Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്രിസ്ത്യൻ സമുദായത്തിൽ ജനിച്ച ഒരു മതത്തിലും വിശ്വസിക്കാത്ത കമ്മ്യൂണിസ്റ്റുകാരനെ ഭർത്താവായി സ്വീകരിച്ചതുകൊണ്ടാണോ എന്നോടിത് ചെയ്തത്? ജമാഅത്തെ ഇസ്ലാമി നടത്തുന്ന സ്‌കൂളിൽ നിന്നും അദ്ധ്യാപികയെ അകാരണമായി പിരിച്ചുവിട്ടതായി പരാതി; പിരിച്ചുവിട്ടതിനെതിരെ നിയമ നടപടിക്കൊരുങ്ങി അദ്ധ്യാപിക

ക്രിസ്ത്യൻ സമുദായത്തിൽ ജനിച്ച ഒരു മതത്തിലും വിശ്വസിക്കാത്ത കമ്മ്യൂണിസ്റ്റുകാരനെ ഭർത്താവായി സ്വീകരിച്ചതുകൊണ്ടാണോ എന്നോടിത് ചെയ്തത്? ജമാഅത്തെ ഇസ്ലാമി നടത്തുന്ന സ്‌കൂളിൽ നിന്നും അദ്ധ്യാപികയെ അകാരണമായി പിരിച്ചുവിട്ടതായി പരാതി; പിരിച്ചുവിട്ടതിനെതിരെ നിയമ നടപടിക്കൊരുങ്ങി അദ്ധ്യാപിക

ജാസിം മൊയ്തീൻ

മലപ്പുറം: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മർകസുൽ ഉലൂം സ്‌കൂളിൽ നിന്നും 14 വർഷം ജോലി ചെയ്ത അദ്ധ്യാപികയെ അകാരണമായി പിരിച്ചുവിട്ടതായി പരാതി. മലപ്പുറം വാഴക്കാട് നൂഞ്ഞിക്കര സ്വദേശി ഖദീജയെയാണ് സ്‌കൂളിൽ നിന്നും പിരിച്ചുവിട്ടത്. ഖദീജ കഴിഞ്ഞ 14 വർഷമായി മർകസ് സ്‌കൂളിലെ ഹൈസ്‌കൂൾ, ഹയർസെകണ്ടറി വിഭാഗങ്ങളിൽ മലയാളം അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന ആളാണ്.

എന്നാൽ ഏപ്രിൽ മാസം 16ന് ഖദീജയെ സ്‌കൂളിലേക്ക് വിളിച്ച് മുപ്പതാം തിയ്യതിവരെയെ ജോലിയുണ്ടാകൂ എന്നറിയിക്കുകയും നോട്ടീസ് നൽകുകയുമായിരുന്നു. 14 വർഷങ്ങൾക്ക് മുമ്പ് സകൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം അദ്ധ്യാപിക ആയിട്ടാണ് ഖദീജ ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ പിന്നീട് ഹയർസെകണ്ടറിയിൽ കൂടി ക്ലാസുകളെടുക്കണമെന്ന് സ്‌കൂൾ മാനേജ്മെന്റ് നിർദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് രണ്ട് വിഭാഗങ്ങളിലും വർഷങ്ങളായി ജോലി ചെയ്തു വരുന്നതിനിടയിലാണ് ഇപ്പോൾ ഖദീജയെ പിരിച്ചുവിട്ടിരിക്കുന്നത്.

ഹയർസെകണ്ടറി വിഭാഗത്തിൽ ഒഴിവില്ലെന്നാണ് സ്‌കൂൾ അധികൃതർ കാരണമായി പറഞ്ഞിട്ടുള്ളത്. എന്നാൽ താൻ സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചത് ഹൈസ്‌കൂൾ വിഭാഗത്തിലാണെന്നും സ്‌കൂൾ പറഞ്ഞതുകൊണ്ടാണ് ഹയർസെകണ്ടറിയിൽ കൂടി ജോലി ചെയ്തതെന്നും ഖദീജ പറയുന്നു. മാത്രവുമല്ല ഇത്തരമൊരു സാഹചര്യമുണ്ടായാൽ സ്വാഭാവികമായും തന്നേക്കാൾ ജൂനിയർ ആയ അദ്ധ്യാപകരെയാണ് അത് ബാധിക്കേണ്ടത് എന്നും ഖദീജ മറുനാടൻ മലയാളിയോട് പറഞ്ഞു.

14 വർഷമായി താൻ ഈ സ്‌കൂളിന് വേണ്ടി രാപ്പകലില്ലാതെ ആത്മാർത്ഥയോട് കൂടി ജോലി ചെയ്യുന്നുണ്ടെന്നും അതിനുള്ള പ്രതിഫലമാണ് ഇപ്പോൾ ലഭിച്ചതെന്നും ഖദീജ പറയുന്നു. ഈ കോവിഡ് കാലത്ത് സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടരുതെന്ന് സർക്കാർ ഉത്തരവുണ്ട്. എന്നാൽ അതെല്ലാം കാറ്റിൽ പറത്തിയാണ് സ്‌കൂൾ മാനേജ്മെന്റ് പ്രവർത്തിക്കുന്നത്. ഏപ്രിൽ 30ന് ജോലിയിൽ നിന്ന് പിരിഞ്ഞുപോകണമെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചത് ഏപ്രിൽ 16നാണ്. 15 എന്നാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരാളെ പിരിച്ചുവിടുമ്പോൾ ഒരു മാസം കാലാവധി നൽകണമെന്ന ചട്ടവും ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂൾ മനേജ്മെന്റ് പാലിച്ചിട്ടില്ല. മനുഷ്യന്റെ ധർമ്മത്തെ കുറിച്ചും മതേതരത്വത്തെ കുറിച്ചും വേദികൾ തോറും സംസാരിക്കുന്ന ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുടെ മുഖം വ്യാജമാണെന്നാണോ ഞാൻ മനസിലാക്കേണ്ടതെന്നും ഖദീജ ചോദിക്കുന്നു. പരിശുദ്ധ റമളാൻ മാസത്തിൽ പോലും ഏത് മനുഷ്യനോടും ഏത് അനീതിയും ചെയ്യാൻ കഴിയും എന്നാണോ ഞാൻ ധരിക്കേണ്ടത്? അവിടെയുണ്ടായിരുന്ന നല്ല മനുഷ്യരായ അധികാരികൾ ഇന്ന് ഇല്ല എന്നാണോ ഞങ്ങളെപോലുള്ളവർ മനസിലാക്കേണ്ടത്?അതോ, ക്രിസ്ത്യൻ സമുദായത്തിൽ ജനിച്ച് എന്നാൽ ഒരു മതത്തിലും വിശ്വസിക്കാത്ത ഒരു കമ്മ്യൂണിസ്റ്റുകാരനെ ഭർത്താവായി സ്വീകരിച്ചതുകൊണ്ടാണോ തന്നോട് ഇങ്ങനെ ചെയ്യുന്നത് എന്നും ഖദീജ ചോദിക്കുന്നു.

2013ലായിരുന്നു ഖദീജയുടെ വിവാഹം. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖദീജ. പ്രാഥമിക ഘട്ടമെന്ന നിലയിൽ കൊണ്ടോട്ടിയിലെ അസിസ്റ്റന്റ് ലേബർ കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. അതേ സമയം ജോലിയിൽ നിന്നും പിരിച്ചുവിട്ടതുമായി സംബന്ധിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടതിന് ശേഷം സ്‌കൂൾ പ്രിൻസിപ്പൾ ഖദീജയെ വിളിച്ച് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പരാതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഖദീജയുടെ തീരുമാനം.

ഖദീജയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പ്രിയ സുഹൃത്തുക്കളെ,

ഞാൻ കഴിഞ്ഞ 14 വർഷമായി ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള കൊണ്ടോട്ടിയിലെ മർക്കസുൽ ഉലൂം ഇംഗ്ലീഷ് സീനിയർ സെക്കണ്ടറി സ്‌കൂളിൽ High School ലും Higher Secondry യിലും മലയാളം അദ്ധ്യാപികയായി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എന്നെ ആദ്യം അപ്പോയ്ന്റ് - ചെയ്തത് ഹൈസ്‌കൂൾ ടീച്ചർ പോസ്റ്റിലേക്കാണ്. വർഷങ്ങൾക്കുശേഷം സ്ഥാപനം നിർദ്ദേശിച്ചേപാൾ ഹയർ സെക്കണ്ടറിയിലും മലയാളം ക്ലാസ് എടുത്ത് തുടങ്ങി.

അങ്ങനെയിരിക്കെയാണ് ഒട്ടും പ്രതീക്ഷിക്കാതെ ഇക്കഴിഞ്ഞ April 16ന് സ്ഥാപനത്തിലെ പ്രിൻസിപ്പൽ എന്നെ സ്‌കൂളിലേക്ക് വിളിപ്പിച്ച് ഒരു letter കയ്യിൽ തന്നു. ഹയർ സെക്കണ്ടറിയിൽ മലയാളം ടീച്ചറുടെ പോസ്റ്റ് നിലവിൽ ഇല്ല എന്നും അതിനാൽ മർക്കസ് സ്‌കൂളിൽ April 30 കഴിഞ്ഞ് സേവനത്തിൽ നിന്നും വിടുതൽ നല്കുന്നു എന്നും ഒരു എഴുതിയ കത്ത്.

തികച്ചും അന്യായവും ഒട്ടും മനുഷ്യത്വപരവും അല്ലാത്ത ഈ പ്രവർത്തിയെ എനിക്ക് അംഗീകരിക്കാനായില്ല. സ്വാഭാവികമായും ചോദിച്ചു - 'എന്നെ എങ്ങനെ നിങ്ങൾ ഇറക്കി വിടും? ഞാൻ ഹൈസ്‌കൂൾ ക്ലാസുകൾ കൂടി കൈകാര്യം ചെയ്യുന്ന ആൾ ആണല്ലോ. സ്ഥാപനം ഹയർ സെക്കണ്ടറി എടുക്കാൻ ആവശ്യപ്പെട്ടതു കൊണ്ടല്ലേ ഞാൻ ഹയർ സെക്കണ്ടറിയിൽ ആയത്? പിന്നെ ഹയർ സെക്കണ്ടറിയിൽ മലയാളമില്ലെന്ന് പറഞ്ഞ് പുറത്താക്കുന്നതെങ്ങനെയാണ്? എന്ത് ന്യായമാണിതിൽ?''

''ഹയർ സെക്കണ്ടറിയിലെ 16 പീരിഡ് cut ചെയ്താൽ ബാക്കി 14 പീരിയിഡേ നിങ്ങൾക്കുള്ളു. ബാക്കി പീരിഡ് നിങ്ങൾക്ക് തരാൻ കഴിയില്ല. തന്നാൽ താഴെ Section നിൽ നിന്ന് ആള് പോകേണ്ടിവരും. അത് പറ്റില്ല.'' - എന്നും എന്നദ്ദേഹം പറഞ്ഞു. ലോകത്ത് എവിടെയും നടക്കാത്ത ന്യായീകരണങ്ങൾ. ''പീരിഡ് കുറഞ്ഞാൽ നേരത്തെ തന്ന പിരീയഡുകൾ തരികയല്ലേ ചെയ്യേണ്ടത്?'' എന്നെല്ലാം ഞാൻ ചോദിച്ചു. ''തീരുമാനം എന്റെ തല്ല മാനേജ്‌മെന്റിന്റെതാണ്'' എന്ന് അദ്ദേഹം കൈ ഒഴിഞ്ഞു. ഞാൻ മാനേജറെയും ട്രസ്റ്റ് ചെയർമാനേയും കണ്ടു. ''ഇങ്ങനെ ഒരു തീരുമാനെടുത്തത് എന്തടിസ്ഥാനത്തിലാണ്? എന്താണതിന്റെ മാനദണ്ഡം?'' - ഞാൻ ചോദിച്ചു. ''നിയമമനുസരിച്ച് ഡിവിഷൻ ഫാൾ വന്നാൽ അവസാനം Join ചെയ്ത ആളാണ് ഒഴിയേണ്ടി വരിക? അതല്ലേ ശരി?'' എന്ന് ഞാൻ വാദിച്ചു. മാനേജർക്കോ ചെയർമാനോ മറുപടിയുണ്ടായില്ല.

ഇനി മറ്റെന്തെങ്കിലും കാരണമാവോ എന്ന് ഞാൻ അന്വേഷിച്ചു. ഇല്ല, എന്റെ ക്ലാസിനെ കുറിച്ചോ മറ്റോ അവർക്ക് ഒരു തരത്തിലും മോശം അഭിപ്രായമില്ലെന്നും പറഞ്ഞു. പിന്നെ എന്താണ് ഇങ്ങനെ ചെയ്യാൻ?

ഈ ഒരവസ്ഥയിൽ ഇങ്ങനെ ചെയ്യുന്നത് നീതിയല്ല എന്ന് ഞാൻ ശക്തമായി വാദിച്ചു. ആരും കേൾക്കാൻ തയ്യാറായില്ല.

കോവിഡിന്റെ ഈ ദുരന്തകാലത്ത് പലരും പ്രതിസന്ധിയിലാണ്. അത്തരം ഒരു സാഹചര്യത്തിലാണ് സാമൂഹ്യഉത്തരവാദിത്തമുള്ള (ഉണ്ടെന്ന് പറയപ്പെടുന്ന) ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ഒരു സ്ഥാപനം അവിടത്തെ ജീവനക്കാരോട് ഇങ്ങനെ ചെയ്യുന്നത്. ഈ പ്രതിസന്ധിഘട്ടത്തിൽ ആളുകളെ സ്ഥാപനങ്ങളിൽനിന്ന് പറഞ്ഞ് വിടരുതെന്ന് സർക്കാർ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകിയ ഒരു സംസ്ഥാനത്താണ് ഇത്തരം അനീതി അരേങ്ങേറുന്നത്. കൂട്ടത്തിൽ ഒന്ന് കൂടി പറയട്ടേ എന്നെ പോലെ ഒരു പാട് പേരെ ഈ സ്ഥാപനം പറഞ്ഞുവിട്ട് കഴിഞ്ഞു. ചിലർക്ക് അക്കമിട്ട് നിരത്തിയ കാരണങ്ങൾ ഉണ്ട് . ഇവയിൽ മിക്കതും അടിസ്ഥാനമില്ലാത്തവയാണ്. പക്ഷെ ആരും ഇത് വരെ ചോദ്യം ചെയ്യാൻ പോയിട്ടില്ല. അതിനുള്ള ധൈര്യമില്ലാഞ്ഞിട്ടാവാം. അല്ലെങ്കിൽ വേറെയും ഉണ്ടല്ലോ സ്ഥാപനങ്ങൾ എന്ന് സമാധാനിച്ചിട്ടാവാം.

എനിക്ക് തോന്നിയത് ഇത് പുറം ലോകത്തെ അറിയിക്കാനാണ്. അതിനാലാണ് ഈ post. ഒരാൾക്ക് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അപ്പപ്പോൾ തിരുത്തി കൊടുക്കുകയോ Warning നല്കുകയോ ചെയ്യുക എന്നതാണ് നീതിയുക്തമായ സംഗതി. അതിന് പകരം ഒരു വർഷം മുഴുവൻ അവരെ കൊണ്ട് പണി ചെയ്യിച്ച് (ചത്ത് പണിതു) അവസാനം ഒരു letter നല്കി അവരെ ഒഴിവാക്കുന്നതാണ് ഞാൻ പലപ്പോഴും കണ്ടിട്ടുള്ളത്. ഇരയെ കേൾക്കാനോ അവരുടെ അവസ്ഥ പരിഗണിക്കാനോ അവർ തുനിയാറില്ല. അതിനാൽ അവിടെ ജോലി ചെയ്യുന്നവന്റെ ഉള്ളിൽ വർഷാവസാനം ഭയപ്പാടാണ്. ആർക്കാകും നറുക്ക് വീഴുക? നേരിട്ട് കാണണമെന്ന് നോട്ടീസ് കൈ പറ്റിയാൽ പിന്നെ ആ date വരെ അവരുടെ ഉള്ളിൽ ആധിയാണ്. ഞാൻ സമാധാനത്തോടെയിരിക്കുമ്പോൾ എന്റെ തൊട്ടടുത്തിരിക്കുന്നയാൾ നോട്ടീസ് വാങ്ങി ആശങ്കയിൽ ഇരിക്കാകും. കണ്ട് കണ്ട് സഹിക്കാൻ പറ്റാതായിരുന്നു. ഇത്തരം നെറികേടുകൾക്കെതിരെ അധികാരികളോട് നിരന്തരം പടവെട്ടിയവരാണ് ഞങ്ങളിൽ ചിലർ. അത്തരം ചലനങ്ങൾ അവർ അടിച്ചൊതുക്കി. മുമ്പിൽ തെറ്റു കണ്ടാൽപോലും പ്രതികരിക്കാൻ ഭയപ്പാടുള്ള ഒരുപറ്റം അദ്ധ്യാപകരുടെ സമൂഹമാണ് ഇന്ന് അവിടെയുള്ളത്. അതിന് പറ്റുന്നവർ ഇവിടെ മതി അല്ലാത്തവർക്ക് പോകാം എന്നാണ് പല മീറ്റിങ്ങുകളിലും കേട്ടത്. ആദ്യ കാലത്തെ അദ്ധ്യാപകർ പലപ്പോഴും പ്രതികരിച്ചിരുന്നു.

പബ്ലിക് പരീക്ഷകളുള്ള (10 , 12) ക്ലാസുകളെ കൈകാര്യം ചെയ്ത് 14 വർഷം അവിടെ പണിയെടുത്ത എന്റെ സിനിയോരിറ്റിക്ക് യാതൊരു സ്ഥാനവുമില്ല, എന്റെ ആത്മസമർപ്പണത്തിന് വിലയില്ല. എന്റെ അധ്വാനത്തിന് വിലയില്ല. അധ്വാനം എന്ന് പറയുമ്പോൾ ചില്ലറ അധ്വാനമല്ല അത്. പബ്ലിക് പരീക്ഷകൾക്ക് തയ്യാറെടുക്കാൻ കുട്ടികൾക്ക് നാലും അഞ്ചും പരീക്ഷകൾക്ക് ചോദ്യപേപ്പർ (റിവിഷൻ, മോഡൽ ) തയ്യാറാക്കൽ അതും എന്നെ സംബന്ധിച്ച് 2 പബ്ലിക് പരീക്ഷകളുള്ള ക്ലാസിന് (10 and 12 ) ആണെന്ന് നിങ്ങൾ ഓർക്കണം. ഓരോ വർഷവും മലയാളത്തിൽ നല്ല വിജയവും നേടിക്കൊടുത്തിട്ടുണ്ട്. ഈ കോവിഡ് കാലത്ത് പോലും ഒരു കുറവും വരുത്താതെ പരീക്ഷ നടത്തി. റിസൾട്ട് നല്കി ഞങ്ങൾ. 20 ശതമാനം വേതനം കുറച്ച് വാങ്ങി സാലറി ചലഞ്ച് നടത്തി ഞങ്ങൾ. (നിങ്ങളിൽ എത്ര ആളുകൾക്ക് ഇതറിയും CBSE സ്‌കൂളിലെ സാലറി ചലഞ്ച്?) രോഗവ്യാപനത്തിന്റെയും രോഗഭയത്തിന്റെയും സമയത്ത് സ്‌കൂളിൽ വരാൻ പ്രയാസമുണ്ടെന്നറിയിച്ചിട്ടും ഞങ്ങളെ വരാാൻ നിർബന്ധിച്ചു. ഞങ്ങൾ സ്‌കൂളിൽ വന്നു പണിയെടുത്തു. പ്രിൻസിപ്പലും എച്ച് എം മാരും വരുന്നു നിങ്ങൾക്ക് വന്നാൽ എന്താ എന്ന് ചോദിച്ച് ഞങ്ങളെ സ്‌കൂളിൽ വരുത്തിച്ചു.Live class ന് പുറമേ, ക്ലാസിന്റെ YouTube link; Notebook Checking, Class Test, Arts Fest, പ്രധാനപ്പെട്ട ദിനാഘോഷങ്ങൾ, Progress Card Work അങ്ങനെ.... നീളുന്ന പ്രവർത്തനങ്ങൾ. എല്ലാത്തിലും പുറമെ ഓരോ ക്ലാസിലെയും ഫീസ് രക്ഷിതാക്കളിൽ നിന്ന് പിരിച്ചെടുത്തു നല്കി. (അതിന് രക്ഷിതാക്കളിൽ നിന്ന് കേൾക്കുന്ന മോശം വാക്കുകൾ വേറെ..) എല്ലം ഞങ്ങൾ നടത്തി. അവസാനം വർഷാന്ത്യത്തിൽ എത്ര ലാഘവത്തോടെയാണ് ഒരു കത്ത് കയ്യിൽ തന്ന് പറഞ്ഞ് വിടുന്നത്?

പീരിഡ് കുറയുകയോ ഡിവിഷൻ ഫാൾ ഉണ്ടാവുകയോ ചെയ്താൽ ചില മാനദണ്ഡങ്ങൾ പാലിച്ചാണ് സാധാരണ ഒരാളെ വിടാറുള്ളത്. മലയാളം Dept. ലെ സീനിയർ ടീച്ചറായ ഞാൻ ഒഴിവാക്കപ്പെടുന്നതിന് കാരണം എന്താണ്? എന്തുകൊണ്ട് ഞാൻ പോകേണ്ടി വരുന്നു? എന്ന എന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം എന്നെ ബോധിപ്പിക്കാൻ മാനേജ്‌മെന്റിന് ആയില്ല. ലോകത്ത് ഒരിടത്തും കേൾക്കാത്ത വാദങ്ങൾ പറഞ്ഞ അവരുടെ നടപടി എനിക്ക് സ്വീകാര്യമല്ല. ശിക്ഷിക്കെപ്പെടും മുമ്പ് ഒരാൾക്ക് അയാൾ ചെയ്ത തെറ്റെന്താണെന്ന് അറിയാനുള്ള അവകാശം ഉണ്ട്. അത് പോലും എനിക്ക് ഉണ്ടായില്ല.

പ്രിയമുള്ള സുഹൃത്തുക്കളെ, ഒരു ദുരന്തം വരുമ്പോൾ ശത്രുത പോലും മറന്ന് ഒന്നാവുക എന്നതും, തളരുന്നവരെ ചേർത്ത് പിടിക്കുക എന്നതും സാധാരണ മനുഷ്യർക്കിടയിൽ നാം കാണാറുള്ളതാണ്. അതാണ് മനുഷ്യധർമ്മവും. മനുഷ്യനായാൽ മനുഷ്യത്വം ഉണ്ടായിരിക്കുക എന്നതാണ് മുഖ്യം. അതുകൊണ്ടാണല്ലോ അവനെ മനുഷ്യൻ എന്ന് വിളിക്കുന്നത്.

Kondotty മർക്കസുൽ ഉലൂം സ്‌കൂളിലെ അധികാരികളിൽ മനുഷ്യർ ഇല്ല എന്നാണോ ഞാൻ കരുതേണ്ടത്? മനുഷ്യന്റെ ധർമ്മത്തെ കുറിച്ചും മതേതരത്വത്തെ കുറിച്ചും വേദികൾ തോറും സംസാരിക്കുന്ന ജമാ അത്തെ ഇസ്ലാമി എന്ന സംഘടനയുടെ മുഖം വ്യാജമാണെന്നാണോ ഞാൻ മനസിലാക്കേണ്ടത്? പരിശുദ്ധ റമളാൻ മാസത്തിൽ പോലും ഏത് മനുഷ്യനോടും ഏത് അനീതിയും ചെയ്യാൻ കഴിയും എന്നാണോ ഞാൻ ധരിക്കേണ്ടത്? അവിടെയുണ്ടായിരുന്ന നല്ല മനുഷ്യരായ അധികാരികൾ ഇന്ന് ഇല്ല എന്നാണോ ഞങ്ങളെപോലുള്ളവർ മനസിലാക്കേണ്ടത്?

അതോ, കൃസ്ത്യൻ സമുദായത്തിൽ ജനിച്ച് എന്നാൽ ഒരു മതത്തിലും വിശ്വസിക്കാത്ത ഒരു കമ്മ്യൂണിസ്റ്റുകാരെനെ ഭർത്താവായി സ്വീകരിച്ചതുകൊണ്ട് (വിവാഹം 2013) അന്ന് എന്നോട് ചെയ്യാൻ പറ്റാത്തത് ഇന്ന്‌ചെയ്തു എന്നാണോ ഞാൻ കരുതേണ്ടത്?

എന്നെപ്പോലെ അന്യായമായി പുറത്താക്കപ്പെട്ട, പുറത്താക്കപ്പെടാനിരിക്കുന്ന അനേകം നിസ്സഹായരായ അദ്ധ്യാപക - അദ്ധ്യാപികമാർക്കുവേണ്ടികൂടി ഞാൻ നിയമത്തിന്റെ വഴിയേ നീങ്ങുവാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നെ സ്‌നേഹിച്ച, സഹായിച്ച, മർകസിലെ മുഴുവനാളുകളുടെയും എല്ലാ നല്ല മനുഷ്യരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP