Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സാമൂഹികനീതി'ക്കായി 1994 ൽ കെ ആർ ഗൗരിയമ്മ ജെഎസ്എസ് രൂപീകരിച്ചത് സിപിഎമ്മിനെ വെല്ലുവിളിച്ച്; 2001 യുഡിഎഫിനൊപ്പം നിന്ന് നിയമസഭയിൽ എത്തിയത് നാല് എംഎൽഎമാർ; 2006ൽ ഗൗരിയമ്മ അരൂരിൽ തോറ്റപ്പോൾ തർക്കവും പിളർപ്പും; സ്ഥാപക നേതാവ് വിടവാങ്ങിയതോടെ അഞ്ച് ഗ്രൂപ്പുകളുടെ ഐക്യം അകലെ

'സാമൂഹികനീതി'ക്കായി 1994 ൽ കെ ആർ ഗൗരിയമ്മ ജെഎസ്എസ് രൂപീകരിച്ചത് സിപിഎമ്മിനെ വെല്ലുവിളിച്ച്; 2001 യുഡിഎഫിനൊപ്പം നിന്ന് നിയമസഭയിൽ എത്തിയത് നാല് എംഎൽഎമാർ; 2006ൽ ഗൗരിയമ്മ അരൂരിൽ തോറ്റപ്പോൾ തർക്കവും പിളർപ്പും; സ്ഥാപക നേതാവ് വിടവാങ്ങിയതോടെ അഞ്ച് ഗ്രൂപ്പുകളുടെ ഐക്യം അകലെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സ്ഥാപക നേതാവായ കെ ആർ ഗൗരിയമ്മ വിടവാങ്ങിയതോടെ അഞ്ചായി നിൽക്കുന്ന ജെഎസ്എസ് വിഭാഗങ്ങൾ ഒന്നിക്കാനുള്ള സാധ്യത വിദൂരമെന്ന് വിലയിരുത്തൽ. പാർട്ടി ഒന്നാകണമെന്ന് എല്ലാ വിഭാഗങ്ങളും പൊതുവേ പറയുന്നുണ്ടെങ്കിലും ഏതു മുന്നണിക്കൊപ്പം നിൽക്കണമെന്നതാണ് പ്രധാന തർക്കം.

സാമൂഹികനീതിയെന്ന മുദ്രാവാക്യമുയർത്തി 1994-ൽ കെ.ആർ. ഗൗരിയമ്മ രൂപവത്കരിച്ചതാണ് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്.). സിപിഎമ്മിനെ വെല്ലുവിളിച്ചു പടുത്തുയർത്തിയ പ്രസ്ഥാനം 2001-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭാഗമായി നാല് എംഎ‍ൽഎ.മാരെ ജയിപ്പിച്ചു. 2006-ൽ ഗൗരിയമ്മ അരൂരിൽ തോറ്റതോടെയാണ് പാർട്ടിയിൽ തർക്കങ്ങളുയർന്നത്.

2014-ൽ യു.ഡി.എഫ്. വിട്ടതോടെ പിളർപ്പും തുടങ്ങി. നിലവിൽ ജെ.എസ്.എസ്. എന്നപേരിൽ അഞ്ച് പാർട്ടികളുണ്ട്. തർക്കം കാരണം ആലപ്പുഴയിലുള്ള സംസ്ഥാനക്കമ്മിറ്റി ഓഫീസ് മൂന്നു വിഭാഗങ്ങൾ മൂന്നു പൂട്ടിട്ടു പൂട്ടിയിരിക്കുകയാണ്.

അഞ്ചു വിഭാഗങ്ങളിൽ മൂന്നെണ്ണം എൽ.ഡി.എഫ്. അനുകൂല നിലപാടിലും രണ്ടെണ്ണം യു.ഡി.എഫ്. അനുകൂല നിലപാടിലുമാണ്. രണ്ടു വിഭാഗങ്ങളിൽ കെ.ആർ. ഗൗരിയമ്മയായിരുന്നു ജനറൽ സെക്രട്ടറി. ഒന്നിൽ പ്രസിഡന്റും. എ.എൻ. രാജൻ ബാബു നയിക്കുന്ന വിഭാഗമാണ് പ്രധാനമായും യു.ഡി.എഫ്. നിലപാടുള്ളവർ.

ഗൗരിയമ്മയുടെ മരണ ദിവസം ഒരു കാര്യത്തിൽ 5 ഗ്രൂപ്പുകൾക്കും ഏകാഭിപ്രായമുണ്ടായി ലോക്ഡൗണിനു ശേഷം എല്ലാ ഗ്രൂപ്പും ഒന്നിച്ച് ആലപ്പുഴയിൽ അനുസ്മരണ സമ്മേളനം നടത്തണം. അതു പക്ഷേ, രാഷ്ട്രീയമായ ഐക്യമല്ലെന്ന് നേതാക്കൾ തന്നെ പറയുന്നുമുണ്ട്.

ഗൗരിയമ്മയുടെ സഹോദരീപുത്രി ഡോ. പി.സി.ബീനാകുമാരി, മുൻ എംഎൽഎ എ.എൻ.രാജൻബാബു, വി എസ്.സത്ജിത്, ബി.ഗോപൻ, ടി.കെ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പാർട്ടി അഞ്ചായി പിരിഞ്ഞു നിൽക്കുന്നത്.

എൽഡിഎഫിനൊപ്പം നിൽക്കണമെന്നായിരുന്നു അവസാന കാലത്ത് ഗൗരിയമ്മയുടെ നിലപാട്. ബീനാകുമാരി, ഗോപൻ, സുരേഷ് കുമാർ എന്നിവരുടെ വിഭാഗങ്ങൾ അതിനെ അനുകൂലിക്കുന്നു. രാജൻബാബു, സത്ജിത് വിഭാഗങ്ങൾ യുഡിഎഫിനൊപ്പം നിൽക്കണമെന്ന അഭിപ്രായക്കാരാണ്.

ഏകീകരണം നല്ലതാണെങ്കിലും ഉടൻ ആലോചിക്കുന്നില്ലെന്നാണ് ബീനാകുമാരിയുടെ നേതൃത്വത്തിലുള്ള വിഭാഗം പറയുന്നത്. ഇന്നലെ ഗൗരിയമ്മയുടെ വീട്ടിൽ ചേർന്ന യോഗം പി.സി.ബീനാകുമാരിയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

പാർട്ടി സിപിഎമ്മിൽ ലയിക്കുകയോ എൽഡിഎഫിനൊപ്പം നിൽക്കുകയോ വേണമെന്നാണ് ഗോപൻ വിഭാഗത്തിന്റെ നിലപാട്. ഗൗരിയമ്മയുടെ ആഗ്രഹം പോലെ എൽഡിഎഫിനൊപ്പം നിൽക്കണമെന്നാണ് സുരേഷ് കുമാർ വിഭാഗവും പറയുന്നത്.

ഗൗരിയമ്മയുടെ നയങ്ങൾ അംഗീകരിക്കുന്നവരെയെല്ലാം കൂട്ടിയിണക്കാനുള്ള ശ്രമം നടത്തുമെന്ന് ജെ.എസ്.എസ്. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.സി. ബീനാകുമാരി പറഞ്ഞു. ഗൗരിയമ്മയെ സ്‌നേഹിക്കുന്നവരുടെ ഉത്തരവാദിത്വമാണ് പാർട്ടിയെ സംരക്ഷിച്ചു നിർത്തേണ്ടതെന്ന് സംസ്ഥാന സെക്രട്ടറി ആർ. പൊന്നപ്പൻ പറഞ്ഞു.

ഇപ്പോൾ വിവിധ വിഭാഗങ്ങൾ തമ്മിൽ വലിയ പ്രശ്‌നങ്ങൾ ഇല്ലെന്നും യുഡിഎഫിനൊപ്പം ഒന്നിച്ചു പോകണമെന്നുമാണ് അഭിപ്രായമെന്ന് രാജൻബാബു വിഭാഗം പറയുന്നു. പാർട്ടിയെ അംഗീകരിച്ചതും സ്ഥാനങ്ങൾ നൽകിയതും യുഡിഎഫാണെന്നു സത്ജിത് വിഭാഗവും പറയുന്നു.

കെ.ആർ.ഗൗരിയമ്മയുടെ ചിതാഭസ്മം വർക്കല പാപനാശത്ത് ഒഴുക്കുമെന്നു ബന്ധുക്കൾ അറിയിച്ചു. ഇന്നലെ വലിയ ചുടുകാട്ടിൽ നടന്ന അസ്ഥിശേഖരണ കർമത്തിൽ സഹോദരീപുത്രി ഡോ. പി.സി.ബീനാകുമാരി ഉൾപ്പെടെയുള്ള ബന്ധുക്കളും ജെഎസ്എസ് നേതാക്കളിൽ ചിലരും പങ്കെടുത്തു.

ചിതാഭസ്മം എവിടെ ഒഴുക്കണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗൗരിയമ്മ ആഗ്രഹങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. ഇത്തരം കാര്യങ്ങളിൽ ഗൗരിയമ്മയ്ക്കു വിശ്വാസമുണ്ടെന്നു തോന്നുന്നില്ലെന്നു ബീനാകുമാരി പറഞ്ഞു.

കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരമാണ് ചിതാഭസ്മം നിമജ്ജനത്തിന് തീരുമാനിച്ചത്. മറ്റു കർമങ്ങളൊന്നുമില്ലെന്നും ബീനാകുമാരി പറഞ്ഞു. ചിതാഭസ്മം ഗൗരിയമ്മയുടെ ചാത്തനാട്ടെ വസതിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP