Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തീവ്രചുഴലിക്കാറ്റായി 'ടൗട്ടെ'; കേരളത്തിൽ വിവിധയിടങ്ങളിൽ കനത്ത മഴ; രണ്ട് മരണം; ഗോവയിലും കർണാടകയിലും മഴ ശക്തമായി; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു; അതിതീവ്രചുഴലിക്കാറ്റാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; ചൊവ്വാഴ്ചയോടെ ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ചേക്കും; വൻ തിരകൾക്ക് സാധ്യത

തീവ്രചുഴലിക്കാറ്റായി 'ടൗട്ടെ'; കേരളത്തിൽ വിവിധയിടങ്ങളിൽ കനത്ത മഴ; രണ്ട് മരണം; ഗോവയിലും കർണാടകയിലും മഴ ശക്തമായി; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു; അതിതീവ്രചുഴലിക്കാറ്റാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; ചൊവ്വാഴ്ചയോടെ ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ചേക്കും; വൻ തിരകൾക്ക് സാധ്യത

ന്യൂസ് ഡെസ്‌ക്‌

ഡൽഹി, മുംബൈ: ടൗട്ടെ ചുഴലിക്കാറ്റ് മധ്യകിഴക്കൻ അറബിക്കടലിൽ തീവ്രചുഴലിയായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗോവയിലെ പനജി തീരത്തുനിന്ന് ഏകദേശം 120 കിലോമീറ്റർ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറായും, മുംബൈ തീരത്തുനിന്ന് 380 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറ് മാറിയും, തെക്ക്-തെക്ക് കിഴക്ക് ദിശയിൽ വെറാവൽ (ഗുജറാത്ത്) തീരത്തുനിന്ന് 620 കിലോമീറ്റർ ആയുമാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ ടൗട്ടെ സ്ഥിതി ചെയ്യുന്നത്.

അടുത്ത 12 മണിക്കൂറിൽ അതിതീവ്രചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന 'ടൗട്ടെ', 18-ാം തീയതി രാവിലെയോടെ ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നും, അന്ന് ഉച്ച തിരിഞ്ഞോ, വൈകിട്ടോടെയോ, പോർബന്ദറിനും നാലിയയ്ക്കും ഇടയിൽ തീരം തൊടുമെന്നുമാണ് കണക്കുകൂട്ടൽ. തീരം തൊടുമ്പോൾ, മണിക്കൂറിൽ 150 - 160 കിലോമീറ്ററെങ്കിലും വേഗത്തിലാകും 'ടൗട്ടെ' ആഞ്ഞടിക്കുകയെന്നാണ് കരുതപ്പെടുന്നത്. ഇത് 175 കി.മീ വരെയാകാൻ സാധ്യതയുണ്ട്.

'ടൗട്ടെ'യുടെ പ്രഭാവം മൂലമുള്ള കനത്ത മഴയിലും കാറ്റിലും പെട്ട്, കേരളത്തിൽ രണ്ട് പേരും, കർണാടകത്തിൽ നാല് പേരും മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ഭീഷണി നേരിടാനായി പടിഞ്ഞാറൻ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയാണെന്നു വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി എൺപതോളം ദുരന്ത നിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നു ദേശീയ പ്രതിസന്ധി മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു. കരസേന, നാവികസേന, തീരസംരക്ഷണ സേന എന്നിവരും രക്ഷാപ്രവർത്തന സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ തിങ്കളാഴ്ച വരെ അതിതീവ്രമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കൻ ജില്ലകളും പാലക്കാടും ഒഴികെ മറ്റെല്ലാ ജില്ലകളിലും  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ടു ജില്ലകളിലാണ് അതീവ ജാഗ്രതാനിർദ്ദേശം നൽകിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകൾ മുൻകൂട്ടി കണ്ട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരള തീരത്ത് കടലിൽ പോകുന്നതിനു ദുരന്ത നിവാരണ അഥോറിറ്റി പൂർണ വിലക്കേർപ്പെടുത്തി. ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും മഴയും കേരളത്തിലെ വിവിധ ജില്ലകളിൽ തുടരുകയാണ്. തീരമേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടും കനത്ത നാശവുമുണ്ടായി. അനേകം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഗോവയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

ഗുജറാത്ത്, ദിയു തീരങ്ങൾ ചുഴലിക്കാറ്റ് ജാഗ്രതയിലാണ്. കർണാടകത്തിൽ ആറ് ജില്ലകളിലും, മൂന്ന് തീരദേശജില്ലകളിലും മൂന്ന് മലനാട് ജില്ലകളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴക്കെടുതികളിൽ 73 ജില്ലകളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും കർണാടക ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.

ദിയു, ഗിർ സോംനാഥ്, അംറേലി, ബറൂച്, ഭാവ്‌നഗർ, അഹമ്മദാബാദ്, ആനന്ദ്, സൂരത്ത് എന്നിവിടങ്ങളിൽ 3 മീറ്റർ വരെ ഉയരത്തിൽ തിരകളുയരാം. ദേവ്ഭൂമി ദ്വാരക, ജാംനഗർ, പോർബന്ദർ, കച്ച് എന്നിവിടങ്ങളിൽ ശക്തമായ കടൽക്ഷോഭവും തീരനാശവുമുണ്ടാകും. ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കരുതപ്പെടുന്ന ഭാവ്‌നഗറിലും പോർബന്ദറിലും ചെറുവീടുകൾ പലതും തകരാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ചുഴലിക്കാറ്റ് തീരം തൊടുമ്പോൾ പ്രദേശത്ത് വൈദ്യുതി, ആശയവിനിമയമാർഗങ്ങളെല്ലാം പൂർണമായും തകരാറിലായേക്കും. ഗുജറാത്ത്, ദിയു തീരങ്ങളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ നാളെ മുതൽ ഓറഞ്ച് അലർട്ടും, മറ്റന്നാൾ റെഡ് അലർട്ടുമായിരിക്കും.

'ടൗട്ടെ' ചുഴലിക്കാറ്റിനെ നേരിടുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യോഗം ചേർന്നിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഗുജറാത്ത്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരും ദാദ്ര നാഗർ വേലി, ദാമൻ - ഡിയു അഡ്‌മിനിസ്‌ട്രേറ്റർമാരും പങ്കെടുത്തു. കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുള്ള നിർദ്ദേശങ്ങൾ അമിത്ഷാ യോഗത്തിൽ വ്യക്തമാക്കി.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉന്നതതലയോഗം വിളിച്ച് സ്ഥിഗതികൾ വിലയിരുത്തിയിരുന്നു. ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്നും ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും മോദി നിർദ്ദേശിച്ചിരുന്നു. രാവിലെ കേരളവും, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്‌നാട് തീരങ്ങളിലെ ചീഫ് സെക്രട്ടറിമാരും ലക്ഷദ്വീപ്, ദാദ്ര- നാഗർഹവേലി, ദാമൻ - ദിയു അഡ്‌മിനിസ്‌ട്രേറ്റർമാരുമായി കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

കൊങ്കൺ റെയിൽവെ ട്രാക്കിൽ മഡ്ഗാവിനടുത്ത് രാവിലെ ട്രാക്കിൽ മരം വീണ് അൽപനേരം ഗതാഗതം സ്തംഭിച്ചിരുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും നിന്ന് മീൻപിടിക്കാൻ പോയ 19 ബോട്ടുകളൊഴികെ ബാക്കിയെല്ലാം തീരത്ത് സുരക്ഷിതമായി തിരിച്ചെത്തിയെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കിയിരുന്നു. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

നാളെ മുതൽ രണ്ട് ദിവസത്തേക്ക് മുംബൈയിൽ വാക്‌സിനേഷൻ പരിപാടികളെല്ലാം നിർത്തിവച്ചിരിക്കുകയാണ്. മുംബൈ, ഗോവ, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് ആശുപത്രികളടക്കമുള്ളവ കനത്ത മഴ നേരിടാനുള്ള തയ്യാറെടുപ്പുകളിലാണ്. ഗുജറാത്ത് തീരത്ത് കോവിഡ് രോഗികൾക്കടക്കം അടിയന്തരമായി സഹായം നൽകാൻ 175 മൊബൈൽ ഐസിയു വാനുകൾ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. മഴക്കെടുതിക്ക് ഇടയിലും രോഗികൾക്ക് ചികിത്സ മുടങ്ങാതിരിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP