Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഎസ്‌ഐ വൈദിക സമ്മേളനം ചട്ടം ലംഘിച്ചെന്ന് സബ് കളക്ടറുടെ കണ്ടെത്തൽ; റിപ്പോർട്ട് ഇന്ന് കളക്ടർക്ക് കൈമാറും; ബിഷപ്പിനെതിരെ വൈദികരും വിശ്വാസികളും

സിഎസ്‌ഐ വൈദിക സമ്മേളനം ചട്ടം ലംഘിച്ചെന്ന് സബ് കളക്ടറുടെ കണ്ടെത്തൽ; റിപ്പോർട്ട് ഇന്ന് കളക്ടർക്ക് കൈമാറും; ബിഷപ്പിനെതിരെ വൈദികരും വിശ്വാസികളും

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: മൂന്നാറിൽ നടന്ന സിഎസ്‌ഐ സഭയുടെ വൈദിക സമ്മേളനം ചട്ടം ലംഘിച്ചെന്ന് ദേവികുളം സബ് കളക്ടറുടെ കണ്ടെത്തൽ. റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്ക് കൈമാറും. 450 ഓളം പേർ സമ്മേളനത്തിൽ പങ്കെടുത്തെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ്.

ചർച്ച് ഓഫ് സൗത്ത് ഇന്ത്യ സഭയിലെ വൈദികരുടെ വാർഷിക സമ്മേളനം ഏപ്രിൽ 13 മുതൽ 17 വരെയാണ് നടന്നത്. തുടർന്ന് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ചീഫ് സെക്രട്ടറിക്ക് വിശ്വാസികൾ പരാതി നൽകിയിരുന്നു .സമ്മേളനത്തിന് ശേഷം ഇടവകയിൽ എത്തിയ വൈദികർ വിശ്വാസികളുമായി ഇടപഴകിയെന്നും സഭാനേതൃത്വത്തിനെതിരെ കേസെടുക്കണമെന്നും വിശ്വാസികൾ ആവശ്യപ്പെട്ടു .

സംസ്ഥാനത്ത് രണ്ടാം കോവിഡ് തരംഗത്തെ തുടർന്ന് കർശന നിയന്ത്രണങ്ങൾ നിലവിലുള്ള സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 450വൈദികർ മൂന്നാറിൽ സംഗമിച്ചത്. സിഎസ്ഐ സഭയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത വൈദികരിൽ 80ഓളം പേർ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലാണ് .

സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേരുടെ നില ഗുരുതരമാണ് .ഇതിൽ രണ്ടു പേർ കോവിഡ് ബാധിച്ച് മരിച്ചു . അതേസമയം , ധ്യാനം നടത്തിയത് വൈദികരുടെ എതിർപ്പുകൾ കണക്കിലെടുക്കാതെയാണെന്ന് ആരോപണമുണ്ട്.

സിഎസ്‌ഐ മോഡറേറ്ററും ദക്ഷിണ കേരള രൂപത ബിഷപ്പുമായ റവ. എ ധർമ്മരാജ് റസാലം രോഗബാധിതരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. അദ്ദേഹം ഇപ്പോൾ വീട്ടിൽ ക്വാറന്റൈനിലാണ്. മീറ്റ് മാറ്റിവയ്ക്കണമെന്ന് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും സംഘാടകർ ഇതുമായി മുന്നോട്ട് പോയതായി വിശ്വാസികൾ പറയുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിൽ പരാജയപ്പെട്ടാൽ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് പുരോഹിതർക്ക് മുന്നറിയിപ്പ് നൽകിയത്രെ. അതാണ് രോഗവ്യാപനത്തിനിടയിലും ഇത്രയധികം പുരോഹിതർ ഒത്തുകൂടാൻ ഇടയായത്.

എല്ലാം വർഷവും സഭ വാർഷിക റിട്രീറ്റ് നടത്താറുണ്ട്. 2021 ലെ വാർഷിക റിട്രീറ്റ് ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെയും അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെയും പ്രത്യേക തീരുമാനപ്രകാരമാണ് മൂന്നാറിലെ സിഎസ്‌ഐ ക്രൈസ്റ്റ് ചർച്ചിൽ വച്ച് സംഘടിപ്പിച്ചത്. കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ സംഘംചേരൽ വേണ്ട എന്ന് ഭൂരിപക്ഷം വൈദികരും നേതൃത്വത്തെ ബോധ്യപ്പെടുത്തിയെങ്കിലും സമ്മേളനം മാറ്റാൻ തയ്യാറാകാത്തത് ബിഷപ്പിന്റെ പിടിവാശി മൂലമാണെന്ന് വൈദികർ കുറ്റപ്പെടുത്തുന്നു. സമ്മേളനത്തിൽ എല്ലാ വൈദീകരും സഭാ ശുശ്രൂഷകരും നിർബന്ധമായും പങ്കെടുക്കണമെന്നും അതിന് താല്പര്യമില്ലാത്തവർ തക്കതായ കാരണം ചൂണ്ടിക്കാണിച്ച് ബിഷപ്പിൽ നിന്നും പ്രത്യേക അനുമതിവാങ്ങണമെന്നും നിർദ്ദേശം നൽകിയിരുന്നു.

ഇതിനെ തുടർന്നാണ് മറ്റ് വൈദികർക്കും ഗത്യന്തരമില്ലാതെ തിരുവനന്തപുരത്ത് നിന്നും മൂന്നാറിലെത്തി സമ്മേളനത്തിൽ പങ്കെടുക്കേണ്ടി വന്നത്. ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ പിടിവാശിയും ഏകാധിപത്യവുമാണ് മൂന്നാർ വൈദിക സമ്മേളനം കോവിഡ് സമ്മേളനമായി അധഃപതിക്കാൻ കാരണമെന്ന് വൈദികരും ശുശ്രൂഷകരും ചൂണ്ടിക്കാണിക്കുന്നു. കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ വൈദിക സമ്മേളനം മാറ്റിവെക്കണമെന്ന് വൈദികരും വിശ്വാസികളും ബിഷപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മൂന്നാറിൽ സമ്മേളനത്തിന് എത്തിയില്ലെങ്കിൽ വൈദികർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നായിരുന്നു ബിഷപ്പിന്റെ മറുപടിയെന്നും ഇവർ പറയുന്നു.

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സമ്മേളനം സംഘടിപ്പിച്ച ബിഷപ്പ് ധർമ്മരാജ് റസാലം, പാസ്റ്ററൽ ബോർഡ് അഡ്‌മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ജയരാജ്, മഹായിടവക അഡ്‌മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ടി ടി പ്രവീൺ എന്നിവർക്കെതിരെ നീയമ നടപടി സ്വീകരിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ്‌സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവർക്ക് വൈദികരും വിശ്വാസികളും പരാതി നൽകി. എന്നാൽ ഇതുവരെ യാതൊരു നടപടികളുമുണ്ടായിട്ടില്ല. സഭാനേതൃത്വത്തിന് മുന്നിൽ അധികാരവർഗം ഓച്ഛാനിച്ച് നിൽക്കുകയാണെന്ന് വിശ്വാസികൾ ആരോപിച്ചു.

കുറച്ചുനാളുകളായി ബിഷപ്പിനെതിരായി വൈദികർക്കിടയിലും വിശ്വാസികൾക്കിടയിലും അതൃപ്തി പുകയുകയാണ്. ബിഷപ്പ് സ്വന്തം താൽപ്പര്യപ്രകാരം നടത്തുന്ന നിയമനങ്ങൾ ബഹുഭൂരിപക്ഷം സഭാംഗങ്ങൾക്കിടയിലും സ്വീകര്യമല്ല. ഈയിടെ പുതിയ സഭാ സെക്രട്ടറി ചാർജെടുത്തതടക്കം സഭയെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരുന്നു. നിലവിൽ സഭാഭരണം നിയന്ത്രിക്കുന്നത് പ്രത്യേക കോക്കസാണെന്ന് വിശ്വാസികൾ ആരോപിക്കുന്നു. സഭയ്ക്കുള്ളിൽ ഇവർ നടത്തുന്ന ക്രമക്കേടുകൾക്കെതിരെയും മുറുമുറുപ്പുകളുണ്ട്. ഈ സാഹചര്യത്തിൽ വൈദികരുടെ വായടപ്പിക്കാൻ വേണ്ടിയുള്ള ഒരു സുഖിപ്പിക്കൽ കോൺഫറൻസ് ആയിരുന്നു മൂന്നാറിലെ വൈദിക റിട്രീറ്റ് എന്ന് വിശ്വാസികൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP