക്കളുടെ വിയോജിപ്പ്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര ജയം നേടി ഭരണത്തുടർച്ച നേടുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ കെ കെ ശൈലജയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയതിൽ പാർട്ടി അണികൾക്കിടയിൽ കടുത്ത അതൃപ്തി. ആരോഗ്യമന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനത്തിലൂടെ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ വ്യക്തിയെ 'പുതുമുഖ'ങ്ങളുടെ പേരിൽ തഴഞ്ഞുവെന്ന അഭിപ്രായമാണ് സാമൂഹ്യമാധ്യമങ്ങളിലടക്കം ഉയരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിൽ കെ.കെ ശൈലജയുടെ പങ്ക് ഏറെ വലുതാണെന്ന് ഫലം പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ അഭിപ്രായമുയർന്നിരുന്നു. പിണറായി വിജയനെ ക്യാപ്റ്റനാക്കി പ്രചരണ പരിപാടികൾ മുന്നോട്ടു പോയപ്പോൾ നായികയായി പാർട്ടി അണികൾ കണക്കിലെടുത്തത് കെ.കെ ശൈലജയെ ആയിരുന്നു. ആരോഗ്യവകുപ്പിന്റെ മികച്ച പ്രകടനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയത് പിണറായി സർക്കാരിന് ജനപിന്തുണ ഇരട്ടിയാക്കാൻ സഹായിച്ചു. മട്ടന്നൂരിലെ ചരിത്ര വിജയം അണികളുടെ ഈ വികാരം അടയാളപ്പെടുത്തുന്നതായിരുന്നു.

പ്രളയത്തെ സർക്കാർ നേരിട്ട രീതിയെ പ്രശംസിച്ചതിന് പതിന്മടങ്ങ് അംഗീകാരമാണ് നിപ്പയെയും കോവിഡ് പ്രതിരോധത്തിനും ലഭിച്ചത്. ഇതെല്ലാം സുപ്രധാന ഘടകങ്ങളായി നിലനിൽക്കെ പാർട്ടിക്കുള്ളിൽ ചരടുവലികൾ ഇല്ലാതെ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് കെകെ ശൈലജയെ മാറ്റിനിർത്താൻ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

60963 ന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരിൽ നിന്നും ഇത്തവണ കെക ശൈലജ വിജയിച്ചത്. അതിനാൽ മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ പരിഗണിക്കാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സിനിമാതാരങ്ങളും മറ്റ് രാഷ്ട്രീയപ്രമുഖരും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ പാർട്ടി തീരുമാനത്തോട് പ്രതികരിച്ച് കെകെ ശൈലജ ടീച്ചറും രംഗത്തെത്തി. തീരുമാനം പാർട്ടിയുടേതാണെന്നും അത് പൂർണ്ണമായും അംഗീകരിക്കുന്നുവെന്നും കെകെ ശൈലജ പറഞ്ഞു. ഈ വിഷയത്തിൽ തനിക്ക് മറ്റൊന്നും പറയാനില്ലെന്നും ശൈലജ ടീച്ചർ പറഞ്ഞു.

അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയെന്ന നിലയിൽ സിപിഎമ്മിന്റെ തീരുമാനത്തെ ശൈലജ സ്വാഗതം ചെയ്യുകയുണ്ടായി. അതേസമയം കണ്ണൂരിലെ ചില നേതാക്കൾ ശൈലജ പാർട്ടിയുടെ മുഖമായി അവതരിപ്പിക്കപ്പെടുന്നത് തലവേദന സൃഷ്ടിക്കുമെന്ന് സൂചന നൽകിയിരുന്നു.

കണ്ണൂരിൽ നിന്നുള്ള ഈ വിയോജിപ്പ് തന്നെയാണ് ശൈലജയെ മാറ്റിനിർത്തിയതിന് പിന്നിലെ കാരണങ്ങളെന്നാണ് അഭ്യൂഹങ്ങൾ. പാർട്ടിയിലെ സൈബർ ഗ്രൂപ്പുകളെല്ലാം കെ കെ ശൈലജയ്ക്ക് വേണ്ടി വാദിക്കുന്നുണ്ട്. പി.ജെ ആർമി മുതൽ കണ്ണൂരിൽ നിന്ന് പ്രവർത്തിക്കുന്ന പാർട്ടി സൈബർ ഗ്രൂപ്പുകൾ സോഷ്യൽ മീഡിയ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ടെങ്കിലും സിപിഎം തീരുമാനം മാറില്ലെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന റിപ്പോർട്ടുകൾ. പാർട്ടി തീരുമാനം എന്ന നിലയിൽ നേരത്തെ ശൈലജയ്ക്ക് ഇളവ് ലഭിക്കുമെന്ന് നേരത്തെ വ്യക്തമായിരുന്നു.

എന്നാൽ ഇന്ന് നടന്ന ചർച്ചയിൽ ശൈലജയ്ക്ക് വേണ്ടി വാദിക്കാൻ വളരെ ചുരുങ്ങിയ നേതാക്കൾ മാത്രമെ തയ്യാറായുള്ളു. പാർട്ടി അണികളിൽ നിന്ന് കോടിയേരി ബാലകൃഷ്ണനെതിരെയും വിമർശനമുണ്ട്. കോടിയേരിയുടെ ശാഠ്യമാണ് ശൈലജയെ മാറ്റിനിർത്താൻ തീരുമാനിച്ചതിന് പിന്നിലെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന പ്രധാന വിമർശനം. കെ. ആർ ഗൗരിയമ്മയുടെ ഗതിയാണ് കെകെ ശൈലജയെ കാത്തിരിക്കുന്നതെന്ന് വാദിക്കുന്നവരും കുറവല്ല.

കക്ഷി രാഷ്ട്രീയ ഭേദമന്യേ ശൈലജയ്ക്ക് പിന്തുണ നൽകുന്ന ഘട്ടത്തിൽ ചില വ്യക്തികളുടെ താൽപ്പര്യങ്ങൾക്ക് പാർട്ടി വഴങ്ങുകയാണെന്നും സൂചനയുണ്ട്. ദേശീയ നേതൃത്വം വിഷയത്തിൽ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തോട് കടുത്ത അതൃപ്തി ചില നേതാക്കൾ രേഖപ്പെടുത്തിയതായിട്ടും സൂചനയുണ്ട്.

രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് കെകെ ശൈലജ ടീച്ചറെ ഒഴിവാക്കരുതെന്ന് സിപിഐഎം സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടത് ഏഴ് പേരാണ്. എംവി ജയരാജൻ, അനന്തഗോപൻ, സൂസൻ കോടി, സതീദേവി, സുജാത, പി രാജേന്ദ്രൻ, കെ രാജഗോപാൽ എന്നിവരാണ് ശൈലജ ടീച്ചറെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഒരാൾക്ക് മാത്രമായി ഇളവ് നൽകാൻ സാധിക്കില്ലെന്ന നിലപാട് കോടിയേരി ബാലകൃഷ്ണൻ സ്വീകരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP