Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അട്ടിമറിയോടെ നവാഗതനായ തോമസ് കെ തോമസ് മന്ത്രിയായേക്കും; കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ കുട്ടനാട് എംഎൽഎയുടെ കുതിപ്പ്; മന്ത്രിസ്ഥാനം നിഷേധിച്ചതിൽ എൽജെഡിക്ക് രോഷവും കണ്ണീരും; മറ്റൊരു വഴിയുമില്ലാതെ ശ്രേയംസിന്റെ പാർട്ടി; കോവൂർ കുഞ്ഞുമോനും നിരാശയിൽ

അട്ടിമറിയോടെ നവാഗതനായ തോമസ് കെ തോമസ് മന്ത്രിയായേക്കും; കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ കുട്ടനാട് എംഎൽഎയുടെ കുതിപ്പ്; മന്ത്രിസ്ഥാനം നിഷേധിച്ചതിൽ എൽജെഡിക്ക് രോഷവും കണ്ണീരും; മറ്റൊരു വഴിയുമില്ലാതെ ശ്രേയംസിന്റെ പാർട്ടി; കോവൂർ കുഞ്ഞുമോനും നിരാശയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എകെ ശശീന്ദ്രന്റെ ആ മോഹം നടക്കില്ല. മാണി സി കാപ്പനെ വെട്ടിയൊതുക്കി യുഡിഎഫിൽ എത്തിച്ചെങ്കിലും മന്ത്രികുപ്പായം ശശീന്ദ്രന് അന്യമാകാൻ സാധ്യത. എൻസിപി പ്രതിനിധിയായി തോമസ് കെ. തോമസ് മന്ത്രിസഭയിൽ ഇടം നേടാൻ സാധ്യത. മന്ത്രിയെ തീരുമാനിക്കാനുള്ള പാർട്ടി ഭാരവാഹികളുടെ യോഗം നാളെ തിരുവനന്തപുരത്ത് ചേരാനിരിക്കെ പാർട്ടി കേന്ദ്ര നേതൃത്വം തോമസ് കെ. തോമസിന്റെ പേരിന് അംഗീകാരം നൽകിയതായാണു സൂചന. തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്നാണ് കുട്ടനാട്ടിൽ തോമസ് കെ തോമസ് ഇടതു സ്ഥാനാർത്ഥിയാകുന്നത്. ആദ്യ ജയത്തിൽ തന്നെ തോമസ് ചാണ്ടിയുടെ സഹോദരന് മന്ത്രിയാകാനും കഴിയുന്നുവെന്നതാണ് വസ്തുത.

മന്ത്രിയെ കണ്ടെത്താനുള്ള എൻസിപി യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എത്തുമെന്ന് ഇതുവരെ ഉറപ്പില്ല. പാർട്ടി ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ, ദേശീയ സെക്രട്ടറിമാർ എന്നിവരുൾപ്പെട്ട സമിതിയിൽ എ. കെ. ശശീന്ദ്രനും തോമസ് കെ. തോമസിനും തുല്യ പിന്തുണയുണ്ട്. ഭാരവാഹികളുടെ അഭിപ്രായം തേടുമെന്നല്ലാതെ തീരുമാനത്തിൽ ഇടപെടാൻ അവർക്കു കഴിയില്ല. കേന്ദ്ര നേതൃത്വം ഒരു തീരുമാനം പ്രഖ്യാപിച്ചില്ലെങ്കിൽ 2 എംഎൽഎമാരും സംസ്ഥാന പ്രസിഡന്റുമാണു മന്ത്രിയെ തീരുമാനിക്കേണ്ടത്. സംസ്ഥാന പ്രസിഡന്റ് ടി. പി. പീതാംബരൻ തോമസ് കെ. തോമസിന് ഒപ്പമാണ്. ഇതും കുട്ടനാട്ടെ എംഎൽഎയ്ക്ക് തുണയാകും.

പാർട്ടിയുടെ രണ്ട് എംഎൽഎമാരിൽ പാർട്ടി ആരെ നിർദേശിച്ചാലും വിരോധമില്ലെന്നു സിപിഎം എൻസിപിയെ അറിയിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം പങ്കിടേണ്ട സാഹചര്യം വന്നാലും ആദ്യ ടേം തോമസ് കെ. തോമസിനു ലഭിക്കാനാണു സാധ്യത. സംംസ്ഥാന പ്രസിഡന്റ് ടി. പി. പീതാംബരനെതിരെ പരസ്യ വിമർശനം നടത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവിയെ പ്രസിഡന്റ്, സ്ഥാനത്തുനിന്നു നീക്കിയതും ശശീന്ദ്രൻ വിഭാഗത്തിന് തിരിച്ചടിയാണ്. ശശീന്ദ്രനെ പിന്തുണയ്ക്കുന്ന നേതാവാണു മൗലവി.

ജനതാദളുമായി(എസ്) ലയിച്ചില്ല എന്ന പേരിൽ മന്ത്രിസഭയ്ക്കു പുറത്തു നിർത്താനുള്ള തീരുമാനത്തിലെ പ്രതിഷേധവും സങ്കടവും സിപിഎമ്മുമായുള്ള ചർച്ചയിൽ എൽജെഡി വ്യക്തമാക്കി. ജനതാദളിലെ രണ്ടു വിഭാഗങ്ങളും ലയിക്കണം എന്നായിരുന്നു നേരത്തേ തന്നെയുള്ള സിപിഎം നിർദ്ദേശം. അതു നടപ്പിൽ വരാത്തതിനാൽ രണ്ടു വിഭാഗങ്ങൾക്കും പ്രത്യേകം മന്ത്രിസ്ഥാനം നൽകില്ലെന്നാണ് നിലപാട്. അതോടെ 2 എംഎൽഎമാരുള്ള ജനതാദളിന്(എസ്) മന്ത്രിസഭാ പ്രാതിനിധ്യം ലഭിക്കുകയും ഒറ്റ എംഎൽഎ ഉള്ള എൽജെഡി തഴയപ്പെടുകയും ചെയ്തു. ഇതിൽ ശ്രേയംസ് കുമാറിന്റെ പാർട്ടി വേദനയിലാണ്. എന്നാൽ മറ്റ് വഴികളില്ലെന്ന് അവർ തിരിച്ചറിയുന്നു.

ഇടതു ഘടകകക്ഷികളിൽ ബാക്കിയുള്ള എല്ലാവർക്കും ഊഴം വച്ചെങ്കിലും പ്രാതിനിധ്യം ലഭിച്ചപ്പോൾ എൽജെഡി നോമിനി കെ.പി.മോഹനനു മാത്രം മന്ത്രിസ്ഥാനമില്ല. .രണ്ടു ദൾ വിഭാഗങ്ങൾ ഉണ്ടെങ്കിൽ മൂന്നു കേരള കോൺഗ്രസ് വിഭാഗങ്ങൾ ഇല്ലേയെന്ന് എൽജെഡി ചോദിച്ചു. മൂന്നു കൂട്ടർക്കും മന്ത്രിസ്ഥാനം നൽകുന്നുമുണ്ട്. എന്നാൽ ദളിലെ ഇരു വിഭാഗങ്ങളിലുമുള്ള 3 എംഎൽഎമാർക്കു 2 മന്ത്രി എന്നതു പ്രായോഗികമല്ല എന്നതിൽ സിപിഎം ഉറച്ചുനിന്നു. എൽഡിഎഫ് ഘടകകക്ഷി അല്ല എന്നതുകൊണ്ടാണ് ആർഎസ്‌പി ലെനിനിസ്റ്റിലെ കോവൂർ കുഞ്ഞുമോനെ പരിഗണിക്കാതിരുന്നത്. കുഞ്ഞുമോനും നിരാശയിലാണ്.

സർക്കാർ രൂപവത്കരണത്തിനു മുന്നോടിയായി ഘടകകക്ഷികളുമായുള്ള ചർച്ചകൾ സിപിഎം. പൂർത്തിയാക്കിയിട്ടുണ്ട്. 21 മന്ത്രിമാരെ ഉൾപ്പെടുത്തി സർക്കാർ രൂപവത്കരിക്കാനാണു തീരുമാനം. എൽ.ജെ.ഡി. ഒഴികെയുള്ള ഘടകകക്ഷികൾക്കെല്ലാം സർക്കാരിൽ പ്രാതിനിധ്യം നൽകും. ഒറ്റയംഗങ്ങളുള്ള നാലു പാർട്ടികൾ രണ്ടരവർഷം വീതം രണ്ടു മന്ത്രിസ്ഥാനം പങ്കിടും. ഇതാണ് നിലവിലെ ധാരണ. തിങ്കളാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനവും പ്രഖ്യാപനവുമുണ്ടാകും.

സിപിഎം.- മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരും സ്പീക്കറും, സിപിഐ.- നാലുമന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും എന്നാണു തീരുമാനം. കേരള കോൺഗ്രസിന് (എം) ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കോടെ ചീഫ്വിപ്പ് സ്ഥാനവും ലഭിക്കും. കേരള കോൺഗ്രസിന് രണ്ടു മന്ത്രിസ്ഥാനമെന്ന ആവശ്യം ഞായറാഴ്ചത്തെ ചർച്ചയിലും ജോസ് കെ. മാണി ഉന്നയിച്ചു. അത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് സിപിഎം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. അന്തിമ തീരുമാനം എൽ.ഡി.എഫ്. യോഗത്തിലുണ്ടാകുമെന്ന് ജോസ് പ്രതികരിച്ചു.

മന്ത്രിമാരുടെ എണ്ണം പരമാവധി സഖ്യയായ ഇരുപത്തിയൊന്നിലേക്ക് ഉയർത്തുന്നതിനാൽ, ഒറ്റയംഗങ്ങളുള്ള ഘടകകക്ഷികളിൽനിന്ന് രണ്ടു മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തും. ഇതാണ് നാലു പാർട്ടികൾ പങ്കിടുക. കേരള കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്), ജനാധിപത്യ കേരള കോൺഗ്രസ്, ഐ.എൻ.എൽ. പാർട്ടികൾക്കായിരിക്കും ഊഴംവെച്ച് അവസരം ലഭിക്കുക. കേരള കോൺഗ്രസി (ബി) ൽനിന്ന് കെ.ബി. ഗണേശ് കുമാറും ജനാധിപത്യ കേരള കോൺഗ്രസിൽനിന്ന് ആന്റണി രാജുവും മന്ത്രിമാരാകും.

കോൺഗ്രസ് (എസ്)-ൽ നിന്ന് രാമചന്ദ്രൻ കടന്നപ്പള്ളിയും ഐ.എൻ.എല്ലിൽനിന്ന് അഹമ്മദ് ദേവർകോവിലും മന്ത്രിമാരായേക്കും. ആദ്യ ഊഴം ആർക്ക് എന്നതിൽ അന്തിമ തീരുമാനം എൽ.ഡി.എഫ്. യോഗത്തിലുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP