Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഐപിഎല്ലിൽ നിന്നും കിട്ടിയ വരുമാനം ചെലവിട്ടത് കോവിഡ് ബാധിച്ച അച്ഛന്റെ ചികിത്സയ്ക്ക്; പാതി വഴിയിൽ ഐപിഎൽ നിർത്തിയതോടെ നാട്ടിലെത്തിയ ചേതൻ സാകരിയെ ദുഃഖത്തിലാഴ്‌ത്തി അച്ഛന്റെ മരണവാർത്ത; കുടുംബത്തിന് എല്ലാസഹായവും നൽകുമെന്ന് രാജസ്ഥാൻ റോയൽസ്

ഐപിഎല്ലിൽ നിന്നും കിട്ടിയ വരുമാനം ചെലവിട്ടത് കോവിഡ് ബാധിച്ച അച്ഛന്റെ ചികിത്സയ്ക്ക്; പാതി വഴിയിൽ ഐപിഎൽ നിർത്തിയതോടെ നാട്ടിലെത്തിയ ചേതൻ സാകരിയെ ദുഃഖത്തിലാഴ്‌ത്തി അച്ഛന്റെ മരണവാർത്ത; കുടുംബത്തിന് എല്ലാസഹായവും നൽകുമെന്ന് രാജസ്ഥാൻ റോയൽസ്

സ്പോർട്സ് ഡെസ്ക്

ഭാവ്‌നഗർ: പേസ് ബോളർ ചേതൻ സാകരിയയുടെ പിതാവ് കാഞ്ചിഭായ് സാകരിയ കോവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ ഭാവ്‌നഗർ സ്വദേശിയായ ചേതൻ സാകരിയയുടെ പിതാവ് കോവിഡ് ബാധിച്ചതിനെ തുടർന്ന് കുറച്ചുനാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ചേതൻ സാകരിയയുടെ ഐപിഎൽ ക്ലബ്ബായ രാജസ്ഥാൻ റോയൽസാണ് കാഞ്ചിഭായ് സാകരിയയുടെ മരണവാർത്ത പുറംലോകത്തെ അറിയിച്ചത്. ചേതൻ സാകരിയയുടെ ക്ലബ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, അദ്ദേഹത്തിനും കുടുംബത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും രാജസ്ഥാൻ റോയൽസ് വ്യക്തമാക്കി.

It pains us so much to confirm that Mr Kanjibhai Sakariya lost his battle with Covid-19 earlier today.

We're in touch with Chetan and will provide all possible support to him and his family in this difficult time.

— Rajasthan Royals (@rajasthanroyals) May 9, 2021

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14ാം സീസണിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന ചേതൻ സാകരിയ, ടൂർണമെന്റ് പാതിവഴിയിൽ നിർത്തിവച്ചതോടെ നാട്ടിലേക്കു മടങ്ങിയിരുന്നു. ഇതിനിടെയാണ് പിതാവ് കോവിഡ് ബാധിതനായി മരിച്ചത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്ന് കിട്ടിയ പണമുപയോഗിച്ചാണ് പിതാവിന്റെ ചികിത്സ നടത്തുന്നതെന്ന് ചേതൻ സാകരിയ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. വീട്ടിലെ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഐപിഎൽ കളിച്ചതിന്റെ പ്രതിഫലത്തിൽ ഒരു ഭാഗം കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിൽനിന്ന് ലഭിച്ചെന്നും ആ പണം പിതാവിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുകയാണെന്നും ചേതൻ വെളിപ്പെടുത്തിയത്.

ചേതൻ സാകരിയയുടെ കുടുംബത്തിൽ മാസങ്ങളുടെ ഇടവേളയിൽ സംഭവിക്കുന്ന രണ്ടാമത്തെ ദുരന്തമാണ് പിതാവിന്റെ മരണം. ഈ വർഷമാദ്യം സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ കളിക്കുന്നതിനിടെ നാട്ടിൽ ചേതന്റെ ഇളയ സഹോദരൻ രാഹുൽ ആത്മഹത്യ ചെയ്തിരുന്നു. എന്നാൽ മത്സരത്തിൽ നിന്ന് ചേതന്റെ ശ്രദ്ധ മാറരുത് എന്നു കരുതി ആ വിവരം 10 ദിവസം ചേതനോടു പറഞ്ഞില്ല എന്ന് അമ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഒടുവിൽ മരണവിവരമറിഞ്ഞപ്പോൾ ചേതൻ ആരോടും മിണ്ടാതെ ഒരാഴ്ച കഴിച്ചു കൂട്ടി. തൊട്ടു പിന്നാലെയായിരുന്നു രാജസ്ഥാൻ റോയൽസിലേക്കുള്ള വിളി. ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കു കളിക്കുന്ന ചേതനെ ഇക്കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ 1.2 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്.

രാജസ്ഥാൻ റോയൽസിനായി ഏഴു വിക്കറ്റുകളാണ് ഈ സീസണിൽ ചേതൻ സാകരിയയുടെ സമ്പാദ്യം. ക്രിസ് മോറിസ്, ജയ്‌ദേവ് ഉനദ്കട്, മുസ്താഫിസുർ റഹ്മാൻ എന്നിവർക്കൊപ്പം ചേതൻ സാകരിയയും ചേർന്ന ബോളിങ് കൂട്ടുകെട്ടായിരുന്നു രാജസ്ഥാന്റെ ബലം.

ഐപിഎൽ 14ാം സീസണിൽ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ.എൽ. രാഹുൽ, മയാങ്ക് അഗർവാൾ എന്നിവരുടേത് ഉൾപ്പെടെ മൂന്നു വിക്കറ്റുകൾ പിഴുതാണ് സാകരിയ അരങ്ങേറ്റം കുറിച്ചത്. ആകെ 440 റൺസ് പിറന്ന ഈ മത്സരത്തിൽ സാകരിയ നാല് ഓവറിൽ വിട്ടുകൊടുത്തത് 31 റൺസ് മാത്രം. ഒരാഴ്ചയ്ക്കുശേഷം സാക്ഷാൽ എം.എസ്. ധോണിയുടെ വിക്കറ്റ് സ്വന്തമാക്കാനും സാകരിയയ്ക്ക് കഴിഞ്ഞു.

ഗുജറാത്തിലെ ഭാവ്‌നഗറിൽ ജനിച്ച ചേതൻ അമ്മാവന്റെ സംരക്ഷണത്തിലാണ് വളർന്നത്. ടെംപോ ഡ്രൈവറായ പിതാവിനു ചേതന്റെ ക്രിക്കറ്റ് പരിശീലന ചെലവുകൾ വഹിക്കാൻ കഴിയാത്തതിനാലായിരുന്നു അത്. ക്രിക്കറ്റിനൊപ്പം പഠനവും അമ്മാവന്റെ സ്ഥാപനത്തിലെ കണക്കെഴുത്തുമായി തിരക്കു പിടിച്ചതായിരുന്നു ചേതന്റെ ജീവിതം. ചേതന്റെ ക്രിക്കറ്റ് മികവു കണ്ട അമ്മാവൻ 10ാം ക്ലാസിനു ശേഷം അവനെ ഒരു ക്രിക്കറ്റ് അക്കാദമിയിൽ ചേർത്തു. അവിടെത്തുടങ്ങിയ പടിപടിയായുള്ള വളർച്ചയാണ് താരത്തെ ഐപിഎലിൽ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP