Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എടാ, നിനക്ക് ടിവിയെക്കുറിച്ച് എന്തറിയാം? ഞാനറിയുന്നത്രയൊന്നും നിനക്കറിയില്ലല്ലോ? നീ എന്റെ ബെഡ്‌റൂമിലേക്കൊന്നു കേറി നോക്ക്'; വിവാഹമുഹൂർത്തങ്ങളുടെ മുഴുവൻ ചിത്രങ്ങളും ചില്ലിട്ടുവച്ചിരിക്കുന്നതു കണ്ട് ഞെട്ടിയെ ചെറിയാൻ; ലാൽ സലാമിലെ സേതുലക്ഷ്മി! ഗൗരിയമ്മ തന്നെയെന്ന് പ്രേക്ഷകർ.. തന്റെ കഥയല്ലെന്ന് ഗൗരിയമ്മയും; സിനിമയിലും ഗൗരിയമ്മ താരം

'എടാ, നിനക്ക് ടിവിയെക്കുറിച്ച് എന്തറിയാം? ഞാനറിയുന്നത്രയൊന്നും നിനക്കറിയില്ലല്ലോ? നീ എന്റെ ബെഡ്‌റൂമിലേക്കൊന്നു കേറി നോക്ക്'; വിവാഹമുഹൂർത്തങ്ങളുടെ മുഴുവൻ ചിത്രങ്ങളും ചില്ലിട്ടുവച്ചിരിക്കുന്നതു കണ്ട് ഞെട്ടിയെ ചെറിയാൻ; ലാൽ സലാമിലെ സേതുലക്ഷ്മി! ഗൗരിയമ്മ തന്നെയെന്ന് പ്രേക്ഷകർ.. തന്റെ കഥയല്ലെന്ന് ഗൗരിയമ്മയും; സിനിമയിലും ഗൗരിയമ്മ താരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളീയ ജീവിതത്തിന്റെ സമസ്തമേഖലകളിലും ആഴത്തിൽ സ്വാധീനം സൃഷ്ടിച്ചതാണ് ഇടതുപക്ഷ രാഷ്ട്രീയം. ജനപ്രിയകലയായ സിനിമയെയും അത് എല്ലാ നിലയിലും സ്വാധീനിച്ചിട്ടുണ്ട്. മലയാളത്തിലെ ഇടതുരാഷ്ട്രീയസിനിമയുടെ ചരിത്രം വ്യക്തമാക്കുന്നതും അതാണ്. ഇവിടെയും തന്റെതായ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയാണ് കെ ആർ ഗൗരിയമ്മ എന്ന കേരള രാഷ്ട്രീയത്തിലെ അതികായ വിടവാങ്ങുന്നത്.

മലയാളത്തിലെ രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമകളെ ആഴത്തിലെടുത്ത് പരിശോധിച്ചാൽ തന്റെടുമുള്ള അല്ലെങ്കിൽ രാഷ്ട്രീയത്തിൽ നേതൃനിരയിലുള്ള ഒരു വനിതാ കഥാപാത്രത്തെ ആവിഷ്‌കരിക്കുമ്പോൾ ആ ചിന്ത ആദ്യം ചെന്നെത്തിയത് ഗൗരിയമ്മലായിരുന്നു അല്ലെങ്കിൽ ഗൗരിയമ്മയിൽ മാത്രമായിരുന്നു.ഒരുപക്ഷെ രാഷ്ട്രീയത്തിൽ നിറസാന്നിദ്ധ്യമായ ഒരു വനിതയ്്കും കിട്ടാത്ത നേട്ടം.

അത്തരമൊരു കഥാപാത്രത്തെ തിരക്കഥാകൃത്ത് സൃഷ്ടിക്കുമ്പോൾ അല്ലെങ്കിൽ ആവിഷ്‌കരിച്ച് പ്രേക്ഷകരിലെത്തുമ്പോൾ അത്തരം കഥാപാത്രത്തെ മലയാളി ആദ്യം കണക്ട് ചെയ്യുന്നത് ഗൗരിയമ്മയുമായിട്ടായിരിക്കും.സിനിമയിൽ ഉൾപ്പടെ അത്രമേൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് ഗൗരിയമ്മ.ലാൽസലാം, ചീഫ് മിനിസ്റ്റർ കെ ആർ ഗൗതമി തുടങ്ങിയ ചിത്രങ്ങൾ ഗൗരിയമ്മയുടെ വ്യക്തിത്വത്തെ അടിസ്ഥാനമാക്കിയാണ് എന്ന് പ്രകടമായി പറയുമ്പോൾ ആ വ്യക്തിതത്വത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിച്ച കഥാപാത്രങ്ങൾ പല ചിത്രങ്ങളിലും വന്ന് പോയതായി കാണാം.

ഗൗരിയമ്മ തന്നെയെന്ന് പ്രേക്ഷകർ.. തന്റെ കഥയല്ലെന്ന് ഗൗരിയമ്മയും

വേണുനാഗവള്ളിയുടെ ലാൽസലാം എന്ന ചിത്രത്തിൽ ഗീത അവതരിപ്പിച്ച സേതുലക്ഷ്മി എന്ന കഥാപാത്രം ഗൗരിയമ്മ തന്നെയെന്നാണ് പ്രേക്ഷകർ ഇപ്പോഴും വിശ്വസിക്കുന്നത്.അത് താനല്ലെന്നും തന്റെ കഥയല്ലെന്നും ഗൗരിയമ്മ ആവർത്തിച്ചപ്പോഴും അത് മനസ്സു
കൊണ്ട് അംഗീകരിക്കാൻ മലയാളി തയ്യാറായിരുന്നില്ല.സിനിമയുമായി ബന്ധപ്പെട്ട് ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതത്തിൽ പോലും ചർച്ചകൾ ഉണ്ടായി.

ലാൽസലാം ഇറങ്ങി കുറെക്കാലം കഴിഞ്ഞാണ്. ടിവിയെയും ഗൗരിയമ്മയെയും വർഗീസ് വൈദ്യനെയുമെല്ലാം കഥാപാത്രങ്ങളാക്കിയ ലാൽസലാം വലിയ രാഷ്ട്രീയ ചർച്ചകൾ ഉയർത്തിവിട്ടിരുന്നു. ഗൗരിയമ്മയുടെയും ടിവിയുടെയും ജീവിതമായിരുന്നു, സിനിമയുടെ കഥാതന്തു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പഴയ കാലത്തിന്റെ കഥ പറഞ്ഞ സിനിമയെ അനുകൂലിച്ചും എതിർത്തും വാദഗതികൾ ഉയർന്നു. ആ ചർച്ചകളുടെ അലയൊലികൾ ഏതാണ്ട് ഒടുങ്ങിയിരുന്നു.

അത്തരമൊരുസംഭവത്തെക്കുറിച്ച് ഗൗരിയമ്മ തന്നെ പറഞ്ഞിട്ടുണ്ട്. നടൻ മുരളി ആലപ്പുഴയിൽനിന്നു ലോക്‌സഭയിലേക്കു മത്സരിച്ചപ്പോൾ ഗൗരിയമ്മയെ കാണാൻ പോയതിന്റെ അനുഭവം.രാഷ്ട്രീയമായി എതിർ ചേരിയിലാണെങ്കിലും ഗൗരിയമ്മയെ കാണണമെന്ന് മുരളിയും വേണു നാഗവള്ളിയും ചെറിയാനുംകൂടി തീരുമാനിക്കുകയായിരുന്നു.

ലാൽസലാമിന്റെ രചന- ചെറിയാൻ, സംവിധാനം- വേണു നാഗവള്ളി. ടിവി തോമസായി അഭിനയിച്ചത് മുരളി. മൂന്നുപേരെയുംകൂടി കണ്ടപ്പോൾ ചെറിയാനെ ചൂണ്ടി മുരളിയോട് അവർ പറഞ്ഞു: ''ഇവൻ പറഞ്ഞിട്ടായിരിക്കും താൻ കേറിനിന്നത്. തോൽക്കുകയേയുള്ളു. ഇവനിപ്പം വി എസിന്റെ വാലുംപിടിച്ചു നടക്കുകയാ.' എന്നിട്ട് ചെറിയാനോട്, 'നാണമില്ലല്ലോ വിഎസിന്റെ പിന്നാലെ നടക്കാൻ'.

ചായസൽക്കാരമൊക്കെ കഴിഞ്ഞു പോകാനിറങ്ങിയപ്പോൾ ചെറിയാനു നേരെ അവർ വീണ്ടും തിരിഞ്ഞു. ''എടാ, നിനക്ക് ടിവിയെക്കുറിച്ച് എന്തറിയാം? ഞാനറിയുന്നത്രയൊന്നും നിനക്കറിയില്ലല്ലോ. നീ എന്റെ ബെഡ്‌റൂമിലേക്കൊന്നു കേറി നോക്ക്.' ടിവി തോമസുമായുള്ള വിവാഹമുഹൂർത്തങ്ങളുടെ മുഴുവൻ ചിത്രങ്ങളും അവിടെ ചില്ലിട്ടുവച്ചിരിക്കുന്നതു കണ്ട് ഞെട്ടുകയായിരുന്നു ചെറിയാൻ. ''ആ ചിത്രങ്ങൾ കണ്ടാണ് ഗൗരിയമ്മ ഉറങ്ങുകയും ഉണരുകയും ചെയ്തിരുന്നത്. അവർ ടിവിയെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് മനസ്സിലായി, എനിക്ക്. സിനിമ എഴുതിയപ്പോൾ അവരുടെ ആത്മബന്ധത്തിന്റെ ഈ ആഴം അറിയുമായിരുന്നില്ല.'

അതൊക്കെ ഒരു വാത്സല്യമായിട്ടേ തോന്നിയുള്ളുവെന്ന് വർഗീസ് വൈദ്യന്റെ ആത്മകഥ പൂർത്തിയാക്കിയപ്പോൾ അതിലെ അനുബന്ധ ലേഖനത്തിൽ ചെറിയാൻ എഴുതിയിരുന്നു.ഗൗരിയമ്മയുമായുള്ള ഇതേ അനുഭവത്തെ ചെറിയാൻ കൽപ്പകവാടി ഓർത്തെടുക്കുന്നത് ഇങ്ങനെയായിരുന്നു; ''സിനിമയെ വ്യക്തിപരമായി കാണരുതെന്നു ഞാൻ അവരോടു പറഞ്ഞു. അതൊരു ശരാശരി മോഹൻലാൽ സിനിമയാണ്. അതിനാവശ്യമായ എരിവും പുളിയുമൊക്കെ ചേർത്തിട്ടുമുണ്ട്. ടി.വിയുടെ മകന്റെ അമ്മയായിരുന്ന ലൂസിയാമ്മയെയും മകൻ മാക്‌സണെയും അവരുടെ കണ്ണീരിനെയും എനിക്കു കലാകാരൻ എന്ന നിലയിൽ കാണാതിരിക്കാൻ കഴിയുമായിരുന്നില്ല.

അതുകൊണ്ട് സിനിമയിൽ അതിനു കൂടുതൽ പ്രാധാന്യമുണ്ടായി. പക്ഷേ, ഒരു ഭാര്യ എന്ന നിലയിൽ ഗൗരിയമ്മയുടെ വേദനയും അതിൽ കൊണ്ടുവന്നു. ടിവിയും വർഗീസ് വൈദ്യനും മരിച്ചു. ഞാനേയുണ്ടായിരുന്നുള്ളു അതു പറയാൻ. ഒരു നന്മ ഉദ്ദേശിച്ചാണു ഞാൻ പറഞ്ഞത്. പക്ഷേ, അവരുടെ ഇമേജ് കളയാൻ ചെയ്തതായാണ് ഗൗരിയമ്മയ്ക്കു തോന്നിയത്. അതും സ്വാഭാവികമാണല്ലോ. ലൂസിയാമ്മ മരിച്ചപ്പോൾ ഞാൻ അവരുടെ വേദനയെക്കുറിച്ച് എഴുതിയതും ഗൗരിയമ്മയ്ക്ക് ഇഷ്ടമായില്ല. ഗൗരിയമ്മയും വേദന അനുഭവിച്ചല്ലോ. അതും മനസ്സിലാക്കണം. രണ്ടു സ്ര്തീകളും വേദന അനുഭവിച്ചവരാണ്. ''

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ അവസാനകാലത്തും ഗൗരിയമ്മ ലാൽസലാമിലെ സേതുലക്ഷ്മി താനാണെന്ന് അംഗീകരിച്ചിരുന്നില്ല.

രാഷ്ട്രീയത്തെപ്പോലെ സിനിമയെയും സ്നേഹിച്ച ജീവിതം

സിനിമയോടും സിനിമക്കാരോടും ഒരു പ്രത്യേക ഇഷ്ടം ഗൗരിയമ്മക്കുണ്ടായിരുന്നു.അത് അവർ പല സന്ദർഭങ്ങളിലായി വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഉദയായുടെ ഷൂട്ടിങ് നടക്കുമ്പോൾ ലോക്കേഷനിലെ അതിഥിയായി കുഞ്ചാക്കോ പലപ്പോഴും ക്ഷണിക്കാറുള്ളത്. കുഞ്ചാക്കോയുടെ ഭാര്യ ഗൗരിയമ്മയുടെ സഹപാഠിയാണ്. അത്തരത്തിലാണ് ഈ ആത്മബന്ധം ഉടലെടുക്കുന്നത്.

ഒരിക്കൽ ഒരു സിനിമ ഷൂട്ട് കാണാൻ ഗൗരിയമ്മ പതിവുപോലെ സ്റ്റുഡിയോവിലെത്തി. കെ പി ഉമ്മർ ചെറിയ നിക്കറിട്ട് സെറ്റിലൂടെ നടക്കുന്നത് ഗൗരിയമ്മയ്ക്ക് പിടിച്ചില്ല. ഇയാൾ എന്താണ് ഇങ്ങനെ നടക്കുന്നതെന്ന് ചോദിച്ചു. സിനിമയ്ക്കുവേണ്ടിയല്ലേ എന്നു പറഞ്ഞപ്പോഴാണ് ഒന്നടങ്ങിയത്. കുറച്ചുകഴിഞ്ഞപ്പോൾ വിജയശ്രീ ഷൂട്ടിങ് കഴിഞ്ഞ് വരുന്നു. ഗൗരിയമ്മയെക്കുറിച്ച് പറഞ്ഞപ്പോൾ അവർ ഗൗരിയമ്മയെ നമസ്‌കരിച്ച് കാൽ തൊട്ടുവന്ദിച്ചു. പിന്നെ സിനിമക്കാര്യം പറയുമ്പോഴൊക്കെ പറയും വിജയശ്രീ നല്ല പെണ്ണാണെന്ന്.

ലാൽസലാമിന്റെ വിജയത്തിന് ശേഷമാണ് ഗൗരിയമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗീതയെത്തന്നെ പ്രധാനകാഥാപാത്രമാക്കി ചീഫ് മിനിസ്റ്റർ കെ ആർ ഗൗതമി എന്ന ചിത്രം പുറത്തിറങ്ങുന്നത്.ചിത്രം സാമ്പത്തീകപരമായി പരാജയമായിരുന്നെങ്കിലും ചിത്രത്തിനും ആസ്പദമായത് സമാനതകളില്ലാത്ത ആ രാഷ്ട്രീയ ജീവിതം തന്നെയായിരുന്നു.

വർഷങ്ങൾക്ക് ശേഷം ഗൗരിയമ്മ എകെജി സെന്ററിലെത്തിയും സിനിമയോടുള്ള ഇഷ്ടം ഒന്നുകൊണ്ട് മാത്രമായിരുന്നു.വസന്തത്തിന്റെ കനൽവഴികൾ എന്ന സിനിമയുടെ സ്വിച്ച് ഓൺ കർമ്മത്തിനാണ് ഇടവേളക്ക് ശേഷം ഗൗരിയമ്മ സെന്ററിലെത്തിയത്. അന്ന് വി എസ് ഉൾപ്പടെയുള്ളവർക്കൊപ്പം വേദി പങ്കിടുന്ന ചിത്രവും പ്രചാരം നേടിയിരുന്നു.

കേരളരാഷ്ട്രീയത്തിന്റെ പെൺകരുത്തിന് സമാനതകളില്ലാത്ത ഭാഷ്യം നൽകിയ ഗൗരിയമ്മ , തന്നിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട കഥാപാത്രങ്ങളിലുടെ വരും കാലത്തും വെള്ളിത്തിരയിൽ തിളങ്ങി നിൽക്കും എന്നതിൽ സംശയമേതുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP