Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗിയെ കൊണ്ടു പോയതിനെ ബ്രെഡ്ഡിലെ ജാമിന്റെ അവസ്ഥ എന്നൊക്കെ ഒരു മനുഷ്യനെങ്ങനെയാണ് ഉപമിക്കാനാവുന്നത്? എസി റൂമിലിരുന്ന് എന്തും വിളിച്ചു പറയാൻ എളുപ്പമാണ്; ശ്രീജിത്ത് പണിക്കർക്കെതിരെ പരാതി നൽകി രേഖ; പോസ്റ്റിൽ സ്ത്രീ വിരുദ്ധത ഇല്ലെന്ന് വിശദീകരിച്ചു ശ്രീജിത്തും

രോഗിയെ കൊണ്ടു പോയതിനെ ബ്രെഡ്ഡിലെ ജാമിന്റെ അവസ്ഥ എന്നൊക്കെ ഒരു മനുഷ്യനെങ്ങനെയാണ് ഉപമിക്കാനാവുന്നത്? എസി റൂമിലിരുന്ന് എന്തും വിളിച്ചു പറയാൻ എളുപ്പമാണ്; ശ്രീജിത്ത് പണിക്കർക്കെതിരെ പരാതി നൽകി രേഖ; പോസ്റ്റിൽ സ്ത്രീ വിരുദ്ധത ഇല്ലെന്ന് വിശദീകരിച്ചു ശ്രീജിത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ശ്രീജിത്ത് പണിക്കർക്കെതിരെ ആലപ്പുഴ പുന്നപ്ര പൊലീസിൽ പരാതി നൽകി സന്നദ്ധ പ്രവർത്തക രേഖ പി മോൾ. ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച സംഭവത്തെ പരിഹസിച്ചുള്ള ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് കുറിപ്പിനെതിരെയാണ് രേഖ പരാതി നൽകിയത്.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രേഖ ഇക്കാര്യം വ്യക്തമാക്കിയത്.

പുന്നപ്ര ഡൊമിസിലിയ സെന്ററിലെ സന്നദ്ധ പ്രവർത്തകയായ രേഖയും അശ്വിൻ കുഞ്ഞുമോനും ചേർന്ന് രോഗിയുടെ ജീവൻ രക്ഷിക്കാനായി ബൈക്കിൽ രോഗിയെ ആശുപത്രിയിലെത്തിച്ചത് വലിയ വാർത്തയായിരുന്നു. ഇതിനെ പരിഹസിച്ച് ശ്രീജിത്ത പണിക്കർ ഇട്ട പോസ്റ്റാണ് പരാതിക്കാധാരം.

'ആംബുലൻസ് ഓടിയെത്താനുള്ള സമയമായ 10 മിനിറ്റ് കാത്തിരുന്നാൽ രോഗി ജീവനോടെയിരിക്കില്ലെന്ന ഭയമാണ് അത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചതെന്ന് രേഖ പറയുന്നു.ബൈക്കിൽ മരണാസന്നനായ രോഗിയെ കൊണ്ടു പോയതിനെ ബ്രെഡ്ഡിലെ ജാമിന്റെ അവസ്ഥ എന്നൊക്കെ ഒരു മനുഷ്യനെങ്ങനെയാണ് ഉപമിക്കാനാവുന്നതെന്നും യുവതി ചോദിക്കുന്നു. കൊണ്ടു പോയില്ലായിരുന്നെങ്കിൽ വിമർശിക്കുന്ന ഇതേ ആൾ മറ്റൊന്നായിരിക്കില്ലേ പറയുകയെന്നും അവർ ചോദിച്ചു.

എസി റൂമിലിരുന്ന് എന്തും വിളിച്ചു പറയാൻ എളുപ്പമാണ്. റിസ്‌കെടുത്താണ് ഞങ്ങൾ ഓരോ കാര്യങ്ങളും ചെയ്യുന്നത്. സന്നദ്ധ പ്രവർത്തനത്തിന് മുന്നോട്ടു വരുന്ന സ്ത്രീകളെ ആകമാനം അപമാനിക്കുന്ന പ്രസ്താവനയാണ് ശ്രീജിത്ത് പണിക്കരുടെ ഭാഗത്തു നിന്നുണ്ടായത്. ഞങ്ങളുടേത് നാട്ടിൻ പ്രദേശമാണ്. ഞങ്ങളെ വിശ്വസിച്ചാണ് വീട്ടിലെ കുട്ടികളെ സന്നദ്ധപ്രവർത്തനത്തിനായി രക്ഷിതാക്കൾ വിടുന്നത്.

നാളെ തന്റെ വീട്ടിലെ കുട്ടികളെ പറ്റിയും ഇങ്ങനെ പറയുമോ എന്ന വേവലാതി അവർക്കുണ്ടാകും. കേരളത്തെ ഇന്ന് താങ്ങി നിർത്തുന്ന സന്നദ്ധ പ്രവർത്തകരുടെ മനോവീര്യത്തെ തകർക്കുന്ന പ്രസ്താവനയാണ് ശ്രീജിത്ത് പണിക്കരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. അതിനാലാണ് പോസ്റ്റിനെതിരേ പരാതി നൽകാൻ തീരുമാനിച്ചത്', രേഖ കൂട്ടിച്ചേർത്തു.

അതേസമയം വിഷയത്തിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ രംഗത്തെത്തി.താൻ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് കേരളത്തിൽ യഥാർത്ഥത്തിൽ നടന്ന വസ്തുതകൾ മാത്രമാണെന്നും അതിൽ അസഭ്യമോ അശ്ലീലമോ സ്ത്രീവിരുദ്ധതയോ ഇല്ലെന്ന് ശ്രീജിത്ത് പണിക്കർ വാദിക്കുന്നു.

ശ്രീജിത്ത് പറഞ്ഞത്: ''കേന്ദ്രസർക്കാരിനെ വിമർശിക്കാം; സംസ്ഥാന സർക്കാരിനെ പാടില്ല? കേന്ദ്രസർക്കാരിനെ വിമർശിച്ച കവിക്ക് താൽക്കാലിക സമൂഹമാധ്യമ വിലക്ക്. വിലക്ക് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും നടപടി ഫാഷിസമെന്നും ചില പുരോഗമന പക്ഷക്കാർ. പോസ്റ്റ് ചെയ്തത് ഫേക്ക് വിഡിയോ ആണെന്നും വാർത്തകൾ. കമ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചുവെന്ന് ഫേസ്‌ബുക്ക്. സംസ്ഥാന സർക്കാരിനെ വിമർശിച്ച എനിക്ക് മാധ്യമവിലക്ക് വേണമെന്ന് ഇതേ 'പുരോഗമന' പക്ഷക്കാർ. എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം വേണ്ടെന്നും ഇക്കൂട്ടർ. പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് കേരളത്തിൽ യഥാർത്ഥത്തിൽ നടന്ന വസ്തുതകൾ മാത്രം. അസഭ്യമോ അശ്ലീലമോ സ്ത്രീവിരുദ്ധതയോ ഇല്ല. കമ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘനമില്ല.''

അതേസമയം ശ്രീജിത്ത് പണിക്കരുടെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തെ ചാനൽ ചർച്ചകളിൽ പങ്കെടുപ്പിക്കരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ട് സോഷ്യൽമീഡിയയിൽ ഒരു വിഭാഗം കാമ്പയിൻ തുടങ്ങിയിട്ടുണ്ട്. ശ്രീജിത്ത് പണിക്കർ പങ്കെടുക്കുന്ന ചർച്ചകളിൽ നിന്നും ചില ഇടത് നിരീക്ഷകർ മാറി നിൽക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഡോ.പ്രേംകുമാർ, രശ്മിത രാമചന്ദ്രൻ എന്നിവർ ഇതിനകം ശ്രീജിത്തിനൊപ്പം ചർച്ചകളിൽ പങ്കെടുക്കില്ലായെന്ന് നിലപാട് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP