Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തീരാദുരിതങ്ങൾക്ക് അറുതിയില്ലാതെ തീരദേശം; സർക്കാർ അടിയന്തിര സഹായം എത്തിക്കണം; ശാശ്വതപരിഹാരത്തിന് പദ്ധതി ഉണ്ടാകണം.

തീരാദുരിതങ്ങൾക്ക് അറുതിയില്ലാതെ തീരദേശം; സർക്കാർ അടിയന്തിര സഹായം എത്തിക്കണം; ശാശ്വതപരിഹാരത്തിന് പദ്ധതി ഉണ്ടാകണം.

സ്വന്തം ലേഖകൻ

വേനൽ മാസത്തിന്റെ നടുവിൽ കാലംതെറ്റി, തികച്ചും അപ്രതീക്ഷിതമായി അറബിക്കടലിൽ രൂപപ്പെട്ട അതിതീവ്രന്യൂനമർദ്ദം കോവിഡിന്റെ രാണ്ടാംതരംഗവ്യാപനത്തിൽ പകച്ചുനിൽക്കുന്ന ജനങ്ങൾക്ക് മേൽ മറ്റൊരു ദുരിതംകൂടി സമ്മാനിച്ചു കടന്നുപോയി. രണ്ടു ദിവസമായി അതി തീവ്രമായി പെയ്തിറങ്ങിയ മഴയും ശക്തമായ കാറ്റും കേരളമാകെ നാശം വിതച്ചപ്പോൾ അതിന്റെ ആഘാതം പതിവു പോലെ ഏറ്റവുമധികം ഏൽക്കേണ്ടി വന്നത് തീരമേഖലയെയും അവിടുത്തെ ജീവതങ്ങളെയുമാണ്.

ശക്തമായി ആഞ്ഞടിച്ചു കയറിയ തിരയിലും കാറ്റിലും ഒലിച്ചു പോയ തീരവും നിലം പൊത്തിയ കൂരകളും തകർന്നു പോയ ചെറുവള്ളങ്ങളും ബോട്ടുകളും എത്ര എത്ര കുടുംബങ്ങളെ അനാഥമാക്കിയെന്നും, തകർച്ചയിലെത്തിച്ചുവെന്നുമുള്ള കണക്കുകൾ ഉടനെ സർക്കാർ പ്രസിദ്ധപ്പെടുത്തും. ഇത് വേനൽക്കാലത്ത് കാത്തിരിക്കാതെ കടന്നുവന്ന ദുരന്തം! ഇനി ഉടനെ തന്നെ ആരംഭിക്കുന്ന കാലവർഷത്തിൽ കാത്തിരിക്കുന്ന ദുരിതം എത്രമാത്രമായിരിക്കും? എന്താ, ഈ ദുരിത ജീവിതങ്ങൾക്ക് ഒരു പരിഹാരവുമില്ലെന്നാണോ? ഓരോ വർഷവും അടിക്കടി വർധിച്ചു വരുന്ന കടൽ ക്ഷോഭങ്ങൾ, കൂട്ടത്തിലെത്തിയ സുനാമിയും പിന്നെ ഓഖിയും; ഓരോ സമയത്തും വാഗ്ദാനങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും. എന്നാൽ നടക്കുന്നതോ, അനിയന്ത്രിതമായി വർദ്ധിക്കുന്ന മണൽ ഖനനം തീരത്തെ വീണ്ടും വീണ്ടും ഇല്ലാതാക്കുന്നു

സ്വാഭാവികമായ സംരക്ഷണകവചം നഷ്ടപ്പെട്ട് ഇരച്ചു കയറുന്ന കടലിനെ തടഞ്ഞു നിർത്താൻ മലകളെ പൊട്ടിച്ചു കടൽഭിത്തി തീർക്കുന്നു. ഒരു ഫലവുമില്ലായെന്ന് ആവത്തിച്ച് ബോധ്യപ്പെടുമ്പോഴും കോടികൾ കടലിൽ ഒഴുക്കിക്കൊണ്ടിരിക്കുന്നു. വിഴിഞ്ഞം തുറമുഖം അടക്കം തീരത്തെ തകർക്കുന്ന ഫിഷിങ് ഹാർബറുകളും അശാസ്ത്രീയവും അനാവശ്യവുമെന്ന് തെളിയിക്കപ്പെടുമ്പോഴും വിനാശം വിതക്കുന്ന ഈ വികസന പദ്ധതികൾക്ക് പിന്നാലെയാണ് ഭരണകൂടം. വിഴിഞ്ഞം, വലിയതുറ, പൂന്തുറ, ആലപ്പാട്, ചെല്ലാനം, പൊന്നാനി എല്ലായിടങ്ങളിലും ഇപ്പോഴും ദുരിതങ്ങൾ തന്നെ ബാക്കിയാവുന്നു.

കടൽക്ഷോഭം മൂലമുണ്ടാകുന്ന ദുരിതങ്ങൾ ഏറ്റുവാങ്ങുന്ന മൽസ്യതൊഴിലാളി കുടുംബങ്ങൾക്ക് സുസ്ഥിരമായ പുനരിധിവാസവും തൊഴിൽസുരക്ഷയും സാമ്പത്തികഭദ്രതയും ഇപോഴും വിദൂര സ്വപ്നങ്ങൾ തന്നെ. കടൽ തീരം സംരക്ഷിച്ച് സുരക്ഷിതമായ വീടുകൾ നിർമ്മിച്ചുനൽകി കടലിലെ മൽസ്യബന്ധനം വഴിയുള്ള തൊഴിൽ സംരക്ഷണം അവരുടെ അവകാശമാകണം.

ഒപ്പംതന്നെ കോവിഡിന്റെ നിയന്ത്രണങ്ങളിൽ ഉപജീവനം കഷ്ടത്തിലായ കുടുംബങ്ങൾക്ക് അപ്രതീക്ഷിതമായി നേരിട്ട പേമാരിയും കൊടുംകാറ്റും കടൽക്ഷോഭവും ഇരട്ടിദുരിതം നൽകിയിരിക്കുകയാണ്.

ഈ അതിസങ്കീർണമായ കാലാവസ്ഥാ മാറ്റത്തെ ശാസ്ത്രീയമായി പഠിച്ച് തീരത്തേയും ലക്ഷങ്ങളായ മൽസ്യതൊഴിലാളി കുടുംബങ്ങളേയും വരാൻപോകുന്ന കാലവർഷമടക്കമുള്ള കെടുതികളിൽ നിന്ന് സംരക്ഷിക്കുന്നതിന് ഹ്രസ്വകാല-ദീർഘകാല പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കണമെന്നും ഏറ്റവും അടിയന്തിരമായ ഇന്നത്തെ ദുരിതങ്ങളിൽ ഭക്ഷണസാധനങ്ങളും സാമ്പത്തികസഹായവും നൽകുന്നതിന് ഉടനെ നടപടി ഉണ്ടാവണന്നും പ്രോഗ്രസീവ് പൊളിറ്റിക്കൽ ഫ്രണ്ട് സംസ്ഥാന ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP