Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാസർകോഡ് ഓക്സിജൻ ക്ഷാമവും ബെഡുകളുടെ അപര്യാപ്തതയും; കണ്ണൂരിൽ വാക്സിനില്ല; വയനാട്ടിലെ പ്രശ്‌നം ചാരായ വിൽപ്പനക്കാർ; കോഴിക്കോട് അഞ്ച് പഞ്ചായത്തുകളിൽ ടിപിആർ 50 ശതമാനത്തിന് മുകളിൽ; മലപ്പുറത്ത് 37.25 ശതമാനം; പാലക്കാട് മറ്റ് രോഗികൾക്ക് ചികിൽസാ പ്രശ്‌നം; മലബാറിൽ കോവിഡ് പ്രതിസന്ധി രൂക്ഷം

കാസർകോഡ് ഓക്സിജൻ ക്ഷാമവും ബെഡുകളുടെ അപര്യാപ്തതയും; കണ്ണൂരിൽ വാക്സിനില്ല; വയനാട്ടിലെ പ്രശ്‌നം ചാരായ വിൽപ്പനക്കാർ; കോഴിക്കോട് അഞ്ച് പഞ്ചായത്തുകളിൽ ടിപിആർ 50 ശതമാനത്തിന് മുകളിൽ; മലപ്പുറത്ത് 37.25 ശതമാനം; പാലക്കാട് മറ്റ് രോഗികൾക്ക് ചികിൽസാ പ്രശ്‌നം; മലബാറിൽ കോവിഡ് പ്രതിസന്ധി രൂക്ഷം

ജാസ്മിൻ മൊയ്ദീൻ

കോഴിക്കോട്: മലബാർ മേഖലയിൽ കോവിഡ് വ്യാപനം വലിയ പ്രതിസന്ധി സൃഷ്ടിച്ച് മുന്നേറുകയാണ്. വരും ദിവസങ്ങളിൽ ബെഡുകളും ഓക്സിജനും ലഭ്യമാകാത്ത അവസ്ഥിയിലേക്ക് കാര്യങ്ങൾ എത്തുമെന്നാണ് വിലയിരുത്തൽ. മലബാർ മേഖലയിലെ ഓരോ ജില്ലകളെടുത്ത് പരിശോധിക്കുമ്പോൾ വിവിധ തരത്തിലുള്ള പ്രതിസന്ധികളാണ് കോവിഡ് വ്യാപനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കാസർകോഡ് ജില്ലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് ഓക്സിജൻ ക്ഷാമവും ഐസിയു ബെഡുകളുടെ അപര്യാപ്തതയുമാണ്.

18 ശതമാനം മാത്രമാണ് കാസർകോഡ് ജില്ലയിലെ ടിപിആർ എങ്കിലും കാസർകോട്ടെ പരിമിതമായ സൗകര്യങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഈ നിരക്ക്. കാസർകോഡ് ഒക്കിനാടയിലെ മെഡിക്കൽ കോളേജ്, ടാറ്റ ആശുപത്രി എന്നിവിടങ്ങളിലെ ഐസിയു ബെഡുകൾ പൂർണ്ണമായും നിറഞ്ഞ അവസ്ഥയിലാണ്. ഇനി 10ൽ താഴെ ബെഡുകൾ മാത്രമാണ് രണ്ടിടങ്ങളിലും ബാക്കിയുള്ളത് എന്നാണ് വിവരം. ഐസിയു ബെഡുകളുടെ അപര്യാപ്തത മറികടക്കാൻ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ കൂടുതൽ ഐസിയു ബെഡുകൾ യുദ്ധകാല അടിസ്ഥാനത്തിൽ ഒരുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

കാസർകോഡ് ജില്ല അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം ഓക്സിജൻ ക്ഷാമമാണ്. നേരത്തെ മംഗളൂരുവിലെ പ്ലാന്റിൽ നിന്നാണ് കാസർകോട്ടേക്ക് ഓക്സിജൻ എത്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ കാസർകോട്ടേക്ക് ഓക്സിജൻ നൽകാനാകില്ലെന്ന നിലപാട് കർണ്ണാടക സർക്കാർ എടുത്തിട്ടുണ്ട്. കർണ്ണാടകയിൽ തന്നെ ഓക്സിജൻ അത്യാവശ്യമായ ഘട്ടത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാൽ കാസർകോഡ് ജില്ല ഭരണകൂടത്തിന് ഇന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ നൽകിയ കത്തിൽ സൂചിപ്പിക്കുന്നത് ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പാക്കിയാൽ ആശുപത്രികൾക്കും ഡീലർമാർക്കും ഓക്സിജൻ സിലിണ്ടറുകൾ നൽകിയേക്കുമെന്നാണ്.

എങ്കിലും പൂർണ്ണമായും ഓക്സിജൻ ക്ഷാമം പരിഹരിക്കാനാകില്ല. നിലവിൽ കണ്ണൂരിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായാണ് കാസർകോഡേക്ക് ഓക്സിജൻ എത്തിക്കുന്നത്. ഈ സമയങ്ങൾക്കിടയിൽ വലിയ തോതിലുള്ള പ്രതിസന്ധിയാണ് ഓക്സിജന് വേണ്ടി കാസർകോട് അനുഭവപ്പെടുന്നത്.
ആരോഗ്യ മന്ത്രിയുടെ ജില്ലയായ കണ്ണൂരിൽ വാക്സിൻ ക്ഷാമം രൂക്ഷമാണ്. ഇന്നലെ രാത്രി ഡിഎംഒ അറിയിച്ചത് ഇന്ന് നൽകാനുള്ള വാക്സിൻ എത്തിയിട്ട് വേണമെന്നാണ്. കണ്ണൂരിൽ ടിപിആർ ഇപ്പോഴും 26ന് മുകളിൽ തന്നെയാണ്. എങ്കിലും കണ്ണൂരിൽ ബെഡുകൾ ക്ഷാമം ഇതുവരെയും അനുഭവപ്പെട്ടിട്ടില്ല.

രോഗികളിൽ മഹാഭൂരിഭാഗവും വീടുകളിൽ തന്നെയാണ് ചികിത്സയിൽ തുടരുന്നത് എന്നതിനാലും ഗുരുതര രോഗലക്ഷണങ്ങൾ ഉള്ള രോഗികൾ അധികം ഇല്ല എന്നതും ആശുപത്രി കിടക്കകൾ നിറയുന്ന അവസ്ഥക്ക് മാറ്റമുണ്ടാക്കിയിട്ടുണ്ട്. വയനാട്ടിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് ആദിവാസി മേഖലകളിൽ രോഗവ്യാപനം ശക്തമാകുന്നതാണ്. സംസ്ഥാനത്തു തന്നെ ഏറ്റവും കുറവ് രോഗികളുള്ള ജില്ലയാണെങ്കിലും വയനാടിന്റെ പരിമിതമായ സൗകര്യങ്ങളിൽ ഇത് തന്നെ വലിയ പ്രസിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വയനാട്ടിൽ രോഗവ്യാപനത്തിന് പ്രധാന കാരണങ്ങളിലൊന്നായി കണ്ടെത്തിയിരിക്കുന്നത് അതർത്തി സംസ്ഥാനങ്ങളായ കർണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നെത്തി ആദിവാസി ഊരുകളിൽ മദ്യ വിൽപന നടത്തുന്നവരിൽ നിന്നുള്ള രോഗവ്യാപനാണ്.

ഇന്നലെ വരെ അയൽസംസ്ഥാനങ്ങളിലെ മദ്യഷോപ്പുകൾ തുറന്ന് പ്രവർത്തിച്ചിരുന്നതിനാൽ വിദേശ മദ്യമായിരുന്നു ആദിവാസി ഊരുകളിൽ കൊണ്ടുവന്ന് വിൽപന നടത്തിയിരുന്നത്. ഇത്തരം സംഘങ്ങളിൽ നിന്ന് വ്യാപകമായ രോഗവ്യാപനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് മുതൽ കർണ്ണാടകയിലും തമിഴ്‌നാട്ടിലും ലോക്ഡൗൺ ആരംഭിച്ചതിനാൽ ഇവിടങ്ങളിൽ നിന്നുള്ള മദ്യത്തിന്റെ വരവ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പകരം ചാരായം വാറ്റി എത്തിക്കുന്ന സംഘങ്ങളും ആദിവസി ഊരുകളിൽ എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം മേഖലകളിൽ കൂടുതൽ പൊലീസിനെ വിനിയോഗിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ അഞ്ച് പഞ്ചായത്തുകളിൽ 50 ശതമാനത്തിന് മുകളിലാണ് ടിപിആർ. ഒളവണ്ണ, കായണ്ണ, നരിപ്പറ്റ, അഴിയൂർ തുടങ്ങിയ പഞ്ചായത്തുകളിലാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്നത്. ഇവയെല്ലാം തന്നെ ഗ്രാമപ്രദേശങ്ങൾ കൂടുതലുള്ള പഞ്ചായത്തുകളാണ് എന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിലെ രണ്ട് ഹാർബറുകൾ ഇന്ന് മുതൽ പൂർണ്ണമായും അടച്ചിടും. ബേപ്പൂർ, വെള്ളയിൽ ഹാർബറുകൾ ഇന്ന് മുതൽ അടച്ചിട്ടിരിക്കുകയാണ്. മലപ്പുറം സംസ്ഥാനത്തു തന്നെ ഏറ്റവും വലിയ ടിപിആർ രേഖപ്പെടുത്തിയിട്ടുള്ള ജില്ലകളിലൊന്നാണ് എന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നത്.

ജില്ല ഭരണകൂടം സക്രിയമായി ഇടപെടുന്നുണ്ടെങ്കിലും രോഗവ്യാപനം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ 37.25 ശതമാനമാണ് മലപ്പുറത്തെ ടിപിആർ. രോഗവ്യാപപനം ഈ തരത്തിൽ തന്നെ മുന്നോട്ട് പോയാൽ വരും ദിവസങ്ങളിൽ മലപ്പുറത്ത് ബെഡുകൾക്ക് ക്ഷാമമുണ്ടാകുമെന്ന മുന്നറിയിപ്പ് പുറത്തുവരുന്നുണ്ട്. പാലക്കാട് ജില്ല ആശുപത്രി ഏതാണ്ട് പൂർണ്ണമായും കോവിഡ് ആശുപത്രിയായിരിക്കുകയാണ് ഇപ്പോൾ. ഇതോടെ മറ്റു രോഗികൾക്ക് പ്രയാസം അനുഭവിക്കുന്നു എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

ഇത്തരത്തിൽ മലബാർ മേഖലയിലാകെ കോവിഡ് വ്യാപനം വലിയ പ്രതിസന്ധി സൃഷ്ട്ച്ചിരിക്കുകയാണ്. ജില്ല ഭരണകൂടങ്ങലും ആരോഗ്യ വകുപ്പും യുദ്ധകാലഅടിസ്ഥാനത്തിലുള്ള നടപടികൾ എടുക്കുന്നുണ്ടെങ്കിലും ഓരോ ജില്ലകളിലും ഓരോ ദിവസം കഴിയുംതോറും പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP