Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോക് ഡൗണിൽ യൂട്യൂബ് നോക്കി വീടുകളിൽ യുവാക്കളുടെയും സ്ത്രീകളുടേയും സ്റ്റാർട്ടപ്പ് കള്ളവാറ്റ്; കണ്ണൂരിന്റെ മലയോരത്ത് മദ്യവിൽപന കൊഴുക്കുന്നു; തടയാനാവാതെ എക്സൈസ് വെള്ളം കുടിക്കുന്നു

ലോക് ഡൗണിൽ യൂട്യൂബ് നോക്കി വീടുകളിൽ  യുവാക്കളുടെയും സ്ത്രീകളുടേയും സ്റ്റാർട്ടപ്പ് കള്ളവാറ്റ്; കണ്ണൂരിന്റെ മലയോരത്ത് മദ്യവിൽപന കൊഴുക്കുന്നു; തടയാനാവാതെ എക്സൈസ് വെള്ളം കുടിക്കുന്നു

അനീഷ് കുമാർ

കണ്ണൂർ: ലോക്ഡൗൺ തുടങ്ങിയതു മുതൽ ബാറുകളും ബീവ്റേജ്സ് ഔട്ട്ലെറ്റുകളും പൂട്ടിയതിനാൽ കണ്ണൂരിൽ കള്ളവാറ്റ് കൂടിയതായി എക്സൈസ് അധികൃതർ. ജില്ലയുടെ മലയോര പ്രദേശങ്ങളിൽ വീടുകളിലാണ് കള്ളവാറ്റ് വ ്യാപകമായി നടക്കുന്നത്. മദ്യാസക്തിയുള്ളവരും പുതുസംരഭകരുമാണ് വ്യാജവാറ്റിലേക്ക് കടന്നത്.

വീടുകളിൽ കടന്ന് റെയ്ഡു നടത്താൻ എക്സൈസിന് പരിമിതിയുള്ളതാണ് ഇവർ മുതലെടുക്കുന്നത്. മലയോരമേഖലയിലെ ചില കോളനികളിലെ ഏതാണ്ട് മുഴുവൻ വീടുകളും കള്ളവാറ്റിലേർപ്പെടുന്നതായി എക്സൈസ് പറയുന്നു.വീടുകളിൽ നിന്നും ഉൽപാദിപ്പിക്കുന്ന നാടൻ ചാരായം സോഷ്യൽമീഡിയവഴി ആവശ്യക്കാരിലെത്തിക്കാൻ ഇടത്തരക്കാർ പ്രവർത്തിക്കുന്നുണ്ട്. ഹോം ഡെലിവറി വഴിയായിട്ടും ഇവർ ഓർഡറനുസരിച്ച് സാധനമെത്തിക്കുന്നുണ്ട്.

പ്രഷർകുക്കറുകളും പഴവർഗങ്ങളും മറ്റുപയോഗിച്ചാണ് പലവീടുകളിലും വാറ്റി നടക്കുന്നതെന്ന് എക്സൈസ് പറയുന്നു.തഴക്കവും പഴക്കവും ചെന്നവർ മുതൽ യുവാക്കളും സ്ത്രീകളുമുൾപ്പെടെ കള്ളവാറ്റു നടത്തുന്നുണ്ട്. നാടൻ ചാരായമുണ്ടാക്കാനുള്ള കൽസുകൾ ഇപ്പോൾ യൂട്യൂബിൽ ധാരാളം ലഭ്യമായതിനാൽ ഇവ കണ്ടുപഠിച്ചാണ് മിക്കവരും കള്ളവാറ്റ് പരീക്ഷണത്തിനിറങ്ങുന്നത്. യൂട്യൂബിലെ ഇത്തരം ക്ലാസുകൾക്ക് വൻതോതിൽ ലൈക്കും കമന്റുമാണ് ലഭിക്കുന്നത്.

വിദേശത്തുനിന്നുള്ളവരാണ് ഇത്തരം ക്ലാസുകളെടുക്കുന്നതിനാൽ നിയമനടപടി സ്വീകരിക്കുന്നതിൽ സാങ്കേതിക തടസമുണ്ടെന്ന് എക്സൈസ് പറയുന്നു. ഇന്ത്യയിൽ മദ്യം സ്വയം നിർമ്മിക്കുന്നത് നിയമവിരുദ്ധമാണെന്നും സൂക്ഷിച്ച് കൈക്കാര്യം ചെയ്തില്ലെങ്കിൽ പണിപാളുമെന്ന മുന്നറിയിപ്പോടെയാണ് പലരുടെയും കോച്ചിങ് ക്ലാസുകൾ തുടങ്ങുന്നത്.

വീടുകളിൽ ഓരോ ആളുകളും വാറ്റുചാരായമുണ്ടാക്കുന്നത് മദ്യദുരന്തങ്ങൾക്കും അപകടങ്ങൾക്കും ഇടയാക്കുന്നമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എം. അൻസാരി ബീഗു പറഞ്ഞു. ലോക്ഡൗണിൽ ഇത്തരം കേസുകൾ ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. ദിവസങ്ങൾക്കു മുൻപ് തളിപ്പറമ്പിലെ ഒരുവീട്ടിൽ നിന്നും 20 ലിറ്റർ കോട പിടികൂടിയിരുന്നു. ഇതുകൊണ്ട് ഏഴുലിറ്റർ വരെ ചാരായം നിർമ്മിക്കാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കോവിഡ് കാലമായതിനാൽ മദ്യം നിർമ്മിക്കുന്ന വീടുകളിൽ കൃത്യമായ വിവരം ലഭിക്കാതെ റെയ്ഡുനടത്താൻ എക്സൈസിന് പരിമിതിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെ പിടിയിലാകുന്നവെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്യണം. ഇത്തരം നൂലാമാലകൾ ഉണ്ടെങ്കിലും അനധികൃത മദ്യ ഉൽപാദനം പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണെന്നും അൻസാരി ബീഗു അറിയിച്ചു.

ചില ആയുർവേദമരുന്ന് വിൽപനക്കാർ ചില അരിഷ്ടങ്ങളിൽ മദ്യം ചേർത്ത് വിൽപന നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അരിഷ്ടങ്ങളിൽ താൽക്കാലികമായി തന്നെ ആൽക്കഹോളിന്റെ അംശമുണ്ടായിരിക്കും. എന്നാൽ 12ശതമാനം വരെ തോത് കൂടിയാൽ അനധികൃതമാകുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരത്തിൽ വീഞ്ഞുപോലുമുണ്ടാക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ബാറുകളും മദ്യവിതരണ കേന്ദ്രങ്ങളും അടച്ചതോടെ അയൽസംസ്ഥാനങ്ങളിൽ നിന്നുമുള്ള മദ്യക്കടത്തും കൂടിയിട്ടുണ്ട്.

നേരത്തെ വാങ്ങിവച്ച മദ്യം പത്തിരട്ടിവരെ അധികവിലയ്ക്ക് വിൽക്കുന്ന മുൻസൈനികരും ധാരാളമുണ്ട്. ലോക്ഡൗൺ തുടരുകയും മദ്യാസക്തർ സ്വയം ഉൽപാദനം തുടങ്ങുകയും ചെയ്താൽ സർക്കാർ ഖജനാവിന് വൻസാമ്പത്തിക നഷ്ടമാണുണ്ടാവുക. കള്ളവാറ്റിലൂടെയും അതിന്റെ സംരക്ഷണ വിപണനത്തിലൂടെയും ഒരു സമാന്തര അധോലോകം തന്നെ വളർന്നുവരാണ് സാധ്യതയേറെയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP