Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായിയെ രക്ഷകനായി അവതരിപ്പിച്ച സിനിമാതാരങ്ങളുടെ ക്യാപ്‌സൂൾ മനസിലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല; ചില ആസ്ഥാന ബുദ്ധിജീവികളെ കൊണ്ട് പൈങ്കിളി സാഹിത്യം എഴുതിക്കുന്നതു മാറ്റിവച്ചാൽ കോട്ടും സ്യൂട്ടും ഇട്ട് ഇവന്റ് മാനേജർമാർ കൈകാര്യം ചെയ്യുന്ന സിപിഎമ്മാണ് യഥാർഥത്തിൽ ഉള്ളത്; വിമർശിച്ച് പി സി വിഷ്ണുനാഥ്

പിണറായിയെ രക്ഷകനായി അവതരിപ്പിച്ച സിനിമാതാരങ്ങളുടെ ക്യാപ്‌സൂൾ മനസിലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല; ചില ആസ്ഥാന ബുദ്ധിജീവികളെ കൊണ്ട് പൈങ്കിളി സാഹിത്യം എഴുതിക്കുന്നതു മാറ്റിവച്ചാൽ കോട്ടും സ്യൂട്ടും ഇട്ട് ഇവന്റ് മാനേജർമാർ കൈകാര്യം ചെയ്യുന്ന സിപിഎമ്മാണ് യഥാർഥത്തിൽ ഉള്ളത്; വിമർശിച്ച് പി സി വിഷ്ണുനാഥ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന ഒരു പിടി ശക്തികളെയും വ്യക്തികളെയും പിന്നീട് പ്രചാരണത്തിന്റെ ഭാഗമാക്കിയതാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലെത്തിച്ചതെന്ന് കുണ്ടറയിലെ നിയുക്ത എംഎൽഎ പി സി വിഷ്ണനാഥ്. പിണറായി വിജയനെ രക്ഷകനായി അവതരിപ്പിച്ച് ഒരേ കേന്ദ്രത്തിൽ നിന്നു നൽകിയ കാപ്‌സ്യൂൾ സകല സിനിമാക്കാരും ഫേസ്‌ബുക് പോസ്റ്റാക്കി ഇട്ടു. ഇതെല്ലാം മുൻകൂട്ടി മനസ്സിലാക്കി അങ്ങനെയുള്ള സിപിഎമ്മിനു പോന്ന എതിരാളി ആകാൻ കോൺഗ്രസിനു സാധിച്ചില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. മലയാള മനോരമ ദിനപത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വിഷ്ണുനാഥ് തന്റെ അനുമാനം വ്യക്തമാക്കിയത്.

'ഒരിക്കൽ തൊഴിലാളിയുടെ കാര്യം പറഞ്ഞു കംപ്യൂട്ടറിനെ എതിർത്ത സിപിഎം കഴിഞ്ഞ വർഷം ലോക തൊഴിലാളി ദിനമായ മെയ്‌ ഒന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് അവരുടെ നവമാധ്യമപ്രചാരണ പരിപാടിയുടെ ഉദ്ഘാടനം കുറിച്ചത്. സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന ഒരു പിടി ശക്തികളെയും വ്യക്തികളെയും പിന്നീട് പ്രചാരണത്തിന്റെ ഭാഗമാക്കി. ചലച്ചിത്ര താരങ്ങൾ ഇതുപോലെ പരസ്യമായി ഒരു മുന്നണിയുടെ ഭാഗമായി മാറിയ കാലം ഉണ്ടായിട്ടുണ്ടോ? നരേന്ദ്ര മോദി കേന്ദ്രത്തിൽ വന്ന സമയത്ത് ദേശീയ തലത്തിൽ ചലച്ചിത്ര രംഗത്തുള്ളവുടെ സമാന പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്.' - വിഷ്ണുനാഥ് പറഞ്ഞു.

'മറ്റൊരു സംസ്ഥാനത്തിലും ഇല്ലാത്ത വിനോദ നികുതി കേരളത്തിൽ അടിച്ചേൽപ്പിച്ച ശേഷം ചലച്ചിത്ര രംഗത്തുള്ളവർ നൽകിയ നിവേദനത്തിന്റെ പേരിൽ ഒഴിവാക്കിയപ്പോൾ പിണറായി വിജയനെ അക്കൂട്ടർ രക്ഷകനായി അവതരിപ്പിച്ചു. ഒരേ കേന്ദ്രത്തിൽ നിന്നു നൽകിയ കാപ്‌സ്യൂൾ സകല സിനിമാക്കാരും ഫേസ്‌ബുക് പോസ്റ്റാക്കി ഇട്ടു. ഇതെല്ലാം മുൻകൂട്ടി മനസ്സിലാക്കി അങ്ങനെയുള്ള സിപിഎമ്മിനു പോന്ന എതിരാളി ആകാൻ കോൺഗ്രസിനു സാധിച്ചില്ല. ഞങ്ങളുടെ സോഷ്യൽ മീഡിയ പ്രചാരണം ആരംഭിക്കുന്നത് നീണ്ടു പോയി. നിലവിലെ പരിമിതികൾക്കുള്ളിലും അതിനു നേതൃത്വം കൊടുക്കുന്നവർ അതു ഗംഭീരമായി ചെയ്തു.'- അദ്ദേഹം കൂട്ടിച്ചേർത്തു.

'2011 ൽ സിപിഎം കോട്ട ബംഗാളിൽ തകർത്ത മമത ബാനർജി 2016 ൽ വീണ്ടും ജയിച്ചു. ആ മമതയ്ക്ക് ആത്മവിശ്വാസക്കുറവ് ഉണ്ടായിട്ടല്ലല്ലോ തിരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോറിനെ കാര്യങ്ങൾ ഏൽപ്പിച്ചത്. അത്തരം പ്രഫഷണൽ സഹായം ആവശ്യമെങ്കിൽ അതു ചെയ്യണം. പഴയ സിപിഎം ആണെന്ന് വരുത്തിത്തീർക്കാൻ ചില ആസ്ഥാന ബുദ്ധിജീവികളെ കൊണ്ട് പൈങ്കിളി സാഹിത്യം എഴുതിക്കുന്നതു മാറ്റിവച്ചാൽ കോട്ടും സ്യൂട്ടും ഇട്ട് ഇവന്റ് മാനേജർമാർ കൈകാര്യം ചെയ്യുന്ന സിപിഎമ്മാണ് യഥാർഥത്തിൽ ഉള്ളത്.'

ആ ഇവന്റിലെ ഒരു ഐറ്റം സിനിമാക്കാരാണ്, മറ്റൊരു ഐറ്റം ബെന്യാമിനും കെ.ആർ. മീരയേയും പോലെ ഉള്ളവരാണ്. ഇനിയൊരു ഐറ്റം മാധ്യമരംഗത്ത് അവർക്ക് ഉപയോഗിക്കാൻ കഴിയുന്നവരാണ്. കേരളത്തിലെ കോവിഡ് പ്രതിരോധത്തെ പ്രശംസിച്ച് നാൽപ്പത്തിയഞ്ചോളം വിദേശ മാധ്യമങ്ങളിൽ ലേഖനം എഴുതിയത് രണ്ടോ മൂന്നോ പേരാണെന്നു മനസ്സിലാക്കിയ ഒരാളാണ് ഞാൻ. എഴുതിയത് ഒരേ ആൾ തന്നെയെന്ന് ആരെങ്കിലും ഇവിടെ മനസ്സിലാക്കിയോ? അതിന്റെ പേരിൽ എന്തെല്ലാം പ്രചാരണമാണ് ഇവിടെ നടത്തിയത്. കോവിഡിനോട് ഡൊണാൾഡ് ട്രംപ് പോലും പരാജയപ്പെട്ടപ്പോഴും പിണറായി വിജയിച്ചു എന്നായിരുന്നല്ലോ പ്രചാരണം. ട്രംപിന്റെ വീഴ്ചകൾ എണ്ണിയെണ്ണി പറയാൻ മാധ്യമങ്ങൾ മടികാട്ടിയില്ല. ഇവിടെ പിണറായി വിജയനെതിരേ ആരു പറയാൻ!- വിഷ്ണുനാഥ് അഭിമുഖത്തിൽ ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP