Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസ് തീർന്നു; വായ്പാ തിരിച്ചടവ് മുടങ്ങിയത് കോവിഡ് വരുത്തി വച്ച സാമ്പത്തിക പ്രയാസങ്ങൾ; നോട്ടപ്പിശക് മൂലമാണ് ആലപ്പുഴ സ്റ്റേഷനിൽ ഹാജരാകേണ്ടി വന്നതെന്നും ശ്രീകുമാര മേനോൻ; കേസിന് സിനിമാ നിർമ്മാണവുമായി ബന്ധമില്ലെന്ന് സംവിധായകൻ വിശദീകരിക്കുന്നെങ്കിലും എഫ്‌ഐആറിൽ മറിച്ച്

ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസ് തീർന്നു; വായ്പാ തിരിച്ചടവ് മുടങ്ങിയത് കോവിഡ് വരുത്തി വച്ച സാമ്പത്തിക പ്രയാസങ്ങൾ; നോട്ടപ്പിശക് മൂലമാണ് ആലപ്പുഴ സ്റ്റേഷനിൽ ഹാജരാകേണ്ടി വന്നതെന്നും ശ്രീകുമാര മേനോൻ; കേസിന് സിനിമാ നിർമ്മാണവുമായി ബന്ധമില്ലെന്ന് സംവിധായകൻ വിശദീകരിക്കുന്നെങ്കിലും എഫ്‌ഐആറിൽ മറിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴയിലെ ശ്രീവത്സം ഗ്രൂപ്പിൽനിന്ന് സിനിമ നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഏഴുകോടി തട്ടിച്ചെന്ന കേസിൽ വിശദീകരണവുമായി സംവിധായകൻ ശ്രീകുമാരമേനോൻ. കോവിഡ് മഹാമാരിയെ തുടർന്ന് പരസ്യമേഖലയിലുണ്ടായ പ്രതിസന്ധി മൂലമാണ് തിരിച്ചടവ് മുടങ്ങിയത്. വായപ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു വായ്പദായകനുമായി ഒരു കേസ് ഉണ്ടായിരുന്നു. ഇലക്ഷൻ ക്യാംപയിനുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിൽ കേസിൽ കൃത്യമായി ഹാജരാകുന്നതിൽ വീഴ്ചവന്നു. കേസിൽ ഹാജരാകുന്നതിൽ സംഭവിച്ച ആ നോട്ടപ്പിശകിനെ തുടർന്ന്, ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഇന്ന് ഹാജരാകേണ്ടി വന്നു.

കോവിഡ് പ്രതിസന്ധി കൊണ്ടുണ്ടായ സാമ്പത്തികപ്രശ്നങ്ങൾ വായ്പാദായകന് ബോധ്യപ്പെടുകയും ആലപ്പുഴ സിജെഎം കോടതിയുടെ അനുവാദത്തോടെ കോടതിയിൽ വെച്ച് കേസ് അദ്ദേഹം പിൻവലിക്കുകയും ചെയ്തുവെന്നാണ് ശ്രീകുമാര മേനോൻ പറയുന്നത്. ഇതോടെ, ഈ വിഷയവും അതിലെ വ്യവഹാരങ്ങളും പൂർണമായി അവസാനിക്കുകയും ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. കേസിന് സിനിമാ നിർമ്മാണവുമായി യാതൊരു ബന്ധവുമില്ല. താൻ സിനിമാ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ആളല്ലെന്നും സംവിധാന രംഗത്തുമാത്രമാണ് ബന്ധമുള്ളതെന്നും ശ്രീകുമാരമേനോൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഞാൻ 30 വർഷത്തോളമായി അഡ്വെർട്ടൈസിങ് ആൻഡ് ബ്രാൻഡിങ് കമ്പനി നടത്തിവരുന്ന പ്രൊഫഷണലാണ്. എന്റെ അഡ്വർട്ടൈസ് ബിസിനസുമായി ബന്ധപ്പെട്ട്, മറ്റ് എല്ലാ ബിസിനസുകാരും ചെയ്യുന്നതു പോലെ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ദീർഘകാല അടിസ്ഥാനത്തിൽ വായ്പ എടുക്കുകയും നിക്ഷേപങ്ങൾ സ്വീകരിക്കുകയും ചെയ്യാറുണ്ട്.

വായ്പകൾ പലിശ സഹിതം തിരിച്ചടക്കുകയും നിക്ഷേപങ്ങൾ ലാഭസഹിതം മടക്കിക്കൊടുക്കുകയുമാണ് പതിവ്. കോവിഡ് മഹാമാരിയെ തുടർന്ന് സാധാരണക്കാർ മുതൽ ആഗോള ബിസിനസ് ഭീമന്മാർ വരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പരസ്യ വിപണിയെ ആദ്യവും അധികവും ഈ പ്രതിസന്ധി ബാധിച്ചു. പല പരസ്യ കമ്പനികളും ഇതിനോടകം തന്നെ അടച്ചു പൂട്ടിക്കഴിഞ്ഞു. ആഗോള- പ്രാദേശിക തലത്തിൽ മാധ്യമ സ്ഥാപനങ്ങളേയും പരസ്യ രംഗത്തെ പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്.

കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ വായപ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു വായ്പദായകനുമായി ഒരു വ്യവഹാരം ഉണ്ടായിരുന്നു. ഇലക്ഷൻ ക്യാംപയിനുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിൽ വ്യവഹാരത്തിൽ കൃത്യമായി ഹാജരാകുന്നതിൽ വീഴ്ചവന്നു. കേസിൽ ഹാജരാകുന്നതിൽ സംഭവിച്ച ആ നോട്ടപ്പിശകിനെ തുടർന്ന്, നിയമപരമായ നടപടികളോട് പൂർണമായും സഹകരിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഇന്ന് ഹാജരാകേണ്ടി വന്നു.

ഇത് രണ്ടു വ്യക്തികൾ തമ്മിലുള്ള വ്യവഹാരമാണ്. ഇതിന് മാധ്യമങ്ങൾ നൽകിയ വലിയ വാർത്താ പ്രാധാന്യം എന്നെ അതിശയപ്പെടുത്തി. കോവിഡ് പ്രതിസന്ധി കൊണ്ടുണ്ടായ സാമ്പത്തികപ്രശ്നങ്ങൾ വായ്പാദായകന് ബോധ്യപ്പെടുകയും തുടർന്ന് ബഹുമാനപ്പെട്ട ആലപ്പുഴ സിജെഎം കോടതിയുടെ അനുവാദത്തോടെ കോടതിയിൽ വെച്ച് കേസ് അദ്ദേഹം പിൻവലിക്കുകയും ചെയ്തു. അതോടുകൂടി ഈ വിഷയവും അതിലെ വ്യവഹാരങ്ങളും പൂർണമായി അവസാനിക്കുകയും ചെയ്തു.

പ്രസ്തുത വ്യവഹാരത്തിന് സിനിമാ നിർമ്മാണവുമായി യാതൊരു ബന്ധവുമില്ല. ഞാൻ സിനിമാ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ആളുമല്ല. എനിക്ക് സിനിമയുടെ സംവിധാന രംഗത്തുമാത്രമാണ് ബന്ധമുള്ളത്.

ഇതുവരെ എന്നോട് സ്നേഹിച്ച് സഹകരിച്ച എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും നന്ദി. കോവിഡ് മഹാമാരിയിൽ എന്നെപ്പോലെ പ്രതിസന്ധിയിലായ പതിനായിരക്കണക്കിന് ബിസിനസുകാരുണ്ട്. കോടിക്കണക്കിന് സാധാരണ ജനങ്ങളുണ്ട്. മനോധൈര്യം കൈവിടാതെ ഈ ബിസിനസ്- തൊഴിൽ- ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ എല്ലാവർക്കും കഴിയണമേയെന്ന് പ്രാർത്ഥിക്കുന്നു.


രാവിലെ പ്രചരിച്ച വാർത്തയിലെ അവാസ്തവങ്ങൾ തിരുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

എന്ന്
വി.എ ശ്രീകുമാർ

വ്യാഴാഴ്ച രാത്രി പാലക്കാട്ടെ വീട്ടിൽനിന്നാണ് ആലപ്പുഴ സൗത്ത് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ ശ്രീവത്സം ഗ്രൂപ്പിൽനിന്ന് സിനിമ നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കോടി രൂപ ശ്രീകുമാർ മേനോൻ കൈപ്പറ്റിയിരുന്നു. എന്നാൽ പിന്നീട് ഇതേപ്പറ്റി ഒരു ആശയവിനിമയവും നടന്നില്ലെന്നും അന്വേഷിക്കുമ്പോൾ പലവിധ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്നും പരാതിയിൽ പറയുന്നു. ഇതിനിടെ, ശ്രീകുമാർ മേനോൻ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ആലപ്പുഴ പൊലീസ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. പലവിധ വിവാദത്തിൽ കുടുങ്ങിയ ഗ്രൂപ്പാണ് ശ്രീവൽസം. ഈ കമ്പനിയെയാണ് ശ്രീകുമാർ മേനോൻ തട്ടിച്ചെന്ന് പറയുന്നത്.

ഈ കേസിന്റെ എഫ് ഐ ആർ രേഖകളിൽ ഏഴ് കോടിയുടെ തട്ടിപ്പാണ് നടന്നതെന്ന് പറയുന്നു. പ്രതിക്ക് അന്യായ ലാഭവും ആവലാതിക്കാരന് അന്യായമായ നഷ്ടവും സംഭവിക്കണമെന്ന ഉദ്ദേശത്തോടെയും കരുലോടും കൂടി സിനിമാ പരസ്യ മേഖലകളിലെ സംവിധായകനായ പ്രതി തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. പരാതിക്കാരന്റെ ആലപ്പുഴയിലേയും ഹരിപ്പാട്ടെയും വീട്ടിൽ വച്ച് നിരവധി തവണ കണ്ടു മുട്ടി. പ്രതിക്ക് സിനിമാ മേഖലയിലെ മലയാളം തമിഴ് ഹിന്ദി സൂപ്പർ താരങ്ങളുമായി വളരെ അടുത്ത് ബന്ധമുണ്ടെന്നും പ്രമുഖ താരങ്ങളുടെ ഡേറ്റ് ലഭ്യമാണെന്നും അറിയിച്ചു.

ആയതിനാൽ ആവലാതിക്കാരൻ പ്രൊഡ്യൂസർ ആകണമെന്നും നിർമ്മാണത്തിന് മുടക്കുന്ന തുകയുടെ ഇരട്ടി തുക ആവലാതിക്കാരന് തിരികെ ലഭിക്കുമെന്നും പറഞ്ഞു. സിനിമയുടെ നായകനും തിരക്കഥയും സസ്പെൻസ് ആണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് കബളിപ്പിച്ചു. 2016 ഏപ്രിൽ മുതൽ 13 ഡിസംബർ 2016 വരെ ആവലാതിക്കാരന്റെ വിവിധ സ്ഥാപനങ്ങളുടെ അക്കൗണ്ടിൽ നിന്നും ആവലാതിക്കാരന്റെ സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്നും ഏഴു കോടി അമ്പത്തിമൂന്ന് ലക്ഷത്തി അമ്പത്തൊന്നായിരത്തി നാന്നൂറ്റി അമ്പത്തിയൊന്ന് രൂപ പ്രതി കൈക്കലാക്കിയെന്നാണ് എഫ് ഐ ആർ പറയുന്നത്. നാളിതു വരെ സിനിമാ നിർമ്മാണം നടത്താതെയും വാങ്ങിയ പണം തിരികെ നൽകാതെയും പറ്റിച്ചു. കൈപ്പറ്റിയ തുക സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ച് കുറ്റകരമായ വിശ്വാസ വഞ്ചന ചെയ്തുവെന്നാണ് കേസ്.

കേസിൽ ശ്രീകുമാർ മേനോൻ മാത്രമാണ് പ്രതി. ഐപിസിയിലെ 406, 420 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിലാണ് പരാതി നൽകിയത്. 2016 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് പണം തട്ടിയതെന്നും എഫ് ഐ ആറിൽ ആരോപിക്കുന്നു. ആളപ്പുഴ കളർകോട് താമസിക്കുന്ന എംകെ രാജേന്ദ്രൻ പിള്ളയാണ് പരാതിക്കാരൻ. 2017ൽ കേരളത്തെ ഞെട്ടിച്ച മറ്റൊരു കേസിലെ ആരോപണ വിധേയനായിരുന്നു പരാതിക്കാരൻ. ഈ വിവാദങ്ങൾക്ക് മുമ്പാണ് ശ്രീകുമാർ മേനോൻ തട്ടിപ്പ് നടത്തിയെന്നാണ് പരാതിയിൽ നിന്നും വ്യക്തമാകുന്നത്.

നാഗാലാന്റ് പൊലീസിൽ അഡീഷണൽ എസ്‌പിയായിരുന്നു എംകെആർ പിള്ള എന്ന രാജേന്ദ്രൻ പിള്ള. രാഷ്ട്രീയക്കാരുടെ ഒത്താശയോടെയാണ് ശതകോടികൾ ആസ്തിയുണ്ടാക്കിയത് എന്ന ആരോപണം ഉയർന്നെങ്കിലും ഈ കേസിൽ ഇദ്ദേഹം കാര്യമായ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. 2003 ൽ തുടങ്ങിയ ശ്രീവത്സം ഗ്രൂപ്പ് ജുവലറി , റിയൽ എസ്റ്റേറ്റ്, ടെക്‌സ്‌റ്റൈയിൽസ് എന്നിവയിലാണ് നിക്ഷേപിച്ചത്. നാഗാലാൻഡിൽ പൊലീസിന് വാഹനങ്ങൾ നൽകുന്ന ചുമതലയിലുണ്ടായിരുന്ന എം കെ ആർ പിള്ളയെ ഈ വാഹനങ്ങൾ ഉപയോഗിച്ച് ഹവാല വഴി പണം കടത്തിയെന്നും ആരോപണമുണ്ടായിരുന്നു. എന്നാൽ ഇതൊന്നും തെളിയിക്കാൻ കഴിഞ്ഞില്ല.

ആദായനികുതി വകുപ്പ് ശ്രീവൽസം സ്ഥാപനങ്ങളിലും ഉടമ എം.കെ.ആർ. പിള്ളയുടെ വസതികളിലും നടത്തിയ പരിശോധനയിൽ കോടികളുടെ ദുരൂഹ ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നായിരുന്നു പുറത്തു വന്ന സൂചന. നാഗാലാൻഡിൽ വിജിലൻസ് കേസുകളടക്കം രജിസ്റ്റർ ചെയ്തു. പക്ഷേ ഇതൊന്നും എങ്ങും തെളിയിച്ചിട്ടില്ല. കേരളത്തിൽ സ്ഥാപനത്തിനെതിരെയോ പിള്ളക്കതിരെയോ കേസുകളില്ല. നാഗാലാൻഡിൽ ഏകദേശം ഇരുപതോളം ബാങ്ക് അക്കൗണ്ടുകൾ പിള്ളയ്ക്ക് ഉള്ളതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൊഹിമ, ഭിമാപൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ അക്കൗണ്ടുകൾ. കേരളത്തിലേക്ക് കോടിക്കണക്കിന് രൂപയാണ് ഈ അക്കൗണ്ടുകൾ വഴി ഒഴുകിയത്

കൂടാതെ ഡൽഹി, കർണ്ണാടക, ആസ്സാം എന്നിവിടങ്ങളിലും പിള്ളയ്ക്ക് നിരവധി ബാങ്ക് അക്കൗണ്ടുകൾ ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. മൂന്നാറിന് സമീപം ചിന്നക്കനാലിൽ രണ്ട് റിസോർട്ടുകൾ നിർമ്മിച്ച് വിറ്റതായും വിവരം ലഭിച്ചിട്ടുണ്ട്. നാഗാലാൻഡ് സർക്കാരിന്റെ ഫണ്ട് വകമാറ്റിയതാണ് പിള്ളയ്ക്ക് ഇത്രയും വലിയ സമ്പാദ്യമുണ്ടാകാൻ കാരണമെന്നാണ് ആദായ നികുതി വകുപ്പിന്റെ നിരീക്ഷണം. കൂടാതെ നിരവധി ഉന്നതർക്കും ഗ്രൂപ്പിൽ പങ്കാളിത്തമുണ്ട്. പിള്ളയുടെ ഉടമസ്ഥതയിലുള്ള മണിമുറ്റത്ത് എന്ന ചിട്ടിക്കമ്പനിയുടെ പ്രവർത്തനവും് പരിശോധിച്ചിരുന്നു. എന്നാൽ ദുരൂഹതയൊന്നും ആർക്കും കണ്ടെത്തനായില്ല. ഇത്തരത്തിലൊരു വ്യക്തിയാണ് ശ്രീകുമാർ മേനോനെതിരെ തട്ടിപ്പ് പരാതി കൊടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP