Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2009-ൽ ചെറുവട്ടൂരിൽ അംഗൻവാടി അദ്ധ്യാപിക നിനി; 2012 -ൽ മാതിരപ്പിള്ളിയിൽ ഷോജി; കഴിഞ്ഞ മാർച്ചിൽ അയിരൂർപ്പാടത്ത് ആമീന; മൂന്നു വീട്ടമ്മമാരും കൊല്ലപ്പെട്ടത് പട്ടാപ്പകൽ; കുറ്റവാളികൾ ഇപ്പോഴും കാണാമറയത്ത്; കോതമംഗലത്തെ ഉത്തരമില്ലാ കൊലപാതങ്ങളിലെ വിവാദം തുടരുമ്പോൾ

2009-ൽ ചെറുവട്ടൂരിൽ അംഗൻവാടി അദ്ധ്യാപിക നിനി; 2012 -ൽ മാതിരപ്പിള്ളിയിൽ ഷോജി; കഴിഞ്ഞ മാർച്ചിൽ അയിരൂർപ്പാടത്ത് ആമീന; മൂന്നു വീട്ടമ്മമാരും കൊല്ലപ്പെട്ടത് പട്ടാപ്പകൽ; കുറ്റവാളികൾ ഇപ്പോഴും കാണാമറയത്ത്; കോതമംഗലത്തെ ഉത്തരമില്ലാ കൊലപാതങ്ങളിലെ വിവാദം തുടരുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: 2009-ൽ ചെറുവട്ടൂരിൽ അംഗൻവാടി അദ്ധ്യാപിക നിനി.. 2012 -ൽ മാതിരപ്പിള്ളിയിൽ ഷോജി..കഴിഞ്ഞ മാർച്ചിൽ അയിരൂർപ്പാടത്ത് ആമീന.. മൂന്നുവീട്ടമ്മമാരും കൊല്ലപ്പെട്ടത് പട്ടാപ്പകൽ.കുറ്റവാളികൾ ഇപ്പോഴും കാണാമറയത്ത്.കോതമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ തെളിയിക്കപ്പെടാത്ത കേസ്സുകളുടെ എണ്ണം പെരുകുന്നു.ജനം ഭീതിയുടെ മുൾമുനയിൽ.

കഴിഞ്ഞ മാർച്ച് 7-ന് രാവിലെ 11.30 തോടെ പുല്ലരിയാൻ പോയ അയിരൂർപാടം പാണ്ട്യാർപ്പിള്ളി ആമിന(66)യെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം വഴിമുട്ടിയതായിട്ടാണ് സൂചന. വെള്ളത്തിൽ മുക്കിയാണ്് ആമിനയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടിൽ നിന്നും വ്യക്തമായിരുന്നു.രാവിലെ 11.30 തോടെ ആമീന വീട്ടിൽ നിന്നും പുല്ലരിയാൻ പുറപ്പെട്ടെന്നും തിരിച്ചെത്താൻ വൈകിയെന്നും പിന്നീട് തങ്ങൾ നടത്തിയ തിരച്ചിലിൽ ഉച്ചകഴിഞ്ഞ് 2.30 തോടെ സഹോദരിയുടെ വീടിനടുത്തെ പാടത്ത് അനക്കമില്ലാത്ത അവസ്ഥയിൽ കണ്ടെത്തിയെന്നുമാണ് അടുത്ത ബന്ധുക്കൾ പൊലീസിൽ നൽകിയിട്ടുള്ളമൊഴി.

ആമീന ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് കോതമംഗലം പോലസ് അന്വേഷണം ആരംഭിച്ചിരുന്നു.ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥരീകരിച്ചതിന് പിന്നാലെ മൃതദ്ദേഹം സംസ്‌കാരചടങ്ങകൾക്കായി കുളിപ്പിക്കുകയും നഖം വെട്ടുകയും മറ്റുകയും മറ്റും ചെയ്തിരുന്നെന്നും ഇത് അന്വേഷണത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാ ണെന്നുമാണ് പൊലീസ് വിശദീകരണം.

മരണം സ്ഥിരീകരിച്ചതോടെ പൊലീസിൽ അറിയിക്കാതെ ബന്ധുക്കൾ മൃതദ്ദേഹം വീട്ടിലേയ്്ക്ക് കൊണ്ടുപോകുകയായിരുന്നെന്നും തുടർന്ന് സംസ്‌കാരത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ നടക്കവെ ദേഹത്ത് ആഭരണങ്ങൾ കാണാത്തതിനെത്തുടർന്ന് സംശയം തോന്നുകയും ബന്ധുക്കൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.ഇതിനകം അന്വേഷക സംഘം നിരവധി തവണ മൃതദ്ദേഹം കിടന്നിരുന്ന പ്രദേശത്തെത്തി തിരച്ചിൽ നടത്തി.ഇവർ ധരിച്ചിരുന്ന 9 പവനിലധികം സ്വർണ്ണാഭരണം നഷ്ടപ്പെട്ടതായിട്ടതായിട്ടാണ് ബന്ധുക്കൾ പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.സ്വർണം തട്ടിയെടുക്കാനായി കൊലനടത്തിയതാവാമെന്നാണ് പൊലീസ് അനുമാനം.

ആമീനയെ കണ്ടെത്തിയെന്ന പറയപ്പെടുന്ന ഭാഗത്ത് രണ്ടുവട്ടം പൊലീസ് നായയെ എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.മൂവാറ്റുപുള ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ്സ് അന്വേഷിക്കുന്നത്.കഴിഞ്ഞമാസം 7-നാണ് വീടിനടുത്ത് അനക്കമറ്റനിലിയിൽ വീടിന് സമീപം പാടത്ത് ആമിനയെ ഉറ്റവർ ഉൾപ്പെയുള്ള സംഘം കണ്ടെത്തുന്നത്. മാർച്ച് 8-ന് എത്തിയ പൊലീസ് നായ പാടത്ത് അൽപ്പസമയം ചുറ്റിക്കറങ്ങിയ ശേഷം നായ സമീപത്ത് വീടുകളുള്ള ഭാഗത്തെത്തി നിലയുറപ്പിക്കുകയായിരുന്നു.ആമീനയെ കണ്ടെത്തിയതിന് സമീപ്ത്ത് നീരൊഴുക്കുകുറഞ്ഞ തോടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഈ തോട്ടിൽ തലമുക്കി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ ഊരിയെടുത്തുകൊലപാാതകി കടന്നിരിക്കാമെന്നുള്ള പ്രാഥമീക വിലയിരുത്തലിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ഈ കേസ്സുമായി ബന്ധപ്പെട്ട് ഇതിനകം 200-ൽപ്പരം പേരെ പൊലീസ് ചോദ്യം ചെയ്തു.പൊലീസ് നായയെ രണ്ടാമതും എത്തിച്ച് പരിസരമാകെ കൊണ്ട് വന്ന് പരിസരമാകെ പരിശോധന നടത്തിയെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല.ഡി ഐ ജി അടക്കമുള്ള വൻപോലസ് സംഘം പലതവണ സ്ഥലത്തെത്തി പരിശോധിച്ചിരുന്നു.ആമീനയ്ക്ക് പ്രായത്തെവെല്ലുന്ന ആരോഗ്യം ഉണ്ടായിരുന്നെന്നും അതുകൊണ്ട് തന്നെ പിടിവലിയും ബലപ്രയോഗവുമൊക്കെ നടന്നിരിക്കാമെന്നും ഈയവസരത്തിൽ നഖത്തിന്റെ ഇടയിലും മറ്റും കൊലയാളിയുടെ ത്വക്കിന്റെ ഭാഗം ഉണ്ടാവാൻ സാധ്യതയുണ്ടായിരുന്നെന്നും നഖം വെട്ടിമാറ്റിയതോടെ ഈ വഴിക്കുള്ള അന്വേഷണം സാധ്യമാവാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

തലമുടി ,ത്വക്കിന്റെ ഭാഗങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്നുലഭിച്ചിരുന്നെങ്കിൽ ഡി എൻ എ പരിശോധന നടത്തി,സമാനസ്വഭാവമുള്ള കുറ്റൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള വരുടെ ഡി എൻ യുമായി താരതമ്യം ചെയ്യാൻ സാധിക്കുമായിരുന്നെന്നും ഇത് കേസന്വേഷണത്തിന് വിലിയ രീതിയിൽ ഗുണം ചെയ്യുമായിരുന്നെന്നുമാണ് പൊലീസിന്റെ വിലയിരുത്തൽ. ആമിനയെ കണ്ടെത്തിയ പാടം ഏറെക്കുറെ വിജനമായ പ്രദേശമാണ്.ചുറ്റും മരങ്ങൾ വളർന്നുനിൽക്കുന്നതിനാൽ ഈ ഭാഗത്തേയ്്ക്ക് പെട്ടെന്നാരുടെയും നോട്ടം പെട്ടെന്ന് എത്തില്ലന്നും ഇതാണ് കൊലപാതകിക്ക് ഗുണമായതെന്നുമാണ് നാട്ടുകാരുടെ അനുമാനം.സംഭവത്തിൽ ഊർജ്ജിതമായി അന്വേഷണം നടക്കുകയാണെന്നും ഇതുവരെ തുമ്പൊന്നുമായിട്ടില്ലന്നുമാണ് പൊലീസിൽ ലഭിക്കുന്ന വിവരം.

നിനി കൊല്ലപ്പെട്ടത് കുളിക്കടവിൽ

ചെറുവട്ടൂർ കരിവേലിപ്പടി ബിജുവിന്റെ ഭാര്യ നിനി മരിച്ചിട്ട് ഇക്കഴിഞ്ഞ മാർച്ച് 11-ന് 12 വർഷം പൂർത്തിയായി ആലപ്പുഴ മെഡിക്കൽ കോളേജിൽനടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നിനി കൊല്ലപ്പെടുകയായിരുന്നുവെന്ന് വ്യക്തമായത്. 2009 മാർച്ച് 11-ന് വൈകുന്നേരം വീടിന് സമീപത്ത് തോടുവക്കിലെ മാളത്തിൽ തിരുകിക്കയറ്റിയ നിലയിലാണ് ജഡം നാട്ടുകാർ കണ്ടെത്തിയത്. കോതമംഗലം പൊലീസ് ചാർജ് ചെയ്ത കേസിൽ നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും മരണത്തിനുത്തരവാദികളായവരെ കണ്ടെത്തുന്നതിന് വഴി തുറന്നിട്ടില്ല. നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കുറ്റവാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭ പരിപാടികളും നാട്ടിൽ നടന്നിരുന്നു. ഇതെ തുടർന്നാണ് ഗവൺമെന്റ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.

നിനിയുടെ കൊലപാതകം സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി.വി.സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു ആദ്യഘട്ട അന്വേഷണം. 150-ലേറെ പേരെ ചോദ്യംചെയ്യുകയും അയൽവാസിയായ ഒരാളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കുകയും ചെയ്തിരുന്നു. പിന്നീട് ഡി.വൈ.എസ്‌പി ബിജോ അലക്സാണ്ടറുടെ നേതൃത്വത്തിൽ നടന്ന രണ്ടാം ഘട്ട അന്വേഷണത്തിലും കൊലപാതകത്തിനു ഉത്തരവദികളായവരെ കണ്ടെത്തുന്നതിനാനശ്യമായ ചെറുസൂചനപോലും ലഭിച്ചില്ല.ക്രൈംബ്രാഞ്ചിന്റെ ആൻഡ് ഹോമിസൈഡ് വിങ് എറണാകുളം യൂണിറ്റ്-1 ഉം കേസന്വഷിച്ചിരുന്നു.രാവിലെ പ്രഭാതഭക്ഷണം തയ്യാറാക്കി വച്ചതിനുശേഷം വീടിനടുത്തുള്ള തോട്ടിൽ കുളിക്കാനായി പോയ നിനയുടെ ജഡം തോട്ടുവക്കിലെ പൊത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.വൈകിട്ട് ബിജുവും അമ്മയും ജോലി കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ നിനിയെ വീട്ടിൽ കാണാതിരുന്നതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കുളിക്കടവിൽ നിന്ന് ഏകദേശം 150 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.

നിനിയുടെ മരണം കൊലപാതകമാണന്ന് അന്നതന്നെ അന്വേഷണഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.അന്വേഷണം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടുവാൻ അന്വേഷണസംഘത്തിന് സാധിക്കാത്തതിന്റെ പേരിൽ തുടരന്വേഷണം ഗവൺമെന്റ് ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് അന്വേഷണത്തിന്റെ ആരംഭഘട്ടത്തിൽ നിനിയുടെ ഭർത്ത്യവീട്ടുകാരെ കേന്ദ്രീകരിച്ച് അന്വേഷണത്തിൽ ഉടൻ അറസ്റ്റ് ഉണ്ടാകുമെന്ന പ്രചരണം ശക്തമായിരുന്നെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ലെന്നുള്ളതാണ് വാസ്തവം.

നിനിയുടെ മരണത്തിന് ശേഷംപ്രതിയെ രക്ഷപ്പെടുത്തുന്ന രീതിയിൽ ചില രാഷ്ട്രീയ ഇടപ്പെടലുകൾ ഉണ്ടായൈന്നും ഇതെതുടർന്ന് പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ നിരവധി വീഴ്ചകൾ ഉണ്ടായിയെന്നും ആയതിനാലാണ് പ്രതിയെ കണ്ടെത്താൻ കഴിയാതിരുന്നതെന്നും പരക്കെ ആക്ഷേപം ഉയർന്നിരുന്നു.നിനി കൊല്ലപ്പെടുമ്പോൾ ഭർത്താവിനെക്കുറിച്ചും ഭർത്താവിന്റെ ചില സൂഹൃത്തുക്കളെക്കുറിച്ചും നിനിയുടെ വീട്ടുകാർ ചില ആരോപണങ്ങൾ അന്വേഷണസംഘത്തിന്റെ മുന്നിൽ ഉന്നയിച്ചിരുന്നു.ഇതെക്കുറിച്ചൊന്നും കാര്യമായ അന്വേ്ഷണം നടന്നില്ലന്ന് പിന്നീട് വീട്ടുകാർ തന്നെ വെളിപ്പെടുത്തിയിരുന്നു.കൊല്ലപ്പെടുന്നതിന് തലേ ദിവസമാണ് ഭർത്താവ് ബിജു നിനിയെ സ്വന്തം വീട്ടിൽ നിന്ന് ഭർത്തൃവീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.

ഷോജിയെ കൊന്നത് കഴുത്തറുത്ത്

മാതിരപ്പിള്ളി വിളയാൽ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി (34)2012 ഓഗസ്റ്റ് 8-ാം തീയതി ബുധനാഴ്ച രാവിലെ 10.15 നും 10.45 നും ഇടയിലാണ് ദാരുണമായി കൊല്ലപ്പെട്ടത്. പന്ത്രണ്ടു മണിയോടെയാണ് സംഭവം പുറലോകം അറിയുന്നത്.കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്നനിലയിൽ ഇവരുടെ ഇരുനിലവീടിനുള്ളിലെ ഉപയോഗിക്കാതെ കിടന്നിരുന്ന മുറിയിൽ പായിൽ മലർന്നു കിടക്കുന്ന നിലയിലായിരുന്നു ജഡംകണ്ടെത്തിയത്.

ഭർത്താവ് ഷാജി, മൃതദേഹം ആദ്യം കണ്ട നിർമ്മാണത്തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ച് മാസങ്ങളോളം പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെകണ്ടെത്താൻ സഹായകമായ ഒരുവിവരവും ലഭിച്ചില്ല. അരും കൊല നടന്നിട്ട് പൊലീസിന്റെ അന്വേഷണം ശരിയയായ ദിശയിലല്ല പോകുന്നതെന്നും, അന്വേഷണം തൃപ്തികരമല്ലന്നും ഷോജിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനോ സിബിഐ യ്ക്കോ കൈമാറണമെന്നാവശ്യപ്പെട്ട് ഷോജിയുടെ ബന്ധുക്കൾ അന്നത്തെ അഭ്യന്തരവകുപ്പുമന്ത്രി തിരുവഞ്ചൂർ രാധാകൃഷണനെ സമീപിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട സാഹചര്യ തെളിവുകളെല്ലാം തന്നെ വിരൽ ചൂണ്ടുന്നത് ഷോജിയുടെ ഭർത്താവ് ഷാജിയിലേക്കായിരുന്നു.ഇതൈത്തുടർന്ന് പൊലീസ് ഷാജിയെ ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നെങ്കിലും തുമ്പൊന്നുമായില്ല.

ഷോജിയുടെ കൊലപാതകത്തിന് കാരണം ഭർത്താവ് ഷാജിയും ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയുമാണെന്നും മറ്റും ഷോജിയുടെ ബന്ധുക്കൾ കൊല നടന്ന ദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥരോടും മാധ്യമപ്രവർത്തകരോടും വ്യക്തമാക്കിയിരുന്നു. കേസിൽ നിർണ്ണായകമാകാവുന്ന തെളിവുകൾ നശിപ്പിക്കപ്പെട്ടത് അന്വേഷണ ഉദ്യോഗസ്ഥരുടെ തന്നെ അലംഭാവം മൂലമാണന്നും പരിസരവാസികളിൽ നേരത്തെ ആരോപണം മുയർന്നിരുന്നു. ഷോജിയുടെ മരണം പുറലോകം അറിഞ്ഞതോടെ സംഭവനടന്ന വീട്ടിൽ നാട്ടുകാർ ഇരച്ചുകയറുകയും മുറിയിലുണ്ടായിരുന്ന സാധനസാമഗ്രകളിലും സ്പർശിക്കുകയും ചെയ്തിരുന്നു, മാത്രമല്ല ഭിത്തികളിലും മറ്റിടങ്ങളിലും നാട്ടുകാരുടെ വിരൽപാടുകൾ നിറഞ്ഞു. രക്തക്കറ കൈയിൽ പുരണ്ട ഉദ്യേഗസ്ഥർ വീടിനുള്ളിൽ തന്നെയുള്ള വാഷ് ബേസിനിൽ കൈ കഴുകുകയുംചെയ്തു.

പ്രതി കൊലയ്ക്ക് ശേഷം കൈഴുകുന്നതിനോ ആയുധം വൃത്തിയാക്കുന്നതിനോ ഈ വാഷ് ബേസിൻ ഉപയോഗിച്ചരുന്നുവെങ്കിൽ നിർണായകമായേക്കാവുന്ന തെളിവാണ്് പൊലീസിന്റെ ഈ അശ്രദ്ധമൂലം നഷ്ടപ്പെട്ടതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ആദ്യം സ്ഥലത്തെത്തിയത് ഒരു ട്രാഫിക് പൊലീസുകാരനാണ്. നാട്ടുകാരെ അകറ്റി നിർത്തുന്നതിൽ ഇയാൾ നിസ്സഹായനായിരുന്നു. പൊലീസ് വരുംമുമ്പേ സംഭവസ്ഥലത്തുനിന്നു പ്രാഥമികമായി കിട്ടേണ്ടിയിരുന്ന തെളിവുകൾ അങ്ങനെ നശിപ്പിക്കപ്പെട്ടു.പൊലീസ് വന്നിട്ടും സ്ഥിതി മാറിയില്ല.പൊലീസ് നായയെ കൊണ്ടുവരുന്നതിലും അന്വേഷണസംഘം മടികാണിച്ചു.സംഭവദിവസം പൊലീസ് നായയെ കൊണ്ടുവരാത്തത് പരക്കെ വിമർശനത്തിന് കാരണമായിരുന്നു.ഷോജിയുടെ ശവസംസ്‌ക്കാരം കഴിഞ്ഞാണ് സ്റ്റെല്ലയെന്ന പൊലീസ് നായെ സ്ഥലത്തെത്തിച്ച് തെളിവെടുത്തത്.

പ്രതി ആസൂത്രിതമായി നടത്തിയ കൊലപാതകം സംഭവം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തിയിരുന്നുവെങ്കിൽ തെളിയിക്കാൻ കഴിയുമായിരുന്നെന്നാണ് നാട്ടുകാർ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നത്.പൊലീസ് എത്താൻ വൈകിയതുമൂലം നിർണ്ണായക തെളിവുകൾ നശിപ്പിക്കപ്പെട്ടിരിക്കാമെന്നാണ് പ്രദേശവാസികളിൽ ഏറെപ്പേരും വിശ്വസിക്കപ്പെടുന്നത്.ഫോറൻസിക് വിദഗ്ദ്ധർ പരിശോധിച്ചിട്ട് വിരൽപ്പാടുകൾ ലഭ്യമാകാതിരുന്നതിനു കാരണം പ്രാഥമിക അന്വേഷണ നടത്തിയ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണെന്നും ആരോപമമുയർന്നിരുന്നു.മൂർച്ചയുള്ള ആയുധം കൊണ്ട് ശ്വാസകോശത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് ഷോജിയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിട്ടുള്ളത്.

കഴുത്തിന്റെ ഇടതുഭാഗത്ത് എട്ടുസെന്റിമീറ്റർ നീളവും ആറു സെന്റീമീറ്റർ ആഴവുമുള്ള മുറിവാണുണ്ടായിരുന്നത്.ഒരു പക്ഷേ കുത്തിയ ശേഷം ബഹളം വച്ചപ്പോൾ കൃത്യം നടത്തിയ നരാധമൻ ഷോജിയുടെ കഴുത്തറുത്തതാകാമെന്ന സംശയമാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.അതിമൂർച്ചയുള്ള പേപ്പർ കട്ടറോ ഉളിയോപോലുള്ള ആയുധമാണ് കൃത്യത്തിനു ഉപയോഗിച്ചിരിക്കുന്നതെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഈ ആയുധം കണ്ടെത്താനും പൊലീസുദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല.

സംഭവം നടന്നതിനു പിറ്റേന്നു സംസ്‌കാരം കഴിഞ്ഞ് ജനങ്ങൾ പിരിഞ്ഞുപോയതിനുശേഷമാണ് ഡോഗ് സ്‌ക്വാഡ് സംഭവസ്ഥലത്തെത്തിയത്.നായ വീട്ടിനുള്ളിൽ കടന്ന് ഒന്നാം നിലയിൽ എത്തിയശേഷം ഗോവണി വഴി പുറത്തുവന്ന് അവിടെനിന്ന് അടുത്ത പുരയിടത്തിലും പിന്നീട് കൊറിയാമല റോഡിലൂടെയും അൽപദൂരം ഓടിയശേഷം മടങ്ങിവന്നു. ഇതിൽനിന്ന് അന്വേഷണത്തിന്പുതിയ ദിശയൊന്നും തെളിഞ്ഞുകിട്ടിയില്ല.
കേരളപൊലീസ് മനസ്സുവച്ചാൽ ഈ അരുംകൊലകൾ നടത്തിയ നരാധമന്മാരെ പിടികൂടാനാവുമെന്നും ഇതിനായി മാറിയ സാഹചര്യത്തിൽ ,നൂതന അന്വേഷണ രീതിയും സാങ്കേതിക സംവിധാനങ്ങളും പ്രയോജനപ്പെടുത്തി ,വിദഗ്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് ഈ കേസ്സുകൾ ഒരിക്കൽകൂടി ആദ്യം മുതൽ അന്വേഷിക്കണമെന്നുമാണ് പരക്കെ ഉയരുന്ന ആവശ്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP