Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണാടി ഷാജി കേസിൽ പ്രതിയായത് ചെറു സഹായങ്ങളുടെ പേരിൽ; ടാറ്റു പതിച്ച് കൊടുക്കുന്ന സ്ഥാപന മറവിൽ പുതു മേഖലയിലേക്ക്; ശാസ്തമംഗലത്ത് പൂട്ടു വീണപ്പോൾ താവളം മാറ്റിയത് ആന്ധ്രയിലേക്ക്; കൂട്ടിന് റിട്ടയേർഡ് എസ് പിയുടെ മകനും; മയക്കുമരുന്ന് മാഫിയയെ കേരളത്തിൽ നിയന്ത്രിക്കുന്നത് ഈ 29കാരൻ; അലൻ പുന്നൂസ് എന്ന ഡോൺ എക്‌സൈസിന് തലവേദനയാകുമ്പോൾ

കണ്ണാടി ഷാജി കേസിൽ പ്രതിയായത് ചെറു സഹായങ്ങളുടെ പേരിൽ; ടാറ്റു പതിച്ച് കൊടുക്കുന്ന സ്ഥാപന മറവിൽ പുതു മേഖലയിലേക്ക്; ശാസ്തമംഗലത്ത് പൂട്ടു വീണപ്പോൾ താവളം മാറ്റിയത് ആന്ധ്രയിലേക്ക്; കൂട്ടിന് റിട്ടയേർഡ് എസ് പിയുടെ മകനും; മയക്കുമരുന്ന് മാഫിയയെ കേരളത്തിൽ നിയന്ത്രിക്കുന്നത് ഈ 29കാരൻ; അലൻ പുന്നൂസ് എന്ന ഡോൺ എക്‌സൈസിന് തലവേദനയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ കഞ്ചാവ് മാഫിയയെ ഇപ്പോൾ നിയന്ത്രിക്കുന്നത് തിരുവനന്തപുരം സ്വദേശിയായ 29കാരൻ. കണ്ണാടി ഷാജി കൊലക്കേസിലെ പ്രതിയാണ് ഈ മാഫിയാ നേതാവ്. സിനിമകളെ വെല്ലും വിധമാണ് ഈ യുവാവ് കഞ്ചാവ് ലോബിയുടെ പ്രധാനിയാകുന്നത്. കണ്ണാടി ഷാജി കൊലക്കേസിൽ പ്രതിയായതാണ് ഈ യുവാവിന്റെ ജീവിതം മാറി മറിയുന്നത്.

നന്തൻകോട് വാട്സ് ലെയിനിൽ അലൻ പുന്നൂസ് എന്ന അലൻ ജയരാജാണ് എക്‌സൈസിന് തലവേദനായി മാറുന്ന ഈ മലയാളി. ആന്ധ്രയിൽ ഇരുന്ന് കേരളത്തിലെ മയക്കുമരുന്ന് കച്ചവടം നിയന്ത്രിക്കുന്ന ഗുണ്ടാ നേതാവ്. ഇയാളുടെ സംഘത്തിലെ ആളുകളാണ് രണ്ട് ദിവസമായി എക്‌സൈസിന്റെ വലയിൽ കടുങ്ങുന്നത്. ഇടവക്കോട് കൊലക്കേസിലെ പ്രതി പാറ അഭിലാഷാണ് അലൻ പുന്നൂസിന്റെ വലംകൈ. കേരളത്തിൽ അഭിലാഷാണ് കച്ചവടം നിയന്ത്രിക്കുന്നത്. വിവാദങ്ങളെ തുടർന്ന് ഏതാനും വർഷമായി അലൻ നാട്ടിൽ പോലും വരാറില്ല.

ആന്ധ്രയിലെ രഹസ്യ കേന്ദ്രത്തിൽ ഇരുന്നാണ് അലൻ എല്ലാം നിയന്ത്രിക്കുന്നത്. ഒരു റിട്ടേഡ് എസ് പിയുടെ മകനാണ് സംഘത്തിലെ രണ്ടാമൻ. ഇവരെ രണ്ടു പേരേയും ഉടൻ പിടികൂടിയാലേ കേരളത്തിലേക്കുള്ള കഞ്ചാവ് വരവും മയക്കുമരുന്ന് കടത്തും നിയന്ത്രിക്കാൻ കഴിയൂവെന്ന് എക്‌സൈസ് പറയുന്നു. എന്നാൽ ആന്ധ്രയിലെ അതീവ രഹസ്യ കേന്ദ്രത്തിലുള്ള ഇവരിലേക്ക എത്തുക എളുപ്പമല്ലെന്നും എക്‌സൈസിന് അറിയാം. കേരളത്തിലെ ജയിലുകളിൽ പോലും ഈ സംഘം മയക്കുമരുന്ന് കടത്തുന്നുണ്ടെന്നതാണ് വസ്തുത.

2016ൽ അലൻ പുന്നൂസ് പിടിയിലായിരുന്നു. ഒന്നര ലിറ്റർ ഹാഷിഷ് ഓയിലും ഒന്നര കിലോ കഞ്ചാവും മാരകായുധങ്ങളുമായിട്ടായിരുന്നു അലനും കൂട്ടാളികളും പിടിയിലായത്. അന്ന് ചിറക്കുളം കോളനിയിൽ അനൂപ് (27), ചിറക്കുളം അച്ചുനിവാസിൽ ഗിരീഷ് (19) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ശാസ്തമംഗലത്ത് വീട് വാടകയ്‌ക്കെടുത്ത് അലൻ പുന്നൂസിന്റെ നേതൃത്വത്തിലുള്ള സംഘം ശരീരത്തിൽ ടാറ്റൂ പതിച്ച് കൊടുക്കുന്നതിന്റെമറവിൽ വിദ്യാർത്ഥികളെ ആകർഷിച്ച് വലയിലാക്കി മയക്കുമരുന്നുകൾ വിപണനം നടത്തിവരികയായിരുന്നു.

ബംഗളൂരുവിലെ ചിക് തിരുപ്പതി എന്ന സ്ഥലത്ത് വീട് വാടകയ്‌ക്കെടുത്തിട്ടുള്ള സംഘം അവിടെ ഹാഷിഷ്, ബ്രൌൺഷുഗർ, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കൾ ശേഖരിച്ചശേഷം അവിടെയും വിൽപ്പന നടത്തുകയും വോൾവോ ബസുകളിൽ വിദ്യാർത്ഥികൾ എന്ന വ്യാജേന മയക്കുമരുന്നുകൾ ബാഗുകളിലാക്കി ശാസ്തമംഗലത്തെ കേന്ദ്രത്തിൽ എത്തിച്ചശേഷമാണ് വിൽപ്പന നടത്തുന്നതെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനും സൗകര്യം ചെയ്തുകൊടുത്തു. ആധുനികരീതിയിലുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും വിവിധ തരത്തിലുള്ള സിറിഞ്ചുകളും ഹോർഡറുകളും മാരകായുധങ്ങളും അന്ന് കണ്ടെടുക്കുകയും ചെയ്തു. ഈ കേസിൽ പിടിയിലായി പുറത്തിറങ്ങിയ ശേഷമാണ് അലൻ കേരളത്തിൽ നിന്നും താവളം മാറ്റുന്നത്.

ഒന്നാംപ്രതി അലൻ കണ്ണാടി ഷാജി കൊലക്കേസിലെ പ്രതിയും ഒമ്പതോളം അടിപിടി കേസിലെയും മയക്കുമരുന്ന് കേസുകളിലെയും പ്രതിയാണ്. ഇയാളുടെപേരിൽ കർണാടകത്തിലും തമിഴ്‌നാട്ടിലും കേസുകളുണ്ട്. കണ്ണാടി ഷാജി കൊലക്കേസിൽ അലൻ നേരിട്ട് പങ്കെടുത്തിരുന്നില്ല. ഒന്നാം പ്രതി പേരൂർക്കട കൃഷ്ണകുമാറിനും മറ്റും സഹായ ചെയ്തു കൊടുത്തതാണ് വിനയായത്. എന്നാൽ ഈ കേസിൽ അലൻ ഗൂഢാലോചന കുറ്റത്തിന് പ്രതിയായി. ഇതോടെയാണ് ഇയാൾ പൊലീസിനെ കുഴക്കുന്ന കുറ്റവാളിയായി മാറിയത്. പിന്നീട് മയക്കുമരുന്ന് കച്ചവടത്തിലെ സാധ്യതകളിലേക്ക് ഇടപാടുകൾ മാറ്റി. ഇതോടെ സാമ്പത്തികമായും കരുത്തനായി.

തിരുവനന്തപുരം ആക്കുളം റോഡിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്ഡിൽ 200 കിലോ കഞ്ചാവ് ഇന്ന് പിടികൂടിയിരുന്നു. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് രണ്ടര കോടിയോളം വില വരുമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം തിരുവനന്തപുരം തച്ചോട്ടുകാവിൽ നിന്ന് 205 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ലോക്ക്ഡൗൺ സാഹചര്യത്തിൽ ചരക്ക് വാഹനങ്ങളിൽ കർശന പരിശോധന നടത്തേണ്ടെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ മറവിലാണ് വ്യാപകമായി കഞ്ചാവ് കടത്ത്. ഇതിനെല്ലാം പിന്നിൽ അലനാണ്. അഭിലാഷിന് കൈമാറാൻ കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്.

തച്ചോട്ടുകാവിന് അടുത്ത് അന്തിയൂർക്കോണത്തിനു സമീപം മുക്കംപാലമൂടിനു സമീപത്തുവച്ച് വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് കഞ്ചാവുമായി വന്ന കാർ എക്‌സൈസ് പിന്തുടർന്നു പിടികൂടിയത്. കെ.എൽ. 45 സി 6408 രജിസ്‌ട്രേഷനുള്ള കാറിൽ ചാക്കുകളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയിലെ രാജമുന്ദ്രിയിൽനിന്ന് കഞ്ചാവ് കയറ്റിയ കാർ കാര്യവട്ടത്ത് എത്തിക്കാനായിരുന്നു ലഹരികടത്തുകാർ ഇവർക്കു നൽകിയിരുന്ന നിർദ്ദേശം. അഞ്ചു ലക്ഷം രൂപയാണ് പ്രതിഫലമെന്ന് പ്രതികൾ എക്‌സൈസിനോടു പറഞ്ഞു. ഇവർക്കൊപ്പം എത്തിയ മറ്റൊരു വാഹനമാണ് ഇന്ന് പിടികൂടിയത്.

ആന്ധ്രയിൽനിന്നുള്ള യാത്രയ്ക്കിടെ ചെന്നൈയിൽവച്ച് ഇവരുടെ കാർ ലോറിയുമായി കൂട്ടിയിടിച്ചിരുന്നു. സാരമായി കേടുപാടുണ്ടായെങ്കിലും ഇവർ വാഹനം ഓടിച്ചുവരുകയായിരുന്നു. എക്‌സൈസ് പിടികൂടുന്ന സമയത്തും ഇവർ അമിത വേഗതയിലായിരുന്നു. രണ്ടു കാറുകളിലായി 203 കിലോ കഞ്ചാവ് കടത്തവേ ബാലരാമപുരത്തുവച്ച് ആറു മാസം മുമ്പ് പിടിയിലായ സംഘമാണ് തലസ്ഥാനത്ത് കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നത്. അന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ കാറിടിച്ച് കൊല്ലാനും ശ്രമിച്ചു. എന്തിനും മടിക്കാത്ത ഈ ടീമിനെ വളർത്തുന്നത് അലൻ പൊന്നൂസാണെന്ന് എക്‌സൈസ് പറയുന്നു.

സർക്കിൾ ഇൻസ്‌പെക്ടർമാരായ ടി.അനികുമാർ, ജി.കൃഷ്ണകുമാർ, ഇൻസ്‌പെക്ടർമാരായ കെ.വി.വിനോദ്, ടി.ആർ.മുകേഷ്‌കുമാർ, ആർ.ജി.രാജേഷ്, എസ്.മധുസൂദനൻനായർ, പ്രിവന്റീവ് ഓഫീസർമാരായ ബി.ഹരികുമാർ, രാജ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.സുബിൻ, എസ്.ഷംനാദ്, ആർ.രാജേഷ്, എം.വിശാഖ്, ജിതേഷ്, ബിജു, ശ്രീലാൽ, മുഹമ്മദ് അലി, അനീഷ്, രാജീവ്, അരുൺ എന്നിവർ ചേർന്നാണ് ഇന്നും ഇന്നലെയുമായി പ്രതികളെ പിടികൂടിയത്. കോവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ച ശേഷവും ലഹരികടത്ത് തുടരുന്നു എന്നതിന്റെ സൂചനയാണ് ഇത്.

നിരവധി ക്രിമിനൽ കേസുകളെ തുടർന്ന് ആന്ധ്ര, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കു താമസം മാറിയ അലൻ പൊന്നു, പാറ അഭിലാഷ്, നിഖിൽ, രാജ്കുമാർ എന്നിവർക്ക് തലസ്ഥാനത്ത് എല്ലാ സഹായവും ചെയ്ത സിദ്ധാർത്ഥിനെ നേരത്തെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ചെറുകിട കഞ്ചാവ് വില്പനക്കാർക്കും സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുമായി ഇടനിലക്കാരനായി ഇയാൾ പ്രവർത്തിച്ചിരുന്നു. വില്പനക്കാരിൽ നിന്നും പറഞ്ഞുറപ്പിച്ച തുക വാങ്ങിയെടുക്കാനായി സിദ്ധാർത്ഥിന് പ്രത്യേക ഗുണ്ടാസംഘവുമുണ്ട്.

ന്യൂജെൻ ലഹരി മരുന്നുകളും എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയവയുടെ വ്യാപാരവും ഇയാൾ നടത്തിയിരുന്നതായി കണ്ടെത്തി. സിദ്ധാർത്ഥുമായി ബന്ധപ്പെട്ട അന്വേഷണമാണ് അലൻ പൊന്നൂസിന്റെ മാഫിയയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ എക്‌സൈസിന് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP