Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ ഹിറ്റ് ചിത്രം നിറക്കൂട്ട്; മാർക്കറ്റ് ഇടിഞ്ഞുനിന്നപ്പോൾ മമ്മൂട്ടിക്ക് രണ്ടാം വരവ് നൽകിയ ന്യൂഡൽഹി; മമ്മൂട്ടിക്കായി രചിച്ച് മോഹൻലാലിനെ താരപദവിയിലേക്ക് ഉയർത്തിയ രാജാവിന്റെ മകൻ; രാജൻ പി ദേവിനെ മലയാളത്തിന് സമ്മാനിച്ച ഇന്ദ്രജാലം; കേരളക്കരയെ കണ്ണീരണിയിച്ച ആകാശദൂത്; ജനപ്രിയ സിനിമാക്കഥാകാരൻ വിടവാങ്ങുമ്പോൾ

ആദ്യ ഹിറ്റ് ചിത്രം നിറക്കൂട്ട്; മാർക്കറ്റ് ഇടിഞ്ഞുനിന്നപ്പോൾ മമ്മൂട്ടിക്ക് രണ്ടാം വരവ് നൽകിയ ന്യൂഡൽഹി; മമ്മൂട്ടിക്കായി രചിച്ച് മോഹൻലാലിനെ താരപദവിയിലേക്ക് ഉയർത്തിയ രാജാവിന്റെ മകൻ; രാജൻ പി ദേവിനെ മലയാളത്തിന് സമ്മാനിച്ച ഇന്ദ്രജാലം; കേരളക്കരയെ കണ്ണീരണിയിച്ച ആകാശദൂത്; ജനപ്രിയ സിനിമാക്കഥാകാരൻ വിടവാങ്ങുമ്പോൾ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: മലയാള സിനിമ ആരാധകർ എക്കാലവും കടപ്പെട്ടിരിക്കുന്ന, എന്നു നെഞ്ചേറ്റിയിട്ടുള്ള ഒരു ചലച്ചിത്രകാരൻ ഉണ്ടെങ്കിൽ അത് തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ ഡെന്നീസ് ജോസഫാണ്. പുതുമയാർന്ന കഥകൾ സമ്മാനിക്കാൻ, കരുത്തുറ്റ ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ രചിക്കാൻ പേന എടുത്തപ്പോഴൊക്കെ സൂപ്പർ ഹിറ്റുകളായിരുന്നു ആ തൂലികയിൽ നിന്നും പിറന്നത്.

മമ്മൂട്ടിക്ക് വേണ്ടി കരുതിവച്ച മോഹൻലാലിനെ മലയാള സിനിമയുടെ താരാരാജാവാക്കി മാറ്റിയ വിൻസന്റ് ഗോമസും മലയാള സിനിമയിലേക്ക് മമ്മൂട്ടിക്ക് രണ്ടാം വരവിന് വഴിയൊരുക്കിയ ന്യൂഡൽഹിയുമടക്കം ഡെന്നീസ് ജോസഫിന്റേതായി പിറന്നതൊക്കെയും ഏക്കാലത്തേയും മികച്ച ഹിറ്റുകൾ. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും യാത്രയെക്കുറിച്ച് സംസാരിക്കുമ്പോൾ ഒഴിവാക്കാനാകാത്ത, ഒരു കാലത്ത് മലയാള സിനിമയുടെ പൂമുഖത്ത് നിറഞ്ഞ് നിന്ന വമ്പൻ ഹിറ്റുകളുടെ അമരത്ത് എന്നുമുണ്ടാകുന്ന ഒരു വ്യക്തി മറ്റാരുമല്ല, തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫാണ്

കോട്ടയം കുഞ്ഞച്ചൻ, രാജാവിന്റെ മകൻ, നിറക്കൂട്ട്, മനു അങ്കിൾ, അഥർവം, ന്യൂഡൽഹി, നമ്പർ 20 മാദ്രാസ് മെയിൽ തുടങ്ങി ഇന്നും പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ടെലിവിഷൻ ചാനലുകളിൽ വരുമ്പോൾ ആവർത്തന വിരസത ഒട്ടും അനുഭവപ്പെടാതെ കുത്തിയിരുന്നു കാണാൻ സാധിക്കുന്ന ഒരുപിടി മികച്ച ചിത്രങ്ങളുടെ ചലച്ചിത്രകാരനായിരുന്നു ഡെന്നീസ്.

ആദ്യ ഹിറ്റ് നിറക്കൂട്ട്, മമ്മൂട്ടിക്ക് രണ്ടാംവരവ് സമ്മാനിച്ച് ന്യൂഡൽഹി, മോഹൻലാലിനെ താരപദവിയിലേക്കുയർത്തിയ രാജാവിന്റെ മകൻ. രാജൻ പി. ദേവ് എന്ന നടനെ സിനിമയ്ക്ക് പരിചയപ്പെടുത്തിയ ഇന്ദ്രജാലം, സെൻസർബോർഡിനോട് കലഹിച്ചെത്തിയ ഭൂമിയിലെ രാജാക്കന്മാർ, രണ്ടാംഭാഗത്തിന് വെമ്പിനിൽക്കുന്ന കോട്ടയം കുഞ്ഞച്ചൻ, മൾട്ടിസ്റ്റാർ സിനിമകളായ നമ്പർ 20 മദ്രാസ് മെയിലും മനു അങ്കിളും. കണ്ണീരിന്റെ നനവോടെമാത്രം ഓർക്കാവുന്ന ആകാശദൂത്... ഡെന്നീസിന്റെ തൂലികയിൽനിന്നും ഉതിർന്നുവീണ ജനപ്രിയസിനിമകളുടെ പട്ടിക ഇങ്ങനെ നീളും

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും താരമ്യൂല്യം ഉയരാൻ ഡെന്നീസ് ജോസഫ് നിമിത്തമായിട്ടുണ്ടെന്ന് പ്രേക്ഷകരും സിനിമാപ്രവർത്തകരും പറയുമ്പോൾ ഒരാൾ മാത്രം അത് നിഷേധിക്കുന്നു. അത് മറ്റാരുമല്ല സാക്ഷാൽ ഡെന്നീസ് ജോസഫ് തന്നെ..

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വളർച്ചയ്ക്ക് നിമിത്തമായൊരു തിരക്കഥാകൃത്താണ് താനെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല എന്ന് ഒരിക്കൽ ്അദ്ദേഹം തുറന്നുപറഞ്ഞു. 1985ൽ നിറക്കൂട്ട് എന്ന സിനിമയുമായി ഞാൻ വരുമ്പോഴേക്കും മമ്മൂട്ടി മലയാള സിനിമയിലെ തിരക്കുള്ള ഒരു നടനായി മാറിയിരുന്നു. മോഹൻലാൽ അന്ന് മമ്മൂട്ടിക്ക് തൊട്ടുപിന്നിൽ തന്നെ ഉണ്ടായിരുന്നു. അന്നവർക്ക് സൂപ്പർതാരങ്ങൾ എന്ന വിശേഷണമൊന്നും മാധ്യമങ്ങൾ നൽകിയിരുന്നില്ല. എന്നിരുന്നാലും പ്രേക്ഷകരിൽ അവർ വലിയ സ്വാധീനം ഉണ്ടാക്കിയിരുന്നു എന്ന് അദ്ദേഹം പറയുന്നു

'മമ്മൂട്ടിയും മോഹൻലാലും ഒരു വർഷം തന്നെ പത്തിരുപത് സിനിമകൾ ചെയ്യുന്ന കാലമായിരുന്നു അത്. നിറക്കൂട്ടിന് മുൻപ് തന്നെ മമ്മൂട്ടിയുടെ ഒരുപാട് ചിത്രങ്ങൾ സൂപ്പർഹിറ്റായി ഓടിയിട്ടുണ്ട്. മോഹൻലാലിന്റെ ആട്ടക്കലാശം, പത്താമുദയം എന്നീ ചിത്രങ്ങളും മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിലെത്തിയ സിനിമകളും വലിയ വിജയം നേടിയിരുന്നു. നടന്മാരെന്ന നിലയിൽ അവരുടെ വളർച്ചയുടെ ഒരു ഘട്ടത്തിൽ എന്റെ ചില സിനിമകളിലും ഭാഗമായി അവ സൂപ്പർഹിറ്റുകളായി. അത് തികച്ചും സ്വാഭാവികമായ ഒരു കാര്യമായിരുന്നു. അവരുടെ താരമ്യൂല്യത്തിൽ എനിക്ക് പങ്കോ ഓഹരിയോ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്റെ സത്യസന്ധമായ അഭിപ്രായമാണിത്' ഡെന്നീസ് ജോസഫ് തുറന്നുപറയുന്നു.

നിറക്കൂട്ട് എന്ന സിനിമയിൽ ഞാൻ തിരക്കഥാകൃത്തായി വരാൻ കാരണം പ്രധാനമായും മമ്മൂട്ടിയാണ്. മമ്മൂട്ടി നായകനായ ഈറൻ സന്ധ്യ എന്ന സിനിമയിലാണ് ഞാൻ ആദ്യം തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചത്. ജേസിയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. എന്നാൽ ഈ സിനിമയുടെ അവസാനഘട്ടത്തിൽ സംവിധായകൻ തിരക്കഥ തിരസ്‌കരിക്കുകയും പിന്നീട് അത് ജോൺ പോൾ വന്ന് എഴുതുകയും ചെയ്തു. അങ്ങനെ കൊള്ളാത്ത പുതുമുഖം എന്ന രീതിയിൽ ഞാൻ തഴയപ്പെട്ടപ്പോൾ, അങ്ങനെ അല്ല അവന്റെ കയ്യിൽ എന്തോ ഉണ്ട് എന്ന് പറഞ്ഞ് നിർമ്മാതാവ് ജോയ് തോമസിനെയും സംവിധായകൻ ജോഷിയെയും എന്റെ അടുത്തേക്ക് അയച്ചത് മമ്മൂട്ടിയായിരുന്നു. ഞാൻ തിരക്കഥാകൃത്തായി മാറിയതിൽ മമ്മൂട്ടിയുടെ പങ്ക് എനിക്ക് മറക്കാൻ പറ്റുന്നതല്ല. മമ്മൂട്ടി അന്ന് അങ്ങനെ ഒരു വാക്ക് പറഞ്ഞില്ലായിരുന്നുവെങ്കിൽ അവർ എന്റെയടുത്ത് വരില്ലായിരുന്നു. തന്റെ സിനിമ ജീവിതം മാറ്റിയെഴുതിയ മമ്മൂട്ടിയോടുള്ള കടപ്പാട് ഡെന്നീസ് വ്യക്തമാക്കുന്നു.

തേക്കടിയിലെ മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിൽപ്പോയാണ് ജോഷിയോട് നിറക്കൂട്ടിന്റെ കഥപറയുന്നത്. ആദ്യഎഴുത്തിൽ പേരെടുക്കാത്ത രചയിതാവായതുകൊണ്ട് ജോഷിയിൽനിന്ന് വലിയ മതിപ്പൊന്നും കിട്ടിയില്ല. കഥപറയാൻ സെറ്റിലേക്ക് ചെല്ലാൻ പറഞ്ഞു. പെട്ടെന്ന് ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് ജോഷി മുന്നിലിരിക്കുന്നതെന്ന് എനിക്കുതോന്നി. കാരണം ലൈറ്റ് അപ്പ് ചെയ്ത സെറ്റിൽനിന്ന് അരമണിക്കൂർ എന്നു പറഞ്ഞാണ് ജോഷി എന്റെ അടുത്തേക്കുവന്നത്. അരമണിക്കൂർകൊണ്ട് ഒരു ഫുൾ സ്‌ക്രിപ്റ്റ് വായിച്ചുകേൾക്കുക എന്നു പറയുന്നത് നടപ്പുള്ള കാര്യമല്ലായിരുന്നു. തിരക്കഥ നൽകി. ജോഷി ലാഘവത്തോടെ വായിച്ചുതുടങ്ങി. വായന തുടരുമ്പോൾ മുഖത്ത് വ്യത്യാസം കണ്ടുതുടങ്ങി.

ഉച്ചവരെ ഷൂട്ടില്ലെന്ന് ജോഷി പ്രഖ്യാപിച്ചു. മുഴുവൻ തിരക്കഥയും വായിച്ചശേഷം ജോഷി പറഞ്ഞത് ഇന്നും എനിക്കോർമയുണ്ട്: ''മലയാളസിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥയാണ് ഇതെന്ന് ഞാൻ പറയുന്നില്ല. ജീവിതത്തിൽ എനിക്ക് ചെയ്യാൻകിട്ടിയ ഏറ്റവും മികച്ച സ്‌ക്രിപ്റ്റാണിത്. അതുകൊണ്ട് നമ്മൾ ഈ പടം ചെയ്യുന്നു.'' അതാണ് നിറക്കൂട്ട്.

1985 ലെ കാലഘട്ടത്തിലെ ജയിൽപുള്ളി സങ്കൽപ്പം മൊട്ടയടിച്ചായിരുന്നു. അതുകൊണ്ടു തന്നെയാണ് നിറക്കൂട്ടിൽ മമ്മൂട്ടിയുടെ തല മൊട്ടയടിച്ച് അവതരിപ്പിച്ചത്. ഞാനെന്ന് ചെറിയ തിരക്കഥാകൃത്താണ് മമ്മൂട്ടിയോട് മൊട്ടയടിക്കണം എന്ന് പോയി പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് എനിക്ക് തോന്നിയില്ല. എന്നാൽ തിരക്കഥയിൽ ഞാൻ അങ്ങനെ എഴുതിവയ്ക്കുകയും ചെയ്തു. ജോഷിയും ജോയ് തോമസും മമ്മൂട്ടിയോട് അത് പറഞ്ഞപ്പോൾ അദ്ദേഹത്തിനും പൂർണ സമ്മതം. അതേ സമയത്ത് തന്നെ മമ്മൂട്ടി ജയിൽ പുള്ളിയായി അഭിനയിക്കുന്ന മറ്റൊരു സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ബാലു മഹേന്ദ്രയുടെ യാത്ര എന്ന സിനിമയായിരുന്നു അത്. യാത്രയിൽ മൊട്ടയടിക്കുന്ന സീൻ രംഗം പോലും ഉൾപ്പെടുത്തിയിരുന്നു. ആ രംഗം പിന്നീട് എഴുതി ചേർത്തയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. യാത്രയാണ് മമ്മൂട്ടി ആദ്യം ചെയ്യുന്ന ചിത്രം. അതിന്റെ തുടർച്ചയായി നിറക്കൂട്ടിലും മമ്മൂട്ടി മൊട്ടയടിച്ച് അഭിനയിച്ചു. സിനിമ മലയാളത്തിൽ സൂപ്പർ ഹിറ്റായി എന്നു മാത്രമല്ല, തമിഴിലും തെലുഗിലും ഹിന്ദിയിലും കന്നഡയിലും റീമേക്ക് ചെയ്തു.



പത്രം മുൻനിർത്തിയുള്ള പ്രതികാരകഥയാണ് ന്യൂഡൽഹി. മമ്മൂട്ടിയുടെ രണ്ടാംവരവിന് വഴിയൊരുക്കിയ ചിത്രം. ന്യൂഡൽഹിയെക്കുറിച്ചോർക്കുമ്പോൾ തല്ലിയവനെ തിരിച്ചുതല്ലുന്ന പ്രതികാരമാണ് ന്യൂഡൽഹിയുടെ പ്രമേയം. പക്ഷേ, അതിന് ഞങ്ങളൊരു പുതിയ കഥാപശ്ചാത്തലം കൊണ്ടുവന്നു. അമേരിക്കൻ പ്രസിഡന്റിനെ കൊല്ലാൻ അവിടത്തെ ഒരു ചെറുകിട ടാബ്ലോയ്ഡ് പത്രക്കാരൻ ശ്രമിച്ച കഥ ഞാൻ കേട്ടിരുന്നു. തനിക്കായിമാത്രം ഒരു വാർത്ത സൃഷ്ടിക്കാൻവേണ്ടി സ്വന്തം ഭ്രാന്തൻബുദ്ധിയിൽ പ്രസിഡന്റിനെ കൊല്ലാൻവേണ്ടി ക്വട്ടേഷൻ കൊടുക്കുകയാണ്. കൊലപാതകത്തിന്റെ സ്ഥലവും സമയവുംവരെ നിശ്ചയിച്ചുറപ്പിച്ചശേഷം തലേദിവസംതന്നെ അടിച്ചുവെച്ചു. പക്ഷേ, കൊലപാതകം നടന്നില്ല. മുൻകൂട്ടി നിശ്ചയിച്ചപ്രകാരം പത്രം പുറത്തിറങ്ങി. അയാൾ പിടിക്കപ്പെട്ടു. സ്വന്തം മീഡിയ ശ്രദ്ധിക്കാൻവേണ്ടി, വാർത്ത സൃഷ്ടിക്കുന്ന ഒരു ക്രിമിനൽ ജീനിയസിന്റെ കഥ... അതിൽനിന്നാണ് ന്യൂഡൽഹി ജനിക്കുന്നത്.

കേരളത്തിൽ നടക്കുന്നതുപോലെ കഥപറഞ്ഞിരുന്നെങ്കിൽ അത് വിശ്വസിക്കാതെപോയേനെ. മാതൃഭൂമിയുടെയോ മനോരമയുടെയോ പത്രാധിപർ ഇങ്ങനെ ചെയ്യുമോ എന്ന് സംശയിച്ച് കഥ തള്ളിക്കളയുമായിരുന്നു. പശ്ചാത്തലം ഡൽഹിയായപ്പോൾ അവിശ്വസനീയകഥയ്ക്ക് വിശ്വസനീയത കൈവന്നു. ന്യൂഡൽഹിക്ക് ഒത്തൊരു ക്ലൈമാക്‌സ് കിട്ടിയില്ല. പലതരത്തിലും ആലോചിച്ച് പലതും എഴുതി. ഒന്നും ശരിയായില്ല. അങ്ങനെയിരിക്കെ അന്നത്തെ പത്രത്തിന്റെ മുൻപേജിൽ ഒരു ബോക്‌സ് ന്യൂസ് കണ്ണിലുടക്കിയത്. ഒരു പ്രിന്ററുടെ കൈപ്പത്തി അറ്റുപോയി. അയാൾ പ്രസ്സിൽ പ്രിന്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ നടന്ന അപകടം. ചതഞ്ഞരഞ്ഞ് കൈയിലെ രക്തംകൊണ്ട് ബുക്ലെറ്റിന്റെ ആ രണ്ടുപേജ് അടിച്ചുവന്നു. അതായിരുന്നു ആ വാർത്ത. അതുതന്നെ ക്ലൈമാക്‌സാക്കി.



രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ വിൻസന്റ് ഗോമസ് എന്ന കഥാപാത്രം സത്യത്തിൽ മമ്മൂട്ടിക്ക് വേണ്ടി എഴുതിയതായിരുന്നു. യഥാർഥ വ്യക്തികളും സംഭവങ്ങളും കെട്ടുകഥകഥകളുമെല്ലാം ആ സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ട്. എന്നാൽ സിനിമയ്ക്കായി മമ്മൂട്ടിയെ സമീപിച്ചപ്പോൾ എന്തുകൊണ്ടോ അദ്ദേഹം തമ്പി കണ്ണന്താനത്തിന് ഡേറ്റ് കൊടുത്തില്ല. അങ്ങനെയാണ് തമ്പി കണ്ണന്താനം മോഹൻലാലിനെ വച്ച് രാജാവിന്റെ മകൻ ഒരുക്കുന്നത്.

തമ്പി കണ്ണന്താനത്തെ പരിചയപ്പെട്ട ശേഷം നായകൻതന്നെ വില്ലനാകുന്ന ഒരു പ്രമേയം സിനിമയാക്കാൻ തീരുമാനമായി. സാധാരണരീതിയിൽ ഒരുവിധം നിർമ്മാതാക്കളൊന്നും അംഗീകരിക്കാൻ സാധ്യതയില്ലായിരുന്നു. പക്ഷേ, തമ്പിക്ക് ആ കഥാസാരം ഇഷ്ടമായി.

കഥപോലും കേൾക്കാതെതന്നെ ലാൽ സമ്മതം മൂളി. അതാണ് രാജാവിന്റെ മകൻ. അഞ്ചോ ആറോ ദിവസംകൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി പൂർത്തിയാക്കിയത്. അന്നൊക്കെ മമ്മൂട്ടി എന്റെ മുറിയിൽ വരും. ഞാൻ എഴുതിവെച്ചിരിക്കുന്നത് എടുത്തു വായിക്കും. വായിക്കുക മാത്രമല്ല, വിൻസന്റ് ഗോമസ് എന്ന നായകകഥാപാത്രത്തിന്റെ ഡയലോഗ് സ്വന്തം സ്‌റ്റൈലിൽ അവതരിപ്പിച്ചു കേൾപ്പിക്കുന്നതുമെല്ലാം ഓർമയിലുണ്ട്. സാമ്പത്തികപ്രയാസങ്ങൾ ഉള്ളതിനാൽ ചെലവുകുറച്ചാണ് രാജാവിന്റെ മകൻ ചിത്രീകരിച്ചത്. തമ്പിയുടെ കാറുവിറ്റും റബ്ബർത്തോട്ടം പണയംവെച്ചുമെല്ലാമാണ് ചിത്രം പൂർത്തിയാക്കിയത്

മനു അങ്കിളിൽ മലയാളത്തിന്റെ മൂന്ന് സൂപ്പർ താരങ്ങൾ ഒന്നിച്ചത് എങ്ങനെയെന്നും ഡെന്നീസ് പറയുന്നുണ്ട്. 'എന്റെ സിനിമകളിൽ ഗസ്റ്റ് റോളുകളിൽ ഒന്നിലധികം താരങ്ങൾ വന്നത് തികച്ചും യാദൃശ്ചികം മാത്രമായിരുന്നു. മനു അങ്കളിൽ മോഹൻലാലും സുരേഷ് ഗോപിയും വേഷമിട്ടു. നമ്പർ 20 മാദ്രാസ് മെയിലിൽ മമ്മൂട്ടിയും അഭിനയിച്ചു. മനു അങ്കിളിൽ സുരേഷ് ഗോപിയല്ല, ജഗതി ശ്രീകുമാർ ആയിരുന്നു മിന്നൽ പ്രതാപന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്നത്. ഷൂട്ടിങ് ദിവസം അദ്ദേഹത്തിന് വന്നെത്താൻ സാധിച്ചില്ല. കൊല്ലം ആശ്രമം ഗസ്റ്റ് ഹൗസിലായിരുന്നു ക്ലൈമാക്‌സ് സീനിന്റെ ലൊക്കേഷൻ. അപ്പോഴാണ് സുരേഷ് ഗോപി ആകസ്മികമായി സെറ്റിലെത്തുന്നത്.

സുരേഷ് ഗോപിയുടെ വീട് കൊല്ലത്താണ്. അദ്ദേഹം എന്നെയും ജോയിയെയും മറ്റു സഹപ്രവർത്തകരെയും അദ്ദേഹത്തിന്റെ വീട്ടിൽ ഒരു ഊണ് കഴിക്കാൻ വേണ്ടി ക്ഷണിക്കാൻ വന്നതായിരുന്നു. ജഗതിയാണെങ്കിൽ എത്തിയിട്ടില്ല. ഞാൻ സുരേഷ് ഗോപിയോട് ചോദിച്ചും വേറെ വർക്കുകളും മറ്റു തിരക്കുകളും ഇല്ലെങ്കിൽ മിന്നൽ പ്രതാപനെ അവതരിപ്പിക്കാമോ എന്ന്. സുരേഷ് ഗോപി അപ്പോൾ തന്നെ സമ്മതിച്ചു. ജഗതിക്ക് വേണ്ടി മാറ്റി വച്ച പൊലീസ് യൂണിഫോമെടുത്ത് ചെറുതായി ആൾട്ടർ ചെയ്ത് സുരേഷ് ഗോപിക്ക് നൽകി. സുരേഷ് ഗോപി അവിടെയെത്തി ഒരു പതിനഞ്ച് ഇരുപത് മിനിറ്റുകൾക്കുള്ളിൽ ഷൂട്ടിങ് തുടങ്ങുകയും ചെയ്തു'

ന്യൂഡൽഹി മദിരാശിയിൽ തകർത്തോടുന്ന സമയം. സഫയർ തിയേറ്ററിൽ നൂറുദിവസം ചിത്രം റഗുലർ ഷോ കളിക്കുന്നു. മറ്റൊരു തിരക്കഥയുമായി മദിരാശിയിൽ താമസിക്കുമ്പോൾ റിസപ്ഷനിൽനിന്നൊരു കോൾ, താഴെ ഒരു വി.ഐ.പി. കാണാൻ വന്നിട്ടുണ്ടെന്ന്. ആരോ തമാശ കാണിക്കുകയാണെന്നേ കരുതിയുള്ളൂ. വി.ഐ.പി. മുകളിലേക്ക് വന്നോട്ടെയെന്നായിരുന്നു എന്റെ മറുപടി. വാതിൽ തുറന്നപ്പോൾ ഞെട്ടിപ്പോയി. എനിക്കുമുന്നിൽ രജനീകാന്ത്. അദ്ദേഹം എന്നെ കാണാൻ വന്നിരിക്കുകയാണ്. അദ്ദേഹംതന്നെ എന്റെ പേരുവിളിച്ച് ഹസ്തദാനം ചെയ്തു. രജനീകാന്ത് വന്നത് ന്യൂഡൽഹിയുടെ ഹിന്ദി റീമേക്കിനുള്ള അവകാശത്തിനാണ്. ഹിന്ദിയിൽ അദ്ദേഹത്തിന് ഹീറോ ആയിട്ട് അഭിനയിക്കണം. പക്ഷേ, അപ്പോഴേക്കും ന്യൂഡൽഹിയുടെ കന്നഡ, തെലുഗ്, ഹിന്ദി പതിപ്പുകളുടെ അവകാശം ഞങ്ങൾ കൊടുത്തുകഴിഞ്ഞിരുന്നു.

രജനീകാന്തിനോട് നല്ലവാക്ക് പറഞ്ഞ് പിരിയേണ്ടിവന്നു. ഹോട്ടൽമുറിയിൽവെച്ചുതന്നെയാണ് മണിരത്നവുമായും സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ നായകൻ, അഗ്നിനക്ഷത്രം എന്നീ ചിത്രങ്ങൾ വലിയ ഹിറ്റായി മാറിയിരിക്കുന്ന സമയത്തായിരുന്നു കൂടിക്കാഴ്ച. അടുത്തതായി ചെയ്യാൻപോകുന്ന അഞ്ജലിയെന്ന സിനിമയുടെ തിരക്കഥയെഴുത്ത് ഏൽപ്പിക്കുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം. എന്നെ തേടിവരാനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ വാണിജ്യസിനിമകളിൽ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ ഷോലെയുടേതാണ്. അതുകഴിഞ്ഞാൽ പിന്നെ ഇഷ്ടപ്പെട്ട ഒരു സ്‌ക്രീൻപ്ലേ ന്യൂഡൽഹിയാണ്, അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ ഏറെ ആഹ്ലാദം നൽകിയെങ്കിലും തിരക്കഥാരചനയിൽ ഒന്നിച്ചുപ്രവർത്തിക്കാൻ സമയം അനുവദിച്ചില്ല.

രാജൻ പി. ദേവും എൻ.എഫ്. വർഗീസും പ്രേക്ഷകമനസ്സിൽ ഇടംനേടുന്നത് ഡെന്നീസ് ജോസഫിന്റെ കഥാപാത്രങ്ങളായാണ്.രാജൻ പി. ദേവും എൻ.എഫ്. വർഗീസും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന രണ്ടുമുഖങ്ങളാണ്. തമ്പി കണ്ണന്താനത്തിനുവേണ്ടി എഴുതിയ മോഹൻലാൽ ചിത്രം. ഒരുപാട് മാനറിസങ്ങളോടുകൂടിയ വില്ലനെയായിരുന്നു ആവശ്യം. ബോംബെയിലെ അധോലോകനായകനായ ഒരു പാലാക്കാരൻ കാർലോസ്. തിലകനെക്കൊണ്ട് ചെയ്യിക്കാമെന്നാണ് കരുതിയിരുന്നതെങ്കിലും അതൊരു ടിപ്പിക്കൽ തിലകൻവേഷമാകുമോ എന്നു സംശയിച്ച് പുതിയൊരാളെ തേടുകയായിരുന്നു. രാജൻ പി. ദേവ് എന്ന നാടകനടനെക്കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞെങ്കിലും അദ്ദേഹം അഭിനയിച്ച നാടകങ്ങളൊന്നുംതന്നെ ഞങ്ങൾ കണ്ടിരുന്നില്ല.

വാഹനാപകടത്തിൽപ്പെട്ട് കാലിന് പരിക്കേറ്റ് നാടകം കളിക്കാനാകാതെ വിഷമിച്ചിരുന്ന അവസരത്തിലാണ് രാജനെത്തേടി ഞങ്ങളുടെ വിളിയെത്തുന്നത്. മുടന്തൻകാലുമായാണ് വന്നത്. മുടന്ത് മറച്ചുവെക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, ഞങ്ങൾക്കുവേണ്ടത് അത്തരത്തിലൊരു നടത്തമുള്ള ആളെത്തന്നെയായിരുന്നു. മദ്രാസിലെ ഹോട്ടലിൽവെച്ച് ആദ്യമായി വേഷത്തെക്കുറിച്ച് സംസാരിക്കുമ്പോൾ യാദൃച്ഛികമായി സംവിധായകൻ ഹരിഹരൻ അവിടേക്ക് കയറിവന്നു. അദ്ദേഹത്തിന്റെ ഒളിയമ്പുകൾ എന്ന ചിത്രം ഞാൻ എഴുതിക്കൊണ്ടിരിക്കുകയാണ്. ഇന്ദ്രജാലത്തിലെ വില്ലനാകാൻപോകുന്ന രാജൻ പി. ദേവിനെ ഹരിഹരന് പരിചയപ്പെടുത്തി. ഉടനെ അദ്ദേഹം പറഞ്ഞത് എന്നാൽ, ഒളിയമ്പുകളിലും നല്ലൊരു വേഷം കൊടുത്തേക്ക് എന്നാണ്. ആദ്യമായി സിനിമയിലേക്ക് പ്രവേശിക്കുന്ന രാജൻ അങ്ങനെ ഒരേസമയം മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമയുടെ ഭാഗമായി.



ആകാശദൂതിലെ പാൽക്കാരനായ വില്ലൻ കൊച്ചുമുതലാളിയായി ആദ്യം കണ്ടത് താഴ്‌വാരം സിനിമയിലെ പ്രതിനായകൻ സലിം ഗൗസിനെയായിരുന്നു. പറഞ്ഞുറപ്പിച്ചെങ്കിലും സിനിമതുടങ്ങുന്നതിനോടടുത്തപ്പോൾ സലിം ഗൗസിന് അസൗകര്യമായി. വ്യത്യസ്തനായൊരു വില്ലനെ തേടുന്നതിനിടയിലാണ് എൻ.എഫ്. വർഗീസിന്റെ പേര് ഉയർന്നുവരുന്നത്. കലാഭവനിലും മിമിക്രി ഗ്രൂപ്പുകളിലുമെല്ലാം സജീവമായിരുന്ന വർഗീസിന്റെ ശബ്ദം അന്നേ ശ്രദ്ധയിൽപ്പെട്ടിരുന്നു. വേഷം നൽകിയ വിവരമറിഞ്ഞപ്പോൾ സന്തോഷം നേരിട്ടറിയിക്കാൻ അന്നുരാത്രിതന്നെ വർഗീസ് പനമ്പള്ളിനഗറിലെ എന്റെ വീട്ടിലേക്കെത്തി. കഥാപാത്രത്തെക്കുറിച്ചറിഞ്ഞപ്പോൾ അയാൾ തരിത്തിരുന്നുപോയി. കാരണം എൻ.എഫ്. വർഗീസിന് പൊടിക്കുപോലും ഡ്രൈവിങ് അറിയില്ലായിരുന്നു. വാഹനമോടിക്കാൻ അറിയാത്തൊരാൾക്ക് കഥാപാത്രത്തെ അവതരിപ്പിക്കാനാകില്ല. വർഗീസ് വല്ലാതായി. തത്കാലം ഇക്കാര്യം ആരോടും പറയരുതെന്നും ചിത്രീകരണം തുടങ്ങാൻ ഒരാഴ്ച സമയമുണ്ടല്ലോ അതിനുള്ളിൽ ശരിയാക്കാമെന്നും പറഞ്ഞ് ഇറങ്ങിപ്പോയി. നാലോ അഞ്ചോ ദിവസത്തിനുശേഷം വർഗീസ് വീണ്ടും വന്നു, സ്വന്തമായി ഫോർവീലർ ഓടിച്ചായിരുന്നു ആ വരവ്. ലഭിച്ചവേഷം നഷ്ടപ്പെടാതിരിക്കാൻ അന്നുരാത്രിതന്നെ അയാൾ ഏതോ ഡ്രൈവിങ് സ്‌കൂളിൽ ചേരുകയായിരുന്നു.

നമ്പർ 20 മാദ്രാസ് മെയിലിൽ മോഹൻലാലിന്റെ കഥാപാത്രവും കൂട്ടരും മദ്രാസിലേക്ക് യാത്ര ചെയ്യുമ്പോൾ ഒരു സെലിബ്രിറ്റി വന്നു കയറുന്ന രംഗമുണ്ട്. സിനിമ കണ്ടവർക്കറിയാം. മോഹൻലാലാണ് മമ്മൂട്ടിയുടെ പേര് നിർദ്ദേശിച്ചത്. അത് മമ്മൂട്ടിയോട് ചോദിക്കുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

'ഞാൻ സിനിമയിൽ ഏറ്റവും സജീവമായിരുന്ന കാലത്ത് എനിക്ക് ഏറ്റവും കൺഫർട്ടബിളായിരുന്നത് ജോഷിയായിരുന്നു. മമ്മൂട്ടിയും ജോഷിയും ഞാനും തമ്മിലുള്ള രസതന്ത്രം മികച്ചതായിരുന്നു. എനിക്ക് മികച്ച സിനിമകൾ എഴുതാൻ കഴിഞ്ഞതും ആ സമയത്തായിരുന്നു. തിരക്കഥാകൃത്തായി വന്ന കാലത്തു തന്നെ സംവിധാനത്തോട് മോഹമുണ്ടായിരുന്നു. ഒന്നോ രണ്ടോ സിനിമകൾ കഴിഞ്ഞാൽ എനിക്ക് എഴുത്തിൽ തുടരാൻ കഴിയുമെന്നൊന്നും ഞാൻ കരുതിയില്ല. അതുകൊണ്ടു തന്നെ ജോഷി സംവിധാനം ചെയ്യുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ ഒപ്പം നിന്നുകൊണ്ടു കാര്യങ്ങളെല്ലാം മനസ്സിലാക്കിയിരുന്നു' . തിരക്കഥാകൃത്തിൽ നിന്നും സംവിധായകനിലേക്കുള്ള ഡെന്നീസിന്റെ വളർച്ചയും അനുഭവങ്ങൾ നൽകിയ പാഠങ്ങളിലൂടെയായിരുന്നു. ന്യൂഡൽഹിക്ക് ശേഷം ജൂബിലിയുടെ അടുത്ത സിനിമയായ മനു അങ്കിൾ തുടർന്ന അഥർവം അപ്പു തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു.



മെയിൻ സ്ട്രീം സിനിമകൾ വലിയ തോതിൽ ചെയ്യുമ്പോൾ തന്നെ അതുവിട്ട് മധ്യവർത്തി സിനിമകൾ ചെയ്യാൻ തനിക്ക് താൽപര്യമുണ്ടായിരുന്നുവെന്നും ഡെന്നീസ് പറയുന്നു. എന്നാൽ അതിനുള്ള പ്രതിഭ തനിക്കില്ല എന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നതിനാൽ അതിന് മുതിർന്നില്ല. വെള്ളിത്തിരയിൽ എത്താതെപോയ ഒരുപാട് സിനിമകളുണ്ട്. അതിൽ സൂപ്പർതാര ചിത്രങ്ങളും ഉണ്ടായിരുന്നു. ആദ്യമായി സംവിധാനം ചെയ്യാൻ ഉദ്ദേശിച്ചത് മനു അങ്കിൾ ആയിരുന്നില്ല, വെൺമേഘ ഹംസങ്ങൾ എന്ന ചിത്രമായിരുന്നു. അത് നടന്നില്ല. മമ്മൂട്ടിക്കും ലാലിനും വേണ്ടി എഴുതിയ ചില സിനിമകൾ നടക്കാതെ പോയിട്ടുണ്ട്. അതിൽ ചിലത് ഇപ്പോഴും തന്റെ കൈവശം ഇരിക്കുന്നുണ്ടെന്നും പിന്നീട് ഡെന്നീസ് തുറന്നുപറഞ്ഞിരുന്നു.

ന്യൂഡൽഹിക്ക് ശേഷം ജൂബിലിക്ക് വേണ്ടി എഴുതി വംശം എന്നൊരു സിനിമയുണ്ടായിരുന്നു. തിരക്കഥ മുഴുവൻ എഴുതി എട്ട് ദിവസത്തോളം ഷൂട്ട് കഴിഞ്ഞ ചിത്രമായിരുന്നു അത്. അപ്രതീക്ഷിതമായി അത് നിന്നുപോയി. അതുപോലെ തമ്പി കണ്ണന്താനത്തിന് വേണ്ടിയെഴുതിയ ഒരു ഭൈരവൻ എന്ന സിനിമ. അതും നടന്നില്ല. മിക്ക സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും ജീവിതത്തിൽ അങ്ങനെ നടക്കാതെപോയ സിനിമകൾ കാണും. അത് തികച്ചും സ്വാഭാവികമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP