Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കനത്ത കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത; കേരള തീരത്ത് മൽസ്യ ബന്ധനം നിരോധിച്ചെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കനത്ത കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത; കേരള തീരത്ത് മൽസ്യ ബന്ധനം നിരോധിച്ചെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 40 കീലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുകിഴക്കൻ അറബിക്കടലിൽ വ്യാഴാഴ്ചയോടെ ന്യൂനമർദം രൂപം കൊള്ളുമെന്നാണ് മുന്നറിയിപ്പ്.

ലക്ഷദ്വീപിനു സമീപം വടക്കു പടിഞ്ഞാറു ദിശയിൽ നീങ്ങുന്ന ന്യൂനമർദം 15ാം തീയതിയോടെ തീവ്രന്യൂനമർദമായി മാറും. 16ാം തീയതി വീണ്ടും ശക്തിയാർജിച്ച് ചുഴലിക്കാറ്റായി മാറും.

കേരള തീരത്തു നിന്ന് ഏകദേശം 1000 കിലോമീറ്റർ അകലെക്കൂടിയാണു ചുഴലിയുടെ യാത്രാവഴിയെങ്കിലും തീരക്കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കാമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കപ്പെടുന്ന സഞ്ചാരപഥത്തിൽ നിലവിൽ കേരളം ഇല്ല. എന്നാൽ കേരളത്തിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. മെയ് 14, 15 തീയതികളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

13 നോട് കൂടി അറബിക്കടൽ കൂടുതൽ പ്രക്ഷുബ്ധമാകും എന്നാണ് പ്രവചനം. ഇന്ന് അർധരാത്രി 12 മണി മുതൽ കേരള തീരത്ത് മൽസ്യ ബന്ധനം പൂർണ്ണമായി നിരോധിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്ത നിവാരണ അഥോറിറ്റിയുടെ അറിയിപ്പ് ലഭിക്കുന്നത് വരെ ആരും കടലിൽ പോകാൻ പാടുള്ളതല്ല. നിലവിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിലേർപ്പെട്ട് കൊണ്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾക്ക് എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.

മഴയുടെ തോത് സാധാരണയോ കൂടുതലോ ആയിരിക്കാനാണ് സാധ്യത എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദം രൂപപ്പെടുന്ന ഘട്ടത്തിൽ കടലാക്രമണം ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. അപകടകരമായ അവസ്ഥയിൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ ആവശ്യമായ ഘട്ടത്തിൽ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റാൻ നിർദ്ദേശം നൽകി. തീരദേശത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യു ഉദ്യോഗസ്ഥരും ഈ കാര്യങ്ങൾക്ക് നേതൃത്വം നൽകും.

വേനൽ മഴയോട് അനുബന്ധിച്ച് ലഭിച്ചു കൊണ്ടിരിക്കുന്ന ഇടിമിന്നലോട് കൂടിയ മഴയും കാറ്റും ന്യൂനമർദ രൂപീകരണത്തിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിലെ മാഡൻ-ജൂലിയൻ എന്നറിയപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെയും പശ്ചാത്തലത്തിൽ കൂടുതൽ ശക്തി പ്രാപിക്കുന്ന സാഹചര്യമാണുള്ളത്. ഉച്ച തിരിഞ്ഞുള്ള ശക്തമായ ഇടിമിന്നലും മഴയും അടുത്ത ദിവസങ്ങളിലും തുടർന്നേക്കും.

ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടും ചെറിയ വെള്ളപ്പൊക്കങ്ങളും രൂപപ്പെടാൻ സാധ്യതയുണ്ട്. കാറ്റിൽ മരങ്ങൾ കടപുഴകി വീണോ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ മൂലമോ അപകടങ്ങൾ ഉണ്ടാവാനും സാധ്യത ഉള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണം.

സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കോവിഡ് ചികിത്സ ലഭ്യമാക്കുന്ന മുഴുവൻ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകളിലും വൈദ്യുതി വിതരണം തടസ്സമില്ലാതെ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പിനും വൈദ്യുത വകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികൾ ഇത് ഉറപ്പാക്കും. അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിപ്പിക്കാൻ മുഴുവൻ ആശുപത്രികളിലും ജനറേറ്ററുകൾ സ്ഥാപിക്കാനും നിർദേശിച്ചു. വൈദ്യുത ബന്ധത്തിൽ തകരാറുകൾ വരുന്ന മുറക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ, ആവശ്യമായ ടാസ്‌ക് ഫോഴ്‌സുകൾ തുടങ്ങിയവ വൈദ്യുത വകുപ്പ് മുൻകൂട്ടി സജ്ജമാക്കി നിർത്തിയിട്ടുണ്ട്.

ന്യൂനമർദത്തിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ എമെർജൻസി ഓപ്പറേഷൻസ് സെന്റർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. തുടർ വിവരങ്ങൾ യഥാസമയം പൊതുജനങ്ങളെ അറിയിക്കും. നിർദേശങ്ങൾ കർശനമായി പാലിക്കണം. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികളുടെ കണ്ട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ഇ.ഓ.സിയുമായി ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP