Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്തനംതിട്ട കാനറാബാങ്ക് ശാഖയിൽ കോടികളുടെ തട്ടിപ്പ്; ജീവനക്കാരൻ തട്ടിയെടുത്തത് എട്ടുകോടിയിലധികം രൂപ; ക്ലർക്ക് കം ക്യാഷ്യർ നടത്തിയ തട്ടിപ്പ് വെളിച്ചത്തായത് ഒരുമാസം നീണ്ട ഓഡിറ്റിങ്ങിനൊടുവിൽ; ഒളിവിൽ പോയ ജീവനക്കാരനെ തേടി പൊലീസ്

പത്തനംതിട്ട കാനറാബാങ്ക് ശാഖയിൽ കോടികളുടെ തട്ടിപ്പ്; ജീവനക്കാരൻ തട്ടിയെടുത്തത് എട്ടുകോടിയിലധികം രൂപ;  ക്ലർക്ക് കം ക്യാഷ്യർ നടത്തിയ തട്ടിപ്പ് വെളിച്ചത്തായത് ഒരുമാസം നീണ്ട ഓഡിറ്റിങ്ങിനൊടുവിൽ;  ഒളിവിൽ പോയ ജീവനക്കാരനെ തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കാനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയിൽ കോടികളുടെ തട്ടിപ്പ്.ഒരുമാസം നീണ്ട ഓഡിറ്റിങ്ങിനൊടുവിലാണ് കോടികൾ തിരിമറി നടത്തിയ ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്.ബാങ്കിന്റെ ഓഡിറ്റിങ്ങിൽ 8.13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. കോടികൾ തട്ടിച്ചതിന് പിന്നാലെ കടന്നുകളഞ്ഞ ക്ലർക്ക് കം ക്യാഷ്യർ ആവണീശ്വരം സ്വദേശി വിജീഷ് വർഗീസ് കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലാണ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; തന്റെ അറിവില്ലാതെ പത്തുലക്ഷം രൂപയുടെ തന്റെ അക്കൗണ്ട് ക്ലോസ് ചെയ്തു എന്നുകാണിച്ച് ഒരു ഇടപാടുകാരൻ നൽകിയ പരാതിയിലാണ് സംഭവത്തെക്കുറിച്ചുള്ള ആദ്യസൂചന പുറത്ത് വരുന്നത്.ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് ആയിരുന്നു ഇത്. ഇക്കാര്യം ജീവനക്കാരൻ ബാങ്ക് മാനേജറെ അറിയിച്ചു. ഇതോടെ ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മറുപടി നൽകി. തുടർന്ന് ബാങ്കിന്റെ കരുതൽ അക്കൗണ്ടിൽനിന്നുള്ള പണം തിരികെ നൽകി പരാതി പരിഹരിക്കുകയും ചെയ്തു. തുടർന്ന് ബാങ്ക് നടത്തിയ ഒരുമാസം നീണ്ട ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.

14 മാസത്തിനിടെ 191 ഇടപാടുകളിലായാണ് കോടികൾ തട്ടിയത്. ദീർഘകാലത്തെ സ്ഥിര നിക്ഷേപത്തിൽ നിന്നോ, കാലാവധി പിന്നിട്ടിട്ടും പണം പിൻവലിക്കാത്തവരുടെ അക്കൗണ്ടിൽ നിന്നോ ആണ് പണം അനധികൃതമായി പിൻവലിച്ചത്. പണം പിൻവലിക്കാൻ അനുമതി നൽകുന്ന ഉന്നത ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ കമ്പ്യൂട്ടറിലെ വിവരങ്ങൾ ചോർത്തിയാണ് ഇയാൾ പണം തട്ടിയതെന്നാണ് നിഗമനം.

പണം പിൻവലിക്കാനും അക്കൗണ്ട് ക്ലോസ് ചെയ്യാനും അനുമതി നൽകേണ്ട ഉയർന്ന ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ അവരുടെ കമ്പ്യൂട്ടർ കൈകാര്യം ചെയ്താണ് വിജീഷ് പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയത്.തട്ടിപ്പിൽ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് നിലവിലെ കണ്ടെത്തൽ. അതേസമയം, ഇത്രയും വലിയ ക്രമക്കേടുകൾ തടയാൻ കഴിയാത്തതിൽ ബാങ്ക് മാനേജർ അടക്കം അഞ്ച് ജീവനക്കാരെ അധികൃതർ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ തട്ടിപ്പ് നടത്തിയ വിജീഷ് വർഗീസ് കുടുംബസമേതം ഒളിവിൽ പോയെന്നും പൊലീസ് പറയുന്നു.ഫെബ്രുവരി 11 മുതൽ കാണാതായ വിജീഷ് വർഗീസിനെക്കുറിച്ച് ഇതേവരെ പൊലീസിന് വിവരം ലഭിച്ചിട്ടില്ല. ഭാര്യയ്ക്കും കുട്ടികൾക്കും ഒപ്പമാണ് ഇയാൾ മുങ്ങിയിരിക്കുന്നത്. വിജീഷിന്റെയും ഭാര്യയുടെയും മൊബൈൽ ഫോണുകളും ഫെബ്രുവരി 11 മുതൽ സ്വിച്ച് ഓഫാണ്.കുടുംബസമേതം കൊച്ചിയിലെ ഒരു സുഹൃത്തിന്റെ വീട്ടിലേക്കാണ് ഇയാൾ ആദ്യം പോയത്.

അതിനായി ഉപയോഗിച്ച കാർ അന്വേഷണസംഘം കണ്ടെത്തി.20ലക്ഷം രൂപ വില വരുന്ന കാർ കലൂരിലെ ഫ്ലാറ്റിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ബാങ്കിലെ ജീവനക്കാരൻ ആകുന്നതിന് മുൻപ് വിജീഷ് വർഗീസ് നേവിയിലെ ഉദ്യോഗസ്ഥനായിരുന്നു. നേവിയിലെ ഉദ്യോഗസ്ഥനായിരുന്ന സമയത്ത് ജോലി ചെയ്തിരുന്ന സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ഉണ്ടാവുമെന്ന വിലയിരുത്തലിൽ അന്വേഷണം വിപുലമാക്കാൻ ഒരുങ്ങുകയാണ് പൊലീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP