Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാലായിൽ നിന്നും മാണി സാറിന്റെ കണ്ണിലുണ്ണിയായി ആദ്യം പേരാമ്പ്രയിൽ പയറ്റി; ഇടുക്കിയിലേക്ക് ചേക്കേറുന്നത് വൻ എതിർപ്പുകളെ അവഗണിച്ച്; ആദ്യ ഊഴത്തിൽ പൊരുതി കയറിയ നേതാവ് പിന്നെ തിരിഞ്ഞു നോക്കിയില്ല; പിണറായി മന്ത്രിസഭയിൽ റോഷി അഗസ്റ്റിൻ ഉറപ്പിക്കുന്നത് പൊതുമരാമത്ത് വകുപ്പ് തന്നെ

പാലായിൽ നിന്നും മാണി സാറിന്റെ കണ്ണിലുണ്ണിയായി ആദ്യം പേരാമ്പ്രയിൽ പയറ്റി; ഇടുക്കിയിലേക്ക് ചേക്കേറുന്നത് വൻ എതിർപ്പുകളെ അവഗണിച്ച്; ആദ്യ ഊഴത്തിൽ പൊരുതി കയറിയ നേതാവ് പിന്നെ തിരിഞ്ഞു നോക്കിയില്ല; പിണറായി മന്ത്രിസഭയിൽ റോഷി അഗസ്റ്റിൻ ഉറപ്പിക്കുന്നത് പൊതുമരാമത്ത് വകുപ്പ് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടുക്കിയുടെ മാണിക്ക്യമാണ് മാണി സാറിന്റെ വൽസല ശിഷ്യനായ റോഷി അഗസ്റ്റിൻ. കഴിഞ്ഞ രണ്ടു തവണയും എതിരാളി ഫ്രാൻസിസ് ജോർജ് എന്ന അതികായനായിരുന്നു. ജനകീയനായ ഫ്രാൻസിസ് ജോർജിന് പോലും റോഷിയുടെ മുന്നേറ്റത്തെ തടയാൻ കഴിഞ്ഞില്ല. ഇടുക്കിയുടെ മനസ്സ് അറിഞ്ഞ എംഎൽഎയാണ് റോഷി ഇന്ന്. ഇനി രണ്ടാം പിണറായി മന്ത്രിസഭയിലെ കേരളാ കോൺഗ്രസ് പ്രതിനിധിയും. പൊതുമരാമത്ത് എന്ന ഗ്ലാമർ വകുപ്പ് തന്നെ റോഷിക്ക് കിട്ടിയേക്കും. അങ്ങനെ വന്നാൽ മലയോര മണ്ഡലത്തിലെ റോഡുകളുടെ തലവര തന്നെ മാറ്റിയെഴുതാൻ അധികാരമുള്ള മന്ത്രിയായി റോഷി മാറും.

സംസ്ഥാന മന്ത്രിസഭയിൽ പുതുതായി വരുന്ന ഘടകകക്ഷികൾക്ക് സിപിഎമ്മിന്റെ അക്കൗണ്ടിൽനിന്ന് വകുപ്പുകൾ കണ്ടെത്തും. സിപിഐ. വകുപ്പുകളിൽ വലിയ മാറ്റമുണ്ടാകില്ല. വകുപ്പുകൾ തീരുമാനിക്കാൻ ഇടതുമുന്നണി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. കടന്നപ്പള്ളി രാമചന്ദ്രന് ആദ്യ ടേമിൽ മന്ത്രിസ്ഥാനമില്ലാത്തതിനാൽ തുറമുഖം, മ്യൂസിയം വകുപ്പുകൾ പൊതുപൂളിൽ വരും. കേരള കോൺഗ്രസിന് പൊതുമരാമത്തിനായിരിക്കും സാധ്യത. രജിസ്ട്രേഷൻ വകുപ്പും ലഭിച്ചേക്കും. അങ്ങനെ വന്നാൽ റോഷിയ്്ക്ക് നല്ല വകുപ്പുകൾ തന്നെ കിട്ടും. പാലായിൽ നിന്ന് പേരാമ്പ്ര വഴി ഇടുക്കിയിലെത്തി റോഷി അങ്ങനെ മന്ത്രിസഭയിലേക്കും.

പാലായാണ് റോഷിയുടേയും വീട്. കേരളാ കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. മാണിയുടെ കണ്ണിൽ ഉടക്കിയതോടെ രാഷ്ട്രീയത്തിൽ ഉയർച്ച തുടങ്ങി. ആദ്യം പേരാമ്പ്രയിലായിരുന്നു മത്സരം. അവിടെ തോറ്റു. പിന്നീട് ഇടുക്കിയിലേക്ക് എതിർപ്പുകളെ അവഗണിച്ച് റോഷിയെ മാണി നിയോഗിച്ചു. അത് വിജയത്തിലേക്ക് കാര്യങ്ങളെത്തിച്ചു. ഇടുക്കിയിലേക്ക് ചേക്കേറുന്നത് വൻ എതിർപ്പുകളെ അവഗണിച്ചായിരുന്നു. ആദ്യ ഊഴത്തിൽ പൊരുതി കയറിയ നേതാവ് പിന്നെ തിരിഞ്ഞു നോക്കിയില്ല. അഞ്ചാം തവണയും ജയിച്ചു. ഈ മുന്നേറ്റത്തിനുള്ള അംഗീകരാമാണ് മന്ത്രിസ്ഥാനം. ഫലത്തിൽ ജോസ് കെ മാണിക്ക് ശേഷം കേരളാ കോൺഗ്രസ് എമ്മിലെ രണ്ടാമനാണ് റോഷി.

മാണിയുടെ മരണത്തിന് ശേഷം ജോസ് കെ മാണിക്കൊപ്പം നിലറുപ്പിച്ച പ്രധാനിയാണ് റോഷി. പിജെ ജോസഫും കൂട്ടരും റോഷിയെ അടർത്തിയെടുക്കാൻ പണിച്ച പണി പതിനെട്ടും നോക്കി. എന്നാൽ മാണിയുടെ മകനായ ജോസ് കെ മാണിക്കാണ് കേരളാ കോൺഗ്രസിലെ അവകാശമെന്ന് റോഷി വിശ്വസിച്ചു. രാഷ്ട്രീയ ഗുരുനാഥിന് ഗുരുദക്ഷിണയെന്നോണം പ്രതിസന്ധി ഘട്ടത്തിൽ ജോസ് കെ മാണിക്ക് താങ്ങും തണലുമായി. പാലായിൽ മത്സരിക്കാനും ആഗ്രഹിച്ചിരുന്നു. എന്നാൽ ജോസ് കെ മാണിക്ക് വേണ്ടി അതും വേണ്ടെന്ന് വച്ച് ഇടുക്കിയിൽ നിലയുറപ്പിച്ചു. റോഷിയെ ഇടുക്കിയിൽ എങ്ങനേയും തോൽപ്പിക്കുമെന്നായിരുന്നു പിജെ ജോസഫിന്റെ അവകാശ വാദം.

എന്നാൽ അതൊന്നും നടന്നില്ല. ഇടതുപക്ഷത്തേക്ക് മാറിയപ്പോഴും വ്യക്തിപ്രഭാവത്തിൽ യുഡിഎഫ് അനുകൂല മണ്ഡലം റോഷി തന്നെ നിലനിർത്തി. ഇതോടെ മണ്ഡലം ചുവക്കുകയും ചെയ്തു. ജോസ് കെ മാണിയുടെ അപ്രതീക്ഷിത തോൽവിയോടെ റോഷി മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പാകുകയും ചെയ്തു. അവസാനം സംഭവിച്ചതും അതു തന്നെ. നിയമസഭയിൽ കേരളാ കോൺഗ്രസ് എമ്മിന്റെ നേതാവ് എക്കാലവും കെ എം മാണിയായിരുന്നു. മാണിയുടെ പിൻഗാമിയായി ആ പദവിയിൽ റോഷി എത്തുന്നുവെന്നതാണ് വസ്തുത.

മാണിയുടെ മരണ ശേഷം പിജെ ജോസഫ് നിയമസഭാ കക്ഷി നേതാവായി സ്വയം പ്രഖ്യാപനം നടത്തി. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അതൊന്നും അംഗീകരിച്ചില്ല. കോടതികളും യഥാർത്ഥ കേരളാ കോൺഗ്രസ് ജോസ് കെ മാണിയുടേതാണെന്ന് വിധിച്ചു. അതുകൊണ്ട് തന്നെ മാണിക്ക് ശേഷം കേരളാ കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് എന്ന പദവി റോഷിക്ക് സ്വന്തമാണ്. റോഷി മന്ത്രിയാകുമ്പോൾ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ജയിച്ച ജയരാജ് ചീഫ് വിപ്പുമാകും.

കോട്ടയത്തുനിന്ന് മന്ത്രിയില്ലാതെ ഇതാദ്യമായി കേരള കോൺഗ്രസ്-എം ഭരണത്തിൽ പങ്കാളിയാകുന്നു എന്ന പ്രത്യേകതയും ഉണ്ട്. പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ പാലായിലെ തോൽവിയാണ് ഈ സാഹചര്യം ഉണ്ടാക്കിയത്. പാർലമെന്ററി പാർട്ടിയിലെ സീനിയറായ റോഷി അഗസ്റ്റിനെ മന്ത്രിയാക്കാനാണ് തീരുമാനം. പിളർപ്പുകാലത്ത് ജോസിനൊപ്പം ഉറച്ചുനിന്ന് റോഷിയെയും ഡോ. എൻ. ജയരാജിനെയും മന്ത്രിമാരാക്കണമെന്നാണ് പാർട്ടി ആഗ്രഹിച്ചതെങ്കിലും ഒരു മന്ത്രിസ്ഥാനം മാത്രമെന്ന കടമ്പവന്നതോടെ നറുക്ക് റോഷിക്കായി. പാലാ രാമപുരം ചക്കാംപുഴ സ്വദേശിയാണ് റോഷി. അതുകൊണ്ട് ഇടുക്കിയുടെ പ്രതിനിധിയാണെങ്കിലും പാലാക്കാരനാണ് അദ്ദേഹവും.

ചെയർമാനായി ജോസ് കെ. മാണി അധികാരമേറ്റപ്പോൾ തന്നെ പുതുമുഖങ്ങൾ പാർട്ടി സ്ഥാനങ്ങളിലേക്കും വന്നു. ഇക്കുറി തിരഞ്ഞെടുപ്പിലും റോഷിയും ജയരാജും ജോസും ഒഴികെയുള്ളവർ പുതുമുഖങ്ങളായിരുന്നു. ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, പ്രമോദ് നാരായണൻ എന്നിവർ ഇതാദ്യമായാണ് സഭയിൽ എത്തുന്നത്. യു.ഡി.എഫിന്റെ ഭാഗമായി നാല് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന കേരള കോൺഗ്രസ് എമ്മിന് മുന്നണി അധികാരത്തിലുള്ളപ്പോഴെല്ലാം രണ്ട് മന്ത്രിസ്ഥാനമാണ് ലഭിച്ചിട്ടുള്ളത്. മന്ത്രിമാരിലൊരാൾ എന്നും കെ.എം. മാണിയായിരുന്നു. ഇപ്പോഴത്തെ യു.ഡി.എഫ്. എന്ന മുന്നണി നിലവിൽവന്നതിനുശേഷമുള്ള 1982-ലെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം കെ.എം. മാണിയും ആർ ബാലകൃഷ്ണപിള്ളയുമാണ് ആ പാർട്ടിയിൽനിന്ന് മന്ത്രിമാരായത്. 91-ൽ യു.ഡി.എഫ്. സർക്കാരിൽ മാണിക്കൊപ്പം ടി.എം. ജേക്കബ് മന്ത്രിസ്ഥാനം വഹിച്ചു.

2001-ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ മാണിക്കൊപ്പം സി.എഫ്. തോമസായിരുന്നു മന്ത്രി. 2011-ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മാണിക്കൊപ്പം പി.ജെ. ജോസഫ് മന്ത്രിയായി. 2010-ലെ മാണി-ജോസഫ് ലയനത്തിനുശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു അത്. 91-ൽ പാർട്ടിക്ക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും കിട്ടി. ഡോ. എൻ. ജയരാജ് എംഎ‍ൽഎ.യുടെ അച്ഛൻ കെ. നാരായണക്കുറുപ്പായിരുന്നു. 

21 അംഗങ്ങളെ ഉൾപ്പെടുത്തി രണ്ടാം പിണറായി സർക്കാരിന്റെ ഘടനയ്ക്ക് ഇടതുമുന്നണിയോഗം രൂപംനൽകി. ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിലും ജനാധിപത്യ കേരളകോൺഗ്രസിലെ ആന്റണി രാജുവും ആദ്യ രണ്ടരവർഷം മന്ത്രിമാരാകും. രണ്ടാം ഊഴം കേരള കോൺഗ്രസ് ബിക്കും കോൺഗ്രസ് എസിനും ലഭിക്കും. എൽ.ജെ.ഡി. ഒഴികെയുള്ള കക്ഷികൾക്ക് പ്രാതിനിധ്യമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP