Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശൈലജയെ സ്പീക്കറാക്കി ഒതുക്കുമോ? വീണാ ജോർജ് സിപിഎമ്മിന്റെ വനിതാ മന്ത്രിയാകാൻ സാധ്യതകൾ ഏറെ; മട്ടന്നൂരിൽ റിക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച ടീച്ചറമ്മയുടെ മന്ത്രിപദത്തിൽ അന്തിമ തീരുമാനം സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷം നിശ്ചയിക്കും; റിയാസിനെ വെട്ടി ഷംസീർ മന്ത്രിയാകാനും സാധ്യത; ക്യാപ്ടൻ പിണറായിയുടെ രണ്ടാം കാബിനറ്റിൽ ആരൊക്കെ?

ശൈലജയെ സ്പീക്കറാക്കി ഒതുക്കുമോ? വീണാ ജോർജ് സിപിഎമ്മിന്റെ വനിതാ മന്ത്രിയാകാൻ സാധ്യതകൾ ഏറെ; മട്ടന്നൂരിൽ റിക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച ടീച്ചറമ്മയുടെ മന്ത്രിപദത്തിൽ അന്തിമ തീരുമാനം സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷം നിശ്ചയിക്കും; റിയാസിനെ വെട്ടി ഷംസീർ മന്ത്രിയാകാനും സാധ്യത; ക്യാപ്ടൻ പിണറായിയുടെ രണ്ടാം കാബിനറ്റിൽ ആരൊക്കെ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സിപിഎമ്മിലെ മന്ത്രിമാരിൽ നേതാക്കൾക്കിടയിൽ അന്തിമ ധാരണയുണ്ടായെന്ന് സൂചന. കെകെ ശൈലജ ടീച്ചർ വീണ്ടും മന്ത്രിയാകും എന്നാണ് ലഭിക്കുന്ന സൂചന. ആരോഗ്യ വകുപ്പ് തന്നെ ശൈലജ ടീച്ചറിന് നൽകണോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല. പിണറായിയും ശൈലജ ടീച്ചറും ഒഴികെ മന്ത്രിസഭയിൽ എല്ലാവരും പുതുമുഖങ്ങളാകും. കോവിഡ് രണ്ടാം തരംഗം കേരളത്തിൽ രൂക്ഷമായിരിക്കേ ശൈലജ ടീച്ചർ ആരോഗ്യമന്ത്രിയായി തുടരാനാണ് എല്ലാ സാധ്യതയും. ശൈലജ ടീച്ചറിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയാൽ സ്പീക്കറാക്കാനും സാധ്യത ഏറെയാണ്.

ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി അടക്കം 13 മന്ത്രിമാർ സിപിഎമ്മിൽ നിന്നുണ്ടായിരുന്നു. ഇത്തവണ മുന്നണിയിൽ കൂടുതൽ പാർട്ടികൾ ഉള്ളതിനാൽ എംഎൽഎമാർ കൂടിയിട്ടും ഒരു മന്ത്രിസ്ഥാനം വിട്ടുകൊടുക്കാൻ സിപിഎം തത്വത്തിൽ ധാരണയിലെത്തിയതായാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയനും പിബി അംഗം കൂടിയായ കോടിയേരി ബാലകൃഷ്ണനും തമ്മിലാണ് മന്ത്രിമാരുടെ പേരുകളിൽ ധാരണയുണ്ടായത്. 18ന് സിപിഎം നേതൃയോഗങ്ങൾ ചേരും. ഇതിലാകും അന്തിമ തീരുമാനം. മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖമാകണമെന്ന് അഭിപ്രായമുള്ളവർ പാർട്ടി സെക്രട്ടറിയേറ്റിലുണ്ട്. ഇവരുടെ അഭിപ്രായങ്ങളും തീരുമാനത്തെ സ്വാധീനിക്കും. ശൈലജയുടെ കാര്യത്തിൽ സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ അഭിപ്രായമാണ് ഇനി നിർണ്ണായകമാകുക. ഭൂരിപക്ഷവും ശൈലജയ്ക്ക് അനുകൂലമാകുമെന്നാണ് സൂചന.

എ.സി. മൊയ്തീൻ മന്ത്രിസഭയിലുണ്ടാകുന്നില്ലെങ്കിൽ മുസ്ലിം പ്രാതിനിധ്യമായി മുഹമ്മദ് റിയാസ്, എ.എൻ. ഷംസീർ എന്നിവരെ പരിഗണിച്ചേക്കും. യുവജന സംഘടനാ പ്രാതിനിധ്യവും ഇവർക്ക് അനുകൂല ഘടകമാണ്. മുഖ്യമന്ത്രിയുടെ മരുമകൻ എന്ന പരിഗണന റിയാസിന് വിനയാകും. അങ്ങനെ വന്നാൽ ഷംസീറിന് നറുക്കു വീഴും. വനിതകളിൽ വീണാ ജോർജ് മന്ത്രിയാകുമെന്ന് ഉറപ്പാണ്. ശൈലജ മന്ത്രിയായി തുടർന്നാൽ വീണാ ജോർജാകും സ്പീക്കർ. കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരും മന്ത്രിമാരാകും. മന്ത്രിമാരായി വി. ശിവൻകുട്ടി, സജി ചെറിയാൻ, വി.എൻ വാസവൻ, എം. ബി. രാജേഷ്, പി. നന്ദകുമാർ, സി.എച്ച്. കുഞ്ഞമ്പു എന്നിവർക്കും സാധ്യതയുണ്ട്.കെ.ടി. ജലീലിനെ മാറ്റിനിർത്തിയാൽ വി. അബ്ദുറഹ്മാനെ പരിഗണിക്കാനിടയുണ്ട്.

സ്പീക്കർ സ്ഥാനത്തേക്ക് വനിതയെ നിശ്ചയിച്ചാൽ വനിതകളിൽ ഒരാൾ മാത്രം മന്ത്രിയാകും. സിപിഐയിൽ ചിഞ്ചു റാണി മന്ത്രിയാകുമെന്ന സൂചനയുള്ളതു കൊണ്ടാണ് ഇത്. എന്നാൽ കഴിഞ്ഞ മന്ത്രിസഭയിലെ പോലെ രണ്ട് വനിതകൾ വേണമെന്ന് തീരുമാനിച്ചാൽ കാനത്തിൽ ജമീലയ്ക്ക് സാധ്യത തെളിയും. ഏതായാലും 18നാണ് സിപിഎം സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും. അതിൽ മാത്രമേ മന്ത്രിമാരിൽ തീരുമാനും എടുക്കൂ. അതുവരെ മാധ്യമ ചർച്ചകൾ തുടരട്ടേ എന്ന നിലപാടിലാണ് സിപിഎം.

സിപിഐയ്ക്ക് മന്ത്രിസഭയിൽ നാലു പേരുണ്ടാകും. നാളത്തെ എൽഡിഎഫ് യോഗത്തിന് ശേഷം അവർ മന്ത്രിമാരിൽ തീരുമാനം എടുക്കും. എൽഡിഎഫിൽ അഞ്ച് എംഎൽഎമാരുള്ള കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനം ഉറപ്പാണ്. രണ്ട് മന്ത്രിസ്ഥാനത്തിന് അവർ സമ്മർദം തുടരുന്നുയ അതിനുള്ള സാധ്യത ഇല്ലെന്ന് സിപിഎം ആദ്യറൗണ്ട് ചർച്ചയിൽ തന്നെ അറിയിച്ചിരുന്നു. രണ്ടാം മന്ത്രി ഇല്ലെങ്കിൽ ചീഫ് വിപ്പ് പദവി നൽകും. എന്നാൽ രണ്ടാം മന്ത്രിസ്ഥാനം വേണമെന്ന നിലപാടിലാണ് ജോസ് കെ മാണി ഇപ്പോഴും.

ഓരോ സീറ്റ് വീതമുള്ള കോൺഗ്രസ് എസ്, കേരള കോൺഗ്രസ് ബി, ജനാധിപത്യ കേരള കോൺഗ്രസ്, ഐ.എൻ.എൽ എന്നീ പാർട്ടികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം ലഭിക്കും. റവന്യൂ, കൃഷി വകുപ്പുകളിൽ കേരള കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നിലവിൽ തങ്ങളുടെ കൈവശമുള്ള വകുപ്പുകൾ വിട്ടുനൽകാനാകില്ലെന്ന് സിപിഐ സിപിഎം നേതൃത്വത്തെ അറിയിച്ചു. ലോക് താന്ത്രിക് ജനതാദൾ ഒഴികെയുള്ള എല്ലാ ഘടകകക്ഷികൾക്കും മന്ത്രിസ്ഥാനം പങ്കിട്ടു നൽകി ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും ജെ.ഡി.എസിതനെയും എൽ.ജെ.ഡിയേയും ഒറ്റ പാർട്ടിയായി പരിഗണിക്കുമെന്ന സിപിഎം വിശദീകരണം എൽ.ജെ.ഡിയുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

കഴിഞ്ഞ മന്ത്രിസഭയിൽ അവസരം ലഭിക്കാതിരുന്ന കെ.ബി. ഗണേശ്കുമാറിന് ഇത്തവണ നറുക്ക് വീണേക്കും. മറ്റ് പാർട്ടികളെക്കൂടി പരിഗണിക്കണം എന്നുള്ളതുകൊണ്ടുതന്നെ അദ്ദേഹത്തെ ഫുൾ ടേം പരിഗണിക്കാൻ സാദ്ധ്യത കുറവാണ്. നാളെ ഇടതുമുന്നണി യോഗത്തിനുശേഷമാകും മന്ത്രിസ്ഥാന വിഭജനം ഔദ്യോഗികമായി പ്രഖ്യാപിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP