Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യൻ ടീമിലെത്താൻ മോഹിച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ; കണ്ണിന് പരിക്കേറ്റതോടെ ക്രിക്കറ്റിനോട് ഗുഡ്‌ബൈ പറഞ്ഞു; രാഹുൽ ഗാന്ധി ആവേശമായപ്പോൾ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്; കോവിഡ് കാലത്ത് സഹായം എത്തിക്കാൻ രാഹുൽ ആഹ്വാനം ചെയ്തതോടെ കൈ മെയ് മറന്ന് പ്രവർത്തനം; രാജ്യത്തിന്റെ ഓക്സിജൻ മാനായി ബി വി ശ്രീനിവാസ്

ഇന്ത്യൻ ടീമിലെത്താൻ മോഹിച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ; കണ്ണിന് പരിക്കേറ്റതോടെ ക്രിക്കറ്റിനോട് ഗുഡ്‌ബൈ പറഞ്ഞു; രാഹുൽ ഗാന്ധി ആവേശമായപ്പോൾ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്; കോവിഡ് കാലത്ത് സഹായം എത്തിക്കാൻ രാഹുൽ ആഹ്വാനം ചെയ്തതോടെ കൈ മെയ് മറന്ന് പ്രവർത്തനം; രാജ്യത്തിന്റെ ഓക്സിജൻ മാനായി ബി വി ശ്രീനിവാസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റെയ്സീന റോഡിലെ യൂത്ത് കോൺഗ്രസ് കൺട്രോൾ റൂമിൽ ഫോണുകൾ നിർത്താതെ ബെല്ലടിക്കുകയാണ്. പത്തോളം പേർ ഈ ഫോൺവിളികൾക്ക് മറുപടിയും തുടർന്നുള്ള നിർദ്ദേശങ്ങളും നൽകുന്നു. കുറച്ചുപേർ ട്വിറ്റർ നിരന്തരം റീഫ്രഷ് ചെയ്തുകൊണ്ടിരിക്കുന്നു. കഴിഞ്ഞുപോയ തെരഞ്ഞെടുപ്പ് കാലത്തെ യൂത്ത് കോൺഗ്രസ് വാർറൂമിലെ കാഴ്‌ച്ചകളായിരുന്നുവെന്ന് കരുതാൻ വരട്ടെ. ഡൽഹിയിൽ കോവിഡ് ബാധിച്ച് ഒരിറ്റ് ശ്വാസത്തിനായി പിടയുന്ന ജനങ്ങൾക്ക് പ്രാണവായു എത്തിക്കാനുള്ള യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിന്റെ ചെറുസൈന്യത്തിന്റെ പ്രവർത്തനങ്ങളാണിത്. ഓക്‌സിജനും അവശ്യമരുന്നുകൾക്കും വേണ്ടിയുള്ള ആയിരക്കണക്കിന് മനുഷ്യരുടെ അഭ്യർത്ഥനകളാണ് ദിവസം ഇത്തരത്തിൽ പല വഴികളിലൂടെ വന്നുകൊണ്ടിരിക്കുന്നത്. വരുന്ന അഭ്യർത്ഥനകൾ അപ്പപ്പോൾ തന്നെ ഫീൽഡിലുള്ള സന്നദ്ധപ്രവർത്തകർക്ക് കൈമാറുകയും പരിഹാരം കാണുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഇന്ത്യയുടെ ഓക്‌സിജൻ മാൻ

മൂല്യശോഷണം സംഭവിച്ച് ആസന്നമരണം കാത്തിരിക്കുന്ന സമകാലിക രാഷ്ട്രീയത്തിന്റെ പ്രാണവായുവായി മാറുകയാണ് ബി.വി ശ്രീനിവാസ് എന്ന ഈ യുവാവ്. രാജ്യത്തിന്റെ 'ഓക്സിജൻ മാൻ' എന്നാണ് ഇപ്പോൾ ശ്രീനിവാസ് അറിയപ്പെടുന്നത്. പ്രാണൻ നിലനിർത്താൻ ആയിരങ്ങളെ സഹായിച്ചതോടെയാണ് ശ്രീനിവാസിന് ആ പേര് ലഭിച്ചിരിക്കുന്നത്. ഡൽഹിയിലെ എല്ലാ ജില്ലകളിലും ശ്രീനിവാസ് സന്നദ്ധപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. അവിടങ്ങളിലെ ആശുപത്രികളിലെ ഓക്സിജൻ, ബെഡ് വിവരങ്ങൾ ഒക്കെ അപ്പപ്പോൾ വളണ്ടിയർമാർ ലഭിക്കും. രാഷ്ട്രീയ മതഭേദമന്യേയാണ് ശ്രീനിവാസിന്റേയും സംഘത്തിന്റെയും പ്രവർത്തനം.

24 മണിക്കൂറും പ്രവർത്തിക്കുന്ന സെന്ററുകൾ, ഭക്ഷണം, വെള്ളം, ഓക്‌സിജൻ, രക്തം, പ്ലാസ്മ എന്നിവ എത്തിക്കാനുള്ള സജ്ജീകരണങ്ങൾ. ഏത് ആവശ്യത്തിനും ഒരു ഫോൺ വിളിക്ക് അപ്പുറം സജ്ജമായി നിൽക്കുന്ന സന്നദ്ധ പ്രവർത്തകർ. ആശ്വാസത്തിന്റെ തുരുത്താവുകയാണ് ശ്രീനിവാസിന്റെ പട്ടാളം. ദേശീയ മാധ്യമങ്ങളിലും സൈബർ ഇടങ്ങളിലും പാർട്ടി ഭേദമന്യേ ഈ നേതാവിന് കയ്യടിയാണ്. പ്രവർത്തനം കണ്ടറിഞ്ഞ് ഒട്ടേറെ യുവാക്കൾ ഇദ്ദേഹത്തിനൊപ്പം കോവിഡ് പ്രതിരോധത്തിന് അണിനിരക്കുകയാണ്. യൂത്ത് കോൺഗ്രസിന്റെ പേജിൽ ഓരോ പ്രവർത്തനങ്ങളും വിശദീകരിക്കുന്നുണ്ട്.

ഡൽഹിയിൽ പ്രതിസന്ധിയിലായ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങൾ എത്തിക്കാനും ഒരു പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. ദിവസവും 400 ഫോൺകോളുകൾ സഹായം ചോദിച്ച് ഡൽഹിയിൽ നിന്നുമാത്രം വാർറൂമിലേക്ക് ലഭിക്കുന്നുണ്ടെന്ന് ശ്രീനിവാസ് പറയുന്നു. ആശുപത്രികളിൽ അവശേഷിക്കുന്ന കിടക്കകളുടെ എണ്ണം അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് ഇക്കാര്യങ്ങൾ രോഗികളെ അറിയിക്കാനുള്ള സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കർഷക സമരം ശക്തമായിരുന്ന സമയം മുതൽ മുഴുവൻ സമയപ്രവർത്തനങ്ങളുമായി ഡൽഹിയിൽ സജീവമാണ് ശ്രീനിവാസ്.

ഐ.സി.യു. കിടക്കകൾ, ഓക്സിജൻ കിടക്കകൾ, സിലിണ്ടറുകൾ, അവശ്യമരുന്നുകൾ, ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ച, ശവസംസ്‌കാരത്തിനുള്ള സഹായം എന്നിങ്ങനെ ഓരോന്നിനും ഓരോ വിഭാഗം വളണ്ടിയർമാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഏത് രീതിയിലുള്ള സഹായമാണോ ആളുകൾ തേടുന്നത്, അതിനനുസൃതമായി ശ്രീനിവാസ് ഈ വിഭാഗങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന ഇവരുടെ പ്രവർത്തനം പുലർച്ച നാലു മണിയോടെയാകും പലദിവസങ്ങളിലും അവസാനിക്കുന്നത്. ബി.വി. ശ്രീനിവാസിനെ പോലുള്ള ആളുകളെയാണ് ഈ രാജ്യത്തിന് ആവശ്യമെന്നാണ് ബോളിവുഡ് നടൻ സോനു സൂദ് കഴിഞ്ഞ ദിവസം പറഞ്ഞത്.

മാതൃകയാകുന്ന പ്രവർത്തനങ്ങൾ

ഒന്നര ലക്ഷത്തോളം പേരാണ് ഇതുവരെ യൂത്ത് കോൺഗ്രസ് കൺട്രോൾ റൂമിലേയ്ക്ക് ബന്ധപ്പെട്ടിട്ടുള്ളത്. ഡൽഹിയിൽ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു സഹായാഭ്യർഥനകളെത്തുന്നുണ്ട്. ശ്രീനിവാസിന്റെ പേര് ടാഗ് ചെയ്ത് ട്വിറ്ററിലെത്തുന്ന സഹായാഭ്യർഥനകൾ കൺട്രോൾ റൂമിലേക്കു കൈമാറും. സഹായം തേടിയവരുമായി കൺട്രോൾ റൂം സംഘം ബന്ധപ്പെടും. എന്താണ് ആവശ്യമെന്നു ചോദിക്കും. ഓക്‌സിജൻ സിലിണ്ടറാണു വേണ്ടതെങ്കിൽ അത് എത്രയും വേഗം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. ആശുപത്രിയിൽ കിടക്കയ്ക്കു വേണ്ടിയാണെങ്കിൽ, ഡൽഹിയിൽ ഏതെങ്കിലും ആശുപത്രിയിൽ അതു ലഭ്യമാണോ എന്നു പരിശോധിക്കും. ലഭ്യമായ ഇടത്തേക്ക് കോവിഡ് ബാധിതനെ യൂത്ത് കോൺഗ്രസ് സംഘം എത്തിക്കും. ആശുപത്രിയിലെത്തിയാലും ചിലർക്ക് ഉടൻ കിടക്ക കിട്ടണമെന്നില്ല. അവർക്ക് ആശുപത്രിക്ക് പുറത്ത് യൂത്ത് കോൺഗ്രസ് ടീം ഓക്‌സിജൻ സിലിണ്ടർ ലഭ്യമാക്കും.

സഹായമെത്തിക്കാനും വിവരങ്ങൾ കൈമാറാനും നൂറുകണക്കിനു വാട്‌സാപ്പ് ഗ്രൂപ്പുകളും ഇവർ സജ്ജമാക്കിയിട്ടുണ്ട്. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ മാത്രമല്ല സഹായാഭ്യർഥനകൾ എത്തുന്നത്. ട്വിറ്ററിന് പുറത്തേയ്ക്കുള്ള സാധാരണക്കാരുടെ ലോകത്തേയ്ക്ക്, നിർധനരുടെയും അതിഥി തൊഴിലാളികളുമെല്ലാം ഇടയിലേയ്ക്ക് സഹായമെത്തിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികൾക്കും തെരുവിൽ കഴിയുന്നവർക്കും ഭക്ഷണപ്പൊതികൾ ലഭ്യമാക്കാനും ഇവർ പദ്ധതി തയാറാക്കിയിട്ടുണ്ട്.

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നെല്ലാമാണ് ശ്രീനിവാസിന്റെ ടീം സിലിണ്ടറുകൾ വാങ്ങുന്നത്. അതിനുള്ള പണം കണ്ടെത്തുന്നതാവട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സംഭാവന ഉപയോഗിച്ചും.

ഏറ്റെടുത്തത് രാഹുലിന്റെ ആഹ്വാനം

രാഹുൽ ഗാന്ധിയുടെ നിർദ്ദേശമനുസരിച്ചാണ് ഇത്തരമൊരു നിയോഗം യൂത്ത് കോൺഗ്രസ് ഏറ്റെടുത്തതെന്ന് ശ്രീനിവാസ് പറയുന്നു. 'കഴിഞ്ഞ വർഷം കോവിഡിന്റെ ആദ്യ തരംഗമുണ്ടായ വേളയിൽ, മാർച്ച് ഏഴിനു രാഹുൽ ഞങ്ങളെ കണ്ടിരുന്നു. ജനങ്ങളെ സഹായിക്കാൻ രംഗത്തിറങ്ങണമെന്ന് അന്ന് അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടു. ജനങ്ങൾക്കു മാസ്‌ക് വിതരണം ചെയ്തായിരുന്നു തുടക്കം. ഇതിനായി 'മാസ്‌ക് അപ് ഇന്ത്യ' എന്ന യജ്ഞം നടപ്പാക്കി. ഏപ്രിൽ അവസാനം ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സ്വന്തം നാടുകളിലേക്കു മടങ്ങുന്ന അതിഥി തൊഴിലാളികൾക്കു സഹായമെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അവർക്കു ഭക്ഷണവും മരുന്നും ലഭ്യമാക്കി.

ഈ വർഷം മാർച്ചിൽ യൂത്ത് കോൺഗ്രസിന്റെ ദേശീയ നിർവാഹക സമിതി യോഗത്തിൽ രാഹുൽ പങ്കെടുത്തിരുന്നു. കോവിഡിന്റെ രണ്ടാം തരംഗമുണ്ടാകുമെന്നും ജനങ്ങൾക്കു സഹായമെത്തിക്കുന്നതിനു തയ്യാറെടുക്കാനും അദ്ദേഹം നിർദ്ദേശിച്ചു. നിർവാഹക സമിതി യോഗത്തിൽ ഞങ്ങൾ മൂന്ന് പ്രമേയങ്ങൾ പാസാക്കി. കോവിഡ് ബാധിതരെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾക്കു തുടക്കമിടുമെന്ന പ്രഖ്യാപനമായിരുന്നു ഒരു പ്രമേയത്തിന്റെ ഉള്ളടക്കം. അന്ന് മുതൽ ഞങ്ങൾ തയ്യാറെടുപ്പ് ആരംഭിച്ചു. 'എസ്ഒഎസ് ഐവൈസി' എന്ന സേവന സംഘത്തിനു രൂപം നൽകി. ആയിരത്തിലധികം വൊളണ്ടിയർമാർ അതിന്റെ ഭാഗമായി. പിന്നാലെ കൺട്രോൾ റൂം സജ്ജമാക്കി. സഹായം തേടി വിളിക്കുന്നവരുടെ രാഷ്ട്രീയം നോക്കരുതെന്നു രാഹുൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.' -ശ്രീനിവാസ് പറയുന്നു.

രോഗികൾക്ക് സഹായമെത്തിക്കാൻ മാത്രമല്ല, മരിച്ചവർക്ക് സംസ്‌കാരത്തിനുള്ള വിറക് ഏർപ്പാടാക്കാനും സംസ്‌കാരം നടത്തുന്നതിൽ സഹായിക്കാനും ശ്രീനിവാസിന്റെ യൂത്ത് കോൺഗ്രസ് സൈന്യം ഒപ്പമുണ്ട്.

പ്ലാസ്മ ഹെൽപ് ലിങ്ക്

ആവശ്യക്കാർക്ക് പ്ലാസ്മ ലഭ്യമാക്കാനുള്ള യൂത്ത് കോൺഗ്രസിന്റെ പദ്ധതിയാണ് പ്ലാസ്മ ഹെൽപ് ലിങ്ക്. എല്ലാ കോൺഗ്രസ് പ്രവർത്തകരോടും അതിന്റെ ഭാഗമാകാൻ രാഹുൽ ഗാന്ധി നിർദ്ദേശിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തകരുടെയും സന്നദ്ധരായി മുന്നോട്ടുവരുന്നവരുടെയും രക്തഗ്രൂപ്പ് അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ലഭ്യമായ പ്ലാസ്മയുടെ ഡേറ്റാ ബാങ്ക് രൂപീകരിച്ച ശേഷം ആവശ്യക്കാർക്കെല്ലാം അതു നൽകാനുള്ള സന്നദ്ധ സംഘത്തെ സജ്ജമാക്കും. കോവിഡ് നെഗറ്റീവ് ആയി 15 ദിവസത്തിനു ശേഷം പ്ലാസ്മ നൽകാം. ഉടൻ തന്നെ പ്ലാസ്മ ഹെൽപ് ലിങ്ക് പൂർണസജ്ജമാക്കാനാണ് ശ്രീനിവാസിന്റെയും ടീമിന്റെയും ശ്രമം.

യൂത്ത് കോൺഗ്രസ് അമരത്തേയ്ക്ക്

എൻ.എസ്.യുവിലൂടെ പ്രവർത്തനമാരംഭിച്ച ശ്രീനിവാസ് യൂത്ത് കോൺഗ്രസിന്റെ താഴെത്തട്ടിൽ നിന്നും ദേശീയതലത്തിലെത്തുകയായിരുന്നു. ലാക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കേശവ് ചന്ദ് യാദവ് രാജിവച്ചതിനെ തുടർന്നാണ് ഉപാധ്യക്ഷനായിരുന്ന ബി.വി ശ്രീനിവാസിനെ ഇടക്കാല അധ്യക്ഷനായി നിയമിച്ചത്. കഴിഞ്ഞ കോവിഡ് കാലത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങൾ കൂടി പരിഗണിച്ച് പിന്നീട് സ്ഥിരം അധ്യക്ഷനായി പാർട്ടി അധ്യക്ഷ സോണിയാഗാന്ധി നിയമിക്കുകയായിരുന്നു. അധ്യക്ഷനായതിനെക്കുറിച്ചുള്ള ചോദ്യത്തിന് ശ്രീനിവാസിന്റെ മറുപടി ഇതായിരുന്നു. 'തന്റെത് രാഷ്ട്രീയകുടുംബമല്ല. യൂത്ത് കോൺഗ്രസിന്റെ ബ്‌ളോക് പ്രസിഡന്റായി പ്രവർത്തിച്ചുതുടങ്ങിയ തനിക്ക് ദേശീയ അധ്യക്ഷനാകാനായി. ഇത് യൂത്ത് കോൺഗ്രസിൽ മാത്രമേ കഴിയു'.

കർണാടക ശിവമോഗയിലെ ഭദ്രവതിയിലുള്ള ഒരു റെയിൽവേ ജീവനക്കാരന്റെ മകനായാണ് ശ്രീനിവാസിന്റെ ജനനം. ശ്രീനിവാസിന്റെ സ്‌കൂൾ പഠനകാലത്ത് തന്നെ പിതാവ് മരിച്ചു. റെയിൽവേയിൽ തന്നെ ചേരണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാൽ രാഷ്ട്രീയക്കാരനാകാൻ വേണ്ടി ശ്രീനിവാസ് ബെംഗളൂരുവിലെ നാഷണൽ കോളേജിൽ ചേർന്നു.

2010-ൽ ഹിന്ദ്വത്വപ്രത്യയ ശാസ്ത്ര നേതാവായിരുന്ന പ്രമോദ് മുത്തലഖിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിലൂടെയാണ് ശ്രീനിവാസ് ശ്രദ്ധനേടുന്നത്. പ്രക്ഷോഭത്തിന് നേരെ പൊലീസിന്റെ ശക്തമായ നടപടിയുണ്ടായി. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക് ശ്രീനിവാസ് കടന്നുവന്നു. പ്രക്ഷോഭം പിന്നീട് ഡൽഹിയിലേക്ക് മാറി. 2019-ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനത്തെ തുടർന്ന് കേശവ് ചന്ദ് യാദവ് രാജിവെച്ചതോടെയാണ് ശ്രീനിവാസ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. ആദ്യം താത്കാലിക ചുമതലയായിരുന്നു ശ്രീനിവാസിന്. കോവിന്റെ ആദ്യ തരംഗത്തിൽ തന്നെ ശ്രീനിവാസിന്റെ സന്നദ്ധപ്രവർത്തനം ശ്രദ്ധയാകർഷിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ വർഷമാണ് രാഹുൽ ഗാന്ധി ഇടപ്പെട്ട് ശ്രീനിവാസിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് സ്ഥിരപ്പെടുത്തിയത്.

ക്രിക്കറ്റിന്റെ നഷ്ടം രാഷ്ട്രീയത്തിന്റെ നേട്ടം

കർണാടക സ്വദേശിയായ ശ്രീനിവാസ്. സമർത്ഥനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനൻ കൂടിയാണ്. അണ്ടർ19 ക്രിക്കറ്റിൽ അദ്ദേഹം കർണാടകയെ പ്രതിനിധീകരിച്ചിരുന്നു. 2003-ലെ ഒരു മത്സരത്തിനിടെ കണ്ണിന് പരിക്കേറ്റതോടെയാണ് ക്രിക്കറ്റ് ജീവിതത്തോട് ശ്രീനിവാസിന് ഗുഡ്ബൈ പറയേണ്ടി വന്നത്. എന്നാൽ രാഷ്ട്രീയ രംഗത്ത് വ്യത്യസ്തമായ ഒരു റോൾ അദ്ദേഹം കാത്തിരുന്നു. ഇപ്പോൾ രാജ്യതലസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിക്കുന്ന വ്യക്തിയായി ശ്രീനിവാസ് മാറിക്കഴിഞ്ഞു. സിഎഎ സമരകാലത്തും കർഷകസമരത്തിലും നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ശ്രീനിവാസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP