Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതുമുഖ പരീക്ഷണം അകപ്പാടെ പാളി; ജയിച്ചതെല്ലാം പഴയ മുഖങ്ങൾ മാത്രം; സൈബർ വാർ റൂമിൽ തമ്മിലടി; രാഹുലും പ്രിയങ്കയും വന്നിട്ടും ഇല അനങ്ങയില്ല; നേതാക്കൾ പ്രവർത്തിച്ചത് സ്വന്തം ഗ്രൂപ്പിനായി; ഹൈക്കമാണ്ടും ഗ്രൂപ്പായി മാറി; അടിമുടി അഴിച്ചു പിണിതു അവസാന യുദ്ധത്തിന് തയ്യാറെടുക്കാൻ കോൺഗ്രസ്

പുതുമുഖ പരീക്ഷണം അകപ്പാടെ പാളി; ജയിച്ചതെല്ലാം പഴയ മുഖങ്ങൾ മാത്രം; സൈബർ വാർ റൂമിൽ തമ്മിലടി; രാഹുലും പ്രിയങ്കയും വന്നിട്ടും ഇല അനങ്ങയില്ല; നേതാക്കൾ പ്രവർത്തിച്ചത് സ്വന്തം ഗ്രൂപ്പിനായി; ഹൈക്കമാണ്ടും ഗ്രൂപ്പായി മാറി; അടിമുടി അഴിച്ചു പിണിതു അവസാന യുദ്ധത്തിന് തയ്യാറെടുക്കാൻ കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇനി കേരളത്തിൽ ഒരു തെരഞ്ഞെടുപ്പിന് കൊല്ലം മൂന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ്. അതുവരെ സംഘടനാ പ്രവർത്തനം. അതിന് ശേഷം ഇലക്ഷൻ രാഷ്ട്രീയം. ഇതാണ് പാർട്ടികളുടെ അജണ്ട. തുടർഭരണം കിട്ടിയതോടെ ഇതെല്ലാം സിപിഎമ്മിന് ഏറെ എളുപ്പമാകും. എന്നാൽ കോൺഗ്രസിന് വെല്ലുവിളിയാണ്. നിയമസഭയിൽ അമ്പാടെ പരാജയപ്പെട്ടതിന്റെ പ്രതിസന്ധി. ന്യൂനപക്ഷ വോട്ടുകൾ ചോർന്നുവെന്ന തിരിച്ചറിവിലുള്ള ഭയം. ഇത് മാറ്റിയെടുക്കാനുള്ള സംഘടനാ യുദ്ധമാണ് ഇനി വേണ്ടത്. അതിനുള്ള അഴിച്ചു പണി കോൺഗ്രസിൽ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പുതുമുഖ പരീക്ഷണം അകപ്പാടെ പാളി. മത്സരിച്ച യുവ മുഖമെല്ലാം തോറ്റു. നെടുമങ്ങാട് പാലോട് രവിയും വർക്കലയിൽ വർക്കല കഹാറും മത്സരിച്ചിരുന്നുവെങ്കിൽ ജയിച്ചേനേ എന്ന് കരുത്തുന്നവർ എന്ന് കോൺഗ്രസിലുണ്ട്. കോൺഗ്രസിൽ നിന്ന് ജയിച്ചതെല്ലാം പഴയ മുഖങ്ങൾ മാത്രം ആണെന്നതാണ് ഇതിന് കാരണം. ഇതിനൊപ്പം പരാജയത്തെ ചൊല്ലി കോൺഗ്രസിന്റെ സൈബർ വാർ റൂമിൽ തമ്മിലടിയാണ്. ഇളക്കി മറിക്കാൻ പ്രചരണത്തിന് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വന്നിട്ടും ഇല അനങ്ങയില്ലെന്നതാണ് വസ്തുത. ഇതെല്ലാം കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്.

നേതാക്കൾ പ്രവർത്തിച്ചത് സ്വന്തം ഗ്രൂപ്പിനായി മാത്രമായിരുന്നു. ഹൈക്കമാണ്ടും ഗ്രൂപ്പായി മാറി. അടിമുടി അഴിച്ചു പിണിതു അവസാന യുദ്ധത്തിന് തയ്യാറെടുക്കാൻ കോൺഗ്രസ് തയ്യാറെടുക്കുകയാണ്. ഇനി പിഴച്ചാൽ പിന്നെ കേരളത്തിൽ കോൺഗ്രസ് ഇല്ലെന്ന സത്യം പലരും തിരിച്ചറിയുകയാണ്. അതുകൊണ്ട് തന്നെ ചുവടു പിഴയ്ക്കരുതെന്ന് നേതാക്കൾക്കും അഭിപ്രായമുണ്ട്. സാധാരണ ഹൈക്കമാണ്ടിലാണ് കേരളത്തിലെ കോൺഗ്രസുകാരുടെ പ്രതീക്ഷ. എന്നാൽ ഇന്ന് കെസി വേണുഗോപാലാണ് ഹൈക്കമാണ്ടിലെ പ്രധാനി. അതുകൊണ്ട് തന്നെ കേരളത്തിന് ഗ്രൂപ്പ് നേതൃത്വത്തിന്റെ മറ്റൊരു മുഖമാണ് ഹൈക്കമാണ്ടും.

ജനവിധി ആവശ്യപ്പെടുന്ന വിധം ആത്മപരിശോധനയിലേക്കു കോൺഗ്രസ് ഇന്നു കടക്കുമ്പോൾ ആത്മവിശ്വാസവും വിശ്വാസ്യതയും തിരിച്ചുപിടിക്കാൻ കഴിയുന്ന മാറ്റത്തിനായി വാദം ശക്തമാകുന്നു. തൊലിപ്പുറത്തെ ചികിത്സ എന്ന പതിവു രീതിയോട് ആർക്കും ആഭിമുഖ്യമില്ല. ബൂത്ത് മുതൽ കെപിസിസി വരെ പൊളിച്ചെഴുത്തിനായുള്ള മുറവിളിയാണ് ഉയരുന്നത്. സംഘടനയെ ശക്തപ്പെടുത്താൻ ഇത് അനിവാര്യമാണ്. ഉമ്മൻ ചാണ്ടി സർക്കാരിനോടുള്ള ഭരണവിരുദ്ധ വികാരം പ്രകടമായ 2016 ലെ തിരഞ്ഞെടുപ്പിനെക്കാളും കനത്ത പരാജയമാണ് പിണറായി സർക്കാരിനെതിരെ നടത്തിയ പോരാട്ടങ്ങൾക്കൊടുവിൽ യുഡിഎഫ് ഏറ്റുവാങ്ങിയത്.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സഭയിലും പുറത്തും മികച്ച പ്രകടനം പ്രതിപക്ഷം കാഴ്ച വച്ചുവെന്നു പറയുമ്പോഴും അതു വോട്ടാക്കി മാറ്റാനായില്ല എന്ന യാഥാർഥ്യം ബാക്കി നിൽക്കുന്നു. അതു കൊണ്ടു തന്നെ ഉന്നതതലങ്ങളിൽ മാറ്റം അനിവാര്യം എന്ന വാദഗതി ഗ്രൂപ്പിന് അതീതമായി ഉയരുകയാണ്. സാധാരണ പ്രവർത്തകർക്കു പ്രതീക്ഷയും ഉത്സാഹവും നൽകുന്ന അഴിച്ചുപണി ആയിരിക്കണമെന്ന വികാരവും ശക്തം. കോൺഗ്രസ് സ്ഥാനാർത്ഥികളായി അൻപതിലേറെ പുതുമുഖങ്ങളെ പരീക്ഷിച്ചിട്ടും 2 പേർ മാത്രമാണ് ഇത്തവണ ജയിച്ചത്. മത്സരിച്ച 20 സിറ്റിങ് എംഎൽഎമാരിൽ തോറ്റത് 3 പേർ മാത്രവും. പുതുമുഖ പരീക്ഷണം കൊണ്ടു മാത്രം കാര്യമില്ലെന്ന് ഇതു വ്യക്തമാക്കുന്നു.

50% ബൂത്തുകളിൽ മാത്രമാണു കമ്മിറ്റികൾ ഉള്ളത്. പ്രമുഖ നേതാക്കൾ മത്സരിച്ച ഇടങ്ങളിൽ വരെ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ അല്ലാതെ കമ്മിറ്റികൾ ഇല്ലായിരുന്നു. ഡിസിസികളിൽ നേതാക്കളെ കുത്തിനിറച്ച ജംബോ കമ്മിറ്റികൾ വന്നതോടെ ആര് ആരോടു പറയാൻ എന്ന ദയനീയതയായി. സൈബർ വാർ റൂമുകളിൽ നടന്നതാകട്ടെ അതിനു നേതൃത്വം കൊടുക്കുന്നവർ തമ്മിലുള്ള പോരും. ആസൂത്രണവും ഏകോപനവും നടത്തിപ്പും ഉറപ്പു വരുത്തേണ്ട ഉന്നത നേതൃനിര പരാജയപ്പെട്ടതാണു തകർച്ചയ്ക്കു കാരണമെന്ന വികാരം ശക്തമാണ്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ തമ്മിലുള്ള ആശയവിനിമയം പാടെ പൊളിഞ്ഞു.

14 ഡിസിസികളിലും പുതിയ സമിതി രൂപീകരിച്ച് അവരുടെ ആദ്യ രാഷ്ട്രീയ ദൗത്യമായി തിരഞ്ഞെടുപ്പിനെ മാറ്റണമെന്ന എഐസിസി നിർദ്ദേശം കേരളത്തിലെ 2 ഗ്രൂപ്പുകളും തള്ളി. പകരം എംപിമാർക്ക് അവരുടെ കീഴിലുള്ള മണ്ഡലങ്ങളുടെ ചുമതല കൊടുത്തെങ്കിലും അതും ഫലപ്രദമായില്ല. ജംബോ കമ്മറ്റികളും കോൺഗ്രസിനെ രക്ഷപ്പെടുത്തില്ല. ഗ്രൂപ്പ് മാനേജർമാർക്കെതിരേയും പ്രതിഷേധം ശക്തമാണ്. എന്നാൽ സമ്പൂർണ്ണ വിപ്ലവം കോൺഗ്രസിൽ നടപ്പാകില്ലെന്ന് പാർട്ടി അണികൾക്കും അറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP