Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഒട്ടുമേ ബഹുമാനമില്ലാത്ത ശ്രീജിത്ത് പണിക്കരേ.. നിങ്ങളെപ്പോലെയുള്ള ശവനിരീക്ഷകവൈറസുകളുടെ പുലഭ്യം പറച്ചിൽ അർഹിക്കുന്ന അവജ്ഞയോടെ എടുത്തു തള്ളുന്നത് സെപ്ടിക്ക് ടാങ്കിലാണ് സർ; നിങ്ങളടക്കം എല്ലാ വൈറസുകളെയും നേരിട്ട് ഈ നാട് അതിജീവിച്ചുവരും': മറുപടിയുമായി സന്നദ്ധ പ്രവർത്തക രേഖ

'ഒട്ടുമേ ബഹുമാനമില്ലാത്ത ശ്രീജിത്ത് പണിക്കരേ.. നിങ്ങളെപ്പോലെയുള്ള ശവനിരീക്ഷകവൈറസുകളുടെ പുലഭ്യം പറച്ചിൽ അർഹിക്കുന്ന അവജ്ഞയോടെ എടുത്തു തള്ളുന്നത് സെപ്ടിക്ക് ടാങ്കിലാണ് സർ; നിങ്ങളടക്കം എല്ലാ വൈറസുകളെയും നേരിട്ട് ഈ നാട് അതിജീവിച്ചുവരും': മറുപടിയുമായി സന്നദ്ധ പ്രവർത്തക രേഖ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ശ്രീജിത്ത് പണിക്കർക്കെതിരെ ആലപ്പുഴ പുന്നപ്ര പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ കടുത്ത വിമർശനവുമായി സന്നദ്ധ പ്രവർത്തക രേഖ പി മോളുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച സംഭവത്തെ പരിഹസിച്ചുള്ള ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് കുറിപ്പിനെതിരെയാണ് രേഖ പരാതി നൽകിയത്.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രേഖ ഇക്കാര്യം വ്യക്തമാക്കിയത്.

പുന്നപ്ര ഡൊമിസിലിയ സെന്ററിലെ സന്നദ്ധ പ്രവർത്തകയായ രേഖയും അശ്വിൻ കുഞ്ഞുമോനും ചേർന്ന് രോഗിയുടെ ജീവൻ രക്ഷിക്കാനായി ബൈക്കിൽ രോഗിയെ ആശുപത്രിയിലെത്തിച്ചത് വലിയ വാർത്തയായിരുന്നു. ഇതിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ ഇട്ട പോസ്റ്റാണ് പരാതിക്കാധാരം. ഒട്ടും ബഹുമാനമില്ലാത്ത ശ്രീജിത്ത് പണിക്കരേ എന്ന അഭിസംബോധനയോടെയാണ് രേഖ പി മോൾ കുറിപ്പ് തുടങ്ങുന്നത്.

ശ്രീജിത്ത് കരിവാരിത്തേച്ച സ്ത്രീകളുടെ പ്രതിനിധയെന്ന നിലയിലാണ് സംസാരിക്കുന്നതെന്നും രേഖ പറയുന്നു.പുന്നപ്രയിൽ അന്നത്തെ ആ സാഹചര്യത്തിൽ നിങ്ങളുടെ മാതാപിതാക്കൾക്കാണ് അടിയന്തര വൈദ്യസഹായം വേണ്ടി വരുന്നതെങ്കിൽ പ്രോട്ടോക്കോൾ പാലിച്ചു കാത്തു നിൽക്കുമോയെന്നും മറിച്ച് കിട്ടുന്ന സഹായം സ്വീകരിക്കുമോയെന്നും രേഖ പണിക്കരോട് ചോദിച്ചു. മനുഷ്യത്വം എന്ന വാക്ക് പണിക്കർ കേട്ടിട്ടുപോലുമില്ലാത്തതു കൊണ്ടാണ് അത്തരം നികൃഷ്ട വാക്കുകൾ പോസ്റ്റ് ചെയ്യാൻ അദ്ദേഹത്തിനു മടിയില്ലാതെ പോയതെന്നും രേഖ ചൂണ്ടിക്കാട്ടി. ബൈക്കിൽ രോഗിയെ കൊണ്ടുപോയതിനാൽ പീഡന സാധ്യത കുറഞ്ഞെന്ന പണിക്കരുടെ പരിഹാസത്തെയും അവർ രൂക്ഷമായി വിമർശിച്ചു.എതിർത്തു സംസാരിക്കുന്നവരുടെ അമ്മമാരെ അപമാനിക്കാൻ മാത്രം വെറിപിടിച്ച മനസുള്ളവർക്ക് പെണ്ണെന്നാൽ ഒരു ശരീരം മാത്രമാണെന്ന് ബോധ്യമുണ്ടെന്നും എന്നാൽ സമൂഹത്തിൽ എല്ലാവരും അങ്ങനെയല്ലെന്നും അവർ പോസ്റ്റിൽ പറയുന്നു.

ഇനിയും ഇത്തരം അത്യാഹിത സംഭവങ്ങൾ ഉണ്ടായാൽ ഇതു പോലെ തന്നെ തങ്ങൾ 'നിയമം ലംഘിക്കും' എന്നും അത് കാണാനും തിരിച്ചറിയാനും സംസ്ഥാനത്ത് മികച്ചൊരു ഭരണസംവിധാനമുണ്ടെന്നും രേഖ പോസ്റ്റിൽ പറഞ്ഞു. ശ്രീജിത്ത് പണിക്കരെപ്പോലുള്ള ശവനിരീക്ഷക വൈറസുകളുടെ പുലഭ്യം പറച്ചിൽ അർഹിക്കുന്ന അവജ്ഞയോടെ ജനം തള്ളിക്കളയുമെന്നും പണിക്കരടക്കം എല്ലാ വൈറസുകളെയും നേരിട്ട് ഈ നാട് അതിജീവിച്ചുവരുമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

രേഖ പി മോളുടെ പോസ്റ്റിന്റെ പൂർണരൂപം:

ഒട്ടുമേ ബഹുമാനമില്ലാത്ത ശ്രീജിത്ത് പണിക്കരേ..

പുന്നപ്രയിലെ കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച വാർത്തയെച്ചൊല്ലി താങ്കളിട്ട ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടു. മറുപടിയർഹിക്കുന്നില്ലെന്നു കരുതിയാണ് ആദ്യം പ്രതികരിക്കാതിരുന്നത്. പക്ഷെ ഒരു റേപ്പ് ജോക്ക് പറഞ്ഞതുവഴി നിങ്ങൾ കരിവാരിത്തേച്ച എണ്ണമറ്റ പെണ്ണുങ്ങളിലൊരാളാണ് എന്നതുകൊണ്ട് അതെനിക്ക് പറഞ്ഞേതീരൂ എന്നിപ്പോ തോന്നുന്നു.

പോസ്റ്റുകളിൽ എതിർത്തു സംസാരിക്കുന്നവരുടെ അച്ഛന്റെയും അമ്മയുടെയും സുഖവിവരമന്വേഷിക്കുന്ന താങ്കൾ, സ്വന്തം മാതാപിതാക്കൾക്ക് ഒരസുഖം വന്നാലോ ഒരു എമർജൻസി സാഹചര്യത്തിലോ എല്ലാ പ്രോട്ടോകോളും പാലിച്ചുകൊണ്ട് കാത്തിരിക്കുമോ അതോ കിട്ടുന്ന സഹായം കൈനീട്ടി സ്വീകരിക്കുമോ എന്നൊരു മറുപടി പറഞ്ഞാൽ നന്നായിരുന്നു.

അങ്ങനെ സഹായിക്കാനെത്തുന്നവരുടെ ലിംഗവും പ്രായവും നോക്കിയാണോ അത് സ്വീകരിക്കുക? അത്തരമൊരു സാഹചര്യത്തിൽ ബ്രഡും ജാമും വെച്ചു നിങ്ങളതിനെ സമീകരിച്ചു പരിഹസിക്കാൻ മുതിരുമോ? ആശുപത്രിയിലേക്ക് വരാൻ മറ്റൊരിടത്തുള്ള ആംബുലൻസ് എടുക്കുന്ന സമയം തികച്ചും ന്യായമാണ്. ഇവിടാരാണ് അലംഭാവം കാട്ടിയത്? അതേ ക്യാമ്പസിലാണ് ഡിസിസി എന്നതുകൊണ്ടാണല്ലോ എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിച്ചുകൊണ്ട് തന്നെ അത്തരമൊരു ദൗത്യമേറ്റെടുക്കാൻ ഞങ്ങൾ സന്നദ്ധരായത്. അതിന് നിയമമറിയേണ്ട മിസ്റ്റർ, മനുഷ്യത്വം മരവിച്ചുപോകാതിരുന്നാ മതി. താങ്കളാ വാക്ക് കേട്ടുകാണാൻ സാധ്യതയില്ല. സംഘിക്ക് മനുഷ്യത്വം ചെകുത്താന് കുരിശെന്ന പോലെയാണല്ലോ.

പിന്നെ പീഡനത്തിന്റെ കാര്യം. ബൈക്കിലായാൽ പീഡനം നടക്കില്ലെന്നൊക്കെ റേപ്പ് ജോക്കടിച്ചു വിട്ട് കൂടെച്ചിരിക്കാൻ ഭൂതഗണങ്ങളെയും കിട്ടുമ്പോ നിങ്ങൾ സ്വയം വെളിപ്പെടുകയാണ് ശ്രീജിത്ത്. പെണ്ണിനെ ആക്രമിക്കുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതും നിങ്ങൾക്ക് ദ്വയാർത്ഥങ്ങൾ നിറഞ്ഞ തമാശകളാണ്. മെറിറ്റിൽ എതിർത്തു സംസാരിക്കുന്നവന്റെ അമ്മയുടെ ഭർത്താക്കന്മാരുടെ എണ്ണമന്വേഷിച്ചു പോകാൻ മാത്രം വെറിപിടിച്ച മനസിന്റെ ഉടമയ്ക്ക് പെണ്ണെന്നത് ഒരു ശരീരം മാത്രമാണെന്ന് നല്ല ബോധ്യമുണ്ട്. എന്നാൽ സത്യം അങ്ങനെയല്ല കേട്ടോ.
അങ്ങനെയല്ലാത്ത, ആണിനേയും പെണ്ണിനേയും ഒരുപോലെ കാണുന്ന ആളുകൾ നാട്ടിലുണ്ട്. നിങ്ങൾക്കുള്ള ഞരമ്പുരോഗം ഇല്ലാത്തവർ. ജന്മനാ നിങ്ങൾക്ക് അത്തരത്തിലുള്ള ഇൻസെക്യൂരിറ്റികളുണ്ടെങ്കിൽ, ഫേസ്‌ബുക്കിലെ ആളുകളുടെ അമ്മമാരെയും അച്ഛന്മാരെയും അന്വേഷിക്കുന്ന മാനസിക വിഭ്രാന്തിക്ക് ഒരു ഡോക്ടറുടെ സേവനം തേടിയാൽ നന്നായിരുന്നു. ഈ നാടെങ്കിലും രക്ഷപ്പെട്ടേനെ.

നിങ്ങൾ പരിഹസിക്കാൻ നോക്കിയ ജീവൻരക്ഷാ ശ്രമത്തിൽ, വ്യക്തിഹത്യ നടത്തിയ വകുപ്പിൽ അതേറ്റ ഒരാളുണ്ട്. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ 'ബ്രഡിൽ തേച്ച ജാമായ' ആ മനുഷ്യൻ. നിയമം നോക്കാത്ത കാരണം ജീവൻ തിരിച്ചുകിട്ടിയ മനുഷ്യൻ. ഇപ്പൊ ശ്വസിക്കാൻ ശുദ്ധവായു കിട്ടുംവിധം ആരോഗ്യവാനായി ഇരിക്കുന്ന ആ കോവിഡ് രോഗി. മറ്റാര് പൊറുത്താലും അയാൾ നിങ്ങളോടും നിങ്ങൾ കാണിച്ച മൃഗീയതയോടും പൊറുക്കില്ല. അയാൾ ഒരാളുമല്ല, ഈ മഹാമാരിക്കാലത്ത് ജീവൻ കൈയിലെടുത്തു നിൽക്കുന്ന നേരം സഹജീവികളിൽ പ്രതീക്ഷയർപ്പിക്കുന്ന ഓരോ മലയാളിയുമാണ്. അവരിലൊരാളും നിങ്ങളോട് ക്ഷമിക്കുകയുമില്ല.

ഇനിയും എമർജൻസികളുണ്ടായാൽ തലയ്ക്ക് വെളിവുള്ള ആളുകൾ ഇങ്ങനെതന്നെ 'നിയമം ലംഘിക്കും' സർ. അത് കാണാനും തിരിച്ചറിയാനും ഇവിടെയൊരു ഭരണകൂടമുണ്ട് സർ. നിങ്ങളെപ്പോലെയുള്ള ശവനിരീക്ഷകവൈറസുകളുടെ പുലഭ്യം പറച്ചിൽ അർഹിക്കുന്ന അവജ്ഞയോടെ എടുത്തു തള്ളുന്നത് സെപ്ടിക്ക് ടാങ്കിലാണ് സർ. നിങ്ങളടക്കം എല്ലാ വൈറസുകളെയും നേരിട്ട് ഈ നാട് അതിജീവിച്ചുവരും, ഇവിടത്തെ മനുഷ്യരും..

ശ്രീജിത്ത്പണിക്കരുടെ വിവാദ പോസ്റ്റ്

ആംബുലൻസ് ഇല്ലാത്തതിനാൽ സർക്കാർ ചുമതലയിലുള്ള ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നും ബൈക്കിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചെന്ന വാർത്ത കണ്ടു. സർക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോർട്ടിങ് അവസാനിപ്പിക്കണം. ശരിയായ ഉദ്ദേശമാണ് ബൈക്ക് ആംബുലൻസിനു പിന്നിൽ ഉള്ളത്.

[1] ആംബുലൻസ് അടച്ചിട്ട വാഹനമാണ്. അതിൽ രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടാൽ ആര് സമാധാനം പറയും, പ്രത്യേകിച്ച് ഓക്‌സിജൻ സിലിണ്ടർ ക്ഷാമം ഉള്ളപ്പോൾ. ബൈക്ക് തുറസ്സായ വാഹനമാണ്. യഥേഷ്ടം ഓക്‌സിജൻ വലിച്ചു കയറ്റാം.
[2] നിലവിളിശബ്ദം ഇട്ടാലും ആംബുലൻസ് ആയാൽ മാർഗ്ഗമധ്യേ തടസ്സങ്ങൾ ഉണ്ടായേക്കാം. ബൈക്ക് ഊടുവഴികളിലൂടെ ശടേന്ന് ആശുപത്രിയിൽ എത്തും.

[3] ഓടിക്കുന്ന ആളിനും പിന്നിൽ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാൽ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയിൽ ജാം തേച്ചത് സങ്കല്പിക്കുക.

[4] വർധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതൽ ലാഭകരം. മെയിന്റനൻസ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതൽ വാഹന ലഭ്യത. പാർക്കിങ് സൗകര്യം. എമർജൻസി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം. തന്നെയുമല്ല, ആലപ്പുഴയ്ക്ക് മുകളിലെ ഓസോൺ പാളിയിലെ വിള്ളൽ വരെ ഈ ഒറ്റ സംഭവം കൊണ്ട് അടഞ്ഞത്രേ.

[5] ഏറ്റവും പ്രധാനം. ആംബുലൻസിൽ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ബൈക്കിൽ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും.

ബഹുമാനിക്കാൻ പഠിക്കെടോ.
(മൂന്നു നേരം ഓരോന്ന് വീതം വിഴുങ്ങാനുള്ള ക്യാപ്‌സൂൾ )

അതേസമയം വിഷയത്തിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ രംഗത്തെത്തി.താൻ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് കേരളത്തിൽ യഥാർത്ഥത്തിൽ നടന്ന വസ്തുതകൾ മാത്രമാണെന്നും അതിൽ അസഭ്യമോ അശ്ലീലമോ സ്ത്രീവിരുദ്ധതയോ ഇല്ലെന്ന് ശ്രീജിത്ത് പണിക്കർ വാദിക്കുന്നു.

ശ്രീജിത്ത് പറഞ്ഞത്: ''കേന്ദ്രസർക്കാരിനെ വിമർശിക്കാം; സംസ്ഥാന സർക്കാരിനെ പാടില്ല? കേന്ദ്രസർക്കാരിനെ വിമർശിച്ച കവിക്ക് താൽക്കാലിക സമൂഹമാധ്യമ വിലക്ക്. വിലക്ക് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും നടപടി ഫാഷിസമെന്നും ചില പുരോഗമന പക്ഷക്കാർ. പോസ്റ്റ് ചെയ്തത് ഫേക്ക് വിഡിയോ ആണെന്നും വാർത്തകൾ. കമ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചുവെന്ന് ഫേസ്‌ബുക്ക്. സംസ്ഥാന സർക്കാരിനെ വിമർശിച്ച എനിക്ക് മാധ്യമവിലക്ക് വേണമെന്ന് ഇതേ 'പുരോഗമന' പക്ഷക്കാർ. എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം വേണ്ടെന്നും ഇക്കൂട്ടർ. പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് കേരളത്തിൽ യഥാർത്ഥത്തിൽ നടന്ന വസ്തുതകൾ മാത്രം. അസഭ്യമോ അശ്ലീലമോ സ്ത്രീവിരുദ്ധതയോ ഇല്ല. കമ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘനമില്ല.''

അതേസമയം ശ്രീജിത്ത് പണിക്കരുടെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തെ ചാനൽ ചർച്ചകളിൽ പങ്കെടുപ്പിക്കരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ട് സോഷ്യൽമീഡിയയിൽ ഒരു വിഭാഗം കാമ്പയിൻ തുടങ്ങിയിട്ടുണ്ട്. ശ്രീജിത്ത് പണിക്കർ പങ്കെടുക്കുന്ന ചർച്ചകളിൽ നിന്നും ചില ഇടത് നിരീക്ഷകർ മാറി നിൽക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഡോ.പ്രേംകുമാർ, രശ്മിത രാമചന്ദ്രൻ എന്നിവർ ഇതിനകം ശ്രീജിത്തിനൊപ്പം ചർച്ചകളിൽ പങ്കെടുക്കില്ലായെന്ന് നിലപാട് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP