Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജു മോൻ ഒരിക്കൽ എന്നോട് ചോദിച്ചു അങ്കിളിന്റെ ഫാദർ ആരാണെന്നു? ഞാൻ പറഞ്ഞു കിരീടവും ചെങ്കോലും സിംഹാസനവും ഉള്ള ഒരു രാജാവ്; പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു.. പ്രിൻസ്.. രാജകുമാരൻ.. രാജാവിന്റെ മകൻ; ലാലിനെ സൂപ്പർ താരമാക്കിയ ഏറ്റുമാനൂരുകാരൻ; ഇടറുന്ന വിരലുകളിൽ അനുശോചനം കുറിച്ച് മോഹൻലാലും

രാജു മോൻ ഒരിക്കൽ എന്നോട് ചോദിച്ചു അങ്കിളിന്റെ ഫാദർ ആരാണെന്നു? ഞാൻ പറഞ്ഞു കിരീടവും ചെങ്കോലും സിംഹാസനവും ഉള്ള ഒരു രാജാവ്; പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു.. പ്രിൻസ്.. രാജകുമാരൻ.. രാജാവിന്റെ മകൻ; ലാലിനെ സൂപ്പർ താരമാക്കിയ ഏറ്റുമാനൂരുകാരൻ; ഇടറുന്ന വിരലുകളിൽ അനുശോചനം കുറിച്ച് മോഹൻലാലും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മൈ ഫോൺ നമ്പർ ഈസ് 2255'-രാാജാവിന്റെ മകൻ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് നമ്പർ. രാജു മോൻ ഒരിക്കൽ എന്നോട് ചോദിച്ചു അങ്കിളിന്റെ ഫാദർ ആരാണെന്നു? ഞാൻ പറഞ്ഞു ഒരു രാജാവ് ആണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവും ഉള്ള ഒരു രാജാവ്.. പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു.. പ്രിൻസ്.. രാജകുമാരൻ.. രാജാവിന്റെ മകൻ.. YES IAM A PRINCE... അധോലോക രാജകുമാരൻ...-സിനിമയിലെ ഈ ഡയലോഗ് പോലെയായിരുന്നു അന്ന് സിനിമയിലെ ഡെന്നീസ് ജോസഫിന്റേയും സ്ഥാനം. തിരക്കഥകളുടെ രാജകുമാരനായിരുന്നു ഏറ്റുമാനൂരിന്റെ ഡെന്നീസ് ജോസഫ്.

മോഹൻലാലിനും മമ്മൂട്ടിക്കും മാറി മാറി ഹിറ്റുകൾ കൊടുത്തുകൊണ്ടിരുന്ന ആളാണു ഡെന്നിസ്. മണിരത്‌നം തിരക്കഥയെഴുതാൻ വിളിച്ചിട്ടു പോകാതിരുന്നയാൾ. 'ആകാശദൂത്', 'രാജാവിന്റെ മകൻ', 'അഥർവം', 'കോട്ടയം കുഞ്ഞച്ചൻ', 'മനു അങ്കിൾ' ഇങ്ങനെ ആക്ഷനും കുടുംബ ബന്ധവും തമാശയും എല്ലാം കൈകാര്യം ചെയ്ത എഴുത്തിലെ വിരുതൻ. താരങ്ങളെ സൃഷ്ടിക്കുമ്പോഴും ഡെന്നിസ് സ്വയം താരമാകാതെ ജീവിച്ചു. ആരോടും മത്സരിക്കാതെ സിനിമയിൽ സ്വയം പിന്മാറുകയാണു ചെയ്തത്. ഡെന്നിസ് എന്ന തിരക്കഥാകൃത്ത് പലപ്പോഴും സംവിധായകനു മുകളിലായിരുന്നു. ഡെന്നിസിന്റെ സിനിമയെന്നാണു പലപ്പോഴും പറഞ്ഞിരുന്നത്. സിനിമയിൽനിന്നു മാറിനിന്നിട്ടും ആരോടും പരിഭവമില്ലാതെ ഇത്രയേറെ പോസിറ്റീവായ ഒരാളെ ഞാൻ കണ്ടിട്ടില്ല-ഇതാണ് സത്യൻ അന്തിക്കാടിന് ഡെന്നീസിനെ കുറിച്ച് പറയാനുള്ളത്. എക്കാലത്തും മലയാള സിനിമയുടെ പൂമുഖത്ത് നിറഞ്ഞ് നിൽക്കുന്ന വമ്പൻ ഹിറ്റുകളുടെ അമരത്ത് എന്നുമുണ്ടാകുന്ന പേരാണ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റേത്. രാജാവിന്റെ മകൻ, കോട്ടയം കുഞ്ഞച്ചൻ, ന്യൂഡൽഹി, മനു അങ്കിൾ തുടങ്ങി ഒരുപിടി മെഗാഹിറ്റുകൾക്ക് അദ്ദേഹം തൂലിക ചലിപ്പിച്ചു.

എന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികൾ കുറിക്കുമ്പോൾ ഓർമ്മകൾ ക്രമം തെറ്റി വന്ന് കൈകൾ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയിൽ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്‌നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലൻ കഥകൾ, വികാര വിക്ഷോഭങ്ങളുടെ തിരകൾ ഇളകിമറിയുന്ന സന്ദർഭങ്ങൾ, രൗദ്രത്തിന്റെ തീയും പ്രണയത്തിന്റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങൾ. ആർദ്രബന്ധങ്ങളുടെ കഥകൾ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകൾ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിർത്തുന്നു, ഇടറുന്ന വിരലുകളോടെ...പ്രണാമം ഡെന്നീസ്.-മോഹൻലാൽ ഇങ്ങനെയാണ് ഡെന്നീസ് ജോസഫിന് അനുശോചന കുറിപ്പ് എഴുതിയത്.

മലയാളിക്ക് ലോകമറിയുന്ന സൂപ്പർ താരത്തെ സമ്മാനിച്ചത് രാജാവിന്റെ മകനാണ്. ആ സിനിമ റിലീസ് ചെയ്ത് 33 വർഷങ്ങൾ പിന്നിടുമ്പോൾ ഡെന്നീസ് ജോസഫ് എന്ന തിരക്കഥാ കൃത്തും ഓർമ്മയാവുകയാണ്. സംവിധായകൻ തമ്പി കണ്ണന്താനം കഴിഞ്ഞ വർഷം വിട പറഞ്ഞപ്പോൾ മോഹൻലാൽ പങ്കുവച്ച ഓർമകളിലും രാജാവിന്റെ മകൻ എന്ന സിനിമ ഉണ്ടായിരുന്നു. ഈ സിനിമ റീമേക്ക് ചെയ്യണം എന്ന മോഹം ഇപ്പോഴും അവശേഷിക്കുന്നതായി അന്ന് മോഹൻലാൽ പറഞ്ഞിരുന്നു.

'ഒരു നൂറാവർത്തി പറഞ്ഞ കാര്യങ്ങളാണ്. പക്ഷേ ഓരോ വർഷം കഴിയുമ്പോഴും ആ ഓർമകൾ കേൾക്കാൻ ആളുകൾ കൂടുന്നത് അഭിമാനമാണ്. ഇപ്പോഴും രാജാവിന്റെ മകനെ ജനം ഇങ്ങനെ ചേർത്ത് നിർത്തുന്നത് കാണുമ്പോൾ തിരക്കഥാകൃത്ത് എന്ന നിലയിൽ അതിയായ സന്തോഷമുണ്ട്. മമ്മൂട്ടിയായിരുന്നു എന്റെ മനസിൽ രാജാവിന്റെ മകൻ. പക്ഷേ അന്ന് അദ്ദേഹത്തിന് ഡേറ്റ് ഉണ്ടായിരുന്നില്ല. കഥ ഇഷ്ടപ്പെട്ടെങ്കിലും മറ്റ് ചില പ്രശ്‌നങ്ങൾ കൊണ്ട് അദ്ദേഹത്തിന് ഈ സിനിമയോട് സഹകരിക്കാൻ കഴിഞ്ഞില്ല. ഈ സിനിമ ഉണ്ടാവുന്നത് തന്നെ സംവിധായകൻ തമ്പി കണ്ണന്താനത്തിന് വേണ്ടിയാണ്. ഒരു പരാജയപ്പെട്ട സംവിധായകൻ എന്ന പേര് മാറ്റിയെടുക്കണം എന്ന അദ്ദേഹത്തിന്റെ വാശിയാണ് ഈ സിനിമയുടെ ആദ്യ അടിത്തറ.'- ഈ സിനിമയെ കുറിച്ച് മുമ്പ് ഡെന്നീസ് ജോസഫ് പറഞ്ഞത വാക്കുകളാണ് ഇത്.

'സിനിമ എഴുതി തുടങ്ങിയപ്പോൾ തമ്പിയുടെ മനസ്സിലും എന്റെ മനസിലും മമ്മൂട്ടിയായിരുന്നു വിൻസെന്റ് ഗോമസ്. അതിനൊപ്പം തമ്പിയെ വിശ്വസിച്ച് ഒരു സിനിമ നിർമ്മിക്കാൻ ആരും മുന്നോട്ട് വന്നില്ല. ഒടുവിൽ അദ്ദേഹം തന്നെ ഈ സിനിമ നിർമ്മിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാതെ വന്നത്. അങ്ങനെ ഞങ്ങൾ അന്ന് മമ്മൂട്ടി കഴിഞ്ഞാൽ രണ്ടാമത് നിൽക്കുന്നത് മോഹൻലാലാണ്. അങ്ങനെ അയാളെ കാണാൻ പോയി. ഇപ്പോൾ ചിലർ പറയുന്നു മോഹൻലാലിനെ സൂപ്പർതാരമാക്കിയത് രാജാവിന്റെ മകനാണെന്ന്. എന്നാൽ അങ്ങനെ ഒരു അവകാശവാദം എനിക്കില്ല. അതിന് മുൻപ് തന്നെ അയാൾ വിലയുള്ള താരമായിരുന്നു. അന്ന് മമ്മൂട്ടി കഴിഞ്ഞാൽ പിന്നെ മോഹൻലാൽ എന്ന പേരായിരുന്നു എല്ലാവരുടെയും മനസ്സിൽ. അങ്ങനെ മോഹൻലാലിനോട് കഥ പറയാൻ ചെന്നു.'

'അന്ന് ലാൽ പത്മരാജന്റെ ഒരു സിനിമയുടെ സെറ്റിലാണ്. ഞാൻ ആദ്യമായിട്ടാണ് ലാലിനെ കാണാൻ പോകുന്നത്. കഥ പറയാൻ എപ്പോൾ വരണമെന്ന് ചോദിച്ചപ്പോൾ അദ്ഭുതപ്പെടുത്തുന്നതായിരുന്നു മറുപടി. 'വേണ്ട കഥ കേൾക്കണ്ട. നിങ്ങളെ വിശ്വാസമാണ്. ഞാൻ റെഡി'. ആ ഉറപ്പാണ് ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടും മുന്നോട്ടുപോകാൻ തമ്പിക്ക് പ്രചോദനമായത്. സിനിമ പൂർത്തിയാകുമ്പോഴേക്കും തമ്പിയുടെ കാർ വരെ വിൽക്കേണ്ടി വന്നിരുന്നു. പക്ഷേ അപ്പോഴും അയാൾ പതറാതെ നിന്നത് രാജാവിന്റെ മകനിലുള്ള വിശ്വാസം കൊണ്ടായിരുന്നു.'-ഡെന്നീസ് ജോസഫ് ആ കഥ പറഞ്ഞത് ഇങ്ങനെയായിരുന്നു.

2255 എന്ന നമ്പറിലേക്ക് എത്തിയതിന് പിന്നിലും ഭാഗ്യമാണെന്ന് ഡെന്നീസ് ജോസഫ് പ്രതികരിച്ചിരുന്നു. അതങ്ങനെ കൃത്യമായി പ്ലാൻ ചെയ്തതല്ല എന്നതാണ് സത്യം. ഒരു ഫാൻസി നമ്പർ വേണമെന്ന് തോന്നി എഴുതി വന്നപ്പോൾ അത് 2255 എന്നായി. പിന്നീട് അതിത്ര ഹിറ്റാകുമെന്ന് ഞാൻ കരുതിയില്ല. ഇപ്പോൾ ലാലിന്റെ വാഹനത്തിന്റെ നമ്പർ അതാണ്. അതിനൊപ്പം അന്ന് ഈ സിനിമ വിതരണം ചെയ്ത ജൂബിലി പ്രൊഡക്ഷൻസിന്റെ ഉടമയുടെ ഇപ്പോഴത്തെ ഇന്നോവയുടെ നമ്പറും ഇതാണ്. അങ്ങനെ 2255 ഒരു ഭാഗ്യനമ്പറായി മാറിയത് അവിചാരിതമാണ്-ഇതായിരുന്നു ഡെന്നീസിന്റെ പഴയ ആത്മവിശ്വാസത്തോടെലുള്ള വാക്കുകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP