Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിടവാങ്ങുന്നത് 'മ' എന്ന മലയാളഅക്ഷരം കൊണ്ട് മാന്ത്രികലോകം തീർത്തയാൾ; ഗിന്നസിലും ലിംകാ ബുക്ക് ഓഫ് റിക്കോർഡ്‌സിലും ഇടം പിടിച്ചു; മകാരം മത്തായി എന്ന പേരിട്ടത് തിക്കുറിശ്ശി; അപൂർവകഴിവുകൾ കൊണ്ട് മലയാളിയെ അതിശയിപ്പിച്ച മകാരം മത്തായി ഓർമയാകുമ്പോൾ

വിടവാങ്ങുന്നത് 'മ' എന്ന മലയാളഅക്ഷരം കൊണ്ട് മാന്ത്രികലോകം തീർത്തയാൾ; ഗിന്നസിലും ലിംകാ ബുക്ക് ഓഫ് റിക്കോർഡ്‌സിലും ഇടം പിടിച്ചു; മകാരം മത്തായി എന്ന പേരിട്ടത് തിക്കുറിശ്ശി; അപൂർവകഴിവുകൾ കൊണ്ട് മലയാളിയെ അതിശയിപ്പിച്ച മകാരം മത്തായി ഓർമയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: 'മ' എന്ന മലയാള അക്ഷരം കൊണ്ട് മാന്ത്രികലോകം തീർത്തയാളാണ് ഇന്ന് അന്തരിച്ച മാത്യു കൊട്ടാരം എന്ന മകാരം മത്തായി (84). കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പഞ്ചായത്തിൽ ചുങ്കക്കുന്ന് സ്വദേശിയാണ്.

1988 ൽ അമ്പതാം വയസ്സിലാണ് മാത്യു മകാരപ്രസംഗം തുടങ്ങിയത്. ആദ്യം എഴുതി പഠിച്ചായിരുന്നു അവതരണം. എന്നാൽ ഇതുശീലമായതോടെ ഏത് വിഷയം പറഞ്ഞാലും മായിൽ വാക്കുകളുടെ വെടിക്കെട്ട് തീർക്കാൻ കഴിയുംവിഝം നത്തായി മാറി. 1997-ൽ ഡൽഹി ഗുഡ്ഗാവിൽ അഞ്ച് മണിക്കൂർ മകാരപ്രസംഗം നടത്തി കൗതുകപ്രസംഗത്തിനുള്ള ലോക റെക്കോഡ് കുറിച്ചിട്ടുണ്ട് മത്തായി. ഏത് വിഷയത്തിലും പ്രസംഗിക്കാൻ കഴിവുള്ള പണ്ഡിതർ ഉണ്ടാകും. എന്നാൽ, ഏത് വിഷയവും 'മ'യിൽ തുടങ്ങുന്ന വാക്കുകൾ മാത്രമുപയോഗിച്ച് സംസാരിക്കാൻ ഒരുപക്ഷേ മകാരം മത്തായിക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ. അഞ്ച് മണിക്കൂർ നിർത്താതെ പ്രസംഗിച്ചാലും തീരാത്ത 'മ'യുടെ കടലായിരുന്നു മത്തായി.

വർക്കിയുടെയും ബ്രിഗീതയുടെയും മകനായി 1937-ൽ തൊടുപുഴയിലാണ് മാത്യു ജനിച്ചത്. 1958-ൽ വർക്കി ബാവലിപ്പുഴയ്ക്ക് വടക്ക് പൊയ്യമലയിലേക്ക് കുടിയേറി. പത്താംതരം വരെ തൊടുപുഴയിലാണ് മാത്യു പഠിച്ചത്. അന്നേ നല്ല വായനക്കാരനായിരുന്നു. കൈയിൽ കിട്ടുന്നതെന്തും വായിക്കും. കിടപ്പിലാകുംവരെയും ആ ശീലത്തിന് മാറ്റമുണ്ടായിരുന്നില്ല.

നാടകവും കഥാപ്രസംഗവും സ്വന്തമായി എഴുതി അവതരിപ്പിക്കുന്നത് ചെറുപ്പത്തിലേ മാത്യുവിന്റെ ശീലമായിരുന്നു. രമണൻ, വാഴക്കുല, കരുണ തുടങ്ങിയ കഥാപ്രസംഗങ്ങൾ തൊടുപുഴയിൽ ഉപേക്ഷിച്ചാണ് മാത്യു കേളകത്തെത്തിയത്. എന്നാൽ, നാടകം അദ്ദേഹത്തിനൊപ്പം മലബാറിൽ കുടിയേറി. 'ഒരു ജീവിതം തകരുന്നു' എന്ന സാമൂഹിക നാടകവും 'ഇനി കേരളം നിങ്ങൾക്കില്ല' എന്ന രാഷ്ട്രീയ നാടകവും മാത്യു എഴുതി സംവിധാനം ചെയ്തു.

1983-ൽ കൊട്ടിയൂർ മേഖലയിൽ അഞ്ചിടങ്ങളിലായി ഉണ്ടായ ഉരുൾപൊട്ടലാണ് മാത്യുവിന്റെ ജീവിതം മാറ്റി മറിച്ചത്. അമ്പായത്തോട്ടും കണ്ടപ്പുനത്തും പാലുകാച്ചിയിലും നെല്ലിയോടിയിലും പാൽച്ചുരത്തും ഒരേ ദിവസം ഉരുൾപൊട്ടലുണ്ടായപ്പോൾ ആരുമറിയാതെ മാത്യുവിന്റെ ഉള്ളിലും ഒരു ഉരുൾപൊട്ടി- പ്രാസം തുളുമ്പുന്ന കവിതയുടെ ഉരുളായിരുന്നു അത്.

സർവചരാചരസാക്ഷിയാം ഈശ്വരാ, സർവനിയന്താവേ നീ തുണയ്ക്ക, സർവജ്ഞരെന്നൊരു ഗർവം നടിക്കുന്ന, സർവജനങ്ങളോടും ക്ഷമിച്ച്... തുടങ്ങി 40 പുറങ്ങളിൽ എഴുതിയ ആ കവിത 'കൊട്ടിയൂരിലെ ഉരുൾപൊട്ടൽ' എന്ന പേരിൽ മാത്യു പുസ്തകമാക്കി. 50 പൈസ നിരക്കിൽ വിൽപ്പനയ്ക്ക് വെച്ച പുസ്തകം അന്ന് ചൂടപ്പംപോലെ വിറ്റുപോയി. അങ്ങനെ മാത്യു കൊട്ടിയൂരുകാരുടെ ഗ്രാമകവിയായിമാറി.

തിരുവനന്തപുരത്തുനിന്ന് കൊട്ടിയൂരിലെ ആശുപത്രിയിലെത്തിയ ഡോ. ബാലകൃഷ്ണനും ആ പുസ്തകം കിട്ടി. അദ്ദേഹം കവിതയെയും കവിയെയും കുറിച്ച് സുഹൃത്തുക്കളായ തിക്കുറിശ്ശി സുകുമാരൻ നായരോടും പ്രേംനസീറിനോടും പറഞ്ഞു. തിക്കുറിശ്ശിയെ കാണാനുള്ള അവസരവും അദ്ദേഹം മാത്യുവിന് ഒരുക്കിക്കൊടുത്തു. കവിതയെയും കവിയെയും കൈവിടാൻ തിക്കുറിശ്ശിക്കായില്ല. മാത്യുവിൽനിന്ന് അതിലും വലുതെന്തോ പ്രതീക്ഷിച്ചെന്നപോലെ അദ്ദേഹത്തെ തിക്കുറിശ്ശി സ്വന്തം വീട്ടിൽ നിർത്തി പഠിപ്പിക്കാൻ തുടങ്ങി. അതിനിടയിൽ 'കൊട്ടിയൂരിലെ ഉരുൾപൊട്ടൽ' എന്ന കവിത 'മാമലയ്ക്ക് മാനഭംഗം' എന്ന പേരിൽ മാത്യു മാറ്റിയെഴുതി. 'മ'യിൽ തുടങ്ങുന്ന വാക്കുകൾ രണ്ടായിരം വരികളിൽ ഉരുൾപൊട്ടിയൊഴുകി. അതിലെ തെറ്റുകൾ തിരുത്തി അവതാരികയെഴുതിയ തിക്കുറിശ്ശി 1988-ൽ തിരുവനന്തപുരം വി.ജെ.ടി.ഹാളിൽ വെച്ച് അത് പ്രകാശനം ചെയ്യുന്നതിനും നേതൃത്വം നൽകി. മലബാറിൽനിന്നെത്തിയ 'പയ്യന്റെ' കഴിവ് തിരിച്ചറിഞ്ഞ് എന്തെന്നില്ലാത്ത വാത്സല്യത്തോടെ തിക്കുറിശ്ശി മാത്യുവിന്റെ രക്ഷാകർതൃത്വം സ്വയം ഏറ്റെടുക്കുകയായിരുന്നു. ചടങ്ങിൽ ഗാനഗന്ധർവൻ യേശുദാസിൽനിന്ന് ലോകത്തിലെ ആദ്യത്തേതെന്ന് കരുതുന്ന സമ്പൂർണ പ്രഥമാക്ഷരപ്രാസകൃതിയുടെ ആദ്യപ്രതി ഏറ്റുവാങ്ങിയത് തിക്കുറിശ്ശിയായിരുന്നു. അന്ന് തിക്കുറിശ്ശി സദസ്സിന് മാത്യുവിനെ പരിചയപ്പെടുത്തിയത് മകാരം മത്തായി എന്ന പേരിലായിരുന്നു. പിന്നീട് ആ പേരിൽ തന്നെ മത്തായി അറിയപ്പെടുകയായിരുന്നു. 'മ'യിൽ മറുപടിപ്രസംഗം നടത്തണമെന്ന തിക്കുറിശ്ശിയുടെ നിർദ്ദേശം ഏറെ ബുദ്ധിമുട്ടിയെങ്കിലും അന്ന് മാത്യു പാലിച്ചു. എന്നാൽ, പിന്നീടങ്ങോട്ട് മാത്യു 'മ'യുടെ മലവെള്ളപ്പാച്ചിലായി.

1992ൽ തിരുവനന്തപുരത്ത് എട്ടുമണിക്കൂർ തുടർച്ചയായി 'മ' കാരത്തിൽ സംസാരിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടിയ ഇദ്ദേഹം മുഴുവൻ വാക്കുകളും വരികളും 'മ' യിൽ തുടങ്ങുന്ന 176 പേജുള്ള പുസ്തകവും രചിച്ചിട്ടുണ്ട്. ഇത് ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്തകമെന്ന നിലയിൽ ഗിന്നസിലും സ്ഥാനം പിടിച്ചിരുന്നു.

കേരളത്തിലും ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും വിദേശങ്ങളിലും മാക്ഷരങ്ങൾകൊണ്ട് മായാജാല പ്രകടനം നടത്തിയ മത്തായിയെ തേടിയെത്തിയത് അനവധി അവാർഡുകളും പുരസ്‌കാരങ്ങളുമാണ്. 'മ' യ്ക്കു പുറമേ അ, ക, പ, സ, ട്ട, എന്നീ അക്ഷരങ്ങൾ കോർത്തിണക്കിയും മത്തായി സംസാരിച്ചിരുന്നു.

തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിലാണ് പ്രഭാഷണകലയുടെ ആചാര്യൻ ഡോ. സുകുമാർ അഴീക്കോടുമായി മകാരം ആദ്യമായി വേദി പങ്കിട്ടത്. മത്തായിയുടെ സിദ്ധി അപാരവും അവിശ്വസനീയവുമാണെന്നായിരുന്നു പ്രസംഗം കേട്ട അഴീക്കോടിന്റെ പ്രതികരണം. ഇതുപോലെ പ്രസംഗിക്കാൻ ഒരു പണ്ഡിതനും കഴിയില്ലെന്നും ഈ കല മത്തായിക്ക് സ്വന്തമാണെന്നുമായിരുന്നു അഴീക്കോടിന്റെ പ്രശംസ.

'മ മൊഴിഞ്ഞ് മൊഴിഞ്ഞ് മത്തായിയുടെ മണ്ടയിലെ മുടിയെല്ലാം മാഞ്ഞല്ലോ' എന്ന മകാരപ്രയോഗം കൊണ്ടാണ് മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ മാത്യുവിന്റെ മികവിന് സർട്ടിഫിക്കറ്റ് നൽകിയത്. കാഞ്ഞങ്ങാട് ടൗൺ ഹാളിൽ നടന്ന ചടങ്ങിനിടെയായിരുന്നു അത്.

ലീഡർ കെ.കരുണാകരനും ഒരിക്കൽ മത്തായിയുടെ 'പ്രാസായുധത്തിൽ' മയങ്ങിവീണിട്ടുണ്ട്. കരുണാകരന്റെ സപ്തതി ആഘോഷച്ചടങ്ങിൽ കവിത അവതരിപ്പിക്കാൻ അവസരം കിട്ടിയപ്പോഴായിരുന്നു അത്. രാഷ്ട്രീയജീവിതവും ഗുരുവായൂരപ്പഭക്തിയും കൂട്ടിപ്പിടിച്ച് രാഷ്ട്രീയഭീഷ്മാചാര്യനാക്കി വർണിച്ചുള്ള കവിതയുടെ അവസാനവരികളാണ് കരുണാകരനെ ശരിക്കും ഹരംകൊള്ളിച്ചത്. 'കരുണാനിധിയാണ് കൂറുള്ളോർക്കെല്ലാം പക്ഷേ, കാലുവാരികൾക്കങ്ങ് കാലനായ് കലാശിക്കും' -ഈ വരികൾ കേട്ടതും സദസ്സിൽ ചിരിയുടെയും കൈയടിയുടെയും കൂട്ടപ്പൊരിച്ചിലുയർന്നു. വേദിയിലിരിക്കുകയായിരുന്ന കരുണാകരൻ നിറചിരിയുമായി മാത്യുവിന്റെ അരികിലെത്തി തോളിൽ തട്ടിപ്പറഞ്ഞു: മത്തായീ, അതൊന്നുകൂടി...

മത്തായി മകാരവുമായി പോകാത്ത ഇടങ്ങൾ ഇന്ത്യയിൽ വിരളമായിരിക്കും. മലയാളി സംഘടനകൾ ഉള്ളിടങ്ങളിലെല്ലാം മത്തായി എത്തിയിട്ടുണ്ട്. രാജ്യത്തിന് പുറത്ത് ഖത്തറിൽ മാത്രമാണ് പോയിട്ടുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് അതിന് വഴിതെളിച്ചത്.

ഏറെനാളായി കാൻസർ ബാധിതനായിരുന്നു മകാരം മത്തായി. കോവിഡ് കാലത്ത് പരിപാടികൾ ഇല്ലാത്തതിനാലും സ്വന്തമായുള്ള ഭൂമി കഴിഞ്ഞ പ്രളയത്തിൽ നശിച്ചതിനാലും അവസാനകാലത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ചികിത്സ നടന്നിരുന്നത്. മൂന്ന് പതിറ്റാണ്ടിലേറെക്കാലം അക്ഷരപ്രാസം കൊണ്ട് മലയാളിമനസുകളെ രമിപ്പിച്ച മകാരം മത്തായിക്ക് വിട.

ഭാര്യ ഏലിക്കുട്ടി. മക്കൾ മേഴ്‌സി, മനോജ്. മരുമക്കൾ ജെയ്‌മോൻ, സോൾജി. സംസ്‌കാരം ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP