Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമ്പലമുഗൾ സർക്കാർ താത്കാലിക കോവിഡ് ആശുപത്രിയിൽ ആസ്റ്റർ മെഡിസിറ്റിയുടെ 100 ഓക്സിജൻ ബെഡുകൾ പ്രവർത്തനസജ്ജം; ഫീൽഡ് ആശുപത്രി തയ്യാറാക്കിയത് ജിയോജിത്ത് ഫൗണ്ടേഷന്റെ സഹകരണത്തോടെ

അമ്പലമുഗൾ സർക്കാർ താത്കാലിക കോവിഡ് ആശുപത്രിയിൽ ആസ്റ്റർ മെഡിസിറ്റിയുടെ 100 ഓക്സിജൻ ബെഡുകൾ പ്രവർത്തനസജ്ജം; ഫീൽഡ് ആശുപത്രി തയ്യാറാക്കിയത് ജിയോജിത്ത് ഫൗണ്ടേഷന്റെ സഹകരണത്തോടെ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി:കോവിഡ് രോഗികൾക്കുള്ള കിടക്കകളുടെ ആവശ്യം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ അമ്പലമുകളിൽ ബിപിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ആസ്റ്റർ മെഡ്സിറ്റി 100 കിടക്കകളുള്ള ഫീൽഡ് ആശുപത്രി സജ്ജമാക്കി. ആദ്യ 50 ബെഡ്ഡുള്ള ആസ്റ്റർ ജിയോജിത്ത് കോവിഡ് ഫീൽഡ് ഹോസ്പിറ്റലിന്റെ നടത്തിപ്പിനായി ആസ്റ്റർ ഡിഎം ഫൗണ്ടേഷന്റെ ആഗോള സിഎസ്ആർ വിഭാഗമായ ആസ്റ്റർ വൊളണ്ടിയേഴ്സ് ജിയോജിത്ത് ഫൗണ്ടേഷനുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

75 ലക്ഷം രൂപയാണ് ജിയോജിത്ത് ഫൗണ്ടേഷൻ ഇതിനായി നൽകിയത്. ആശുപത്രിയിൽ ആവശ്യമുള്ള മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാമഗ്രികൾ ഒരുക്കുന്നതും ആശുപത്രി പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും നിയമനവും പരിശീലനവും നടത്തുന്നതും ആസ്റ്റർ മെഡ്സിറ്റിയാണ്. ഫീൽഡ് ആശുപത്രിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എംപി നിർവഹിച്ചു. ജില്ലാ കളക്ടർ എസ്. സുഹാസ്, ജിയോജിത്ത് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി സി.ജെ. ജോർജ്, ആസ്റ്റർ മെഡ്സിറ്റി സിഒഒ അമ്പിളി വിജയരാഘവൻ, ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ പ്രതിനിധി ലത്തീഫ് കാസിം തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആശുപത്രിയിൽ  നാളെ മുതൽ (മെയ് 19) രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും.

മാനവരാശി ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു. കോവിഡ് 19 ലോകം മുഴുവൻ വലിയ വിപത്ത് വരുത്തികൊണ്ടിരിക്കുകയാണ്. അപകടസാധ്യതകളും വെല്ലുവിളികളും ഉണ്ടെങ്കിലും ഈ സാഹചര്യത്തിൽ രോഗികളെ സേവിക്കുക എതാണ് ഉത്തരവാദപ്പെട്ട ആരോഗ്യ പരിപാലന സ്ഥാപനമെന്ന നിലയിൽ തങ്ങളുടെ കടമയെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ലക്ഷ്യമിട്ടാണ് സർക്കാരുമായി സഹകരിച്ച് കൊച്ചിയിൽ കോവിഡ് രോഗികൾക്ക് മാത്രമായി ഫീൽഡ് ആശുപത്രി സ്ഥാപിക്കുന്നത്. മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ സഹായിക്കാനായി ന്യുഡൽഹി, കോഴിക്കോട്, കോട്ടക്കൽ എന്നിവിടങ്ങളിൽ മൂന്ന് കോവിഡ് കെയർ ഫീൽഡ് ആശുപത്രികൾ നേരത്തെ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഈ സംരംഭം കൂടുതൽ രോഗികൾക്ക് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

സമൂഹത്തിലെ പാർശ്വവൽകൃത വിഭാഗത്തിന് മികച്ച ആരോഗ്യപരിപാലനത്തിന് പിന്തുണയേകുക എന്നതാണ് ജിയോജിത്ത് ഫൗണ്ടേഷന്റെ അടിസ്ഥാന തത്വങ്ങളിലൊന്ന് എന്ന് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി സി.ജെ. ജോർജ് പറഞ്ഞു. ഇക്കാര്യത്തിൽ ഡോ. ആസാദ് മൂപ്പന്റെ കാഴ്ചപ്പാടിനോടും ആവശ്യക്കാരായ ജനങ്ങൾക്ക് സഹായം എത്തിക്കുകയെന്ന ആസ്റ്റർ വൊളണ്ടിയേഴ്സിന്റെ ആശയവുമായും ചേർന്നു പോകുന്നതാണ് ജിയോജിത്ത് ഫൗണ്ടേഷന്റെ ആശയവും. ഇത്തരമൊരു സന്നിഗ്ധഘട്ടത്തിൽ ഇന്നാട്ടിലെ ജനങ്ങളെ സഹായിക്കാനായി കൈകോർക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സി.ജെ. ജോർജ് വ്യക്തമാക്കി.

ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് ബിപിസിഎൽ കാമ്പസിലെ ഫീൽഡ് ആശുപത്രിയിലേക്ക് മികച്ച സൗകര്യങ്ങളും ഉപകരണങ്ങളും മെഡിക്കൽ സ്റ്റാഫും ചികിത്സാ മാർഗനിർദ്ദേശങ്ങളും ഒരുക്കിയതെന്ന് ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അമ്പിളി വിജയരാഘവൻ പറഞ്ഞു. കൂടുതൽ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനും കൊച്ചിയിലും സമീപ പ്രദേശങ്ങളിലെയും ആവശ്യക്കാരായ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP