Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വി എസ് സർക്കാരിലും ഒന്നാം പിണറായി മന്ത്രിസഭയിലും 20 അംഗങ്ങൾ മാത്രം; ഘടകക്ഷികളെ ഒന്നിച്ചുകൊണ്ടുപോകാൻ പരമാവധി വിട്ടുവീഴ്ച ചെയ്ത് സിപിഎം; 21 അംഗ മന്ത്രിസഭ 20 ന് സത്യപ്രതിജ്ഞ ചെയ്യുമ്പോഴും എൽജെഡിക്ക് നിരാശ; ആദ്യടേമിൽ മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിലും ഗണേശ് കുമാറിനും പരിഭവിക്കാൻ ഇടമില്ല; പൂർണ തൃപ്തരെന്ന് ജോസ് കെ മാണി

വി എസ് സർക്കാരിലും ഒന്നാം പിണറായി മന്ത്രിസഭയിലും 20 അംഗങ്ങൾ മാത്രം; ഘടകക്ഷികളെ ഒന്നിച്ചുകൊണ്ടുപോകാൻ പരമാവധി വിട്ടുവീഴ്ച ചെയ്ത് സിപിഎം;  21 അംഗ മന്ത്രിസഭ 20 ന് സത്യപ്രതിജ്ഞ ചെയ്യുമ്പോഴും എൽജെഡിക്ക് നിരാശ; ആദ്യടേമിൽ മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിലും ഗണേശ് കുമാറിനും പരിഭവിക്കാൻ ഇടമില്ല; പൂർണ തൃപ്തരെന്ന് ജോസ് കെ മാണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും വിട്ടുവീഴ്ചയുടെ സ്വരമാണ് ഇടതുമുന്നണിക്ക്. മന്ത്രിസ്ഥാനങ്ങൾ നിശ്ചയിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകാൻ ഇടയുള്ള ഭിന്നസ്വരങ്ങളെ അനുനയിക്കുന്നതിനൊപ്പം, പരമാവധി അംഗങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. 21 അംഗ മന്ത്രിസഭയാണ് നിലവിൽ വരുന്നത്. സിപിഐഎം-12, സിപിഐ-4, ജനതാദൾ എസ്-1, കേരള കോൺഗ്രസ്-1, എൻസിപി-1 എന്നിങ്ങനെയാണ് മന്ത്രിസ്ഥാനം. മന്ത്രിമാരുടെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എല്ലാവിഭാഗത്തിന്റേയും പ്രാതിനിധ്യം ഉറപ്പാക്കുമെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു.

സിപിഐഎമ്മിനാണ് സ്പീക്കർ സ്ഥാനം. ഡെപൂട്ടി സ്പീക്കർ സ്ഥാനം സിപിഐയ്ക്ക് നൽകി. ഒരു അംഗങ്ങളുള്ള നാല് കക്ഷികളിൽ രണ്ട് പേർക്ക് ആദ്യ ടേം എന്നത് പ്രകാരം ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർകോവിലും ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവും ആദ്യ ടേമിൽ മന്ത്രിമാരാവും. രണ്ടാം ടേം മതിയെന്നായിരുന്നു ആന്റണി രാജു അറിയിച്ചിരുന്നത്. എന്നാൽ സാമുദായിക പരിഗണന കൂടി മുന്നിൽ കണ്ടാണ് ആന്റണി രാജുവിനെ ആദ്യ ടേമിൽ മന്ത്രിസ്ഥാനം നൽകുന്നത്.

കെബി ഗണേശ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും അടുത്ത ടേമിലായിരിക്കും മന്ത്രിമാരാവുക. കേരള കോൺഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നൽകും. കെകെ ശൈലജ ഒഴികെ സിപിഐഎമ്മിലെ 10 മന്ത്രിമാരും പുതുമുഖങ്ങളാണ്. ബേപ്പൂർ എംഎൽഎ പിഎം മുഹമ്മദ് റിയാസ്, എം വി ഗോവിന്ദൻ മാസ്റ്റർ, കെ രാധാകൃഷ്ണൻ, വി ശിവൻകുട്ടി, വീണ ജോർജ്, കെ എൻ ബാലഗോപാൽ ,പി രാജീവ് ,എം ബി രാജേഷ്, വി എൻ വാസവൻ, പി നന്ദകുമാർ സജി ചെറിയാൻ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ.

മുന്നണിയിൽ എൽജെഡിക്ക് മാത്രമാണ് നിരാശയുണ്ടായത്. രണ്ട് അംഗങ്ങളുള്ള ജനതാദൾ എസുമായി എൽ.ജെ.ഡി ലയിക്കണമെന്ന നിർദ്ദേശമാണ് നേരത്തേ മുതൽ സിപിഎം മുന്നോട്ടുവച്ചിരുന്നത്. ഇന്നലെ ഉഭയകക്ഷി ചർച്ചയിൽ രണ്ട് സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾക്കുമായി ഒരു വകുപ്പ് നൽകാനേ നിവൃത്തിയുള്ളൂവെന്ന് എൽ.ജെ.ഡി നേതാക്കളെ സിപിഎം നേതൃത്വം അറിയിച്ചു. അതേസമയം, മന്ത്രിസ്ഥാനമില്ലെങ്കിൽ ബോർഡ്, കോർപ്പറേഷൻ പദവികളടക്കം സ്വീകരിക്കരുതെന്നാണ് എൽ.ജെ.ഡിയിലെ വികാരം. എന്നാൽ മുന്നണി വിടില്ല.രണ്ടു കൂട്ടർക്കുമായി മൂന്ന് അംഗങ്ങളുള്ളതിനാൽ ഒരു മന്ത്രിസ്ഥാനമെന്നാണ് ജെ.ഡി.എസിനോടും വ്യക്തമാക്കിയത്. ലയനകാര്യം സിപിഎം വീണ്ടും സൂചിപ്പിച്ചപ്പോൾ, തങ്ങൾ മുൻകൈയെടുത്തിട്ടും അവരാണ് വഴങ്ങാതിരുന്നത് എന്ന് ജെ.ഡി.എസ് നേതാക്കൾ പ്രതികരിച്ചു. രണ്ട് അംഗങ്ങളുള്ള അവർക്ക് ഒരു മന്ത്രിയെന്നതാണ് തത്വത്തിലുള്ള ധാരണ.

എല്ലാ ഘടകകക്ഷികളേയും കൂട്ടി മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്പരമാവധി അംഗസംഖ്യയായ 21 പേരെയും ഉൾപ്പെടുത്തിയ മന്ത്രിസഭ അധികാരത്തിൽ വരുന്നത്. വി എസ് സർക്കാരിലും, ഒന്നാം പിണറായി മന്ത്രിസഭയിലും 20 അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇത്തവണ 67 അംഗങ്ങൾ ഉണ്ടെങ്കിലും ഘടകകക്ഷികളെ കൂടി പരിഗണിക്കേണ്ടത് കണക്കിലെടുത്താണ് ഒരു മന്ത്രിസ്ഥാനം വിട്ടുനൽകാൻ സിപിഐഎം തയ്യാറായത്. ഇതോടെ ചീഫ് വിപ്പ് സ്ഥാനം വിട്ടുനൽകാൻ സിപിഐയും സമ്മതം മൂളി. 17 അംഗങ്ങളുള്ള സിപിഐയ്ക്ക് നിലവിലുള്ള നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവുമാണ് ലഭിച്ചിരിക്കുന്നത്.

മുന്നണിയിലേക്ക് പുതുതായി വന്ന കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് അഞ്ച് അംഗങ്ങളാണുള്ളത്. രണ്ട് മന്ത്രിസ്ഥാനത്തിന് വേണ്ടി അവസാനം വരെ ശക്തിയായി വാദിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ അതിനുള്ള ബുദ്ധിമുട്ട് സിപിഐഎം അറിയിച്ചു. തുടർന്ന് ഒരുമന്ത്രിസ്ഥാനവും ക്യാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് പദവിയും നൽകി ജോസ് കെ മാണി വിഭാഗത്തെ തൃപ്തിപ്പെടുത്തി.

പൂർണ തൃപ്തരെന്ന് ജോസ് കെ മാണി

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ രൂപീകരണത്തിൽ പൂർണ തൃപ്തരെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. രണ്ടു ക്യാബിനറ്റ് പദവികളാണ് പാർട്ടിക്ക് ലഭിച്ചത്. ഒരു മന്ത്രിയും ചീഫ് വിപ്പ് സ്ഥാനവുമാണിതെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും പരിമിതികൾ കൊണ്ടാണ് ഒരു മന്ത്രിസ്ഥാനം ലഭിച്ചത്. മുന്നണിയുടെ കെട്ടുറപ്പാണ് പ്രധാനം അത് മനസിലാക്കി മുന്നോട്ട് പോകുമെന്നും ജോസ് വ്യക്തമാക്കി. മന്ത്രിയുടെയും ചീഫ് വിപ്പിന്റെയും തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

രണ്ടര വർഷത്തേക്കായി മന്ത്രിസ്ഥാനം സ്വീകരിക്കണോ എന്നതിൽ കേരള കോൺഗ്രസ് ബിയിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. വകുപ്പിനെക്കുറിച്ച് പഠിച്ചുവരുമ്പോഴേക്ക് സമയം തീരുമെന്നാണ് ഗണേശിന്റെ നിലപാട്. എന്തായാലും മുന്നണിക്കൊപ്പം പോവുകയല്ലാതെ ഗണേശിനും ഗത്യന്തരമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP