Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് കാലത്ത് പാവങ്ങൾക്കായി കേന്ദ്രം നൽകിയ 596.7 ടൺ കടല പഴകിനശിച്ചു; മിച്ചം വന്ന കടല നാലു മാസമായി റേഷൻ കടയിലിരുന്നു കേടായി; സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യക്കിറ്റിൽപെടുത്തി വിതരണം ചെയ്യാൻ അനുവദിച്ചിട്ടും സിവിൽ സപ്ലൈസ് വീഴ്‌ച്ച വരുത്തി; കിറ്റ് ഹിറ്റാക്കി വോട്ടു നേടിയ സർക്കാർ കേന്ദ്രം നൽകിയ ധാന്യവും കേടാക്കി കളയുമ്പോൾ

കോവിഡ് കാലത്ത് പാവങ്ങൾക്കായി കേന്ദ്രം നൽകിയ 596.7 ടൺ കടല പഴകിനശിച്ചു; മിച്ചം വന്ന കടല നാലു മാസമായി റേഷൻ കടയിലിരുന്നു കേടായി; സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യക്കിറ്റിൽപെടുത്തി വിതരണം ചെയ്യാൻ അനുവദിച്ചിട്ടും സിവിൽ സപ്ലൈസ് വീഴ്‌ച്ച വരുത്തി; കിറ്റ് ഹിറ്റാക്കി വോട്ടു നേടിയ സർക്കാർ കേന്ദ്രം നൽകിയ ധാന്യവും കേടാക്കി കളയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിൽ സംസ്ഥാനം നൽകിയ ഭക്ഷ്യകിറ്റിന് വലിയ പ്രധാന്യം ഉണ്ടായെന്നത് എല്ലാ രാഷ്ട്രീയക്കാരു അംഗീകരിക്കുന്ന കാര്യമാണ്. ഇക്കാര്യത്തിൽ കേന്ദ്രവിഹിതം സമർത്ഥമായി ഉപയോഗിക്കാൻ സംസ്ഥാനത്തിന് സാധിച്ചു എന്നിടത്താണ് വിജയം. അതേസമയം കേന്ദ്രസർക്കാർ നൽകിയ അരിയും ഭക്ഷ്യകിറ്റിന്റെ ഭാഗമായി എല്ലായിടത്തുമെത്തി. ഇതെല്ലാം സിപിഎം അനുകൂല വോട്ടായി മാറുകയും ചെയ്തു. എന്നാൽ, കേന്ദ്രം നൽകുന്ന സഹായം ഉപയോഗിക്കുന്നതിൽ ഭക്ഷ്യ വകുപ്പിന് പലയിടത്തും വീഴ്‌ച്ച വരുന്നു എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

ഒന്നാം കോവിഡ് തരംഗത്തിൽ പാവപ്പെട്ടവർക്ക് വിതരണം ചെയ്യാൻ കേന്ദ്രം അനുവദിച്ച കടലയിൽ 596.7 ടൺ (596710.46 കിലോഗ്രാം) റേഷൻകടകളിലിരുന്ന് പഴകിനശിച്ചതാണ് ഒരു സംഭവം. കഴിഞ്ഞവർഷം ഏപ്രിൽ മുതലുള്ള ലോക്ഡൗൺ കാലത്ത് 'പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന' (പി.എം.ജി.കെ.എ.വൈ.-പാവങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഭക്ഷ്യസുരക്ഷാ പദ്ധതി) പ്രകാരം അനുവദിച്ചതാണിത്.

കുറേപ്പേർ ഇത് വാങ്ങിയിരുന്നില്ല. അങ്ങനെ മിച്ചംവന്നതാണ് നാലുമാസമായി റേഷൻകടകളിലിരുന്ന് കേടായത്. മിച്ചംവന്ന കടല സംസ്ഥാനസർക്കാർ നൽകുന്ന ഭക്ഷ്യക്കിറ്റിൽപെടുത്തി വിതരണം ചെയ്യാൻ കേന്ദ്രം അനുവദിച്ചിരുന്നു. പക്ഷേ, യഥാസമയം ഇവ റേഷൻകടകളിൽനിന്ന് തിരിച്ചെടുത്ത് വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് വകുപ്പിന് കഴിഞ്ഞില്ല. ഭരണാനുകൂല സംഘടനയായ കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സിഐ.ടി.യു.) തന്നെ ഇത് പലതവണ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.

അതിദരിദ്രവിഭാഗങ്ങളിൽപെടുന്ന അന്ത്യോദയ അന്നയോജന (എ.എ.വൈ.), മറ്റ് മുൻഗണനാവിഭാഗം (പ്രയോറിറ്റി ഹൗസ്ഹോൾഡ്-പി.എച്ച്.എച്ച്.) എന്നിവയ്ക്ക് നൽകാനാണ് കേന്ദ്രം അനുവദിച്ചത്. കേരളത്തിൽ അന്ത്യോദയയിൽ 593976 കാർഡും മുൻഗണനാവിഭാഗത്തിൽ 3309926 കാർഡുമാണ് ഉള്ളത്. കാർഡിലെ അംഗങ്ങൾക്ക് നാലുകിലോ അരി, ഒരുകിലോ ഗോതമ്പ് എന്നിവ വീതവും കാർഡ് ഒന്നിന് ഒരുകിലോഗ്രാം വീതം ഭക്ഷ്യധാന്യവുമാണ് നൽകേണ്ടിയിരുന്നത്. ഭക്ഷ്യധാന്യമായി ആദ്യ രണ്ടുമാസം ചെറുപയറാണ് കിട്ടിയത്. അതുകൊടുത്തുതീർന്നു.

പിന്നീടുള്ള മാസങ്ങളിലാണ് കടല കിട്ടിയത്. ഡിസംബർവരെ അത് നൽകിയശേഷം മിച്ചംവന്നതാണ് നശിച്ചത്. അരിയും ഗോതമ്പും മിച്ചം വന്നിരുന്നു. പക്ഷേ, മറ്റ് വിഭാഗങ്ങളിലേക്ക് വകയിരുത്തി അവയുടെ വിതരണം തുടർന്നു. സ്റ്റോക്കിൽ ക്രമീകരണം വരുത്തി. ഭക്ഷ്യധാന്യ പദ്ധതി നിർത്തിയതുകൊണ്ട് അത് കഴിഞ്ഞില്ല. വകമാറ്റാൻ കേന്ദ്രത്തിന്റെ അനുമതി കിട്ടിയതിനെത്തുടർന്ന്, റേഷൻകടകളിലെ കടലസ്റ്റോക്ക് ഗോഡൗണിലേക്ക് മാറ്റണമെന്നും ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശിച്ച് കിറ്റ് വിതരണത്തിന്റെ ചുമതലയുള്ള സപ്ലൈകോയുടെ മാനേജിങ് ഡയറക്ടർ ഡിപ്പോ മാനേജർമാർക്കും മേഖലാ മാനേജർമാർക്കും ഫെബ്രുവരി 25-ന് കത്തയച്ചിരുന്നു.

കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള 250 ഗ്രാം തുവരപ്പരിപ്പിനുപകരം 500 ഗ്രാം കടലയും 500 ഗ്രാം ഉഴുന്നിനുപകരം 750 ഗ്രാം കടലയും എന്ന രീതിയിൽ ക്രമീകരിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഈ കത്തയച്ചതിനുശേഷവും റേഷൻകടകളിലെ നീക്കിയിരുപ്പിൽ മാറ്റംവന്നിട്ടില്ലെന്ന് സിവിൽ സപ്ലൈസ് വകുപ്പിന്റെ സ്റ്റോക്ക് വിശദാംശങ്ങൾ വ്യക്തമാക്കുന്നു. കിറ്റിൽ ഉൾപ്പെടുത്തുംമുമ്പ് ഗുണമേന്മ പരിശോധിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. ഗുണമില്ലെന്ന് കണ്ടതുകൊണ്ടാണോ തിരിച്ചെടുക്കാത്തതെന്ന് വ്യക്തമല്ല.

കിറ്റിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നു-സിവിൽ സപ്ലൈസ് വകുപ്പ് കേന്ദ്രം അനുവദിച്ചതിൽ മിച്ചംവന്ന കടല സംസ്ഥാനസർക്കാരിന്റെ ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നു. ശേഷിക്കുന്നത് വളരെ കുറവാണെന്നാണ് മനസ്സിലാക്കന്നത്. കുറച്ച് ഭക്ഷ്യയിനങ്ങൾ കേടായിപ്പോകുന്നത് സ്വാഭാവികമാണ്.

മിച്ചംവന്ന കടലയുടെ ജില്ലാതല അളവ് (കിലോഗ്രാമിൽ) ആലപ്പുഴ-56242.2 എറണാകുളം-28198.19 ഇടുക്കി-39209.5 കണ്ണൂർ-20813.49 കാസർകോട്-13282.09 കൊല്ലം-69686.04 കോട്ടയം-50333.14 കോഴിക്കോട്-28925.52 മലപ്പുറം-50208.28 പാലക്കാട്-42455.74 പത്തനംതിട്ട-51821.43 തിരുവനന്തപുരം-110135.89 തൃശ്ശൂർ-27511.79 വയനാട്-7887.1 ആകെ 596710.46

സംസ്ഥാനത്തിന്റെ കോവിഡ് കിറ്റ്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണു കഴിഞ്ഞ വർഷം മുതൽ ജനങ്ങൾക്കു കിറ്റു നൽകാൻ സർക്കാർ തീരുമാനിച്ചത്. ഒരു മാസം 450 കോടിരൂപ ഇതിനു ചെലവുണ്ട്. ദുരിതാശ്വാസ നിധിയിൽനിന്നും ഖജനാവിൽനിന്നുമാണു പണം കണ്ടെത്തുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് അടുത്തയാഴ്ച വിതരണം ആരംഭിക്കുന്ന കിറ്റിലുള്ള സാധനങ്ങൾ: ചെറുപയർ (അര കിലോ), ഉഴുന്ന് (അര കിലോ), തൂവരപ്പരിപ്പ് (അര കിലോ), കടല (അര കിലോ), പഞ്ചസാര (1 കിലോ), തേയില (100 ഗ്രാം), മുളകുപൊടി (100 ഗ്രാം), മഞ്ഞൾപൊടി (100 ഗ്രാം), വെളിച്ചെണ്ണ (അര ലീറ്റർ), ആട്ട (1 കിലോ), ഉപ്പ് (1 കിലോ), തുണിസഞ്ചി 1 എണ്ണം. ആകെ ഏകദേശ വില 438.50 രൂപ.

കേന്ദ്രമാണു റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള അരി എല്ലാ സംസ്ഥാനങ്ങൾക്കും നൽകുന്നത്. കേന്ദ്രത്തിൽനിന്നുള്ള അരി കിറ്റായല്ല റേഷൻകട വഴി തൂക്കി കൊടുക്കുകയാണു ചെയ്യുന്നത്. സംസ്ഥാനത്ത് 89 ലക്ഷം കാർഡുടമകളുടെ കുടുംബത്തിലുള്ള 1.54 കോടി പേർക്കു കേന്ദ്രത്തിന്റെ അരി ലഭിക്കും. ഇതിൽ 31 ലക്ഷം വരുന്ന മഞ്ഞ, ചുവപ്പ് കാർഡുകാർക്ക് കോവിഡ് കാലത്തെ സ്‌പെഷൽ 5 കിലോ അരിക്കു പുറമേ ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം 5 കിലോ അരി സൗജന്യമായി ലഭിക്കും.

മഞ്ഞ, ചുവപ്പു കാർഡുകാർക്കുള്ള 5 കിലോ സ്‌പെഷൽ ഭക്ഷ്യധാന്യത്തിന് 3 രൂപ അരിക്കും (കിലോ) 2 രൂപ ഗോതമ്പിനും സർക്കാർ പണം നൽകും. ആത്മനിർഭർ ഭാരത് പദ്ധതി വഴി സൗജന്യമായി ലഭിക്കുന്ന അരി വിതരണം ചെയ്യാൻ വണ്ടി വാടക, റേഷൻ കടക്കാരുടെ കമ്മിഷൻ, എഫ്‌സിഐ ഇറക്കുകൂലി എന്നിവ സംസ്ഥാനമാണു നൽകുന്നത്. ബാക്കിയുള്ള വെള്ള, നീല കാർഡുകാർക്ക് മാസം ലഭിക്കുന്ന നിശ്ചിത അളവ് ധാന്യത്തിനു പുറമേ 10 കിലോ സ്‌പെഷൽ അരി 15 രൂപ നിരക്കിലാണു നൽകുന്നത്. സംസ്ഥാന ഖജനാവിൽനിന്നാണ് ഇതിനുള്ള പണം ചെലവഴിക്കുന്നത്. മാസം 100 കോടിരൂപ ചെലവു വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP