Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മട്ടന്നൂരിൽ നിർബന്ധം പിടിച്ചത് ടീച്ചറിന് വിനയായി; പുതുമുഖങ്ങൾ മാത്രം മതിയെന്ന തീരുമാനത്തിലേക്ക് പിണറായി എത്തുന്നത് കണ്ണൂരിലെ വിശ്വസ്തരുടെ മനസ്സ് തിരിച്ചറിഞ്ഞ്; അവിശ്വസനീയമായ തീരുമാനം പാർട്ടിയെ കൊണ്ടു എടുപ്പിച്ചത് ആരോഗ്യമന്ത്രിയെ തിരുവനന്തപുരത്ത് നിർത്തി തോൽപ്പിക്കാൻ ശ്രമിച്ചവർ; സിപിഎം തീരുമാനം കേട്ട് ഞെട്ടി മലയാളികൾ; കെകെ ശൈലജ മറ്റൊരു ഗൗരിയമ്മയാകുമ്പോൾ

മട്ടന്നൂരിൽ നിർബന്ധം പിടിച്ചത് ടീച്ചറിന് വിനയായി; പുതുമുഖങ്ങൾ മാത്രം മതിയെന്ന തീരുമാനത്തിലേക്ക് പിണറായി എത്തുന്നത് കണ്ണൂരിലെ വിശ്വസ്തരുടെ മനസ്സ് തിരിച്ചറിഞ്ഞ്; അവിശ്വസനീയമായ തീരുമാനം പാർട്ടിയെ കൊണ്ടു എടുപ്പിച്ചത് ആരോഗ്യമന്ത്രിയെ തിരുവനന്തപുരത്ത് നിർത്തി തോൽപ്പിക്കാൻ ശ്രമിച്ചവർ; സിപിഎം തീരുമാനം കേട്ട് ഞെട്ടി മലയാളികൾ; കെകെ ശൈലജ മറ്റൊരു ഗൗരിയമ്മയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെകെ ശൈലജയെ സിപിഎം വെട്ടി. എല്ലാ മന്ത്രിമാരും പുതുമുഖങ്ങൾ എങ്കിൽ ശൈലജയ്ക്കും ഇളവ് കൊടുക്കാനാകില്ലെന്ന് കണ്ണൂർ ലോബി നിലപാട് എടുത്തു. ഇതോടെ റിക്കോർഡ് ഭൂരിപക്ഷത്തിൽ മട്ടന്നൂരിൽ നിന്ന് ജയിച്ച ശൈലജ ടീച്ചർക്ക് വിനയായി. ഉപമുഖ്യമന്ത്രിയായി സിപിഎമ്മുകാർ തന്നെ സ്വപ്‌ന കണ്ട സഖാവിന് ഇനി മന്ത്രിസഭയിൽ നിന്ന് പുറത്തിറങ്ങാം. ഇവിടെ ജയിക്കുന്നത് തിരുവനന്തപുരത്ത് നിർത്തി ശൈലജയെ തോൽപ്പിക്കാൻ ശ്രമിച്ചവരുടെ തന്ത്രങ്ങളാണ്. സിപിഎമ്മിൽ സീറ്റ് ചർച്ചകളിൽ തിരുവനന്തപുരത്തേക്കാണ് ശൈലജയെ പരിഗണിച്ചത്. എന്നാൽ കണ്ണൂരിലെ മട്ടന്നൂർ തന്നെ വേണമെന്ന് ശൈലജ നിർബന്ധം പിടിച്ചു. അങ്ങനെ സീറ്റ് കിട്ടി. എന്നാൽ 99 തിളക്കത്തിൽ ഇടതുപക്ഷം അധികാരത്തിൽ എത്തുമ്പോൾ ശൈലജയെ വെട്ടിനിരത്തുകയാണ് സിപിഎമ്മിലെ കരുത്തർ.

ആരോഗ്യ വകുപ്പിനെ ഉജ്ജ്വലമായി നയിച്ച മന്ത്രിയായിരുന്നു ശൈലജ. പിണറായി മന്ത്രിസഭയെ ജനകീയമാക്കിയ പ്രമുഖ. ഈ നേതാവിനെയാണ് ഒഴിവാക്കുന്നത്. കെ ആർ ഗൗരിയമ്മയിലൂടെ കേരളത്തിന് നഷ്ടമായ വനിതാ മുഖ്യമന്ത്രി സ്ഥാനം കെ കെ ശൈലജയിലൂടെ ലഭിക്കുമോ? എന്ന ചോദ്യം ചില കോണുകളെങ്കിലും തിരഞ്ഞെടുപ്പ് സമയത്ത് ഉയർന്നിരുന്നു. ഇടതിന് ഭൂരിപക്ഷം കിട്ടിയ ശേഷം സൈബർ ഇടത്തിൽ കെ കെ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ചിലർ രംഗത്തുവരികയും ചെയ്തു. എന്നാൽ, ഇതൊന്നും സിപിഎം കേട്ടിട്ടില്ല. അവർ അതൊക്കെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകുകയാണ്. അങ്ങനെ ശൈലജ ടീച്ചർ പുറത്തായി.

സൈബർ ഇടത്തിൽ മുഖ്യമന്ത്രിയായി കെ കെ ശൈലജയെ നിയമിക്കുമോ എന്ന ചോദ്യം ഉയരുമ്പോൾ നാട്ടുകാർ ചോദിക്കുന്നത് ഉപമുഖ്യമന്ത്രിയെങ്കിലും ആക്കുമോയെന്നായിരുന്നു. സംസ്ഥാനത്തിന്റെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി മന്ത്രി കെ.കെ.ശൈലജയെ നിയോഗിക്കണമെന്ന ആവശ്യവുമായി മട്ടന്നുരിലെ വോട്ടർമാരും സിപിഎം പ്രാദേശിക നേതൃത്വവും രംഗത്തു വരികയും ചെയ്തു. എന്നാൽ, ശൈലജക്കു ലഭിക്കുന്ന ഈ പ്രശസ്തി ദഹിക്കാത്തവർ അവരെ മന്ത്രിസഭയിൽ നിന്നും മാറ്റിനിർത്താനുള്ള ശ്രമങ്ങളും അന്ന് തന്നെ തുടങ്ങി. അതാണ് ജയിക്കുന്നത്. സംസ്ഥാനത്തെ തന്നെ 140 മണ്ഡലങ്ങളിൽ റെക്കോർഡ് ഭൂരിപക്ഷമാണ് മന്ത്രി കെ.കെ.ശൈലജയ്ക്ക് ജന്മനാടായ മണ്ഡലം ഇക്കുറി നൽകിയത്. കണ്ണൂർ ജില്ലയിൽ നിന്നും മത്സരിച്ച മുഖ്യമന്ത്രിയടക്കമുള്ള പലസ്ഥാനാർത്ഥികളും ശൈലജയുടെ അടുത്ത് പോലുമെത്തിയില്ല. ജനപ്രീതിയുടെ കാര്യത്തിൽ കേരളത്തിൽ നമ്പർ വണ്ണായ ടീച്ചറമ്മയെ വെറും എംഎൽഎയാക്കുകയാണ് പിണറായി.

ഭർത്താവ് കെ.ഭാസ്‌കരൻ മാസ്റ്ററോടൊപ്പം കെ.എസ്.വൈ എഫിലൂടെ പ്രവർത്തിച്ച് സജീവ രാഷ്ട്രീയക്കാരിയായ കെ.കെ ശൈലജ കേരളം മുഴുവൻ കാതോർക്കുന്ന ഭരണാധികാരിയും വനിതാ നേതാവുമായി മാറിയിരുന്നു. കേരളത്തിന്റെ ടീച്ചറമ്മയായി സോഷ്യൽ മീഡിയ വിശേഷിപിക്കുന്ന കെ.കെ ശൈലജ ഇനി മലയാളികൾക്ക് വേദനയുടെ മുഖമാണ്. മന്ത്രിപോലും ആകാതെ സിപിഎം ശൈലജയെ പുറത്താക്കി. ഗൗരിയമ്മയുടെ വിയോഗത്തിന്റെ കനലണയാത്ത മലയാളി മനസിൽ വീണ്ടും രാഷ്ട്രീയത്തിലെ പുരുഷാധിപത്യത്തിന്റെ ഇരയായി മന്ത്രി ശൈലജയും മാറുകയാണ്. കേരളം തിങ്ങും കേരള നാട് ഭരിക്കാൻ ഗൗരിയമ്മയെന്ന ആ പഴയ മുദ്രാവക്യത്തിന് സംഭവിച്ചത് തന്നെ ശൈലജയ്ക്ക് ഇനി സിപിഎമ്മിൽ ഉണ്ടാകുമോ എന്ന ചോദ്യവും പ്രസക്തമാണ്.

ഗൗരിയമ്മയെ മുന്നിൽ നിർത്തിയാണ് 1986ൽ സിപിഎം മത്സരിച്ചത്. എന്നാൽ വിജയിച്ചപ്പോൾ ഇകെ നായനാർ മുഖ്യമന്ത്രിയായി. ഗൗരിയമ്മ മന്ത്രിയാവുകയും ചെയ്തു. ഇവിടെ പിണറായിക്ക് പിന്നിൽ രണ്ടാമത് ശൈലജ വീണ്ടുമെത്തുമെന്ന പൊതുധാരണയിലാണ് കേരളം തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. എന്നാൽ രണ്ടാം സ്ഥാനം പോയിട്ട് മന്ത്രി പോലും ആകാതെ ഒതുക്കുന്നു. എല്ലാ മന്ത്രിമാരും പുതുമുഖമാണെങ്കിൽ ശൈലജയും വേണ്ടെന്ന നിലപാടിലേക്ക് സിപിഎം എത്തുകയായിരുന്നു. ഇതിന് പിന്നിൽ കണ്ണൂരിലെ കരുത്തരാണെന്നതാണ് വസ്തുത.

മടന്നൂരിൽ മത്സരിക്കാൻ ആഗ്രഹിച്ച നേതാക്കൾ കണ്ണൂരിൽ ഉണ്ടായിരുന്നു. എന്നാൽ എംഎൽഎയായി മത്സരിക്കുന്നതിന് രണ്ട് ടേം നിബന്ധന കർശനമാക്കി സിപിഎം. ഇതോടെ പലർക്കും മത്സരിക്കാനായില്ല. ഇവരെല്ലാം ശൈലജയ്ക്ക് ഇളവു നൽകുന്നതിനെ എതിർത്തു. ഇതും മുതലാക്കിയാണ് ശൈലജയെ പിണറായി തന്ത്രപരമായി ഒഴിവാക്കുന്നത്. ശൈലജയ്ക്ക് പിണറായി മന്ത്രിസ്ഥാനം നൽകില്ലെന്ന് പലപ്പോഴും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഇതിന് വിരുദ്ധമായാണ് വാർത്ത നൽകിയത്.

രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഎം മന്ത്രിമാരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ എല്ലാവരും പുതുമുഖങ്ങളാകട്ടെ എന്ന നിർദ്ദേശം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്നതിനെച്ചൊല്ലി പാർട്ടിയിൽ കൊണ്ടുപിടിച്ച ചർച്ച നടന്നിരുന്നു. ഇത് ശൈലജ ടീച്ചറിനെ ഒഴിവാക്കാനുള്ള തന്ത്രമായിരുന്നു. കേരള രാഷ്ട്രീയത്തിൽ ശൈലജ ടീച്ചർ വടവൃക്ഷമായി വളർന്നത് സഹിക്കാനാവാതെ ചിലർ കൊടുവാളുമായി ഈ ചർച്ചകൾക്ക് നേതൃത്വം നൽകി. മട്ടന്നൂർ സീറ്റിൽ മത്സരിക്കുന്നതിനെച്ചൊല്ലി നേരത്തെ നടന്ന വടംവലിയുടെ തുടർച്ചയായി ശൈലജയ്ക്കെതിരെ ആസൂത്രിതമായ നീക്കം നടന്നിരുന്നു. ഇതാണ് വിജയിക്കുന്നത്.

അപ്രതീക്ഷിത തീരുമാനത്തിലൂടെ മുതിർന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജയെ അടക്കം നിലവിലെ എല്ലാ മന്ത്രിമാരേയും മാറ്റി നിർത്താൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതോടെയാണ് ശൈലജ ടീച്ചർക്ക് മന്ത്രിസഭയിലേക്കുള്ള വഴി അടഞ്ഞത്. അതാകട്ടെ തീർത്തും അപ്രതീക്ഷിതവും. ശൈലജ ഒഴികെ എല്ലാവരും മാറട്ടെ എന്നതിൽ നിന്ന് ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി കെ.കെ. ശൈലജയായിരുന്നു.

ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും ശേഷം സിപിഎമ്മിലെ ഏറ്റവും മികച്ച വനിതാ നേതാവായിരുന്നു ശൈലജ. രണ്ടാം പിണറായി സർക്കാരിലും ആരോഗ്യമന്ത്രിയായി ശൈലജയെ പാർട്ടിക്കാരും അനുഭാവികളും സഹയാത്രികരും എല്ലാം ഉറപ്പിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിത തീരുമാനം. ഭാവി മുഖ്യമന്ത്രിയായി പോലും പലരും ശൈലജ ടീച്ചറെ വിശേഷിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP