Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് നൽകിയത് ജില്ലാ നേതാവ്; രാത്രി തങ്ങാൻ നിർബന്ധിച്ചതും ഈ നേതാവ്; പണം തട്ടിക്കൊണ്ടു പോയ ഉടൻ സ്ഥലത്തെത്തി ഒത്തുതീർപ്പിന് എത്തിയത് ജില്ലാ ഭാരവാഹി; കൊടകരയിലെ കുഴൽപ്പണത്തിൽ ഗൂഢാലോചന സംശയിച്ച് പൊലീസ്; രണ്ടു ബിജെപി നേതാക്കളെ ചോദ്യം ചെയ്യും

തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് നൽകിയത് ജില്ലാ നേതാവ്; രാത്രി തങ്ങാൻ നിർബന്ധിച്ചതും ഈ നേതാവ്; പണം തട്ടിക്കൊണ്ടു പോയ ഉടൻ സ്ഥലത്തെത്തി ഒത്തുതീർപ്പിന് എത്തിയത് ജില്ലാ ഭാരവാഹി; കൊടകരയിലെ കുഴൽപ്പണത്തിൽ ഗൂഢാലോചന സംശയിച്ച് പൊലീസ്; രണ്ടു ബിജെപി നേതാക്കളെ ചോദ്യം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കൊടകരയിൽ കുഴൽപണം തട്ടിയെടുത്ത കേസിൽ അന്വേഷണം ബിജെപിയിലേക്ക്. രണ്ട് ബിജെപി നേതാക്കളെ 2 നേതാക്കളെ പൊലീസ് ചോദ്യം ചെയ്‌തേക്കും. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഓൺലൈൻ യോഗം ചേരും. അതിന് ശേഷമാകും അന്തിമ തീരുമാനം.

കുഴൽപണവുമായി വന്ന സംഘത്തെ തൃശൂരിൽ ഒരു രാത്രി തങ്ങാൻ നിർബന്ധിക്കുകയും ഇതിന് സൗകര്യമൊരുക്കിക്കൊടുക്കുകയും ചെയ്ത നേതാവിനെയും സംഭവം നടന്ന ഉടൻ കൊടകരയിലെത്തി ഒത്തുതീർപ്പിനു ശ്രമിച്ചയാളെയുമാണ് ചോദ്യം ചെയ്യുക. കവർച്ചയിൽ ഇവർക്കു ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം. ഇവരും കുഴൽപണം തട്ടിയെടുത്ത ഗൂഢാലോചനയിൽ പങ്കാളിയാണെന്നാണ് സൂചന. ഏപ്രിൽ മൂന്നിന് കൊടകരയിൽ കാറപകടം സൃഷ്ടിച്ച് 25 ലക്ഷം രൂപ കവർന്നെന്നാണു പൊലീസിന് ലഭിച്ച പരാതി. കോഴിക്കോട് സ്വദേശിയായ ധർമരാജൻ വണ്ടി ഓടിച്ചിരുന്ന ഷംജീർ വഴിയാണ് പരാതി നൽകിയത്.

ധർമരാജൻ ആർഎസ്എസ് ബന്ധമുള്ളയാളാണെന്നും പണം കൊടുത്തുവിട്ടത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണെന്നും പൊലീസിനു വ്യക്തമായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതോടെ സംഭവത്തിൽ ദേശീയ പാർട്ടിയുടെ ബന്ധം വെളിച്ചത്തു വന്നു. 25 ലക്ഷത്തിനു പകരം ഇതുവരെ 87 ലക്ഷം രൂപയോളം കണ്ടെടുക്കാനും പൊലീസിനായി. 3.5 കോടിയിലേറെ രൂപ കാറിൽ ഉണ്ടായിരുന്നതായും ഇത് തിരഞ്ഞെടുപ്പു പ്രചാരണ ഘട്ടത്തിൽ ചെലവഴിക്കാൻ കൊണ്ടുവന്നതാണെന്നും പൊലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ബിജെപിയിലേക്ക് നീളുന്നത്.

കുഴൽപ്പണ കവർച്ചക്കേസിൽ രണ്ടു പ്രതികളെക്കൂടി കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്തിരുന്നു. എഡ്വിൻ, രഞ്ജിത്ത് എന്നിവരെയാണ് തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങിയത്. ഇവരിൽനിന്നും നിർണായക വിവരങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചതായാണ് സൂചന. പുതിയ സംഘത്തിന്റെ അന്വേഷണം ഒന്നാംഘട്ടം പൂർത്തിയാകുന്നതിന് തൊട്ടടുത്താണ്. രണ്ടാംഘട്ട അന്വേഷണത്തെക്കുറിച്ചുള്ള വിലയിരുത്തലിനായാണ് അന്വേഷകസംഘം ചൊവ്വാഴ്ച യോഗം ചേരുന്നത്. പ്രതികളിൽനിന്ന് ബിജെപി നേതാക്കളുടെ പങ്കിനെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്.

ബിജെപിയുടെ ജില്ലയിലെ നേതാവ് പ്രതികൾക്കായി തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്തു നൽകിയത് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരു ജില്ലാ ഭാരവാഹി സംഭവം നടന്ന് മിനിറ്റുകൾക്കുള്ളിൽ കൊടകരയിലെത്തി. ഇവരാണ് സംശയ നിഴലിലുള്ളത്. ഇതിനിടെ കസ്റ്റഡിയിൽ വാങ്ങിയ പ്രതി ഷുക്കൂറിന്റ വെള്ളാങ്കല്ലൂരിലെ വീട്ടിൽ കഴിഞ്ഞദിവസം പരിശോധിച്ചപ്പോൾ കോഴിക്കൂട്ടിൽ ഒളിപ്പിച്ച എട്ട് ലക്ഷം രൂപ കണ്ടെടുത്തു. തനിക്ക് പത്ത് ലക്ഷം ലഭിച്ചുവെന്നും ബാക്കി പണം മാെബൈൽ ഫോണിനും വാഹനം റിപ്പയർ ചെയ്യാനും ഉപയോഗിച്ചെന്നും ഷുക്കൂർ മാെഴി നൽകി.

ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി പണം കവർന്നത്. ബിജെപിയുടെ സ്വന്തം ഫണ്ട് തട്ടിയെടുത്തുവെന്ന ആക്ഷേപത്തിനേക്കാളുപരി രേഖയില്ലാതെ കോടികളാണ് കടത്തിയതെന്നത് അന്വേഷകസംഘം ഗൗരവമായി കാണുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP