Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൺസൂൺ കാലത്ത് മീൻ പിടിക്കുന്നത് കുറ്റകരം; ആറുമാസം തടവും 15000 രൂപ പിഴയും ലഭിക്കാം

മൺസൂൺ കാലത്ത് മീൻ പിടിക്കുന്നത് കുറ്റകരം; ആറുമാസം തടവും 15000 രൂപ പിഴയും ലഭിക്കാം

സ്വന്തം ലേഖകൻ

തൃശൂർ: മത്സ്യങ്ങളുടെ പ്രജനനകാലമായ മൺസൂൺ കാലത്ത്മീൻ പിടിക്കുന്നത് ആറുമാസം തടവും 15000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റം. മൺസൂൺ കാലത്ത് പുഴയിലും പാടത്തും തോട്ടിലും നാടന്മീനുകളെ പിടിക്കുന്നത് നിയമവിരുദ്ധമായിട്ടും വൻതോതിൽ മീൻവേട്ട തുടരുന്നു. വംശനാശഭീഷണി മൂലവും മത്സ്യസമ്പത്ത് കുറയുന്നതിനാലുമാണ് മൺസൂൺകാലത്ത് മീൻപിടിത്തം നിരോധിച്ചത്.

പുതുമഴയിൽ പുഴയിൽനിന്നും മറ്റു ജലാശയങ്ങളിൽനിന്നുമായി മീനുകൾ വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറുതോടുകളിലേക്കും അരുവികളിലേക്കും കൂട്ടത്തോടെ കയറിവരും. പ്രജനനത്തിനായി ഇങ്ങനെ കയറിവരുന്നവയെ ഊത്ത എന്നാണ് വിളിക്കുന്നത്. പൂർണഗർഭാവസ്ഥയിൽ ശരീരം നിറയെ മുട്ടകളുമായി വെള്ളം കുറഞ്ഞ ഭാഗത്തേക്ക് മീനുകൾ വരുമ്പോൾ ഇവയെ പിടിക്കാൻ എളുപ്പമാണ്. അതാണ് ഈ സമയത്ത് ആളുകൾ കൂട്ടത്തോടെ മീൻപിടിത്തത്തിന് ഇറങ്ങുന്നത്. പലയിടങ്ങളിലും ആഘോഷംപോലെയാണ് ഇത് നടക്കുന്നത്.

ഏകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപിടിത്തം വഴി വംശനാശഭീഷണിയിലാണെന്ന് പരിസ്ഥിതിപ്രവർത്തകൻ ഹാമിദലി വാഴക്കാട് പറഞ്ഞു.

ആദ്യകാലങ്ങളിൽ കൈകൾകൊണ്ട് നെയ്ത അകന്ന കണ്ണികളുള്ള വലകൾ ആയിരുന്നുവെങ്കിൽ ഇന്ന് ഫാക്ടറിയിൽനിന്ന് നിർമ്മിച്ചെടുക്കുന്ന കൊതുകുവലയ്ക്ക് സമാനമായ വലകളാണ് ഉപയോഗിക്കുന്നത്. ചെറിയ മീനുകളെപ്പോലും നശിപ്പിക്കുന്ന ഈ വലകൾ നിരോധിച്ചതാണെങ്കിലും വ്യാപകമായി ഉപയോഗിക്കുന്നു.

പ്രജനനസമയങ്ങളിൽ മത്സ്യങ്ങളെ പിടിക്കുന്നത് കേരള അക്വാകൾച്ചർ ആൻഡ് ഇൻലാൻഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങൾ പ്രകാരം നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ചാൽ 15,000 രൂപ പിഴയും ആറുമാസം തടവുമാണ് ശിക്ഷ. ഫിഷറീസ്, റവന്യൂ, പൊലീസ് വകുപ്പിനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കും ഇതിൽ നടപടികൾ സ്വീകരിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP