Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യ ഘട്ടത്തിൽ ആന്റണി രാജുവിനെ മന്ത്രിയാക്കിയ നയതന്ത്രം; കാബിനറ്റിൽ സ്ഥാനമില്ലെന്ന് ശ്രേയംസിനോട് പറഞ്ഞതും ആശ്വാസ വാക്കുകളിലൂടെ; കേരളാ കോൺഗ്രസിനെ ഒന്നിൽ അനുനയിപ്പിച്ചും പ്രശ്‌നങ്ങൾ ഒഴിവാക്കി; പിണറായി മുന്നിൽ നിന്നപ്പോഴും എല്ലാം പറഞ്ഞതും നടപ്പാക്കിയതും രണ്ടാമൻ; കോടിയേരി വീണ്ടും സിപിഎം സെക്രട്ടറിയാകുമോ?

ആദ്യ ഘട്ടത്തിൽ ആന്റണി രാജുവിനെ മന്ത്രിയാക്കിയ നയതന്ത്രം; കാബിനറ്റിൽ സ്ഥാനമില്ലെന്ന് ശ്രേയംസിനോട് പറഞ്ഞതും ആശ്വാസ വാക്കുകളിലൂടെ; കേരളാ കോൺഗ്രസിനെ ഒന്നിൽ അനുനയിപ്പിച്ചും പ്രശ്‌നങ്ങൾ ഒഴിവാക്കി; പിണറായി മുന്നിൽ നിന്നപ്പോഴും എല്ലാം പറഞ്ഞതും നടപ്പാക്കിയതും രണ്ടാമൻ; കോടിയേരി വീണ്ടും സിപിഎം സെക്രട്ടറിയാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇനി അറിയേണ്ടത് കേരളാ രാഷ്ട്രീയത്തിലെ കോടിയേരി ബാലകൃഷ്ണന്റെ റോളിനെ കുറിച്ചാണ്. കാൻസര് രോഗ ബാധയെ തുടർന്ന് സിപിഎമ്മിൽ നിന്ന് അവധിയെടുത്ത പാർട്ടി സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ഘടകകക്ഷികളുമായുള്ള ചർച്ചകൾ. മുഖ്യമന്ത്രി പിണറായി വിജയനും സജീവമായി പങ്കെടുത്തുവെങ്കിലും നിലപാട് വിശദീകരിച്ചതും നയപരമായ കാര്യങ്ങൾ മറ്റു പാർട്ടികളുമായി പങ്കിട്ടതും കോടിയേരിയായിരുന്നു. മന്ത്രിസ്ഥാനം നൽകാനുള്ള ബുദ്ധിമുട്ട് എൽജെഡിയെ അറിയിച്ചതും കോടിയേരിയായിരുന്നു. 21 അംഗ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്യേണ്ട ഒറ്റ എംഎൽഎമാരുള്ള രണ്ട് ഘടകക്ഷികളെ നിശ്ചയിക്കുന്നതിലും കോടിയേരി നിർണ്ണായക ഇടപെടൽ നടത്തി.

രണ്ടാം ഘട്ടത്തിൽ മന്ത്രിസ്ഥാനം മതിയെന്ന് പറഞ്ഞെത്തിയ ആന്റണി രാജുവിനോട് ഇപ്പോൾ മന്ത്രിയാകാൻ പറഞ്ഞതും കോടിയേരിയാണ്. കെബി ഗണേശ് കുമാറിന്റെ ഭരണ പരിചയ മികവ് മന്ത്രിസഭയുടെ രണ്ടാം പാദത്തിൽ സർക്കാരിന്റെ പ്രതിച്ഛായ ഉയർത്താൻ ഉപയോഗിക്കാമെന്നാണ് വിലയിരുത്തൽ. കടന്നപ്പള്ളി രണ്ടാം ഘട്ടത്തിൽ മന്ത്രിയാകുമ്പോൾ അഞ്ചു കൊല്ലം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മന്ത്രിമാരുടെ എണ്ണം ഉയർന്ന് നിൽക്കും. ഇതെല്ലാം ഭാവിക്ക് കരുത്താകുമെന്നാണ് പ്രതീക്ഷ. ഇനി എന്താകും സിപിഎം രാഷ്ട്രീയത്തിൽ കോടിയേരിയുടെ റോൾ എന്നതാണ് ഉയരുന്ന ചോദ്യം.

രണ്ടു മന്ത്രിസ്ഥാനങ്ങൾ കേരളാ കോൺഗ്രസ് ചോദിച്ചിരുന്നു. എന്നാൽ ഒരണ്ണം മാത്രമേ നൽകിയുള്ളൂ. ചീഫ് വിപ്പു പദവിയും നൽകി. ജോസ് കെ മാണിയോട് പ്രത്യേക രാഷ്ട്രീയ സാഹചര്യം പറഞ്ഞു മനസ്സിലാക്കിയതും കോടിയേരിയായിരുന്നു. ഒറ്റ കക്ഷികളെ പൂർണ്ണമായും ഒഴിവാക്കിയാലുണ്ടാകാവുന്ന പ്രശ്‌നങ്ങൾ പറഞ്ഞ് മനസ്സിലാക്കി ജോസ് കെ മാണിയേയും അനുനയിപ്പിച്ചു. സിപിഐയേയും പ്രശ്‌നങ്ങളില്ലാത്ത കൂടെ നിർത്തി. അങ്ങനെ മന്ത്രിസഭാ രൂപീകരണത്തിന് മുന്നിലെ ആദ്യ ഘട്ടം സിപിഎം വിജയകരമായി പൂർത്തിയാക്കി. ഇനി സിപിഎമ്മിലെ മന്ത്രിമാരേയും പിണറായിയും കോടിയേരിയും ചേർന്ന് നിശ്ചയിക്കും.

കോടിയേരിയുടെ മകൻ ബിനീഷ് ബംഗളൂരുവിൽ ജയിലിലാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക കേസ്. എന്നാൽ ഇതൊന്നും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. അതുകൊണ്ട് തന്നെ കോടിയേരിക്ക് സിപിഎം നേതൃത്വത്തിലേക്ക് മടങ്ങി വരാം. സിപിഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും കോടിയേരി എത്താൻ സാധ്യത ഏറെയാണ്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗം അതീവ നിർണ്ണായകമാണ്. കോടിയേരിയെ മന്ത്രിയായി പോലും പരിഗണിക്കുമെന്നും സൂചനയുണ്ട്. തനിക്ക് പിന്നിൽ പാർട്ടിയിലെ രണ്ടാമൻ കോടിയേരി ആണെന്ന സന്ദേശമാണ് പിണറായി ആവർത്തിച്ച് നൽകുന്നത്. ഘടകക്ഷികളുമായുള്ള ചർച്ചയ്ക്ക് കോടിയേരിയെ മുന്നിൽ നിർത്തിയതും ഇതുകൊണ്ടു കൂടിയാണ്.

ആദ്യ പിണറായി സർക്കാരിനൊപ്പംനിന്ന് പാർട്ടി സംഘടനാസംവിധാനത്തെ ചലിപ്പിച്ചതിന്റെ ക്രെഡിറ്റ് പൂർണമായി കോടിയേരി ബാലകൃഷ്ണനെന്ന പാർട്ടി സെക്രട്ടറിക്കുള്ളതായിരുന്നു. അതിനാൽ, കോടിയേരിയെ പൂർണവിശ്വാസത്തിലെടുത്തുള്ള തീരുമാനം മാത്രമാകും പിണറായി ഇനിയും സ്വീകരിക്കുക. അത് കോടിയേരിയുടെ മടങ്ങിവരവിന് വഴിയൊരുക്കും. കോടിയേരി-പിണറായി പൊരുത്തമാണ് ഭരണത്തുടർച്ചയ്ക്ക് വരെ കാരണമാകുന്ന പാർട്ടി-മുന്നണി സംവിധാനം ഉണ്ടാക്കിയെടുത്തത്. ആരോഗ്യം വീണ്ടെടുത്തുവെങ്കിൽ കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്തോ മന്ത്രിസഭയിലോ തിരിച്ചെത്തുമെന്നു തന്നെയാണ് പാർട്ടി നേതാക്കളും നൽകുന്ന സൂചന.

കഴിഞ്ഞ സർക്കാരിന്റെ തുടക്കത്തിൽ സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പലപ്പോഴും പ്രതിപക്ഷ സ്വരം ഉയർത്തിയിരുന്നു. പിണറായിയുടെ വിമർശകനായിപ്പോലും കാനം വിലയിരുത്തപ്പെട്ടു. ഇത് മാറ്റിയത് കോടിയേരിയുടെ ഇടപെടലാണ്. അഞ്ച് മന്ത്രിമാരടക്കം 33 എംഎ‍ൽഎ.മാരെ മാറ്റിനിർത്തിയാണ് സിപിഎം. തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ തീരുമാനത്തിന് പിന്നിൽ പിണറായി എന്ന നേതാവിന്റെ നിലപാട് നിർണായകമായിരുന്നു. ഇതിലും കോടിയേരി പിണറായിയ്‌ക്കൊപ്പമാണ്. ഇനി പാർട്ടിസമ്മേളനങ്ങൾകൂടി വരാനിരിക്കുന്നു.

തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറിനിന്ന ഇ.പി. ജയരാജൻ സംസ്ഥാന സെക്രട്ടറിപദം ആഗ്രഹിക്കുന്നുണ്ട്. മുന്നണി കൺവീനറുടെയും പാർട്ടി സെക്രട്ടറിയുടെയും ചുമതല ഒരുമിച്ച് ഏറ്റടെുത്ത് ഈ തിരഞ്ഞെടുപ്പ് നയിച്ചത് എ. വിജയരാഘവനാണ്. ഇപിയേയും വിജയരാഘവനേയും അനുനയിപ്പിക്കാൻ കോടിയേരിയെ പാർട്ടി സെക്രട്ടറിയാക്കുന്നതാണ് ഉചിതമെന്ന ചിന്ത പിണറായിക്കും ഉണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP