Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടൗട്ടേയെ തുടർന്നുള്ള കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് ആയിരം കോടിയുടെ കൃഷിനാശം; നാല് പേർ മരിച്ചു; നിരവധി വീടുകൾ തകർന്നു; കേരള തീരങ്ങളിൽ രൂക്ഷമായ കടലാക്രമണം; ശംഖുമുഖം എയർപോർട്ട് റോഡ് പൂർണമായി കടലെടുത്തു; ജലനിരപ്പ് ഉയർന്ന് അണക്കെട്ടുകളും

ടൗട്ടേയെ തുടർന്നുള്ള കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് ആയിരം കോടിയുടെ കൃഷിനാശം; നാല് പേർ മരിച്ചു; നിരവധി വീടുകൾ തകർന്നു; കേരള തീരങ്ങളിൽ രൂക്ഷമായ കടലാക്രമണം; ശംഖുമുഖം എയർപോർട്ട് റോഡ് പൂർണമായി കടലെടുത്തു; ജലനിരപ്പ് ഉയർന്ന് അണക്കെട്ടുകളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട 'ടൗട്ടെ' ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ചു കേരള തീരത്തുനിന്നു വടക്കോട്ടു നീങ്ങിയത് സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങൽ വരുത്തിവെച്ചത്. കേരള തീരത്താണ് വൻ നാശഷ്ടം വരുത്തിയത്. കേരളത്തിൽ വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരങ്ങളിൽ വലിയ തോതിൽ കടലാക്രമണം ഉണ്ടായി. നിരവധി വീടുകൾ തകരുകയും അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്. മഴയ്ക്ക് പുറമേയുണ്ടായ ശക്തമായ കാറ്റിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. വെള്ളപ്പൊക്കത്തെ തുടർന്ന് വൻ കൃഷിനാശവും റിുപ്പോർട്ടു ചെയ്തു.

ശക്തമായ മഴയിൽ സംസ്ഥാനത്തെ കൃഷി നാശം 1000 കോടി രൂപ കടന്നു. വെള്ളിയാഴ്ച 903.48 കോടി രൂപയുടെ നാശമാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ നാശം വീണ്ടുമുയർന്നു. കണക്കുകൾ തിട്ടപ്പെടുത്തി വരികയാണെന്നും നഷ്ടത്തിന്റെ തോത് ഇതിൽ കൂടുതലാണെന്നും കൃഷി വകുപ്പ് അറിയിച്ചു. കാസർകോട് ജില്ലയിലാണു കൂടുതൽ നാശം. ഇവിടെ 1670.46 ഹെക്ടറിലെ കൃഷി നശിച്ചു. എറണാകുളം (1387.04 ഹെക്ടർ), ആലപ്പുഴ (876.92 ഹെക്ടർ), കോട്ടയം (590.84 ഹെക്ടർ) ജില്ലകളാണു തൊട്ടു പിന്നിൽ. 33,294 കർഷകർക്കാണു കൃഷി നാശം സംഭവിച്ചത്.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ കാറ്റും മഴയും കടലാക്രമണവും തുടരുമെന്നാണ് റിപ്പോർട്ടുകൾ. കണ്ണൂർ, കാസർകോട്, കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളിൽ കാറ്റ് ആഞ്ഞടിക്കുമെന്നതിനാൽ അതീവ ജാഗ്രത വേണം. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പായ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും 19 വരെ ശക്തമായ മഴ തുടരും.

മഴക്കെടുതികളിൽ ഇന്നലെ സംസ്ഥാനത്ത് 4 പേർ മരിച്ചു. പലയിടത്തും വീടുകളും കൃഷിയും നശിച്ചു. തിരുവനന്തപുരത്ത് ശംഖുമുഖം എയർപോർട്ട് റോഡ് പൂർണമായി കടലെടുത്തു. തൃശൂരിൽ ചാലക്കുടിപ്പുഴയുടെ തെക്കേക്കരയിൽ മുരിങ്ങൂർ ഭാഗത്തു പുഴയ്ക്കു കുറുകെയുള്ള റെയിൽവേ പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് 4 മണിക്കൂർ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തിൽ മഴയെ തുടർന്ന് പല സർവീസുകളും വഴി തിരിച്ചു വിട്ടു.

തീരമേഖലയിൽ കടലാക്രമണം തുടരുകയാണ്. 71 ക്യാംപുകളിലായി 2,094 പേരെ മാറ്റിപ്പാർപ്പിച്ചു. മണിമലയാറിലും അച്ചൻകോവിലാറിലും ജലനിരപ്പ് ഉയർന്നതിനാൽ കേന്ദ്ര ജല കമ്മിഷൻ പ്രളയ മുന്നറിയിപ്പ് നൽകി. 31നു കാലവർഷത്തിനു തുടക്കമാകുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതു കണക്കിലെടുത്ത് പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരോട് നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് താമസം മാറാൻ സർക്കാർ ആവശ്യപ്പെട്ടു. ചെറിയ അണക്കെട്ടുകൾക്കരികിൽ താമസിക്കുന്നവരും ജാഗ്രത തുടരണം.

തിരുവനന്തപുരത്ത് വലിയതുറ, പൊഴിയൂർ, അഞ്ചുതെങ്ങ്, പനത്തുറ, അടിമലത്തുറ തുടങ്ങിയ തീരമേഖലകളിൽ അഞ്ഞൂറോളം വീടുകൾ ഭാഗികമായി തകർന്നു. ഇരുപതോളം വീടുകൾ പൂർണമായി കടലെടുത്തു. അരുവിക്കര ഡാമിന്റെ 2, 3 ഷട്ടറുകൾ 60 സെന്റീമീറ്റർ ഉയർത്തി. ഇന്നു 20 സെന്റീമീറ്റർ കൂടി ഉയർത്തും. വെള്ളായണി ആറാട്ട് കടവ്, ഇടവ, നെയ്യാറ്റിൻകര, വെങ്ങാനൂർ, നെടുമങ്ങാട്, പാറശാല മേഖലകളിൽ വ്യാപകമായി കൃഷി നശിച്ചു.

പത്തനംതിട്ട ജില്ലയിൽ കക്കാട്ടാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂഴിയാർ, മണിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി. ഇതോടെ പമ്പാ നദിയിലെ ജലനിരപ്പുയർന്നു. കോട്ടയം ജില്ലയിൽ 2 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ഇടുക്കി ജില്ലയിൽ 17 വീടുകൾ പൂർണമായി തകർന്നു; 258 എണ്ണം ഭാഗികമായും. 205 ഹെക്ടർ കൃഷി നശിച്ചു. റോഡ് തകർന്നതിനെ തുടർന്ന് വട്ടവട ഒറ്റപ്പെട്ടു. പെരിയാറിൽ ജലനിരപ്പ് രണ്ടടി ഉയർന്നു. ചെല്ലാനം, വരാപ്പുഴ ഭാഗങ്ങളിലായി 3 വീടുകൾ പൂർണമായും ഒട്ടേറെ വീടുകൾ ഭാഗികമായും തകർന്നു.

തൃശൂർ ജില്ലയിൽ 10 വീടുകൾ പൂർണമായും പതിനഞ്ചോളം വീടുകൾ ഭാഗികമായും തകർന്നു. ചാവക്കാട് കടപ്പുറം, എടവിലങ്ങ്, എറിയാട് പഞ്ചായത്തുകളിലായി ആയിരക്കണക്കിനു വീടുകളിൽ വെള്ളം കയറി. ജില്ലയിൽ നൂറുകണക്കിന് ഏക്കർ നെൽകൃഷി നശിച്ചു. കൂടൽമാണിക്യം കുട്ടംകുളത്തിന്റെ ചുറ്റുമതിലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു.

മലപ്പുറം ജില്ലയിൽ ഒരു വീട് പൂർണമായും 3 വീടുകൾ ഭാഗികമായും തകർന്നു. പൊന്നാനി താലൂക്കിൽ 51 കുടുംബങ്ങളിൽ നിന്നുള്ള 137 പേരെ 4 ക്യാംപുകളിലേക്ക് മാറ്റി. കനോലി കനാലും കാഞ്ഞിരമുക്ക് പുഴയും കരകവിഞ്ഞതിനെ തുടർന്ന് എരമംഗലം ഭാഗത്ത് മാത്രം 300 വീടുകളിൽ വെള്ളം കയറി. കടലാക്രമണത്തെ തുടർന്ന് 200 വീടുകളിൽ വെള്ളം കയറിയതിനു പുറമേയാണിത്.

കോഴിക്കോട് ജില്ലയിൽ ഒരു വീട് പൂർണമായും 16 വീടുകൾ ഭാഗികമായും തകർന്നു. വിവിധ വില്ലേജുകളിലായി 143 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 3 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ബേപ്പൂരിൽ പുലിമുട്ടിനോടു ചേർന്നു പ്രവർത്തിച്ചിരുന്ന 13 പെട്ടിക്കടകൾ തകർന്നു. ചോമ്പാല ഹാർബറിൽ 4 വള്ളങ്ങൾ ഒഴുകിപ്പോയി. കണ്ണൂർ ജില്ലയിൽ തലശ്ശേരി തലായിയിൽ നിന്ന് മീൻപിടിക്കാൻ പോയി കാണാതായ 3 മത്സ്യത്തൊഴിലാളികളെ കഴിഞ്ഞ ദിവസം രാത്രി കണ്ടെത്തി.

വേനൽ മഴ 98 ശതമാനം അധികം, ജലനിരപ്പ് ഉയർന്ന് അണക്കെട്ടുകൾ

സംസ്ഥാനത്ത് മാർച്ച് മുതൽ ഇന്നലെ വരെ വേനൽ മഴ 98 % അധികം ലഭിച്ചു. ശരാശരി 221 മില്ലി മീറ്റർ മഴ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 437 മില്ലി മീറ്റർ മഴ. ലക്ഷദ്വീപിൽ വേനൽ മഴയിൽ 328 % വർധനയുണ്ടായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അധികമഴ ലഭിച്ചു. ഇന്നലെ കൂടുതൽ മഴ ലഭിച്ചത് മട്ടന്നൂരിലാണ് (124 മില്ലി മീറ്റർ)

മഴ കനക്കുമ്പോൾ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം, കെഎസ്ഇബിയുടെ ഡാമുകളിൽ 33 %, ജലസേചന വകുപ്പിന്റെ കീഴിലുള്ള അണക്കെട്ടുകളിൽ 65% വെള്ളമുണ്ട്. കാലവർഷം എത്താൻ 17 ദിവസം ബാക്കി നിൽക്കെ, വരും ദിവസങ്ങളിൽ മഴ കൂടുതൽ തീവ്രമായാൽ അണക്കെട്ടുകളിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ എത്തും. ഇടുക്കി അണക്കെട്ടിൽ സംഭരണശേഷിയുടെ 33 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 129 അടിയായി. 142 അടിയാണ് പരമാവധി സംഭരണ ശേഷി.

ജലനിരപ്പുയർന്നാൽ ഡാമുകൾ തുറക്കുന്നതിനു വേണ്ട മുന്നൊരുക്കങ്ങളും സജീവമാണ്. കേരളത്തിലെ അണക്കെട്ടുകളിൽ ഭൂരിഭാഗത്തിലും 50 ശതമാനത്തിലേറെ മണലും ചെളിയും മണ്ണും നിറഞ്ഞതും ആശങ്ക വർധിപ്പിക്കുന്നു. ഇവ ഇതു വരെ നീക്കം ചെയ്തിട്ടില്ല. ശക്തമായ മഴ പെയ്താൽ അണക്കെട്ടുകൾ വേഗം നിറയുന്ന സാഹചര്യമാണ്. അണക്കെട്ടുകൾ തുറക്കുന്നതു സംബന്ധിച്ച് കൃത്യമായ ധാരണയും മുന്നൊരുക്കങ്ങളും ഇല്ലാത്തതാണ് 2018ൽ സംസ്ഥാനത്ത് വൻ പ്രളയത്തിന് ഇടയാക്കിയതെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. കെഎസ്ഇബിജലസേചന വകുപ്പുകളുടെ അണക്കെട്ടുകളുടെ ജലനിരപ്പ്, കേന്ദ്ര ജല കമ്മിഷനും, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിക്കും കൈമാറുന്നുണ്ട്.

ഇതനുസരിച്ചാണു സ്ഥിതി വിലയിരുത്തൽ. അതീവ ജാഗ്രതയോടെയാണു സ്ഥിതി നിരീക്ഷിക്കുന്നതെന്നും, സാഹചര്യമുണ്ടായാൽ മാറ്റിപ്പാർപ്പിക്കേണ്ട ക്യാംപുകളും മറ്റും സജ്ജമാക്കാൻ ജില്ലാ കലക്ടർമാർക്കു നിർദ്ദേശം നൽകിയതായും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.

അണക്കെട്ടിലെ ജലനിരപ്പിന്റെ ക്രമീകരണം, ഷട്ടറുകളുടെ പ്രവർത്തനക്ഷമത തുടങ്ങിയവയെക്കുറിച്ച് കേന്ദ്ര കമ്മിഷനെ ഇതിനകം അറിയിച്ചിട്ടുണ്ടെന്നും, 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ ക്രമീകരണം ചെയ്യണമെന്നും ബന്ധപ്പെട്ടവർക്കു നിർദ്ദേശം നൽകിയതായും അഥോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ പറഞ്ഞു. മഴ കനത്താലുള്ള സ്ഥിതി പ്രവചിക്കാനാകില്ല. എല്ലാ അണക്കെട്ടുകളിലും മഴക്കാലത്തിനു മുൻപ് ആവശ്യമായ അറ്റകുറ്റപ്പണി നടത്തിയതായും ചെയർമാൻ അറിയിച്ചു.

ഇടുക്കി ഉൾപ്പെടെയുള്ള കെഎസ്ഇബിയുടെ കീഴിലുള്ള അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നും, ഇപ്പോൾ പെയ്യുന്ന മഴ 10 ദിവസം തുടർന്നാലും ഇടുക്കി ഡാം തുറക്കേണ്ടി വരുന്ന സാഹചര്യമില്ലെന്നും കെഎസ്ഇബി ചെയർമാൻ എൻ.എസ്‌പിള്ള പറഞ്ഞു. ജലസേചന വകുപ്പിലെ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും ജലസേചന വകുപ്പ് ചീഫ് എൻജിനീയർ (ഇറിഗേഷൻ ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ) അലക്‌സ് വർഗീസ് അറിയിച്ചു.

പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചൻകോവിൽ നദികളിൽ പ്രളയ സാധ്യതയെന്നു കേന്ദ്ര ജല കമ്മിഷൻ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഓറഞ്ച് ബുള്ളറ്റിൻ പുറത്തിറക്കി. മണിമലയാറ്റിൽ കല്ലൂപ്പാറ നിരീക്ഷണ സ്റ്റേഷനിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് പ്രളയ മുന്നറിയിപ്പ്. തുമ്പമൺ സ്റ്റേഷനിലും ജലനിരപ്പ് അപകടനില കവിഞ്ഞതായി കണ്ടെത്തി. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ ക്യാംപുകളിലേക്കു മടങ്ങണമെന്നും കേന്ദ്ര ജല കമ്മിഷൻ നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP