Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്കിൽ ആശ്വസിക്കാൻ വകയില്ല; ലോക്ഡൗൺ നീട്ടുന്നത് ഉചിതമായ സമയത്ത് തീരുമാനിക്കും; കോവിഡ് വ്യാപനം കൂടിയ ജില്ലകളിലെ അടച്ചിടലിൽ തീരുമാനിക്കേണ്ടതു കേന്ദ്രസർക്കാർ; ലോക്ഡൗൺ ഫലം കാണുമെന്നും മുഖ്യമന്ത്രി; ഓൺലൈൻ പാസ് ആവശ്യമെങ്കിൽ മാത്രം

സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്കിൽ ആശ്വസിക്കാൻ വകയില്ല; ലോക്ഡൗൺ നീട്ടുന്നത് ഉചിതമായ സമയത്ത് തീരുമാനിക്കും; കോവിഡ് വ്യാപനം കൂടിയ ജില്ലകളിലെ അടച്ചിടലിൽ തീരുമാനിക്കേണ്ടതു കേന്ദ്രസർക്കാർ; ലോക്ഡൗൺ ഫലം കാണുമെന്നും മുഖ്യമന്ത്രി; ഓൺലൈൻ പാസ് ആവശ്യമെങ്കിൽ മാത്രം

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് ആശ്വസിക്കാൻ വക നൽകുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അവസ്ഥയെക്കുറിച്ച് പറയാവുന്ന നിലയായിട്ടില്ല. രോഗവ്യാപനം കേരളത്തിൽ വലിയ രീതിയിൽ നടക്കുന്നുണ്ട്. പെട്ടെന്നു കുറച്ചുദിവസം കൊണ്ട് കോവിഡ് മാറില്ല. ലോക്ഡൗൺ കുറച്ചു ദിവസം കഴിഞ്ഞാലേ മാറ്റം ഉണ്ടാകൂ. ഫലം ഇല്ല എന്നു പറയാൻ കഴിയില്ല. നല്ല ഫലം ഉണ്ടെന്നാണു സർക്കാർ വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗൺ നീട്ടുമോയെന്ന ചോദ്യത്തിന്, അതിനെക്കുറിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും ലോക്ഡൗൺ നീട്ടുന്നതിന് ഇനി മുന്നൊരുക്കം ആവശ്യമില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.

കോവിഡ് വ്യാപനം കൂടിയ ജില്ലകൾ ആറു മുതൽ എട്ടു ആഴ്ചവരെ അടച്ചിടണമെന്ന ഐസിഎംആർ ശുപാർശയെക്കുറിച്ച് തീരുമാനിക്കേണ്ടതു കേന്ദ്രസർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയതലത്തിലാണ് ഇത്തരം ശുപാർശകൾ ബാധകമാകുന്നത്. കേന്ദ്രത്തിന്റെ ആലോചനയുടെ ഭാഗമായാണോ ഈ ശുപാർശ എന്നു സംസ്ഥാനത്തിന് അറിവില്ല.

ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായവരിൽ രോഗം സംശയിക്കുന്നവർക്കു മാത്രം ആർടിപിസിആർ നടത്തിയാൽ മതിയാകുമെന്നാണ് ഐസിഎംആറിന്റെ പുതിയ മാർഗ നിർദ്ദേശം. സംസ്ഥാനത്തിനു പുറത്തുനിന്ന് വരുന്ന ട്രെയിൻ യാത്രക്കാർ 72 മണിക്കൂറിനു മുൻപുള്ള ആർടിപിസിആർ പരിശോധനഫലം ഹാജരാക്കണം.

ആശുപത്രികളിലെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിലെ രോഗികളുടെ പ്രവേശനം അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കലക്ടർമാർ ഇടപെടണം.

അടിയന്തര യാത്ര ചെയ്യുന്നവർക്കു പാസിനായി പൊലീസിന്റെ പോൽ ആപ്പിലും അപേക്ഷിക്കാം. ഇതിന്റെ സ്‌ക്രീൻ ഷോട്ട് പൊലീസിനെ കാണിക്കണം. ദിവസവേതനക്കാർ, വീട്ടുജോലിക്കാർ, ഹോംനഴ്‌സുമാർ എന്നിവർക്കു ലോക്ഡൗൺ കഴിയുന്നതുവരെ കാലാവധിയുള്ള പാസിനു അപേക്ഷിക്കാം.

വളരെ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ ഓൺലൈൻ പാസിനു അപേക്ഷിക്കാവൂ. ആശുപത്രികളിൽ പോകുന്നവർക്കു സത്യവാങ്മൂലം നൽകി യാത്ര ചെയ്യാം. ഇതിനായി പൊലീസിന്റെ ഇ പാസ് വേണ്ട. തിരിച്ചറിയൽ കാർഡ് വേണം.

75 വയസിനു മുകളിലുള്ളവർ ചികിൽസയ്ക്കു പോകുമ്പോൾ ഡ്രൈവറെകൂടാതെ 2 സഹായികളെകൂടി അനുവദിക്കും.

1845 വയസ്സ് പ്രായമുള്ളവരിൽ മറ്റ് രോഗമുള്ളവർക്ക് ഉടൻ വാക്സിൻ നൽകാനുള്ള നടപടികൾ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് മുൻഗണന വിഭാഗക്കാരുടെ എണ്ണം കണക്കാക്കി അതുപ്രകാരം വാക്സിൻ കൊടുക്കുന്നത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

18-45 വയസ്സ് പ്രായമുള്ളവർക്ക് വിതരണം ചെയ്യാനായി സർക്കാർ വിലകൊടുത്ത് വാങ്ങിയ കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകൾ വിതരണം ചെയ്യുന്നത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ ആദ്യ ബാച്ചുകൾ സംസ്ഥാനത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് എല്ലാവർക്കും ഒറ്റയടിക്ക് വാക്സിൻ നൽകുകയെന്നത് വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും വാക്സിൻ നൽകുക എന്നതാണ് സർക്കാർ നയം. എന്നാൽ ഈ ഘട്ടത്തിൽ എല്ലാവർക്കും വാക്സിൻ നൽകാൻ മാത്രം വാക്സിൻ ലഭ്യമല്ല. 18-45 വയസ്സ് പ്രായമുള്ളവർക്ക് ഓർഡർ ചെയ്ത വാക്സിൻ അവർക്ക് തന്നെ നൽകും. ഇക്കാര്യത്തിൽ മുൻഗണന ആവശ്യം വരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്സിൻ കേന്ദ്രസർക്കാരാണ് ലഭ്യമാക്കുന്നത്. കേരളത്തിൽ 45ന് വയസ്സിന് മുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണ്. അവർക്ക് രണ്ട് ഡോസ് വീതം നൽകാൻ 2.26 കോടി ഡോസ് വാക്സിൻ നമുക്ക് ലഭിക്കണം.

കോവിഡ് തരംഗത്തിന്റെ നിലവിലെ വ്യാപന വേഗതയിൽ ഉണ്ടാവുന്ന മരണനിരക്ക് പിടിച്ചുനിർത്താൻ 45 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ എത്രയും പെട്ടന്ന് പൂർത്തിയാക്കണം. കേരളത്തിന് അർഹമായ വാക്സിൻ എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ നിരവധി തവണ ഔദ്യോഗികമായി കേന്ദ്രവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സ്വകാര്യ സ്‌കൂളുകൾ അമിതമായ ഫീസ് ഈടാക്കുന്നതു ശരിയല്ല. വിദ്യാഭ്യാസവകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കും. സർക്കാർ സർവീസിലേക്കു തിരികെ വരാൻ സമയം കൊടുത്തശേഷവും വരാത്ത ജീവനക്കാർക്ക് ഇനി സാധ്യതയില്ലെന്നു ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 20ന് സത്യപ്രതിജ്ഞ ചെയ്യുന്ന നിലയ്ക്കാണു കാര്യങ്ങൾ പുരോഗമിക്കുന്നത്. മന്ത്രിസഭയിൽ ആരൊക്കെയുണ്ടെന്നതിനെക്കുറിച്ച് ഒന്നും ഇപ്പോൾ പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം എത്തിക്കാനുള്ള നടപടികൾ ഇന്ത്യൻ എംബസിയുമായി ചേർന്നു സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നോർക്ക സെക്രട്ടറി ഇസ്രയേലിലെ ഇന്ത്യൻ എംബസി പ്രതിനിധിയുമായി ഇക്കാര്യം സംസാരിച്ചു.

സ്വന്തം കുടുംബാംഗത്തെപോലെയാണ് പലരും ഗൗരിയമ്മയെ കാണുന്നതെന്നും അതിനാലാണ് 300പേർക്ക് പൊതുദർശനത്തിന് അനുമതി കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതു പാലിക്കാനാണു സർക്കാർ ശ്രമിച്ചത്. എന്നാൽ അതിൽ കൂടുതൽപേർ വന്നിട്ടുണ്ടാകും. അവരെ ബലം പ്രയോഗിച്ച് തള്ളിക്കളയുന്ന നില സ്വീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP