Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജാനകിയെ കല്യാണം കഴിക്കുമ്പോൾ തൊഴിലുപേക്ഷിച്ച് അടികൊള്ളുന്ന കമ്യൂണിസ്റ്റുകാരൻ മാത്രമായിരുന്നു അച്ഛൻ; ജീവിക്കുമ്പോൾ അർഥവത്തായി ജീവിക്കണമെന്ന് പഠിപ്പിച്ച അമ്മ; അച്ഛനെ മാടായി മാടനാക്കിയ അമ്മ; ഈ വേർപാട് ദിവസവും ഇലക്ഷൻ റിസൾട്ട് ടിവിയിൽ അവതരിപ്പിച്ച മകൻ; വേദനയുടെ ആ കഥ എംവി നികേഷ് കുമാർ പറയുമ്പോൾ

ജാനകിയെ കല്യാണം കഴിക്കുമ്പോൾ തൊഴിലുപേക്ഷിച്ച് അടികൊള്ളുന്ന കമ്യൂണിസ്റ്റുകാരൻ മാത്രമായിരുന്നു അച്ഛൻ; ജീവിക്കുമ്പോൾ അർഥവത്തായി ജീവിക്കണമെന്ന് പഠിപ്പിച്ച അമ്മ; അച്ഛനെ മാടായി മാടനാക്കിയ അമ്മ; ഈ വേർപാട് ദിവസവും ഇലക്ഷൻ റിസൾട്ട് ടിവിയിൽ അവതരിപ്പിച്ച മകൻ; വേദനയുടെ ആ കഥ എംവി നികേഷ് കുമാർ പറയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കേരള രാഷ്ട്രീയത്തിലെ കരുത്തിന്റെ പര്യായമായിരുന്നു എംവി രാഘവൻ. സിപിഎമ്മിൽ സിഎംപിയുണ്ടാക്കി യുഡിഎഫിൽ എത്തിയപ്പോഴും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് ശീലമാക്കിയ രാഘവൻ. രാഘവന്റെ മരണ ശേഷമുള്ള തെരഞ്ഞെടുപ്പിൽ അഴിക്കോട് സിപിഎമ്മിനായി മത്സരിച്ചത് മകൻ എംവി നികേഷ് കുമാറും. അതുകൊണ്ട് നികേഷന്റെ അമ്മയ്ക്ക് എല്ലാ തെരഞ്ഞെടുപ്പുകളും ശ്രദ്ധിക്കേണ്ട കുടുംബ വിഷയം കൂടിയായിരുന്നു. ഈ അമ്മയാണ് ഇത്തവണ വോട്ടെണ്ണൽ ദിനം മകനെ വിട്ടകന്നത്. ഇത് എംവി നികേഷ് കുമാർ അറിയുന്നത് റിപ്പോർട്ടർ ടിവിയിൽ വാർത്ത വായിക്കുമ്പോഴായിരുന്നു. അമ്മയുടെ മരണം കേരളം ചർച്ചയാകുമ്പോഴും റിപ്പോർട്ടറിന്റെ സ്‌ക്രീനിൽ പതറാതെ ആ മകൻ വാർത്ത വായിച്ചു. മനസ്സിൽ കടിച്ചമർത്തിയ വേദനകൾ ഫേസ്‌ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് നികേഷ് കുമാർ.

മുന്മന്ത്രിയും സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന അന്തരിച്ച എം വി രാഘവന്റെ ഭാര്യ സി വി ജാനകി(80) മരിച്ചത് വോട്ടെണ്ണൽ ദിനത്തിലായിരുന്നു. മൂത്ത മകൾ ഗിരിജയുടെ തളിപ്പറമ്പ് കൂവോട്ടെ വീട്ടിൽ ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം. അമ്മയുടെ വിയോഗത്തിനിടയിലും എൽ ഡി എഫ് സർക്കാർ തുടർഭരണത്തിലേക്ക് കുതിക്കുന്ന വാർത്തകൾ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ തിരക്കിലായിരുന്നു അന്ന് മാധ്യമപ്രവർത്തകനായ എം വി നികേഷ് കുമാർ. 2006 ൽ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ പുനലൂർ മണ്ഡലത്തിൽ സിപിഐ യുടെ കെ.രാജുവിനോട് യു.ഡി.എഫ് സീറ്റിൽ മത്സരിക്കാനെത്തിയ എം.വി രാഘവൻ തോറ്റ വാർത്ത അറിയിച്ചതും നികേഷ് കുമാർ ആയിരുന്നു.

അന്ന് രാഷ്?ട്രീയ നേതാവായ അച്ഛന്റെ പരാജയ വാർത്തയായിരുന്നു നികേഷ് പങ്കുവെച്ചതെങ്കിൽ ഇത്തവണ ഇലക്ഷനിൽ പുലർച്ചെ വിടപറഞ്ഞ അമ്മയുടെ മരണവാർത്തയുടെ വേദനകൾക്കിടയിലായിരുന്നു നികേഷ് വാർത്തകൾ ജനങ്ങളിലേക്കെത്തിച്ചത്.

എംവി നികേഷ് കുമാറിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

അമ്മ, അലക്കുസോപ്പിന്റെ മണമുള്ള വോയിൽസാരി, അച്ഛന്റെ പിറകിലെ സ്ഥിരത

എന്റെ ടെലിവിഷൻ ജീവിതം ഇരുപത്തിയഞ്ചുവർഷം പൂർത്തിയാകുകയാണ്. 1996-ൽ തിരഞ്ഞെടുപ്പ് കാലത്താണ് ശശികുമാറിന്റെ നേതൃത്വത്തിലുള്ള ഏഷ്യാനെറ്റിൽ ചേർന്നത്. ഒരുപാട് പരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ മേഖലയിൽ ഇത് മറ്റൊരു തിരഞ്ഞെടുപ്പ്, മറ്റൊരു അനുഭവം.

റിസൽട്ട് പൂർത്തിയാകാൻ വൈകീട്ട് നാലഞ്ച് മണിയാകും എന്ന് തലേദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടീക്കാറാം മീണ പറഞ്ഞിരുന്നു. രാവിലെ മുതൽ ഒൻപത് മണിക്കൂർ നിർത്താതെ സ്‌ക്രീനിൽവന്ന് സംസാരിക്കണം. ഏഴേ മുക്കാലിന് ഞാൻ മൈക്ക് കുത്തി. ആദ്യ ഫലസൂചനകൾ വന്നുതുടങ്ങി. പതുക്കെ ആവേശം കയറി. ചൂട് കൂടിത്തുടങ്ങിയപ്പോൾ എനിക്ക് ഒരു സന്ദേശം വന്നു. ഏട്ടൻ എം വി രാജേഷ് പുറത്തുവന്നു നിൽക്കുന്നുണ്ട്. കാണണം എന്നുപറയുന്നു. ' ബോധമില്ലേ കാര്യങ്ങളെക്കുറിച്ച്' എന്ന മട്ടിൽ ഞാൻ സന്ദേശം കൊണ്ടുവന്നയാളെ നോക്കി.

' ' അതല്ല നിർബന്ധിക്കുന്നു.' ' -അയാൾ പറഞ്ഞു.
' ' പൊയ്‌ക്കൊളാൻ' ' പറയാൻ കൈകൊണ്ടാംഗ്യം കാണിച്ചു.

എന്തായിരിക്കും? എന്റെ അടിവയറ്റിൽ ആശങ്ക കനംകെട്ടി. വാക്കുകൾ യോജിപ്പിക്കുമ്പോൾ എവിടെയൊക്കെയോ പാളിപ്പോകുന്നതുപോലെ. നിശ്ശബ്ദതയുടെ ഇടവേളകളിൽ ഞാൻ ഫോണിൽ പാളിനോക്കി. ആരൊക്കെയോ വിളിച്ചിട്ടുണ്ട്. അപ്പോഴേക്കും ക്‌ളിപ്പ് ചെയ്ത ഒരു കുറിപ്പ് കൈയിൽ വന്നു. ഉറപ്പാണ് എന്തോ ഉണ്ട്. വായിക്കാൻ ധൈര്യമില്ല. ഫോൺ അടുപ്പിച്ചുവച്ചു. തുടർച്ചയായി വിളിക്കുന്നത് സഹോദരിയുടെ മകൻ അവിനാശ് ആണ്. റിസൽട്ട് പറയുന്നതിനിടയിൽ തന്നെ ഫോണെടുത്തു. എന്താണ് എന്ന അർഥത്തിൽ ഒന്ന് മൂളിച്ചോദിച്ചു.

' ' അമ്മമ്മപോയി, രാജുവേട്ടൻ പറഞ്ഞില്ലേ' ' കണ്ണിൽ ഇരുട്ടുകേറി. ടി.വി. കാണുന്നവർ എന്നെ കാണുന്നുണ്ട്. ഇടയിലൊരു ദൃശ്യത്തിന്റെ മറ കിട്ടിയപ്പോൾ സഹപ്രവർത്തക അപർണയോട് പതിനഞ്ചു മിനിറ്റ് മാനേജ് ചെയ്യണമെന്നാവശ്യപ്പെട്ട് മുറിയിലേക്കുപോയി. സഹോദരീ ഭർത്താവ് പ്രൊഫസർ കുഞ്ഞിരാമനെ വിളിച്ചു. അളിയൻ ' എവിടെ, എപ്പോഴാണ് സംസ്‌കാരം' തുടങ്ങിയ ചോദ്യങ്ങൾകൊണ്ട് കുന്നുകൂടി. പിന്നീട് തീരുമാനിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ടിക്കറ്റ് അന്വേഷിച്ചു. കൊച്ചിയിൽനിന്ന് കണ്ണൂരേക്ക് വൈകീട്ട് ഫ്‌ളൈറ്റ് ഉണ്ട്. റോഡ്മാർഗം തിരിച്ചാലും ഏതാണ്ട് ആ സമയത്തൊക്കെയേ എത്തൂ.

ടിക്കറ്റ് ബുക്കുചെയ്യാൻ ഏൽപ്പിച്ച് കസേരയിലൊന്ന് ചാരി. ജീവിതത്തിൽ ഇനിയൊന്നും ബാക്കിയില്ല. ഒരു ഫുൾസ്റ്റോപ് വീണപോലെ. ന്യൂസ്‌റൂം എന്നെ കാത്തിരിക്കുകയാണ്. യാന്ത്രികമായി വാർത്ത അവതരിപ്പിക്കാനാവില്ല. ചിലത് വരുമ്പോൾ ശബ്ദംകൂട്ടണം. ആരവം മുഴക്കണം, ചിരിക്കണം, പരിഹസിക്കണം. എന്റെ രീതിയാണത്. ഒറ്റയടിക്ക് മാറ്റാനാവില്ല. റിസ്‌ക്കാണ്. അഭിനയിക്കുമ്പോൾ തെറ്റിപ്പോകും. ജീവിക്കുമ്പോൾ അർഥവത്തായി ജീവിക്കണമെന്ന് ഞങ്ങളെ പഠിപ്പിച്ചത് അമ്മയാണ്. വെറുതേയുള്ള പൊള്ളത്തരങ്ങൾ അമ്മ അംഗീകരിക്കില്ല.

എന്റെയച്ഛൻ എം വി രാഘവൻ പെങ്ങൾ ലക്ഷ്മിയുടെ കൈയും പിടിച്ച് പാപ്പിനിശ്ശേരിയിൽ വരുമ്പോൾ വയസ്സ് വെറും അഞ്ചാണ്. അച്ഛന്റെ അച്ഛൻ ശങ്കരൻ കള്ളുകുടിച്ച് മരിച്ചതാണോ, വസൂരി വന്നതാണോ, നിശ്ചയമില്ല. പെട്ടെന്നുള്ള മരണകാരണമറിയാൻ ബന്ധുക്കൾ ജ്യോത്സ്യനെക്കണ്ടു. ശവം ഭണ്ഡാരം (വസൂരി വന്നവരെ ആഴത്തിലുള്ള കുഴികുഴിച്ച് താഴ്‌ത്തുന്നതിന്) കെട്ടിക്കാഴ്‌ത്താൻ ജ്യോത്സ്യൻ പറഞ്ഞു. പാപ്പിനിശ്ശേരിയിലെത്തിയ രാഘവൻ, കുടുംബം പോറ്റാൻ അഞ്ചിൽ പഠിത്തം നിർത്തി. നെയ്ത്ത് തൊഴിലാളിയായി. നെയ്ത്ത് ജോലിയും നീണ്ടില്ല. അടികൊള്ളുന്ന കമ്യൂണിസ്റ്റുകാരനായി.

സി.വി. ജാനകിയെ കല്യാണം കഴിക്കുമ്പോൾ തൊഴിലുപേക്ഷിച്ച് അടികൊള്ളുന്ന കമ്യൂണിസ്റ്റുകാരൻ മാത്രമായിരുന്നു അച്ഛൻ. ജീവിതം അവിടെനിന്ന് തുന്നി എടുക്കണമായിരുന്നു അമ്മയ്ക്ക്. പെണ്ണായി വീട്ടിലിരുന്നു എന്നൊക്കെ പുറംലോകം പറയും. അമ്മ ഞങ്ങൾക്കുപക്ഷേ, അമ്മയും ചിലപ്പോൾ വടിയെടുക്കുന്ന അച്ഛനുമായി. ആദർശനിഷ്ഠയുള്ള ജീവിതത്തിലൂടെ ചുറ്റും പ്രകാശംപരത്തി. കഠിനമായി അധ്വാനിക്കുന്നതിനൊപ്പം ചിരിക്കാനും പാടാനും അമ്മ പഠിപ്പിച്ചു. അച്ഛന് ആരെയും നേരിടാനുള്ള കരുത്തുപകർന്നു. ' ' ആരെടാ' ' എന്നുചോദിച്ചാൽ ' ' ഞാനെടാ' ' എന്ന് മറുപടികൊടുക്കുന്ന മാടായി മാടനാക്കി.

തല്ലുകൊള്ളുന്ന കമ്യൂണിസ്റ്റുകാരനെയാണ് ജാനകി കല്യാണം കഴിച്ചതെങ്കിൽ അച്ഛൻ പിന്നീട് തല്ലുകൊടുക്കുന്ന കമ്യൂണിസ്റ്റുകാരനായി. 38-ാം വയസ്സിൽ ആവിഭക്ത കണ്ണൂർ ജില്ലയുടെ സെക്രട്ടറിയായി. കോഴിക്കോട് കഴിഞ്ഞാൽ പിന്നെ കാസർകോട് അതിർത്തിവരെ അന്ന് കണ്ണൂരാണ്. സിപിഎമ്മിന് അന്ന് സെക്രട്ടറിക്ക് ഡ്രൈവറെക്കൊടുക്കാനുള്ള പണമില്ല. സ്വന്തമായി ജീപ്പോടിച്ചാണ് സെക്രട്ടറി രാഘവൻ പാർട്ടിപ്രവർത്തനം നടത്തിയത്. കാറും കോളം നിറഞ്ഞ കടലിൽ കട്ടവഞ്ചിയിൽ മീൻപിടിക്കാൻ പോകുന്ന മുക്കുവന് പതിവ്രതയായ ഭാര്യ നൽകുന്ന സുരക്ഷിതത്വം അന്ധവിശ്വാസമായിരിക്കാം. അങ്ങനെ കാത്തിരിക്കുന്ന ഭാര്യയ്ക്ക് മനസ്സുകൊണ്ട് ഒരുറപ്പുകിട്ടുന്നുണ്ടല്ലോ; എന്തുസംഭവിച്ചാലും ഭർത്താവ് തിരിച്ചുവരുമെന്ന്. ജാനകിയും മറ്റൊന്നല്ല ജീവിതത്തിൽ കുറിച്ചത്.

ഒരു പൊട്ടിത്തെറിയായിരുന്നു അച്ഛനെങ്കിൽ സ്ഥിരതയായിരുന്നു ഞങ്ങൾക്ക് അമ്മ. ഞങ്ങളുടെ വീടിന്റെ അന്തരീക്ഷം അതികഠിനമായ മാനേജ്‌മെന്റ് വൈദഗ്ധ്യം ആവശ്യപ്പെട്ടിരുന്നു. അച്ഛനുള്ളപ്പോൾ പാർട്ടിയാഫീസും അല്ലാത്തപ്പോൾ കുടുംബാന്തരീക്ഷവും വരുന്നവർക്കെല്ലാം വെച്ചു വിളമ്പേണ്ടത് നിയമമാണ്. കിഴക്കുനിന്ന് നേരെവരുന്നവരും അടുക്കളഭാഗത്തുവന്ന് കാര്യം പറയുന്നവരുമുണ്ട്. ആവശ്യങ്ങൾ നിറവേറ്റാൻ സ്ഥാപനങ്ങൾ വളർത്തി വലിയതൊഴിൽ ദാതാവായേ തീരൂ അച്ഛന്. അമ്മയാകട്ടെ അച്ഛനിലേക്ക് അവരെ എത്തിക്കുന്ന പാലവും.
അലക്കുസോപ്പിന്റെ മണമുള്ള വോയൽസാരി. ഇളം നീലയിൽ പൂക്കളുള്ളത്. കറുത്ത അല്ലെങ്കിൽ പച്ച ബ്‌ളൗസ്. രാത്രിയിൽ അത്യാഡംബര പൂർണമായ കുളിയുണ്ട്. കഴിഞ്ഞാൽ അത് ശാന്തമാകും. വസ്ത്രം മാറി, പൊട്ട് തൊടും. ഒടുവിലത്തെ പുത്രനായതു കൊണ്ടായിരിക്കും പുന്നാരിക്കാൻ എന്റെടുത്താണ് അമ്മ വരുക. അരുടെയെങ്കിലും വിശേഷം പറഞ്ഞുകൊണ്ടാണ് വരവ്. ബസ്സുടമയായ ശ്രീധരെളേപ്പന്റെ അല്ലെങ്കിൽ ഡി.എം.ഒ. ആയി വിരമിച്ച അമ്മായിയുടെ. അവരൊക്കെയാണ് അമ്മയുടെ വീരപുരുഷന്മാരും വനിതകളും. വിശേഷം കഴിഞ്ഞാൽ മൂളിപ്പാട്ടാണ്.

എന്നെ ടി.വി.യിലൊക്കെ കണ്ടുതുടങ്ങിയതുകൊണ്ടാകും ഒരുദിവസം ചോദിച്ചു: ' ' എടാ കലാഭവൻ മണിയെ അറിയോ നിനക്ക്.' '
' ' പരിചയമുണ്ട്' '
' ' എനിക്ക് ഒരുദിവസം കാണണായിരുന്നു' ' ഉഗ്രപ്രതാപികൾ വരുന്ന വീടാണ്. കലാഭവൻ മണിയെയും ഒരു ദിവസം കൊണ്ടുവരാം.
' ഓടേണ്ട, ഓടേണ്ട... ഓടിത്തളരേണ്ട, ഓമനഃപൂമുഖം വാടിടേണ്ടാ...' മണിയുടെ താളം അത്രകണ്ട് സ്വാധീനിച്ചിട്ടുണ്ട്. അമ്മ ഏത് പാട്ട് എത്രമനോഹരമായി പാടിയാലും അവസാനം പറയും: ' ' വാവ ഇതിനെക്കാൾ നന്നായി പാടും...' '

അമ്മയുടെ ഇരട്ടസഹോദരിയായിരുന്നു വാവമ്മ. കണ്ണ് കാണില്ല. നേരത്തേ മരിച്ചു. പിന്നെ വാവമ്മയുടെ കഥയാണ്. ചിലപ്പോഴത് കണ്ണീരിന്റെ ചാല് പണിതുകഴിഞ്ഞിട്ടുണ്ടാകും. പത്രം അതിസൂക്ഷ്മമായി വായിക്കുമെങ്കിലും രാഷ്ട്രീയത്തിൽ ഇടപെടാനുള്ള താത്പര്യം അമ്മയ്ക്കില്ല. അച്ഛൻ അമ്മയോടോ തിരിച്ചങ്ങോട്ടോ രാഷ്ട്രീയം സംസാരിക്കുന്നത് കേട്ടിട്ടില്ല. ഒരു തർക്കം അവർക്കിടയിലില്ല. ഭക്ഷണത്തിനിരിക്കുമ്പോൾ ചില വിമർശനം പറയാനൊക്കെ അച്ഛൻ ശ്രമിക്കാറുണ്ട്. മറുപടിവന്നാൽ ഒരു ചെറിയ ചിരിയിൽ അതും അവസാനിക്കും.

' 91-ൽ മന്ത്രിയായപ്പോൾ കവടിയാർ കൊട്ടാരത്തിന്റെ എക്സ്സ്റ്റഷൻപോലെ വിശാലമായ മന്മോഹൻ ബംഗ്‌ളാവാണ് അനുവദിച്ചത്. മന്ത്രിമന്ദിരം പരിപാലിക്കാൻ ടൂറിസം വകുപ്പിലെ ഒരു പട തന്നെയുണ്ടായിരുന്നു. നിർമലമായ മുഖഭാവത്തോടെ പുതിയ സൗകര്യങ്ങൾ അവിടെയിരുന്നുതന്നെ അമ്മ നിരാകരിച്ചുകണ്ടത് വലിയപാഠമാണ്.

ആ വോയിൽ സാരിയുടെ മറപറ്റി, മണമുള്ള വരികളിനിയില്ല. എളേപ്പന്മാരുടെയും വാവമ്മയുടെയും കഥയും പാട്ടുമിനിയില്ല. ഉറച്ച പിന്തുണയും സ്ഥിരതയുള്ള ആ നോട്ടവും ഇനിയില്ല.
(Mathrubhumi)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP