Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിനിമയിൽ അഭിനയിച്ചാൽ ഇപ്പോഴും പലരും പ്രതിഫലം തരാറില്ല; തരുന്നവർ തന്നെ വളരെ ചെറിയ തുക; അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം പോറ്റുന്നത്; അതറിയുന്നതുകൊണ്ടാണ് ഒരച്ചാറായി മിക്കവരും അവരുടെ സിനിമയിൽ എന്നെ ഉൾപ്പെടുത്തുന്നത്; സിനിമാ ജീവിതം തുറന്നുപറഞ്ഞ് അഞ്ജലി നായർ

സിനിമയിൽ അഭിനയിച്ചാൽ ഇപ്പോഴും പലരും പ്രതിഫലം തരാറില്ല; തരുന്നവർ തന്നെ വളരെ ചെറിയ തുക; അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം പോറ്റുന്നത്; അതറിയുന്നതുകൊണ്ടാണ് ഒരച്ചാറായി മിക്കവരും അവരുടെ സിനിമയിൽ എന്നെ ഉൾപ്പെടുത്തുന്നത്; സിനിമാ ജീവിതം തുറന്നുപറഞ്ഞ് അഞ്ജലി നായർ

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പലരും പ്രതിഫലം തരാറില്ലെന്നും തരുന്നവർ വളരെ ചെറിയ പ്രതിഫലമാണ് തരാറുള്ളതെന്നും നടി അഞ്ജലി നായർ. അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം പോറ്റുന്നത്. എന്നെ അറിയുന്നവർക്ക് അതറിയാം. അതറിയുന്നതുകൊണ്ടാണ് ഒരച്ചാറായി മിക്കവരും അവരുടെ സിനിമയിൽ തന്നെ ഉൾപ്പെടുത്തുന്നതെന്നും അഞ്ജലി പറയുന്നു.

ദുഃഖപുത്രിയുടെ മുഖമുള്ളതുകൊണ്ടും ആരോടും തിരിച്ച് ഒന്നും പറയില്ലെന്നുറപ്പുള്ളതുകൊണ്ടുമാകാം ഇത്തരം അനുഭവം നേരിടേണ്ടി വരുന്നതെന്നും അഞ്ജലി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

'കമ്മട്ടിപ്പാടം എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ഒരു ദിവസം എനിക്ക് മൂവായിരം രൂപ വീതമാണ് പ്രതിഫലം തന്നത്. ഇപ്പോഴും പലരും പ്രതിഫലം തരാറില്ല. ചിലർ തീരെ ചെറിയ പ്രതിഫലം തരും. എനിക്ക് ദുഃഖപുത്രിയുടെ മുഖമുള്ളതുകൊണ്ടും ഞാനാരോടും തിരിച്ച് ഒന്നും പറയില്ലെന്നുറപ്പുള്ളതുകൊണ്ടുമാകാം അത്' അഞ്ജലി പറയുന്നു.

'അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അനിയനും ഭാര്യയും കുഞ്ഞും എന്റെ മോളുമൊക്കെയടങ്ങുന്ന കുടുംബം ഞാൻ പോറ്റുന്നത്. പണമിരട്ടിപ്പിക്കാനുള്ള മാജിക്കൊന്നും എനിക്കറിയില്ല. എന്റെ കടങ്ങളും പ്രശ്നങ്ങളും ചെലവുകളും കഴിഞ്ഞിട്ട് എനിക്ക് ചിലപ്പോൾ ഒരു നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റിവയ്ക്കാനുണ്ടാവില്ല'.

അഞ്ജലി നായരെ അച്ചാർ എന്നാണ് ചിലർ കളിയാക്കി വിളിക്കുന്നത്. ഒരുവിധം എല്ലാ സിനിമയിലുമുള്ളതുകൊണ്ടാവാം പലരും തന്നെ അച്ചാറെന്ന് വിശേഷിപ്പിക്കുന്നതെന്നും എന്നാൽ അങ്ങനെ എല്ലാ സിനിമയിലും താൻ ഉണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അഞ്ജലി പറഞ്ഞിരുന്നു.

സംവിധായകർക്ക് ചില കാഴ്ചപ്പാടുകളുണ്ട്. ഈ പ്രായത്തിൽ എന്നെക്കൊണ്ട് അമ്മ വേഷം ചെയ്യിക്കരുതെന്ന് അവരാണ് തീരുമാനിക്കേണ്ടത്. അവർ എന്നെ വിളിക്കുന്നു. വിളിക്കുന്നത് ഒരു വരുമാനം കിട്ടുന്ന കാര്യത്തിനായതുകൊണ്ടും തെറ്റല്ലാത്തതുകൊണ്ടും ഞാൻ പോയി ചെയ്യുന്നു. അത്രേയുള്ളൂ. നമ്മൾ ചെയ്തില്ലെങ്കിൽ ആ വേഷം ചെയ്യാൻ വേറെയാളുണ്ട്. ആ ഒരുമാസം കഴിഞ്ഞ് പോകാൻ, വിശപ്പിന്റെ വിളിവരുമ്പോൾ നമ്മൾ എന്തും ചെയ്യും, അഞ്ജലി ചോദിക്കുന്നു.

ഞാൻ നല്ലവണ്ണം ബുദ്ധിമുട്ടി ജീവിക്കുന്നയാളാണ്. ഞാൻ വളരെ സാധാരണക്കാരിയാണ്. എന്റെ ബുദ്ധിമുട്ട് ഞാൻ തുറന്നുപറയാതിരിക്കുന്നതുകൊണ്ട് എന്തുകാര്യം.എനിക്ക് ലോണുകൾ തന്നിട്ടുള്ള ബാങ്കിലെ മാനേജർമാർക്കറിയാം ഞാൻ അവരോട് എന്താണ് ചെയ്തിട്ടുള്ളതെന്ന്. ആ ലോണിന്റെ അടവ് മുടങ്ങിയത് എന്തുകൊണ്ടാണെന്ന് അവർക്കറിയാം.

'എന്റെ മോളുടെ വളയും കമ്മലും ഓരോ ആവശ്യങ്ങൾക്കായി പണയം വച്ചിട്ട് പണയമെടുക്കാൻ കഴിയാതെ അവ ലേലം ചെയ്തു പോയിട്ടുണ്ട്. അക്കാര്യങ്ങളും പലർക്കുമറിയാം. ലോൺ അടയ്ക്കാതെ എന്റെ കാർ സി.സി പിടുത്തക്കാർ കൊണ്ടുപോയിട്ടുണ്ട്. അവസരങ്ങൾക്കുവേണ്ടിയോ ഉദ്ഘാടനങ്ങൾക്കു വേണ്ടിയോ വഴിവിട്ട രീതിയിൽ പോകാത്ത ഒരു അഡ്ജസ്റ്റുമെന്റിനും പോകാത്ത ഒരാളാണ് ഞാൻ' അഞജലി പറയുന്നു.

തന്റെ ഒരു അഞ്ച് സിനിമ എടുത്ത് പറയാൻ ഒരു പ്രേക്ഷകനോട് അല്ലെങ്കിൽ എന്നെ അറിയാവുന്ന ഒരാളോട് പറഞ്ഞാൽ അഞ്ച് സിനിമകളുടെ പേര് പറയാൻ അവർ പത്ത് മിനുട്ട് ആലോചിച്ചെന്ന് വരുമെന്നും അത് തന്റെ തോൽവിയാണെന്നും അഞ്ജലി നായർ അഭിമുഖത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP