Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർവ്വേ പ്രവചിച്ചത് രണ്ടാം സ്ഥാനം; കൂടിയത് അഞ്ചു കൊല്ലം കൊണ്ട് 425 വോട്ടുകൾ; സിപിഎമ്മുകാർ ഇരുകാലുകളും വെട്ടിമാറ്റിയ ജീവിക്കുന്ന ബലിദാനിയായ നേതാവിന് കിട്ടേണ്ട വോട്ടുകളും ചോർന്നു; സദാനന്ദൻ മാസ്റ്റർക്കെതിരെ നടന്നത് ഗ്രൂപ്പു കളികൾ; കണ്ണൂരിലെ ബിജെപി നേതൃത്വത്തിനെതിരെ ആർ. എസ് എസ്; ബി. ജെ.പിയിൽ തലകളുരുണ്ടേക്കും

സർവ്വേ പ്രവചിച്ചത് രണ്ടാം സ്ഥാനം; കൂടിയത് അഞ്ചു കൊല്ലം കൊണ്ട് 425 വോട്ടുകൾ; സിപിഎമ്മുകാർ ഇരുകാലുകളും വെട്ടിമാറ്റിയ ജീവിക്കുന്ന ബലിദാനിയായ നേതാവിന് കിട്ടേണ്ട വോട്ടുകളും ചോർന്നു; സദാനന്ദൻ മാസ്റ്റർക്കെതിരെ നടന്നത് ഗ്രൂപ്പു കളികൾ; കണ്ണൂരിലെ ബിജെപി നേതൃത്വത്തിനെതിരെ ആർ. എസ് എസ്; ബി. ജെ.പിയിൽ തലകളുരുണ്ടേക്കും

അനീഷ് കുമാർ

കണ്ണുർ: സി. പി. എമ്മുകാർ ഇരുകാലുകളും വെട്ടിമാറ്റിയ ബിജെപി സംസ്ഥാന നേതാവിനും പാർട്ടി ശക്തി കേന്ദ്രത്തിൽ നേരിയ വോട്ടു വർധനവ് മാത്രം. ബിജെപി സംസ്ഥാനഉപാധ്യക്ഷന്മാരിലൊരാളായ സി.സദാനന്ദൻ മാസ്റ്റർക്കാണ് കൂത്തുപറമ്പ് മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിയ വോട്ടു വർധനവുമാത്രമുണ്ടായത്. സംഘ്് പരിവാർ പ്രസ്ഥാനത്തിന് ഏറെ ബലിദാനികളും സി.പി. എം അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന ഇരകളുമുള്ള പാനൂർ ഉൾപ്പെടുന്ന മണ്ഡലമാണ് കൂത്തുപറമ്പ്.

അഞ്ചുവർഷത്തിനിടെയിൽ ഇവിടെ ആനുപാതികമായി വർധിക്കേണ്ട വോട്ടുകൾ പോലും ഇവിടെ വർധിച്ചില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. ഇതോടെ ബി. ജെ. പി ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ് സ്ഥാനമൊഴിയണമെന്ന ആവശ്യം പ്രവർത്തകരിലും ഒരുവിഭാഗം നേതാക്കളിലും ശക്തമായിരിക്കുകയാണ്. തലശേരിയിൽ സ്ഥാനാർത്ഥിയായി മത്സരിച്ച ഹരിദാസിന്റെ നാമനിർദ്ദേശ പത്രിക തള്ളിപ്പോയത്് കൂത്തുപറമ്പ് മണ്ഡലത്തിലും ബാധിച്ചിട്ടുണ്ടെന്നാണ് ഇവരുടെ വാദം. ഇതിന്റെ ധാർമിക ഉത്തരവാദിത്വം ജില്ലാ നേതൃത്വത്തിനാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വിമുക്തനായതിനു ശേഷം ഹരിദാസ് ഇപ്പോൾ പാർട്ടി പ്രവർത്തനത്തിൽ സജീവമാണ്.

എന്നാൽ തങ്ങൾക്ക് ഏറെ പ്രിയങ്കരനായ സദാനന്ദൻ മാസ്റ്റർക്ക് വോട്ടുകൾ വർധിക്കാത്തതിനാൽ ആർ. എസ്. എസ് നേതൃത്വത്തിന് കടുത്ത അമർഷമുണ്ട്. ബി. ജെ.പിയിലെ ഗ്രൂപ്പിസമാണ് വോട്ടുകുറയാൻ കാരണമെന്നാണ് ഇവരുടെ വിലയിരുത്തൽ. ബിജെപിയുടെ സംഘടനാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനായി ആർ. എസ്. എസ് നിയോഗിച്ച നേതാക്കളിലൊരാളാണ് സി. സദാനന്ദൻ. കണ്ണൂരിൽ നടമാടിയ അക്രമരാഷ്ട്രീയത്തിന്റെ ഭാഗമായി മട്ടന്നൂർ ഉരുവച്ചാലിൽ നിന്നും സി.പി. എം പ്രവർത്തകർ ഇദ്ദേഹത്തിന്റെ ഇരുകാലുകളും വെട്ടിമാറ്റിയിരുന്നു. സ്‌കൂൾ അദ്ധ്യാപകനായ സദാനന്ദൻ ഏറെക്കാലമായി ശയ്യാവലംബിയായിരുന്നു. കൃത്രികക്കാൽ ഉപയോഗിച്ചാണ് ഇപ്പോൾ പൊതുരംഗത്ത് പ്രവർത്തിക്കുന്നത്.

ആർ. എസ്. എസ് പ്രവർത്തകർക്ക് ഏറെ വൈകാരികമായി അടുപ്പമുള്ള നേതാവ് കൂടിയാണ് സദാനന്ദൻ മാസ്റ്റർ. അതുകൊണ്ടു തന്നെ ഇക്കുറി അദ്ദേഹത്തിന് വോട്ടു വർധിപ്പിക്കാൻ കൂത്തുപറമ്പ് മണ്ഡലത്തിൽ ആർ. എസ്. എസ് എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിച്ചത്്. തെരഞ്ഞെടുപ്പ് പ്രചാരണം മുഴുവൻ ആർ. എസ്. എസ് നേതൃത്വമാണ് ഏകോപിച്ചത്. കുടുംബയോഗങ്ങളും ഗൃഹസന്ദർശനങ്ങളുമായി ചിട്ടയായ പ്രവർത്തനമാണ് മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി കൂത്തുപറമ്പ് മണ്ഡലത്തിൽ നടന്നത്.

അതുകൊണ്ടു തന്നെ പരിവാർ വോട്ടുകളും നിഷ്പക്ഷമതികളുടെ പിൻതുണയും ഉറപ്പിക്കാൻ കഴിഞ്ഞുവെന്ന വിശ്വാസവും തെരഞ്ഞെടുപ്പിനു ശേഷമുണ്ടായിരുന്നു. ഈക്കാരണങ്ങളാൽ ചിലപ്പോൾ ഒരു അട്ടിമറി വിജയം തന്നെ കൂത്തുപറമ്പിൽ ബി, ജെ,പി സ്വപ്നം കണ്ടിരുന്നു. അഖിലേന്ത്യാ നേതാക്കൾ വരെ ബിജെപിസ്ഥാനാർത്്ഥിക്കായി പ്രചാരണത്തിനായി എ ക്ലാസ് മണ്ഡലമായി പരിഗണിച്ചിരുന്ന കൂത്തുപറമ്പിലെത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ്്ഫലം പുറത്തുവന്നതോടെ ഇതൊക്കെ നിഷ്ഫലമാവുകയായിരുന്നു.

ഇവിടെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പാർട്ടിക്ക് വർധിച്ചത് 425 വോട്ടുകൾ മാത്രമാണ്. കുത്തുപറമ്പ് മണ്ഡലത്തിൽ എൻ.ഡി.എ ഇക്കുറി രണ്ടാം സ്ഥാനത്ത് എത്തുമെന്ന് ചില ചാനൽ സർവ്വേകളിൽ പോലും പറഞ്ഞിരുന്ന സ്ഥലത്താണ് ഈ തിരിച്ചടി. വെറും 21,212 വോട്ടുകൾ മാത്രമാണ് സദാനന്ദൻ മാസ്റ്റർക്ക് ഇക്കുറി ലഭിച്ചത്.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുത്തുപറമ്പ് മണ്ഡലത്തിൽ 27,000 വോട്ടുകൾ ബിജെപി സ്ഥാനാർത്ഥികൾ ഇവിടെ നേടിയിരുന്നു. 2016ൽ 20,787 വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥിയായ സദാനന്ദൻ മാസ്റ്റർ നേടിയിരുന്നത്. എന്നാൽ ഇക്കുറിയത് 22 212 വോട്ടുകൾ മാത്രമായി മാറിയതെങ്ങനെയെന്നതാണ് പ്രവർത്തകരുടെ ചോദ്യം.

എന്തുതന്നെയായാലും യു.ഡി. എഫ് സ്ഥാനാർത്ഥി പൊട്ടക്കണ്ടി അബ്ദുള്ളയ്ക്കു ബിജെപി വോട്ടുകൾ പോയിട്ടില്ല. എന്നാൽ എൽ.ഡി. എഫ് സ്ഥാനാർത്ഥി കെ.പി മോഹനന് അപ്രതീക്ഷിതമായ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. ഒൻപതിനായിരത്തിന് മുകളിലാണ് മോഹനന്റെ ഭൂരിപക്ഷം. ബി.ജെ. പി വോട്ടുകൾ എൽ. ജെ.ഡി സ്ഥാനാർത്ഥി കൂടിയായ കെ. പി മോഹനന് വ്യാപകമായി മറിച്ചുവെന്ന ആരോപണം യു.ഡി.എഫുമുയർത്തിയിട്ടുണ്ട്. കൂത്തുപറമ്പിൽ തങ്ങളുടെ വോട്ടുഷെയർ മുപ്പതിനായിരമാക്കി വർധിപ്പിക്കാനായിരുന്നു ബിജെപിയുടെ പദ്ധതി. എന്നാൽ ആനുപാതികമായ വർധനവുണ്ടായില്ലെന്നു മാത്രമല്ല നാണം കെടുകയും ചെയ്തു. നിലവിലുള്ള ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടാണ് തിരിച്ചടിക്കു കാരണമെന്ന വികാരം പാർട്ടിക്കുള്ളിൽ വ്യാപകമായി ഉയർന്നിട്ടുണ്ട്. എൻ. ഹരിദാസടക്കമുള്ള ജില്ലാ നേതൃത്വം സ്ഥാനമൊഴിയണമെന്നാണ് ഇവരുടെ ആവശ്യം.

കേന്ദ്ര സഹമന്ത്രി വി.മുരരളീധരന്റെയും സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെയും നോമിനിയായിട്ടാണ് എൻ. ഹരിദാസ് അറിയപ്പെടുന്നത്. ഹരിദാസിനെ എതിർക്കുന്ന വലിയൊരു വിഭാഗം നേതാക്കൾ പാർട്ടിയിൽ ശക്തമാണ്. മോഹനനൻ മാനന്തേരിയോ, പി. പി വിനോദ്കുമാറിനെയോ നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് താൻ രാജിവയ്ക്കാൻ തയ്യാറാണെന്ന് ഹരിദാസ് സംസ്ഥാന നേതൃത്വത്തിനെ അറിയിച്ചതായി സൂചനയുണ്ട്. വ്രുന്ന കോർ കമ്മിറ്റിയോഗത്തിൽ മാത്രമേ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകൂ.

ഇതിനിടെ ധർമടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച ബി. ജെ.പി ദേശീയ കൗൺസിൽ അംഗം സി. കെ പത്മനാഭൻ പിണറായി വിജയനെ പുകഴ്‌ത്തുകയും സംസ്ഥാന നേതൃത്വത്തിനെ അതിരൂക്ഷമായ വിമർശനമുന്നയിച്ചതും പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP