Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേമത്ത് അക്കൗണ്ട് പൂട്ടിച്ചത് ഒ.രാജഗോപാലിന്റെ കയ്യിലിരിപ്പും കൊതിക്കെറുവും; ഒപ്പം നിന്ന് പാര വച്ചത് ബിഡിജെഎസും; നേമത്ത് വീണ്ടും മത്സരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ അത് തുറന്ന് പറയണമായിരുന്നു; കുമ്മനത്തിന്റെ വില ഇടിക്കരുതായിരുന്നു; വിമർശനവുമായി എൻഡിഎ സ്ഥാനാർത്ഥി

നേമത്ത് അക്കൗണ്ട് പൂട്ടിച്ചത് ഒ.രാജഗോപാലിന്റെ കയ്യിലിരിപ്പും കൊതിക്കെറുവും; ഒപ്പം നിന്ന് പാര വച്ചത് ബിഡിജെഎസും; നേമത്ത് വീണ്ടും മത്സരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ അത് തുറന്ന് പറയണമായിരുന്നു;  കുമ്മനത്തിന്റെ വില ഇടിക്കരുതായിരുന്നു; വിമർശനവുമായി എൻഡിഎ സ്ഥാനാർത്ഥി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ഇടതുമുന്നണി വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് വിജയ ദിവസം ആഘോഷിച്ചപ്പോൾ മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാലും ദീപം തെളിയിച്ചിരുന്നു. ബംഗാൾ വയലൻസ്, സേവ് ബംഗാൾ എന്നിങ്ങനെ രണ്ട് ഹാഷ് ടാഗുകൾ നൽകിയാണ് ദീപം തെളിയിച്ച ചിത്രം രാജഗോപാൽ പോസ്റ്റ് ചെയ്തത്.

ഇതിന് പിന്നാലെ നിരവധി വിമർശനങ്ങളും ട്രോളുകളും രാജഗോപാലിനെതിരെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. എൽ.ഡി.എഫിന്റെ വിജയമാണ് രാജഗോപാൽ ആഘോഷിച്ചതെന്നും, എന്നാണ് രാജഗോപാൽ സിപിഎം കൊടി പിടിക്കുന്നതെന്നുമാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന ചോദ്യം.ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏക സിറ്റിങ് മണ്ഡലമായ നേമവും കൈവിട്ടതിൽ ഒ.രാജഗോപാലിനെതിരെ രൂക്ഷവിമർശനവുമായി വി എസ്ഡിപി നേതാവും കോവളത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന വിഷ്ണുപുരം ചന്ദ്രശേഖരൻ രംഗ്ത്തത്തി. രാജഗോപാലിന്റെ പ്രസ്താവനകൾ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഏറെ ദോഷകരമായി എന്ന വിലയിരുത്തൽ പൂർണമായും ശരിയെന്നും വിഷ്ണുപുരം ചന്ദ്രശേഖർ ഫേസ്‌ബുക്കിൽ കുറിച്ചു.

വിഷ്ണുപുരം ചന്ദ്രശേഖറിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

ജരാനര ബാധിച്ചു കഴിഞ്ഞാൽ ചിലർ കഴിഞ്ഞതെല്ലാം മറക്കും. വല്ലാതെ സ്വാർത്ഥത കൂടും... നേടിയതൊന്നും പോര എന്ന തോന്നലിൽ പിന്നെയും സ്ഥാനമാനങ്ങൾ ആഗ്രഹിക്കും.വളർത്തി വലുതാക്കിയ പ്രസ്ഥാനത്തെ മറന്നുള്ള അത്തരം പ്രവൃത്തികൾ ഗുണം ചെയ്യുക എതിരാളികൾക്കാകും. അതാണ് ഈ തെരഞ്ഞെടുപ്പിൽ നേമത്ത് കണ്ടത്.

ഒ. രാജഗോപാൽ എന്ന മഹാമനുഷ്യനെ വിമർശിച്ച് ഒരു കുറിപ്പ് എഴുതേണ്ടിവരുന്നത് പോയിട്ട് ഒരു വാക്ക് പറയേണ്ടിവരുമെന്ന് പോലും ഒരിക്കലും വിചാരിച്ചിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ സമീപകാല പ്രവൃത്തികൾ കാണുമ്പോൾ പറയാതിരിക്കാനും വയ്യ.സംഘപരിവാർ പ്രസ്ഥാനങ്ങളിൽ അടിയുറച്ചു നിന്ന രാജഗോപാൽ വിജയിക്കില്ലെന്നുറപ്പുണ്ടായിരുന്ന നാൾ മുതൽ ഈ കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ എത്രയോ തവണ മത്സരിച്ചു. പരാജയങ്ങൾക്കിടയിലും മറ്റൊരു സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലെത്തിച്ചും കേന്ദ്രമന്ത്രിപദം നൽകിയുമൊക്കെ ബിജെപി അദ്ദേഹത്തിന് ആവശ്യത്തിന് അംഗീകാരവും നൽകി.

2016 ൽ നേമത്തു നിന്ന് ജയിച്ച് അധികം വൈകാതെയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ചില മാറ്റം കണ്ടു തുടങ്ങിയത്. എംഎൽഎ എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാനായില്ലെന്നതു പോകട്ടെ, തനിക്ക് ശേഷം പ്രളയം എന്ന തരത്തിലുള്ള പ്രസ്താവനകളും അദ്ദേഹം നടത്തി തുടങ്ങി. നിയമസഭയിൽ പിണറായി സർക്കാരിന് അനുകൂലമായും കേന്ദ്ര പദ്ധതികളെ വിമർശിച്ചുമൊക്കെ വാർത്തകളിലിടം നേടിയ, 'പ്രവർത്തകരുടെ രാജേട്ടൻ' നേമത്ത് വീണ്ടും മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിൽ അത് തുറന്നു പറയുകയായിരുന്നു വേണ്ടിയിരുന്നത്. അല്ലാതെ അദ്ദേഹത്തെക്കാൾ സംഘടനാ പ്രവർത്തനരംഗത്ത് ഒട്ടും മോശമല്ലാത്ത കുമ്മനം രാജശേഖരൻ എന്ന സാത്വികൻ മത്സരിക്കാൻ എത്തിയപ്പോൾ സന്തോഷപൂർവം അനുഗ്രഹിച്ച് ഒപ്പം നിൽക്കുന്നതിന് പകരം എന്താണ് തരം താണ പ്രസ്താവനകളിലൂടെ സ്വന്തം വിലയിടിച്ചത്.

കേരളത്തിലെ സംഘപരിവാർ പ്രവർത്തകരുടെയും അനുഭാവികളുടെയുമൊക്കെ മനസിലെ ഒ.രാജഗോപാൽ എന്ന വിഗ്രഹം വീണുടഞ്ഞത് അദ്ദേഹം ഇനിയും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. രാജഗോപാലിന്റെ പ്രസ്താവനകൾ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഏറെ ദോഷകരമായി എന്ന വിലയിരുത്തൽ മാധ്യമങ്ങൾ അടക്കം ഇതിനോടകം നടത്തിയിട്ടുണ്ട്. അതു പൂർണമായും ശരിയുമാണ്. ഒപ്പം ബിഡിജെഎസ് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്ക് വോട്ടുമറിക്കുക കൂടിയായപ്പോൾ ഒരു പക്ഷേ രാജഗോപാൽ ആഗ്രഹിച്ചതുപോലെ ഒരു തെരഞ്ഞെടുപ്പ് ഫലം അവിടെയുണ്ടായി. ആ സന്തോഷം അദ്ദേഹം പ്രചരിപ്പിച്ചതാകാം ഇന്നലത്തെ വിളക്കു തെളിക്കൽ എന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നിട്ടുള്ള വിമർശനം.

തെരഞ്ഞെടുപ്പ് വിജയാഘോഷ ഭാഗമായി എൽഡിഎഫ് ഇന്നലെ സംസ്ഥാന വ്യാപകമായി വീടുകളിൽ ദീപം തെളിക്കാൻ ആഹ്വാനം ചെയ്തിരുന്നു. അത് അവർ ഭംഗിയായി നടത്തുകയും ചെയ്തു. ഇതിനിടെ ബംഗാൾ അക്രമങ്ങളിൽ പ്രതിഷേധിച്ച് എന്ന മട്ടിൽ ഒ.രാജഗോപാൽ ദീപം തെളിച്ചു. ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തു. ഒരു പക്ഷേ അദ്ദേഹം പറയുന്നത് ശരിയുമാകാം. പക്ഷേ അതിന് തെരഞ്ഞെടുത്ത സമയം വീണ്ടും സ്വന്തം പാർട്ടിക്ക് കൂടി അവമതിപ്പുണ്ടാക്കുന്നതാണ് എന്ന് എന്തുകൊണ്ടാണ് ഇത്രയധികം പ്രവർത്തനപാരമ്പര്യമുള്ള രാജേട്ടൻ മറന്നുപോയത്.

ബംഗാളിൽ അക്രമം തുടങ്ങിയിട്ട് ദിവസങ്ങളായി. കേന്ദ്രമന്ത്രി വി.മുരളീധരൻ ആക്രമിക്കപ്പെട്ടിട്ടു പോലും രണ്ടു ദിവസങ്ങളായി. ഇനി പ്രായവും ഓർമക്കുറവും ഒക്കെയായതിനാൽ പ്രതിഷേധം അൽപം വൈകിയതാണെങ്കിൽ അങ്ങനെയായിക്കോട്ടെ. ആ വിഷയം കൂടുതൽ വലിച്ചുനീട്ടുന്നില്ല. പക്ഷേ നേമത്തെ തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് സിറ്റിങ് എംഎൽഎ ആയിരുന്ന ആൾക്ക് അങ്ങനെ കൈകഴുകാനാവില്ല.

ആദ്യമായി കേരളത്തിൽ ജയിച്ച ഒരു മണ്ഡലത്തെ കേന്ദ്രപദ്ധതികൾ കൂടി പ്രയോജനപ്പെടുത്തി വികസനമാതൃകയാക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. നേമം ചൂണ്ടിക്കാട്ടി മറ്റ് മണ്ഡലങ്ങളിൽ വോട്ടു പിടിക്കാൻ എൻഡിഎയ്ക്ക് കഴിയണമായിരുന്നു. നിയമസഭയിൽ പോയി ഒ. രാജഗോപാൽ ഉറക്കം തൂങ്ങിയിരുന്നിട്ടും അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ, എംഎൽഎ എന്ന നിലയിൽ പൂർണ പരാജയമാണെന്നത് ശ്രദ്ധയിൽപ്പെടുത്താൻ അദ്ദേഹത്തിന്റെ പാർട്ടിക്കും കഴിഞ്ഞില്ല.നേമത്തെ തോൽവിയുടെ കാരണം ബിജെപി വിലയിരുത്തുമ്പോൾ മുതിർന്ന നേതാവിന്റെ പ്രസ്താവനകൾ കൂടി ഓർത്തെടുക്കുന്നത് നന്നായിരിക്കും...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP