Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജീവിതത്തിലേക്ക് തിരികെ നടക്കാൻ എടുത്തത് നിർണ്ണായകമായ 18 ദിവസങ്ങൾ; മറികടന്നത് ചുമ, ശ്വാസംമുട്ട് ഉൾപ്പടെ കോവിഡിന്റെ മുഴുവൻ ലക്ഷണങ്ങളെയും; മലയാളികളുടെ പ്രിയപ്പെട്ട 'വാവ' മറ്റൊരു അതിജീവനകഥ പറയുമ്പോൾ

ജീവിതത്തിലേക്ക് തിരികെ നടക്കാൻ എടുത്തത് നിർണ്ണായകമായ 18 ദിവസങ്ങൾ; മറികടന്നത് ചുമ, ശ്വാസംമുട്ട് ഉൾപ്പടെ കോവിഡിന്റെ മുഴുവൻ ലക്ഷണങ്ങളെയും; മലയാളികളുടെ പ്രിയപ്പെട്ട 'വാവ' മറ്റൊരു അതിജീവനകഥ പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മരണത്തിന്റെ ചക്രവ്യൂഹം ഭേദിച്ച് പലതവണ വിജയിയെപ്പോലെ നടന്നുകയറിയ ജീവിതമാണ് മലയാളികളുടെ സ്വന്തം വാവാ സുരേഷിന്റെത്.കൊടിയ വിഷത്തെപ്പോലും വൈദ്യശാസ്ത്രത്തിന്റെ പിൻബലത്തോടെ മനോധൈര്യം കൊണ്ട് വിജയിച്ചു കയറിയ ജീവിതം.ഇപ്പോഴിത സമാനതിതിയിലുള്ള മറ്റൊരു അതിജീവന കഥപറയുകയാണ് വാവസുരേഷ്.മറ്റൊന്നുമ്മല്ല കഴിഞ്ഞ 18 ദിവസമായി കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്നു വാവ.ഇപ്പോൾ കോവിഡിനെയും തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് സുരേഷ്.

കഴിഞ്ഞ മാസം ഇരുപത്തി എട്ടിന് വന്ന കോവിഡ് ബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജ് ഐസിയു നൽകിയചികിത്സ തന്നെയാണ് വാവ സുരേഷിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. ചുമ, ശ്വാസം മുട്ടൽ, ശരീര വേദന തുടങ്ങിയ കൊവിഡിന്റെ ലക്ഷണങ്ങൾ മുഴുവൻ വാവയ്ക്ക് ഉണ്ടായിരുന്നുു. ഓക്സിജൻ ലെവൽ വളരെ താഴ്ന്ന അവസ്ഥ വന്നപ്പോഴാണ് വാവയെ വാർഡിൽ നിന്നും ഐസിയുവിലേക്ക് മാറ്റിയത്. ഇപ്പോൾ സുഖം പ്രാപിച്ചുവെങ്കിലും വാവ ഇതുവരെ മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ആയിട്ടില്ല.

കഴിഞ്ഞ മാസം അവസാനം സ്വകാര്യ ചാനലിനു വേണ്ടി തിരുവനന്തപുരം മൃഗശാലയിൽ കയറി പാമ്പുകളുടെ ദൃശ്യങ്ങൾ എടുത്തപ്പോഴാണ് കോവിഡ് ബാധിച്ചത്. ഷൂട്ട് കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ തന്നെ അസ്വസ്ഥതകൾ വന്നു.സൂവിൽ നിന്ന് കോവിഡ് ബാധിച്ച് പനി വന്നപ്പോൾ ലെൻസിന്റെ ഇൻഫെക്ഷൻ ആണെന്നാണ് കരുതിയത്. പക്ഷെ ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് പോസിറ്റീവ്. എന്റെ ക്യാമറ ചെയ്തയാൾക്കും കോവിഡ് പോസിറ്റീവ്. മൃഗശാലയിൽ ചിലർക്ക് കോവിഡ് വന്നത് അറിഞ്ഞിരുന്നില്ല.

ടെസ്റ്റിൽ പോസിറ്റീവ് ആയതോടെ മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോക്ടർ ഷർമ്മദിനെ വിളിച്ചു. അഡ്‌മിറ്റ് ആകാൻ ഡോക്ടർ പറഞ്ഞു. നേരെ മെഡിക്കൽ കോളെജിലേക്ക്. ആദ്യം വാർഡിൽ. ജീവിതവും മരണവും മാറി കണ്ട നാല് ദിവസങ്ങൾ ഐസിയുവിൽ.മെഡിക്കൽ കോളേജിലെ മരണ നിരക്ക കൂടിയ സമയത്താണ് വാവ ഐസിയുവിൽ എത്തിയത്. ജീവിതങ്ങൾ പൊടുന്നനെ കൺമുന്നിൽ അവസാനിക്കുന്നത് കണ്ട് അമ്പരന്നു നിന്നുപോയി.

ഓക്സിജൻ നൽകിക്കൊണ്ടിരിക്കെ തന്നെ തൊട്ടടുത്ത ബെഡുകളിൽ നിന്ന് ജീവിതങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടേയിരുന്നു. വലിയ കുഴപ്പമില്ലാത്ത അവസ്ഥ എന്ന് തോന്നിപ്പിച്ചിരുന്ന പലർക്കും പൊടുന്നനെ രക്തത്തിൽ നിന്ന് ഓക്സിജന്റെ അളവ് കുറയുകയും മരണത്തിലേക്ക് വലിച്ചെറിയപ്പെട്ട അവസ്ഥ നേരിടുകയും ചെയ്തു.വലുപ്പ ചെറുപ്പങ്ങളോ പ്രായഭേദങ്ങളോ ഒന്നും കോവിഡ് മരണങ്ങൾക്ക് ബാധകമല്ലെന്ന് താൻ അവിശ്വസനീയതയോടെ നോക്കിക്കണ്ടു. കോവിഡ് ജീവിതങ്ങൾ തല്ലിക്കൊഴിച്ചുകൊണ്ടിരിക്കുന്നത് നിത്യേന ദൃശ്യമായി. തനിക്കും നാല് ദിവസം ഓക്സിജൻ ശ്വസിച്ച് ഐസിയുവിൽ കഴിയേണ്ടി വന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ രോഗികളെ മരണത്തിലേക്ക് എറിഞ്ഞു കൊടുക്കുന്നു എന്ന ആരോപണങ്ങൾ മുഴുവൻ വാവ തന്റെ അനുഭവം കൊണ്ട് തള്ളിക്കളയുന്നു. ജീവിതത്തിൽ ആർക്കും ഒരിക്കലും ലഭിക്കാത്ത കരുതലും ചികിത്സയുമാണ് മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്നും ലഭിക്കുന്നത്. ഒരു വിധത്തിലും രക്ഷപ്പെടുത്താൻ കഴിയാത്തവർ മാത്രമാണ് മരണത്തിലേക്ക് ഊർന്നു വീഴുന്നത്. എല്ലാം ഞാൻ നേരിൽക്കണ്ടതാണ്.

മെഡിക്കൽ കോളേജിലെ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും സമ്മതിക്കുന്നു. അവർ അനുഭവിക്കുന്ന ദുരിതങ്ങൾ ഞാൻ നേരിൽ കണ്ടതാണ്. ഏറ്റവും മികച്ച ചികിത്സയാണ് മെഡിക്കൽ കോളേജ് കോവിഡ് ഐസിയു നൽകുന്നത്.വീട്ടിൽ ഇരുന്നു ചികിത്സ ചെയ്ത് ക്രിട്ടിക്കലായാണ് പല രോഗികളും എത്തിയത്. അവരെ രക്ഷിക്കാൻ പഠിച്ച പണി പതിനെട്ടും മെഡിക്കൽ കോളേജ് നോക്കിയിട്ടുണ്ട്.

നില മോശം എന്ന് കണ്ടാൽ കഴിവതും ആശുപത്രിയിൽ എത്തിയേ തീരൂ. വീട്ടിൽ ഇരുന്നുള്ള ചികിത്സയെ കുറിച്ച് തന്നെ എനിക്ക് സംശയം തോന്നുന്നു. ആശുപത്രി തന്നെയാണ് അഭികാമ്യം. ഞാൻ ജീവിതത്തിലേക്ക് തിരികെ വന്നത് തന്നെ മെഡിക്കൽ കോളേജ് ഐസിയു ചികിത്സകൊണ്ടുമാത്രമാണെന്നും വാവ സുരേഷ് സാക്ഷ്യപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP